ഉഗ്രമായ സമരം
1896-ൽ കാൾ അക്കെലി എന്ന പര്യവേക്ഷകനെ എത്യോപ്യയിലെ ഒരു കാട്ടിൽ, എൺപത് പൗണ്ടുള്ള ഒരു പുള്ളിപ്പുലി ആക്രമിച്ചു. അയാൾ ഓർക്കുന്നു : " പല്ലുകൾ എന്റെ തൊണ്ടയിൽ ആഴ്ത്തുവാൻ ശ്രമിച്ച " പുള്ളിപ്പുലിക്ക് പക്ഷെ ലക്ഷ്യം തെറ്റി; അതിന്റെ ക്രൂരമായ കടി അവന്റെ വലതുകൈയിലാണ് ഏറ്റത്. രണ്ടുപേരും മണലിൽ ഉരുണ്ടു- ഒരു നീണ്ട, കടുത്ത പോരാട്ടം നടന്നു. അക്കെലി ആകെ അവശനായി."ആർ ആദ്യം വിട്ടുകൊടുക്കും എന്ന രീതിയിൽ പോരാട്ടം തുടർന്നു." അവസാനശക്തിയും സംഭരിച്ച് വെറുംകൈയാൽ അക്കെലി അതിനെ ശ്വാസം മുട്ടിച്ചു കൊന്നു.
യേശുവിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരും എങ്ങനെയാണ് കടുത്ത പോരാട്ടങ്ങളെ നേരിടേണ്ടിവരിക എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു; നമ്മെ പരാജയപ്പെടുത്താൻ പാകത്തിലുള്ള പ്രലോഭനങ്ങൾ നേരിടാൻ സാധ്യതയുണ്ട്. "പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചു കൊണ്ട്" നമുക്ക് " ഉറച്ച് നില്ക്കാം. " (എഫേസ്യർ 6:11, 14) നമ്മുടെ ബലഹീനതയും ദൗർബല്യവും മനസ്സിലാക്കുമ്പോഴുള്ള ഭയത്താൽ തകർന്നുപോകുന്നതിനുപകരം, വിശ്വാസത്താൽ മുന്നോട്ട് പോകുവാൻ പൗലോസ് വെല്ലുവിളിച്ചു; കാരണം നാം നമ്മുടെ ധൈര്യത്തിലും ശക്തിയിലും അല്ല ,ദൈവത്തിലാണ് ആശ്രയിക്കുന്നത്. " കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ" എന്ന് അദ്ദേഹം എഴുതി (വാ. 10). നമ്മൾ വെല്ലുവിളികൾ നേരിടുമ്പോൾ ഓർക്കുക; ദൈവം കേവലം ഒരു പ്രാർത്ഥനയുടെ അകലത്തിലുണ്ട്.(വാ. 18).
അതെ, നമ്മൾക്ക് നിരവധി പോരാട്ടങ്ങളുണ്ട്, സ്വന്തം ശക്തികൊണ്ടോ വൈഭവം കൊണ്ടോ നമ്മൾ ഒരിക്കലും അവയിൽ നിന്ന് രക്ഷപ്പെടില്ല. എന്നാൽ നമ്മൾ നേരിടുന്ന ഏതൊരു ശത്രുവിനേക്കാളും തിന്മയേക്കാളും ശക്തനാണ് ദൈവം.
പ്രപഞ്ചം കൊണ്ട് കളിക്കുന്നു!
1980-കളുടെ തുടക്കത്തിൽ, ദൈവത്തിൽ വിശ്വസിക്കാത്ത ഒരു പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ എഴുതി, "ഒരു അതുല്യ ബുദ്ധിശക്തി, ഭൗതികശാസ്ത്രത്തിലും അതുപോലെ രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും "കളിച്ചതു " പോലെയാണ്, വസ്തുതകളെ സാമാന്യ ബുദ്ധികൊണ്ട് വ്യാഖ്യാനിച്ചാൽ മനസ്സിലാകുന്നത്. . ." ഈ ശാസ്ത്രജ്ഞന്റെ കണ്ണിൽ, പ്രപഞ്ചത്തിൽ നമ്മൾ കാണുന്നതെല്ലാം ആരോ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ തെളിവുകൾ ദൃശ്യമാണ്. "എന്നാൽ, പ്രകൃതിയിൽ എടുത്തു പറയത്തക്ക അജ്ഞാത ശക്തികളൊന്നുമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. "മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ കാണുന്നതെല്ലാം ആരെങ്കിലും ആസൂത്രണം ചെയ്തതായി തോന്നുന്നു, " എന്നിട്ടും, ആ ജ്യോതിശാസ്ത്രജ്ഞൻ ഒരു നിരീശ്വരവാദിയായി തുടർന്നു !
മൂവായിരം വർഷങ്ങൾക്ക് മുമ്പ്, മറ്റൊരു ബുദ്ധിമാനായ മനുഷ്യൻ ആകാശത്തേക്ക് നോക്കി വ്യത്യസ്തമായ ഒരു നിഗമനത്തിലെത്തി. "നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?" ദാവീദ് ആശ്ചര്യപ്പെട്ടു (സങ്കീ. 8: 3-4).
എങ്കിലും ദൈവം നമ്മെ ഓർക്കുന്നു. നാം കാണുന്ന പ്രപഞ്ചം, അതിനെ രൂപകൽപ്പന ചെയ്ത അതുല്യ ബുദ്ധിശക്തിയുള്ള ഒരു നിർമാതാവിന്റെ കഥ പറയുന്നു. അവൻ നമ്മുടെ മനസ്സുകളും സൃഷ്ടിച്ച്, തന്റെ പ്രവർത്തികളെ ധ്യാനിക്കുവാൻ നമ്മെ ഇവിടെ ആക്കി. യേശുവിലൂടെയും അവന്റെ സൃഷ്ടികളിലൂടെയും, നമുക്ക് ദൈവത്തെ അറിയാൻ സാധിക്കുന്നു. പൗലോസ് എഴുതി, "സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു." (കൊലൊ. 1: 16).
പ്രപഞ്ചത്തിന്റെ പിന്നിൽ " ആരോ കളിച്ചിട്ടുണ്ട്. " അതെ, അതിന്റെ പുറകിൽ പ്രവർത്തിച്ച ബുദ്ധിമാനായ സ്രഷ്ടാവിനെ, അന്വേഷിക്കുന്ന ഏവനും കണ്ടെത്തും.
പശ്ചാത്താപത്തിന്റെ സമ്മാനം
"ഇല്ല! ഞാൻ അത് ചെയ്തില്ല! " വിങ്ങുന്ന ഹൃദയത്തോടെ ജെയ്ൻ തന്റെ കൗമാരക്കാരനായ മകന്റെ നിഷേധം കേട്ടു, അവൻ സത്യം പറയുന്നില്ലെന്ന് അവൾക്കറിയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് സൈമണിനോട് വീണ്ടും ചോദിക്കുന്നതിനുമുമ്പ് അവൾ ദൈവത്തോട് സഹായം ചോദിച്ചുകൊണ്ട് മനസ്സിൽ പ്രാർത്ഥിച്ചു. അവൻ നുണ പറയുകയാണെന്നുള്ളതു അവൻ നിരസിച്ചുകൊണ്ടിരുന്നു, അവസാനം അവൾ അസ്വസ്ഥതയോടെ കൈകൾ ഉയർത്തി. അവൾക്ക് ഒരു സമയം ആവശ്യമാണെന്നു പറഞ്ഞ് അവൾ പുറത്തേക്ക് നടക്കുവാൻ തുടങ്ങി. അപ്പോൾ അവളുടെ തോളിൽ ഒരു കൈ അനുഭവപ്പെടുകയും അവന്റെ ക്ഷമാപണം കേൾക്കുകയും ചെയ്തപ്പോൾ, അവൾക്ക് മനസ്സിലായി പരിശുദ്ധാത്മാവിന്റെ കുറ്റപ്പെടുത്തലിനോട് അവൻ പ്രതികരിച്ചു; അവൻ പശ്ചാത്തപിച്ചു എന്ന്.
പഴയനിയമത്തിൽ യോവേലിന്റെപുസ്തകത്തിൽ, ദൈവം തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് യഥാർത്ഥ മാനസാന്തരത്തിലേക്ക് ക്ഷണിച്ചു, ഇപ്പോഴെങ്കിലും അവർ പൂർണ്ണഹൃദയത്തോടെ അവനിലേക്ക് മടങ്ങാൻ അവൻ ആഹ്വാനം ചെയ്തു (2:12). അനുതാപത്തിന്റെ ബാഹ്യപ്രവൃത്തികളല്ല, മറിച്ച് അവരുടെ കഠിനമായ മനോഭാവത്തെ മയപ്പെടുത്തുവാൻ അവൻ അരുളിച്ചെയ്തു: "നിങ്ങളുടെ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെത്തന്നെ കീറുക," ദൈവം "കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ" എന്ന് യോവേൽ ഇസ്രായേല്യരെ ഓർമ്മിപ്പിച്ചു (വാ. 13).
തെറ്റ് ഏറ്റുപറയുന്നത് അത്ര എളുപ്പമല്ല. കാരണം നമ്മുടെ പാപങ്ങൾ സമ്മതിക്കുവാൻ നമ്മുടെ അഹങ്കാരം നമ്മെ അനുവദിക്കുന്നില്ല. ഒരുപക്ഷേ നമ്മൾ സത്യം മറച്ചുവെച്ച്, അത് "ഒരു ചെറിയ വെളുത്ത നുണ" മാത്രമാണെന്ന് പറഞ്ഞ് നമ്മൾ നമ്മുടെ പ്രവർത്തികളെ ന്യായീകരിക്കുന്നു. എന്നാൽ, മാനസാന്തരപ്പെടാൻ പ്രേരിപ്പിക്കുന്ന ദൈവത്തിന്റെ സൗമ്യവും ഉറച്ചതും ആയ സ്വരം നാം ചെവിക്കൊണ്ടാൽ, അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കും . (1 യോഹ. 1: 9). നമുടെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നതിന്നാൽ നമുക്ക് ഇപ്പോൾ കുറ്റബോധത്തിന്റെയും ലജ്ജയുടെയും ആവശ്യമില്ല.
ശക്തമായി പൂർത്തിയാക്കുക
എന്റെ നാൽപ്പത് മിനിറ്റ് വ്യായാമത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് ഞാൻ പ്രവേശിക്കുമ്പോൾ, എന്റെ പരിശീലകൻ നിർദ്ദേശിക്കും, "ശക്തമായി പൂർത്തിയാക്കുക!" എനിക്ക് അറിയാവുന്ന ഓരോ വ്യക്തിഗത പരിശീലകനോ ഗ്രൂപ്പ് ഫിറ്റ്നസ് ലീഡറോ വ്യായാമം അവസാനിപ്പിക്കുന്നതിന്റെ കുറച്ച് മിനിറ്റ് മുമ്പ് ഈ വാചകം ഉപയോഗിക്കുന്നു. വ്യായാമത്തിന്റെ അവസാനം തുടക്കംപോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് അവർക്കറിയാം. കുറച്ചുസമയം ചലനത്തിലായിരിക്കുമ്പോൾ തനിയെ വേഗത കുറയ്ക്കാനോ മന്ദഗതിയിലാക്കാനോ ആഗ്രഹിക്കുന്ന പ്രവണത മനുഷ്യശരീരത്തിനുണ്ടെന്ന് അവർക്ക് അറിയാം.
യേശുവുമായുള്ള നമ്മുടെ യാത്രയിലും ഇത് സത്യമാണ്. ജറുസലേമിലേക്ക് പോകുമ്പോൾ എഫെസോസിലെ സഭയിലെ മൂപ്പന്മാരോടു പൗലോസ് പറഞ്ഞു: അവിടെ ക്രിസ്തുവിന്റെ അപ്പോസ്തലനെന്ന നിലയിൽ പീഡനങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പായിരുന്നു എങ്കിലും, തനിക്ക് തന്റെ ദൗത്യം ശക്തമായി പൂർത്തിയാക്കേണ്ടതുണ്ട് (പ്രവൃ. 20: 17-24). പൗലോസ് തളർന്നില്ല, താൻ ആരംഭിച്ച യാത്ര പൂർത്തിയാക്കുകയും ദൈവം തന്നെ വിളിച്ച കാര്യം ചെയ്യുകയുമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം - "ദൈവകൃപയുടെ സുവിശേഷം" പറയാൻ (വാ. 24) അവൻ ശക്തമായി ആഗ്രഹിച്ചു. ബുദ്ധിമുട്ട് അവനെ കാത്തിരിക്കുകയാണെങ്കിൽപ്പോലും (വാ. 23), അവൻ തന്റെ ഫിനിഷിങ്ങ് ലൈനിലേക്ക് ഓടിക്കൊണ്ടിരിക്കുവാൻ ശ്രദ്ധിക്കുകയും തന്റെ ഓട്ടത്തിൽ ഉറച്ചുനിൽക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
നാം നമ്മുടെ ശാരീരിക പേശികൾ ശക്തമാക്കാൻ വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവം നൽകിയ കഴിവുകൾ വികസിപ്പിച്ചെടുക്കുകയോ ചെയ്യുന്നുവെങ്കിൽ, ശക്തമായി പൂർത്തിയാക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തൽ നമുക്കും പ്രോത്സാഹജനകമാണ്. "മടുത്തുപോകരുത് " (ഗലാത്യർ 6: 9). ക്ഷീണിക്കരുത്. നിങ്ങളുടെ വേല ശക്തമായി പൂർത്തിയാക്കുവാൻ വേണ്ട ശക്തി ദൈവം നിങ്ങൾക്ക് നൽകും.
അനുഗ്രഹത്തിന്റെ മേൽ നടക്കുന്നു
1799-ൽ, പന്ത്രണ്ട് വയസ്സുള്ള കോൺറാഡ് റീഡ്, നോർത്ത് കരോലിനയിലെ തന്റെ കുടുംബത്തിന്റെ ചെറിയ കൃഷിയിടത്തിലൂടെ ഒഴുകുന്ന അരുവിയിൽ ഒരു വലിയ തിളങ്ങുന്ന പാറ കണ്ടെത്തി. ഒരു പാവപ്പെട്ട കുടിയേറ്റ കർഷകനായ തന്റെ പിതാവിനെ കാണിക്കുവാൻ അവൻ അത് വീട്ടിലേക്ക് കൊണ്ടുപോയി. അവന്റെ പിതാവിന് പാറയുടെ വില മനസ്സിലാക്കുവാൻ കഴിഞ്ഞില്ല, അത് അവർ ഒരു വാതിൽപ്പടിയായി ഉപയോഗിച്ചു. അവരുടെ കുടുംബം വർഷങ്ങളോളം അതിന്റെ മീതെ ചവിട്ടി നടന്നു.
ഒരിക്കൽ കോൺറാഡിന്റെ പാറ ഒരു പ്രാദേശിക രത്നവ്യാപാരിയുടെ കണ്ണിൽപ്പെട്ടു - യഥാർത്ഥത്തിൽ അത് പതിനേഴു പൗണ്ടിന്റെ ഒരു സ്വർണ്ണക്കട്ടയായിരുന്നു. താമസിയാതെ റീഡ് കുടുംബം സമ്പന്നരായി, അവരുടെ സ്ഥലം അമേരിക്കയിലെ ആദ്യത്തെ വലിയ സ്വർണഖനിയുടെ സ്ഥലമായി.
ചിലപ്പോൾ നാം നമ്മുടെ സ്വന്തം പദ്ധതികളും വഴികളും ചിന്തിച്ചു കൊണ്ട് അനുഗ്രഹത്തിന്റെ മുകളിൽക്കൂടെ നാം കടന്നുപോകും , ദൈവത്തോട് അനുസരണക്കേട് കാണിച്ചതിന് ഇസ്രായേലിനെ ബാബിലോണിലോൺ പ്രവാസത്തിലേക്ക് അയച്ചതിനു ശേഷം, അവൻ ഒരിക്കൽക്കൂടി അവർക്ക് സ്വാതന്ത്ര്യമേകി. അവർ മറന്ന കാര്യങ്ങളെക്കുറിച്ച് അവൻ അവരെ ഓർമ്മപ്പെടുത്തി: "ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്" എന്ന് അവൻ അവരോട് പറഞ്ഞു, "ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”പഴയ വഴികളിൽ നിന്ന് പിന്മാറി, ഒരു പുതിയ ജീവിതത്തിൽ അവനെ പിന്തുടരുവാൻ ദൈവം അവരെ പ്രോത്സാഹിപ്പിച്ചു: “ബാബേലിൽനിന്ന് പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ട് ഓടിപ്പോകുവിൻ... ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ" (യെശ. 48: 17-18, 20).
ബാബിലോൺ വിട്ടുപോകുക എന്നതുകൊണ്ട് അന്നും ഇന്നും ദൈവം ഉദ്ദേശിക്കുന്നത് നാം പാപവഴികൾ ഉപേക്ഷിച്ച്, അനുസരിക്കുകയും അവനെ പിന്തുടരുകയും ചെയ്യുന്നെങ്കിൽ നമുക്ക് നല്ലത് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരു ദൈവത്തിലേക്ക് "തിരികെ വരിക" എന്നാണ് .