Month: മെയ് 2022

എല്ലായ്പ്പോഴും പങ്കുവയ്ക്കുവാൻ യോഗ്യമായത്

യേശുവിൽ വിശ്വാസിച്ച ശേഷം, ഞാൻ എന്റെ അമ്മയോട് സുവിശേഷം പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതുപോലെ അമ്മ യേശുവിനെ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, ഒരു വർഷത്തേക്ക് എന്നോട് സംസാരിക്കുകപോലും ചെയ്തില്ല. . യേശുവിനെ പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട ആളുകളുമായുള്ള തന്റെ മോശം അനുഭവങ്ങൾ അമ്മയെ ക്രിസ്തുവിശ്വാസികളെ ഇഷ്ടമില്ലാത്തവളാക്കി. പ്രാർത്ഥിച്ചുകൊണ്ട് എല്ലാ ആഴ്ചയും ഞാൻ എന്റെ അമ്മയെ വിളിക്കും. എന്നാൽ എന്റെ അമ്മ എന്നോടുള്ള തന്റെ നിശബ്ദ പ്രതിഷേധം തുടർന്നു. അപ്പോഴൊക്കെ പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു. ഒടുവിൽ അമ്മ എന്റെ ഫോൺ കോളിന് ഉത്തരം നൽകിത്തുടങ്ങി. തുടർന്ന് എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ദൈവത്തിന്റെ സത്യം സ്നേഹപൂർവ്വം പങ്കുവെക്കുവാൻ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ അനുരഞ്ജനത്തിന് മാസങ്ങൾക്ക് ശേഷം, തനിക്ക് മാറ്റം ഉണ്ടായെന്ന് അമ്മ പറഞ്ഞു. പിന്നീട് ഒരു വർഷത്തിനുശേഷം, എന്റെ അമ്മ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു, അതിന്റെ ഫലമായി ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലായി.
യേശുവിലുള്ള വിശ്വാസികൾക്ക്, മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ദാനമായ ക്രിസ്തുവിലേക്ക് പ്രവേശനം ഉണ്ട്. അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ "അവനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ വാസന " എല്ലായിടത്തും പരത്തണം. (2 കൊരി. 2:14). സുവിശേഷം പങ്കിടുന്നവർ, രക്ഷിക്കപ്പെടുന്നവർക്കു, "ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു" എന്നും, എന്നാൽ യേശുവിനെ തള്ളിപ്പറയുന്നവർക്കു, "മരണത്തിലേക്കുള്ള വാസന ആകുന്നു" (വാ. 15-16) എന്നും അവൻ പ്രസ്താവിക്കുന്നു.
ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചതിനുശേഷം, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സത്യത്തെ പ്രചരിപ്പിക്കുവാൻ, ഭൂമിയിൽ നമുക്കുള്ള പരിമിതമായ സമയം ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ ഏറ്റവും പ്രയാസമേറിയതും ഏകാന്തവുമായ നിമിഷങ്ങളിൽപ്പോലും അവൻ നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് നമുക്ക് വിശ്വസിക്കാം. എന്തു വില കൊടുക്കേണ്ടിവന്നാലും, ദൈവത്തിന്റെ സുവിശേഷം എല്ലായ്പ്പോഴും പങ്കിടുന്നത് വിലയേറിയതാണ്.

കൊത്തിവച്ച ദുഃഖം

അപൂർവ്വവും ഭേദപ്പെടുത്താനാവാത്തതുമായ ഒരു മസ്തിഷ്ക അർബുദം തനിക്കുണ്ടെന്ന രോഗനിർണയം ലഭിച്ച ശേഷം, കരോളിൻ ഒരു അതുല്യ സേവനം നൽകുന്നതിലൂടെ പുതുക്കിയ പ്രതീക്ഷയും ലക്ഷ്യവും കണ്ടെത്തി: ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സന്നദ്ധ ഫോട്ടോഗ്രാഫി സേവനങ്ങൾ. ഈ സേവനത്തിലൂടെ കുടുംബങ്ങൾക്ക് അവരുടെ കുട്ടികളുമായി പങ്കുവച്ച അമൂല്യ നിമിഷങ്ങൾ പകർത്താൻ കഴിഞ്ഞു - ദുഃഖത്തിന്റെ നിമിഷങ്ങളും, "ആ നിരാശാജനകമായ സ്ഥലങ്ങളിൽ ഇല്ലെന്ന് നമ്മൾ കരുതുന്ന കൃപയുടെയും സൗന്ദര്യത്തിന്റെയും നിമിഷങ്ങൾ." അവൾ നിരീക്ഷിച്ചു, "സങ്കൽപ്പിക്കാവുന്ന ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ പോലും, ആ കുടുംബങ്ങൾ. . . എല്ലാത്തിനുമുപരി സ്നേഹിക്കാൻ തിരഞ്ഞെടുത്തു."
ദുഃഖത്തിന്റെ സത്യം പകർത്തുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത ശക്തമായ എന്തോ ഉണ്ട് - ദുഃഖത്തിന്റെ വിനാശകരമായ യാഥാർത്ഥ്യവും, അതിന്റെ നടുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയുടെ സൗന്ദര്യവും.
ഇയ്യോബിന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ദുഃഖത്തിന്റെ ഫോട്ടോ പോലെയാണ് – തന്നെ എല്ലാവിധത്തിലും തകർത്തുകളഞ്ഞ വിനാശത്തിലൂടെയുള്ള ഇയ്യോബിന്റെ യാത്ര നേരിട്ട് അതു കാണിച്ചുതരുന്നു (1: 18-19). നിരവധി ദിവസങ്ങൾ ഇയ്യോബിനൊപ്പം ഇരുന്നതിന് ശേഷം, അവന്റെ സുഹൃത്തുക്കൾക്ക് അവന്റെ ദുഃഖം മടുത്തു; അതിന്റെ വേദനയെ അവർ ചെറുതാക്കി കാണുകയോ, അതു ദൈവത്തിന്റെ ഒരു ന്യായവിധിയായി പരിഗണിക്കുകയോ ചെയ്തു. എന്നാൽ ഇയ്യോബിന് അതൊന്നും വിഷയമായിരുന്നില്ല, താൻ ഇപ്പോൾ കടന്നുപോകുന്ന കാഠിന്യമേറിയ വേദനയുടെ സാക്ഷ്യം "പാറയിൽ സദാകാലത്തേക്ക് കൊത്തിവയ്ക്കപ്പെടുവാൻ " (19:24) അദ്ദേഹം ആഗ്രഹിച്ചു..
ഇയ്യോബിന്റെ പുസ്തകത്തിലൂടെ നമുക്കത് വായിച്ചെടുക്കുവാൻ, അതു "കൊത്തിവച്ചിരിക്കുന്നു" - നമ്മുടെ ദുഃഖത്തിന്റെ വേളകളിൽ, നമുക്ക് ജീവനുള്ള ദൈവത്തെ ചൂണ്ടിക്കാണിക്കുവാൻ വേണ്ടി (വാ. 26-27). നമ്മുടെ വേദനയിൽ നമ്മെ കാണുന്ന ദൈവം, മരണത്തിലൂടെ പുനരുത്ഥാന ജീവിതത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു..

സൂര്യകാന്തി യുദ്ധം

ഞങ്ങളുടെ അയൽപക്കത്തെ പശുക്കൾക്കും എനിക്കും സൂര്യകാന്തി പൂക്കളെക്കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ്. ഓരോ വേനൽക്കാലത്തും ഞാൻ പൂച്ചെടികൾ നട്ടുപിടിപ്പിക്കുമ്പോൾ, അതിന്റെ പൂക്കളുടെ സൗന്ദര്യത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്നിരുന്നാലും, എന്റെ പശുസുഹൃത്തുക്കൾ പക്ഷേ, വിരിയുന്ന പൂവിനെ കാര്യമാക്കുന്നില്ല. ഒന്നും അവശേഷിപ്പിക്കാതെ ഇലയും തണ്ടും പോലും ചവയ്ക്കുവാൻ അവർ ആഗ്രഹിക്കുന്നു. എന്റെ നാല് കുളമ്പുള്ള അയൽക്കാർ വിഴുങ്ങുന്നതിനുമുമ്പ് പൂക്കൾ പക്വത പ്രാപിക്കുവാൻ ഞാൻ ചെടികളെ സഹായിക്കുന്നത് ഒരു വാർഷിക വേനൽക്കാല യുദ്ധമായി പലപ്പോഴും മാറും. ചിലപ്പോൾ ഞാൻ ജയിക്കും; ചിലപ്പോൾ അവർ വിജയിക്കും.
യേശുവിൽ വിശ്വസിക്കുന്ന നമ്മുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്കും നമ്മുടെ ശത്രുവായ സാത്താനും തമ്മിൽ സമാനമായ യുദ്ധം നടക്കുന്നതായി കാണുവാൻ എളുപ്പമാണ്. ആത്മീയ പക്വതയിലേക്ക് നയിക്കുന്ന നിരന്തരമായ വളർച്ചയാണ് നമ്മുടെ ലക്ഷ്യം. ദൈവമഹത്വത്തിനായി നമ്മുടെ ജീവിതം വേറിട്ടുനിർത്തുവാൻ നാം ആഗ്രഹിക്കുന്നു. നമ്മുടെ വിശ്വാസം നശിപ്പിക്കുവാനും നാം വളരാതിരിക്കുവാനും പിശാച് ശ്രമിക്കുന്നു. എന്നാൽ യേശുവിന് "എല്ലാ ശക്തിയുടെയും" മേൽ പൂർണ്ണ ആധിപത്യമുണ്ട്, കൂടാതെ നമ്മെ "പൂർണ്ണതയിലേക്ക്" കൊണ്ടുവരാനും അവനു കഴിയും (കൊലൊസ്സ്യർ 2:10), അതായത് അവൻ നമ്മെ "സമ്പൂർണ്ണരാക്കുന്നു". ക്രിസ്തുവിന്റെ കുരിശിലെ വിജയം ആ മനോഹരമായ സൂര്യകാന്തിപ്പൂക്കൾ പോലെ ലോകത്ത് വേറിട്ടുനിൽക്കുവാൻ നമ്മെ അനുവദിക്കുന്നു.
യേശു, "നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു" (നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ) കുരിശിൽ തറച്ചപ്പോൾ (വാ. 14), നമ്മെ നിയന്ത്രിക്കുന്ന ശക്തികളെ അവൻ നശിപ്പിച്ചു. നമ്മൾ "വേരൂന്നുകയും ആത്മികവർദ്ധന പ്രാപിക്കുകയും" (വാ. 7) "ക്രിസ്തുവിനോടൊപ്പം ജീവിക്കുകയും" ചെയ്തു (വാ. 13). ശത്രുവിന്റെ ആത്മീയ ആക്രമണങ്ങളെ ചെറുക്കുവാനും യേശുവിൽ തഴച്ചുവളരാനും നാം അവനിൽ ശക്തി ഉള്ളവരാണ് (വാ. 10) – അതു യഥാർത്ഥ സൗന്ദര്യമുള്ള ജീവിതത്തെ പ്രദർശിപ്പിക്കുന്നു.

നമ്മുടെ ദൈവം എത്ര വലിയവൻ!

ആളുകളെ തിരിച്ചറിയാൻ വിരലടയാളങ്ങൾ വളരെക്കാലമായി ഉപയോഗിക്കുന്നുവെങ്കിലും അവയുടെ വ്യാജപ്പകർപ്പുകൾ എളുപ്പം സൃഷ്ടിക്കുവാൻ സാധിക്കും. അതുപോലെ, മനുഷ്യന്റെ കണ്ണിലെ കൃഷ്ണമണിയുടെ ബയോമെട്രിക്സ് പാറ്റേൺ ഒരാളെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന കാര്യമാണ്. എങ്കിലും, പ്രത്യേക കോൺടാക്റ്റ് ലെൻസ് ഉപയോഗിച്ച് ആ പാറ്റേൺ മാറ്റിമറിക്കുവാൻ സാധിക്കും. എന്നാൽ. ഏറ്റവും വിശ്വസനീയമായ തിരിച്ചറിയൽ അടയാളമായി എന്താണ് ഉപയോഗിക്കുവാൻ കഴിയുന്നത്? മനുഷ്യന്റെ നാഡീവ്യവസ്ഥ! അത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്നും അത് വ്യാജമായി നിർമ്മിക്കുവാൻ അസാധ്യമാണെന്നും ഈയിടെ തെളിഞ്ഞു. നിങ്ങളുടെ സ്വന്തം "നാഡീവ്യവസ്ഥ," ഈ ഗ്രഹത്തിലെ മറ്റെല്ലാവരിൽ നിന്നും നിങ്ങളെ വേർതിരിക്കുന്ന ഒരു തിരിച്ചറിയൽ അടയാളമാണ്!
മനുഷ്യരുടെ ഇത്തരം സങ്കീർണ്ണതകളെക്കുറിച്ച് ചിന്തിക്കുന്നത് നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനെക്കുറിച്ച് ഒരു ആരാധനയും അത്ഭുതവും നമ്മിൽ ഉളവാക്കും. നമ്മൾ "ഭയങ്കരവും അതിശയവുമായി സൃഷ്ടിക്കപ്പെട്ടവരാണ്" (സങ്കീ. 139: 14). അത് തീർച്ചയായും ആഘോഷിക്കപ്പടേണ്ടതാണെന്ന് ദാവീദ് ഓർമ്മിപ്പിച്ചു. വാസ്തവത്തിൽ, സങ്കീ. 111: 2 നമ്മെ ഓർമ്മിപ്പിക്കുന്നു, "യഹോവയുടെ പ്രവൃത്തികൾ വലിയവ; അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു"
എന്നിരിക്കിലും, നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ അർഹിക്കുന്നത് ദൈവമായ സ്രഷ്ടാവിൽ തന്നെയാണ്. ദൈവത്തിന്റെ മഹത്തായ പ്രവൃത്തികൾ ആഘോഷിക്കുമ്പോൾ തന്നെ, നാം അവനെയും ആഘോഷിക്കണം! അവന്റെ പ്രവൃത്തികൾ മഹത്തരമാണ്, പക്ഷേ അവൻ അതിലും വലിയവനാണ്, അത് സങ്കീർത്തനക്കാരനെ പ്രാർത്ഥിക്കുവാൻ പ്രേരിപ്പിക്കുന്നു, "നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു."(86:10).
ഇന്ന്, അവന്റെ “വീര്യപ്രവൃത്തി”കളെപ്പറ്റി നാം ചിന്തിക്കുമ്പോൾ, അവന്റെ മഹിമാധിക്യത്തിൽ നമുക്കും അത്ഭുതപ്പെടാം.

അമ്മയെപ്പോലെ സ്നേഹിക്കുക

1943 ലെ ബംഗാൾ ക്ഷാമകാലത്ത് താൻ വളർന്നതിനെക്കുറിച്ച് മാലിനി തന്റെ കൊച്ചുമകനോട് പറയുകയായിരുന്നു. അവളുടെ പാവപ്പെട്ട കുടുംബത്തിന് കഴിക്കുവാൻ അല്പം ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മിക്കപ്പോഴും അവർ പട്ടിണിയായിരുന്നു. വളരെ അപൂർവമായി, അവളുടെ അച്ഛൻ പിടിച്ച മീൻ അത്താഴത്തിന് വീട്ടിൽ കൊണ്ടുവരും. മീൻകറി വയ്ക്കുബോൾ അമ്മ പറയും, “ആ മീൻതല എനിക്ക് തരൂ. എനിക്ക് അതാണ് ഇഷ്ടം, അതാണ് ഏറ്റവും മാംസമുളള കഷണം." വർഷങ്ങൾക്കുശേഷം മാലിനിക്ക് മനസ്സിലായി മീൻതലയിൽ മാംസം ഒന്നും ഇല്ലെന്ന്. വാസ്തവത്തിൽ അവളുടെ അമ്മ ഒന്നും കഴിച്ചിട്ടില്ല! എന്നാൽ, താനത് രുചികരമായി ആസ്വദിക്കുന്നതായി ഭാവിച്ചു. കാരണം, "ഞങ്ങൾ കുട്ടികൾ, അമ്മ ഒന്നും കഴിച്ചില്ലെന്ന് വിഷമിക്കാതെ, കൂടുതൽ മീൻ കഴിക്കുന്നതിനു വേണ്ടി!"
നാളെ നമ്മൾ മാതൃദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ അമ്മമാരുടെ കരുതലിന്റെ കഥകളും നമുക്ക് വിവരിക്കാം. നമുക്ക് അവർക്കായി ദൈവത്തിന് നന്ദി പറയുകയും അവരെപ്പോലെ മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുവാൻ ശ്രമിക്കുകയും ചെയ്യാം.
പൗലോസ് തെസ്സലോനിക്ക സഭയെ സേവിച്ചു, "ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ " (1 തെസ്സ. 2: 7). യേശുവിനെക്കുറിച്ച് അവരോടു പറയുവാനും അവരോടൊപ്പം സ്വന്തം ജീവിതം പങ്കുവയ്ക്കുവാനും, "കഷ്ടവും അപമാനവും അനുഭവിച്ചിട്ടും" തന്റെ പ്രാണനുംകൂടെ വച്ചുതരുവാനും ഒരുക്കമായിരുന്നു. (വാ. 2, 8). അവൻ അവരോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു രാവും പകലും വേല ചെയ്തു (വാ. 9) - അമ്മയെപ്പോലെ തന്നെ.
അമ്മയുടെ സ്നേഹത്തെ നിഷേധിക്കാൻ ആർക്കും കഴിയുകയില്ല. പൗലോസ് വിനയത്തോടെ പറഞ്ഞു, തന്റെ പരിശ്രമങ്ങൾ "വ്യർഥമായില്ല" (വാ. 1). മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നു നമുക്ക് അറിയാനാവില്ല, എന്നാൽ അവരെ ത്യാഗപൂർവ്വം സേവിക്കുന്നതിനായി നമുക്ക് ഓരോ ദിവസവും ചെലവഴിക്കാം. നമ്മുടെ അമ്മ നമ്മിൽ അഭിമാനിക്കും; അതുപോലെ സ്വർഗ്ഗീയ പിതാവും!