Month: ഏപ്രിൽ 2022

പാർക്കിങ്ങ് സ്ഥലത്തെ വഴക്ക്

ആ പാർക്കിങ്ങ് സ്ഥലത്ത് അരങ്ങേറിയ രംഗം ഇത്രയും പരിതാപകരം അല്ലായിരുന്നെങ്കിൽ വെറുമൊരു രസകരമായ വഴക്കായി തള്ളിക്കളയാമായിരുന്നു. ഒരാളുടെ കാർ മറ്റെയാളുടെ വഴി തടഞ്ഞു എന്ന പേരിൽ ഉണ്ടായ വാഗ്വാദത്തിൽ ആക്രോശങ്ങളും അസഭ്യം പറച്ചിലും ഒക്കെ നടന്നു.

ഈ സംഭവം വേദനാജനകമാകാൻ കാരണം അത് ഒരു പള്ളിയുടെ പാർക്കിങ്ങ് സ്ഥലത്താണ് നടന്നത് എന്നതാണ്. രണ്ടു പേരും കുറച്ച് മുമ്പ് ആയിരിക്കും സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും ഒക്കെയുള്ള പ്രസംഗം കേട്ടത്. പക്ഷെ ദേഷ്യം വന്നപ്പോൾ എല്ലാം മറന്നു.

ഇത് കണ്ട് ഞാൻ വിഷമത്തോടെ തലകുലുക്കി-പക്ഷെ, ഞാനും ഒട്ടും മെച്ചമല്ല എന്ന് പെട്ടെന്ന് ഓർത്തു. എത്രയോ തവണയാണ് ബൈബിൾ വായിച്ച് വെച്ചയുടനെ തന്നെ തെറ്റായ ചിന്തകളിൽ മുഴുകി ഞാനും പാപം ചെയ്തിട്ടുള്ളത്.”ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്ന് പോകുന്നു” (യാക്കോബ് 1:23, 24) എന്ന വാക്യത്തിലെ മനുഷ്യനെപ്പോലെ എത്ര തവണ ഞാൻ പെരുമാറിയിരിക്കുന്നു!

ദൈവിക ആലോചനകൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്താൽ പോരാ, അതിൽ പറഞ്ഞത് അനുസരിക്കണമെന്നാണ് യാക്കോബ് വായനക്കാരെ ആഹ്വാനം ചെയ്യുന്നത് (വാ. 22). സമ്പൂർണ്ണമായ വിശ്വാസം എന്നത് തിരുവെഴുത്ത് അറിയുന്നതും പ്രാവർത്തികമാക്കുന്നതുമാണെന്ന് ഉറപ്പിച്ച് പറയുന്നു.

ജീവിത സാഹചര്യങ്ങൾ, വചനം പ്രാവർത്തികമാക്കുന്നത് ദുഷ്കരമാക്കാം. എന്നാൽ നാം പിതാവിനോട് പ്രാർത്ഥിച്ചാൽ, വചനം അനുസരിച്ച് പ്രവൃത്തികളാൽ അവനെ പ്രസാദിപ്പിക്കുന്നതിന് തീർച്ചയായും അവൻ നമ്മെ സഹായിക്കും.

നല്ല പ്രവൃത്തി

കൗമാരത്തിൽ ചാൾസ് സ്പർജൻ ദൈവത്തോട് മല്പിടുത്തത്തിൽ ആയിരുന്നു. സഭായോഗത്തിന് പോയിരുന്നു എങ്കിലും കേട്ട പ്രസംഗം വിരസവും അർത്ഥരഹിതവുമായി തോന്നി. ദൈവത്തിൽ വിശ്വസിക്കുന്നത് ഒരു സംഘർഷമായിരുന്നു. ദൈവത്തോട് “മത്സരിക്കുകയും ലഹള കൂടുകയുമായിരുന്നു” എന്നാണ് ആ കാലത്തെ സ്വയം വിശേഷിപ്പിച്ചത്. ഒരു രാത്രിയിലെ ഭയങ്കരമായ മഞ്ഞ് വീഴ്ച ഒരു ചെറിയ മെത്തഡിസ്റ്റ് പള്ളിയിൽ അഭയം തേടാൻ പതിനാറുകാരനായ സ്പർജനെ നിര്‍ബന്ധിതതനാക്കി. ആ സമയം അവിടെ നടന്ന പ്രസംഗം വ്യക്തിപരമായി തന്നോട് ആണെന്ന് തോന്നി. ആ നിമിഷങ്ങളിൽ, ദൈവം ആ മല്പിടുത്തത്തിൽ ജയിച്ചു; ചാൾസ് തന്റെ ഹൃദയം യേശുവിന് നൽകി.

സ്പർജൻ പിന്നീട് എഴുതി: “ഞാൻ ക്രിസ്തുവിൽ ആരംഭിക്കുന്നതിന് എത്രയോ മുമ്പേ അവൻ എന്നിൽ നിന്ന് ആരംഭിച്ചിരുന്നു.” യഥാർത്ഥത്തിൽ നമ്മുടെ ദൈവബന്ധത്തിലുള്ള ജീവിതം ആരംഭിക്കുന്നത് രക്ഷിക്കപ്പെടുന്ന നിമിഷത്തിലല്ല. സങ്കീർത്തകൻ പറയുന്നു: “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്”, “അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീ.139:13). അപ്പൊസ്തലനായ പൗലോസ് എഴുതി: “..എന്റെ ജനനം മുതൽ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം” (ഗലാത്യർ 1:15) രക്ഷിക്കപ്പെടുമ്പോൾ ദൈവം നമ്മിലുള്ള പ്രവർത്തനം നിർത്തുന്നില്ല: “നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികക്കും..” (ഫിലിപ്പിയർ 1:4).

സ്നേഹനിധിയായ ഒരു ദൈവത്തിന്റെ കരങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തിയാണ് നാമെല്ലാം. നമ്മുടെ മത്സര പ്രകൃതിയിൽ നിന്നും സ്നേഹാശ്ലേഷത്തിലേക്ക് അവൻ നമ്മെ നയിക്കുന്നു. എന്നാൽ നമ്മെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം അവിടെയാണ് ആരംഭിക്കുന്നത്.” ഇച്ഛിക്കുക എന്നതും പ്രവർത്തിക്കുക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായി പ്രവർത്തിക്കുന്നത്” (ഫിലിപ്പിയർ 2:13) അതുകൊണ്ട്, എത്ര പ്രായമായവരായാലും ഏത് ജീവിതഘട്ടത്തിലുള്ളവരായാലും നാം ദൈവത്തിന്റെ നല്ല പ്രവൃത്തി ആയിരിക്കും എന്നത് ഉറപ്പാണ്.

ജ്ഞാനമുള്ള ഉപദേശം

ഞാൻ സെമിനാരിയിൽ പഠിച്ചിരുന്നപ്പോൾ ഞാൻ മുഴുവൻ സമയം ജോലിക്കാരനായിരുന്നു. പുറമെ ചാപ്ലിൻ ൻ്റെ ക്രമവും ഒരു സഭയിലെ ഇന്റേൺഷിപ്പും ഉണ്ടായിരുന്നു. തിരക്കായിരുന്നു എനിക്ക്. എന്റെ പിതാവ് എന്നെ സന്ദർശിച്ചപ്പോൾ പറഞ്ഞു: “ഇങ്ങനെയായാൽ നീ മാനസികമായി തകർന്നു പോകും.” ഈ തലമുറയെ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടും ഒരു ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നതിനെക്കുറിച്ച് അറിയാത്തതു കൊണ്ടുമാണ് അദ്ദേഹം അങ്ങനെ പറയുന്നത് എന്ന് ചിന്തിച്ച് ഞാൻ ആ മുന്നറിയിപ്പിനെ അവഗണിച്ചു.

ഞാൻ തകർന്നൊന്നും പോയില്ല. എന്നാൽ വിരസവും മനം മടുപ്പിക്കുന്നതുമായ തിരക്ക് എന്നെ മാനസികമായി തളർത്തുവാനിടയായി. അതിനു ശേഷം, ഞാൻ മുന്നറിയിപ്പുകൾ -പ്രത്യേകിച്ച് പ്രിയപ്പെട്ടവർ നല്കുന്നത്-ഒന്നും അവഗണിക്കാറില്ല.

ഇത് മോശയുടെ ജീവിതം എന്നെ ഓർമിപ്പിക്കുന്നു. അദ്ദേഹവും യിസ്രായേലിന്റെ ന്യായാധിപൻ എന്ന നിലയിൽ അത്യധ്വാനം ചെയ്യുകയായിരുന്നു (പുറപ്പാട് 18:13). പക്ഷെ, അദ്ദേഹം തന്റെ ഭാര്യാപിതാവിന്റെ മുന്നറിയിപ്പിന് ചെവി കൊടുത്തു (വാ.17-18). യിത്രോക്ക് അവരുടെ കാര്യങ്ങളിൽ ഗ്രാഹ്യമില്ലായിരുന്നെങ്കിലും മോശെയെയും കുടുംബത്തെയും അവൻ സ്നേഹിച്ചിരുന്നതിനാൽ അവർ അഭിമുഖീകരിക്കുന്ന പ്രയാസം തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ടാകാം മോശെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവി കൊടുത്തത്. മോശെ, ചെറിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ “പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽ നിന്നും” നിയമിക്കുകയും പ്രയാസമുളള പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യുകയും ചെയ്തു (വാ. 21, 22). യിത്രോയുടെ വാക്ക് കേട്ടതിനാൽ, ജോലി ക്രമീകരിക്കാനും, മറ്റുള്ളവരെ ഉൾപ്പെടുത്തി അമിതഭാരം കുറക്കാനും തളരാതെ മുന്നോട്ടു പോകാനും മോശെക്ക് കഴിഞ്ഞു.

നമ്മിൽ പലരും ദൈവത്തിനു വേണ്ടിയും കുടുംബത്തിനു വേണ്ടിയും മററുള്ളവർക്കു വേണ്ടിയുമുള്ള അദ്ധ്വാനം ഗൗരവമായും തീവ്രമായും ചെയ്യുന്നവരാണ്. എന്നിരുന്നാലും നമ്മുടെ വിശ്വസ്തരായ പ്രിയപ്പെട്ടവരുടെ ഉപദേശം ശ്രദ്ധിക്കുന്നതും നാം ചെയ്യുന്നതിലെല്ലാം ദൈവത്തിന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കുന്നതും ആവശ്യമാണ്.

ദൈവത്തിന്റെ മഹാ ദയ

കൗമാരക്കാരികളുടെ ഒരു ശില്പശാലയിൽ വിശുദ്ധിയെക്കുറിച്ച് അവർക്ക് പ്രബോധനം നല്കാൻ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു. കൗമാരത്തിൽ വഴിവിട്ട ജീവിതത്തിന് വഴിപ്പെട്ടു പോയതുമൂലം അധാർമ്മികത എന്നിലേൽപ്പിച്ച പാടുകൾ ദശാബ്ദങ്ങളോളം എന്നെ വേട്ടയാടിയിരുന്നു. വിവാഹിതയായ ശേഷം ആദ്യമുണ്ടായ ഗർഭം അലസിപ്പോയി; എന്റെ പഴയ കാല പാപങ്ങളെ ദൈവം ശിക്ഷിക്കുന്നതാണെന്ന് ഞാൻ കരുതി. മുപ്പതാം വയസിൽ എന്റെ ജീവിതം കർത്താവിന് സമ്പൂർണ്ണമായി സമർപ്പിച്ചപ്പോൾ ഞാനെന്റെ പാപങ്ങളെ പലവുരു ഏറ്റ് പറഞ്ഞ് മാനസാന്തരപ്പെട്ടു. എന്നിട്ടും കുറ്റബോധവും ലജ്ജയും എന്നെ ഗ്രസിച്ചു. ദൈവത്തിന്റെ മഹാദയയെ ഇനിയും മുഴുവനായുംഅനുഭവിക്കാനാകാത്ത എനിക്ക് എങ്ങനെയാണ് ആ സ്നേഹത്തെക്കുറിച്ച് പങ്കുവെക്കാൻ കഴിയുക? പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ് ഞാൻ ആരായിരുന്നു എന്ന ചിന്തയിൽ എന്നെ തളച്ചിട്ടിരുന്ന വഞ്ചനയിൽ നിന്നും കാലക്രമേണ ദൈവമെന്നെ ഭാഗ്യവശാൽ മോചിപ്പിച്ചു. ദൈവം നിരന്തരമായി വാഗ്ദത്തം ചെയ്തിരുന്ന പാപക്ഷമയുടെ വിടുതൽ, കൃപയാൽ, ഒടുവിൽ ഞാൻ അനുഭവിച്ചു.

ദൈവം നമ്മുടെ സങ്കടങ്ങൾ മൂലമുള്ള വിലാപവും പഴയ പാപങ്ങളുടെ ഭവിഷ്യത്തുകളും അറിയുന്നു. നിരാശയെ അതിജീവിക്കാനും പാപത്തിൽ നിന്ന് തിരിയാനും അവന്റെ “ദയയും,“ “കരുണയും,” “വിശ്വസ്തതയും” (വിലാപങ്ങൾ 3:19-23) മൂലം ഉണർന്നെഴുന്നേല്ക്കുവാനും ദൈവം തന്റെ ജനത്തെ ശക്തിപ്പെടുത്തുന്നു. അവൻ നമ്മുടെ “ഓഹരി “-പ്രത്യാശയും രക്ഷയും-ആണെന്ന് തിരുവെഴുത്ത് പറയുന്നു; നല്ലവനായ അവനിൽ ശരണപ്പെടാൻ നമുക്ക് പഠിക്കാം (വാ. 24-26).

നമ്മുടെ മനസ്സലിവുള്ള പിതാവ് തന്റെ വാഗ്ദത്തങ്ങളെ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. അവന്റെ മഹാ സ്നേഹത്തിന്റെ പൂർണ്ണമായ അനുഭവമുണ്ടാകുമ്പോൾ, അവന്റെ കൃപയെക്കുറിച്ചുള്ള സുവിശേഷം നമുക്ക് അറിയിക്കാനാകും.

ശുശ്രൂഷക്കായി ഒരുമിച്ച് പണിയപ്പെടുന്നു

ഒരു ഗ്രാമത്തിൽ, ഒരു ധാന്യപ്പുര നിർമ്മിക്കുക എന്നത് ഒരു സാമൂഹിക കാര്യമാണ്. ഒരു കർഷക കുടുംബം ഒറ്റക്ക് ചെയ്താൽ മാസങ്ങൾ വേണ്ടി വരുന്ന നിർമ്മാണം ഗ്രാമത്തിലെ എല്ലാവരും ചേർന്ന് ഒരുമിച്ച് വളരെ പെട്ടെന്ന് തീർക്കും. നിർമ്മാണ വസ്തുക്കൾ നേരത്തെ ശേഖരിച്ചു വെക്കും; ഉപകരണങ്ങളൊക്കെ തയ്യാറാക്കി വെക്കും. നിശ്ചിത ദിവസം ഗ്രാമം മുഴുവൻ ഒരുമിച്ച് കൂടും, ജോലി ഭാഗം വെക്കും, എന്നിട്ട് ഒരുമിച്ച് നിർമ്മാണ പ്രവർത്തനം നടത്തും—ചിലപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ അത് പണിത് തീർക്കും.

ഇത് സഭയെക്കുറിച്ചും അതിൽ നമ്മുടെ ദൗത്യത്തെക്കുറിച്ചുമുള്ള ദൈവത്തിന്റെ വിഭാവനയുടെ ഒരു നല്ല ചിത്രമാണ്. ബൈബിൾ പറയുന്നു: “എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു” (1 കൊരിന്ത്യർ 12:27). ദൈവം, വ്യത്യസ്തരായ നമ്മെ ഓരോരുത്തരേയും ഒരു ശരീരത്തിന്റെ അംഗങ്ങൾ എന്ന നിലയിൽ “അതത് വ്യാപാരത്തിന് ഒത്തവണ്ണം “സജ്ജരാക്കി ജോലി വിഭജിച്ച് നല്കി,” “ശരീരം മുഴുവനും യുക്തമായി ചേർക്കുന്നു” (എഫേസ്യർ 4:16). ഒരു സമൂഹം എന്ന നിലയിൽ “തമ്മിൽ ഭാരങ്ങളെ ചുമക്കാൻ” (ഗലാത്യർ 6:2) നമ്മെ പ്രോത്‌സാഹിപ്പിക്കുന്നു.

എന്നാൽ പലപ്പോഴും നാം തനിയെ നടക്കുന്നു. പരാശ്രയമില്ലാതെ എല്ലാം ചെയ്യാൻ താല്പര്യപ്പെട്ട്, നമ്മുടെ ആവശ്യങ്ങളെ നേടിയെടുക്കാൻ തനിയെ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മററുള്ളവരുടെ ആവശ്യഭാരങ്ങളെ താങ്ങുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. എന്നാൽ നാം മററുള്ളവരുമായി സഹവർത്തിത്വമുളളവരായിരിക്കണം എന്ന് ദൈവം താല്പര്യപ്പെടുന്നു. നാം മററുളളവരുടെ സഹായം തേടുകയും അവരുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ മനോഹരമാകുമെന്ന് ദൈവത്തിനറിയാം.

നാം അന്യോന്യം ആശ്രയിക്കുന്നത് വഴി മാത്രമാണ് ദൈവം നമുക്കായി കരുതിയത് എല്ലാം അനുഭവിക്കാനും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അതിശയകരമായ ദൈവിക പദ്ധതികൾ നടപ്പിലാക്കാനും കഴിയുകയുളളു-ഒരു ദിവസം കൊണ്ട് ആ ധാന്യപ്പുര പണിതതു പോലെ.