Month: ജൂൺ 2022

വിശ്വസനീയമായ സ്നേഹം

എനിക്ക് എന്തുകൊണ്ടാണ് അതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ കഴിയാത്തത്? എന്റെ വികാരങ്ങൾ ദുഃഖം, ദേഷ്യം, സംശയം, കുറ്റബോധം എന്നിവയാൽ കെട്ടുപിണഞ്ഞിരുന്നു.

വർഷങ്ങൾക്ക് മുൻപ് വളരെ അടുത്ത ഒരു വ്യക്തിയുമായുള്ള ബന്ധം എനിക്ക് വിച്ഛേദിക്കേണ്ടി വന്നു, തന്റെ വേദനിപ്പിക്കുന്ന സ്വഭാവത്തെപ്പറ്റി പലതവണ പറയാൻ ശ്രമിച്ചത് പുറത്താക്കലിലേക്കും നിഷേധത്തിലേക്കും നയിച്ചു. ഇന്ന് അവൾ ഈ പട്ടണത്തിലുണ്ടെന്നും, എന്നെ സന്ദർശിക്കുന്നുവെന്നും കേട്ടപ്പോൾ എന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് പോവുകയും, വീണ്ടും നുറുങ്ങുകയും ചെയ്തു.

എന്റെ ചിന്തകളെ നിയന്ത്രിക്കുവാൻ ഞാൻ പാടുപെട്ടപ്പോൾ, റേഡിയോയിൽ ഒരു പാട്ട് കേട്ടു . ആ പാട്ട് വഞ്ചനയുടെ വേദന മാത്രമല്ല, ഉപദ്രവിച്ച വ്യക്തിയുടെ സമൂലമായ മാറ്റത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനെയും പ്രകടിപ്പിക്കുന്നു. എന്റെ തന്നെ ഹൃദയത്തിലെ വാഞ്ചകൾക്ക് ശബ്ദം നല്കിയതുപോലെയുള്ള ആ പാട്ടിൽ ഞാൻ മുഴുകിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: എന്ന് അപ്പോസ്തലനായ പൗലോസ് റോമർ 12:9-ൽ പറയുമ്പോൾ സ്നേഹത്തിനുവേണ്ടി സ്വീകരിക്കുന്നതെല്ലാം ശുദ്ധമായിരിക്കില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. എങ്കിലും നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ആഗ്രഹം - സ്വയം സേവിക്കുന്നതും കൗശലം നിറഞ്ഞതുമല്ല, കരുണയുള്ളതും സ്വയം നൽകുന്നതുമായ - യഥാർത്ഥ സ്നേഹം അറിയുക എന്നതാണ്. നിയന്ത്രിക്കപ്പെടുമെന്ന ഭയത്താൽ ഉളവായ സ്നേഹമല്ല, മറിച്ച്‌ മറ്റൊരാളുടെ ക്ഷേമത്തിനുവേണ്ടിയുള്ള സന്തോഷപൂർണ്ണമായ സമർപ്പണമായിരിക്കണം യഥാർത്ഥ സ്നേഹം (വാ.10-13).

അതാണ് സുവാർത്ത, സുവിശേഷം. യേശുവിന്മൂലം നമുക്ക് ആശ്രയിക്കാവുന്നതും പങ്കുവെക്കാവുന്നതുമായ സ്നേഹത്തെപ്പറ്റി നാം അറിഞ്ഞു. നമ്മെ ഒരിക്കലും ദ്രോഹിക്കാത്ത സ്നേഹം (13:10). അവിടുത്തെ സ്നേഹത്തിൽ ജീവിക്കുക എന്നാൽ സ്വാതന്ത്ര്യം അനുഭവിക്കുക എന്നാണ്.

നാം ഇനി പിതാവില്ലാത്തവരാകില്ല

അവിവാഹിതനും സ്വന്തം മക്കളില്ലാത്തവുനുമായ ബ്രൈൻറ്, ന്യൂയോർക്ക് ശിശുസംരക്ഷണ വകുപ്പിലായിരുന്നു ജോലിചെയ്തത്. ഓരോ ദിവസവും വളർത്തച്ഛന്റെയോ അമ്മയുടെയോ ആവശ്യം ഏറിക്കൊണ്ടിരുന്നതിനാൽ, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലധികം, ബ്രൈൻറ് അൻപതിലധികം കുട്ടികളെ വളർത്തി, ഒരിക്കൽ ഒറ്റത്തവണ ഒൻപതു കുട്ടികളെ വരെ അദ്ദേഹം പരിപാലിച്ചു. "എപ്പോഴൊക്കെ നോക്കിയാലും, താമസം ആവശ്യമുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടാകും" അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് നല്ലൊരു ഹൃദയവും വീട്ടിൽ സ്ഥലവും ഉണ്ടെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും. അതിനെപ്പറ്റി ആകുലപ്പെടേണ്ട കാര്യമില്ല". താൻ വളർത്തി വലുതാക്കിയ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ബ്രൈന്റിന്റെ വീട്ടിൽ പ്രവേശനമുണ്ടായിരുന്നു. പലപ്പോഴും അവർ ഞായറാഴ്ചകളിൽ അവരുടെ "പപ്പയോടൊപ്പം" ഉച്ചഭക്ഷണത്തിന് വരുമായിരുന്നു. ബ്രൈൻറ് ഒരു പിതാവിന്റെ സ്നേഹം അനേകരോട് കാണിച്ചിരുന്നു.

വേദപുസ്തകം നമ്മോട് പറയുന്നത് മറന്നുകളഞ്ഞവരെയും ഒഴിവാക്കപ്പെട്ടവരേയും ദൈവം തേടി പോകുന്നു എന്നാണ്. എന്നുവരികിലും ചില വിശ്വാസികൾക്ക് ഈ ജീവിതത്തിൽ തങ്ങൾക്കുതന്നെ ഉപേക്ഷിക്കപ്പെട്ടവരായും ബലഹീനരായും തോന്നാം, അവരോടു കൂടെയും ഇരിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ദൈവം "അനാഥന്മാർക്കു പിതാവാകുന്നു" (സങ്കീർത്തനങ്ങൾ 68:5). നിഷേധത്താലും ദുരന്തങ്ങളാലും നാം ഒറ്റപ്പെടുമ്പോഴും, ദൈവം അവിടെത്തന്നെയുണ്ട് -നമ്മെ തേടി, നമ്മുടെ അരികിലേക്ക് വന്ന് അവൻ നമുക്ക് സമാധാനം തരുന്നു. നിശ്ചയമായും, "ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു"(വാ.6). യേശുവിൽ, മറ്റു വിശ്വാസികളും കൂടിച്ചേരുന്നതാണ് നമ്മുടെ ആത്മീക കുടുംബം.

നമ്മുടെ ഏകാന്തത, ഉപേക്ഷിക്കൽ, നമ്മുടെ വ്യക്തിബന്ധങ്ങളിലെ തകർച്ച - അങ്ങനെ വെല്ലുവിളി നിറഞ്ഞ നമ്മുടെ കുടുംബത്തിന്റെ കഥകൾ എന്തു തന്നെയായിരുന്നാലും നാം സ്നേഹിക്കപ്പെടുന്നു എന്ന് നമുക്കറിയാൻ കഴിയും. ദൈവത്തോടു കൂടെ, നാം ഒരിക്കലും പിതാവില്ലാത്തവരാകില്ല.

നിങ്ങൾ എങ്ങനെയിരിക്കുന്നു?

ചാർല താൻ മരണാസന്നയാണെന്നത് അറിഞ്ഞിരുന്നു. അവൾ ആശുപത്രിയിലെ തന്റെ മുറിയിൽ കിടക്കുമ്പോൾ അവളുടെ സർജ്ജനും കുറച്ചു വിദ്യാർത്ഥികളും ആ മുറിയിലേക്ക് വന്നു. ചാർല തന്റെ അവസ്ഥ വിദ്യാർത്ഥികളോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സർജ്ജൻ അവരെ ശ്രദ്ധിച്ചതേയില്ല. അവസാനം അദ്ദേഹം തിരിഞ്ഞ് അവളോട് ചോദിച്ചു, "നിങ്ങൾ എങ്ങനെയിരിക്കുന്നു?" ദുർബ്ബലമായ ഒരു ചിരിയോടുകൂടി ചാർല യേശുവിലുള്ള അവളുടെ പ്രത്യാശയും സമാധാനവും ആ സംഘത്തോട് വിവരിച്ചു.

രണ്ടായിരത്തോളം വർഷങ്ങൾക്ക് മുൻപ് യേശുവിന്റെ തകർക്കപ്പെട്ട, നഗ്നമായ ശരീരം അപമാനിതനാക്കി ഒരു കൂട്ടം കാഴ്ചക്കാരുടെ മുൻപിൽ ക്രൂശിൽ തൂക്കി. അവിടുന്ന് തന്നെ ഉപദ്രവിക്കുന്നവരെ ശാസിച്ചോ? "ഇല്ല" യേശു പറഞ്ഞു, “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” (ലൂക്കോസ് 23:34). കപടമായ കുറ്റം ആരോപിക്കപ്പെട്ടു ക്രൂശിക്കപ്പെട്ടു എങ്കിലും അവിടുന്ന് തന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു. പിന്നീട് അവിടുന്ന് അപമാനിതനായ ഒരു വ്യക്തിയോട്, ഒരു കുറ്റവാളിയോട് -അവന്റെ വിശ്വസത്തിന്റെ ആഴം മൂലം- അവൻ തന്നോടൊപ്പം പറുദീസയിൽ ഉണ്ടാകും എന്ന് പറയുന്നു(വാ.43). അവന്റെ വേദനയിലും അപമാനത്തിലും പോലും, മറ്റുള്ളവരോടുള്ള സ്നേഹത്താൽ യേശു പ്രത്യാശയുടെയും ജീവന്റെയും വചനം പങ്കുവച്ചു.

ചാർല തന്റെ ശ്രോതാക്കളോട് യേശുവിനെ പങ്കുവെക്കുന്നതിനെ അവസാനിപ്പിച്ചപ്പോൾ, അവൾ ആ ചോദ്യം ഡോക്ടറോട് തിരികെ ചോദിച്ചു. അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു, "നിങ്ങൾക്ക് എങ്ങനെയിരിക്കുന്നു?" ക്രിസ്തുവിന്റെ കൃപയാൽ അവൾ ജീവന്റെ വചനം ആ മുറിയിലുള്ളവരുമായി പങ്കുവെച്ചു. ഇന്നോ വരുവാനുള്ള നാളുകളിലോ, നാം എന്ത് പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നു പോയാലും, ജീവന്റെ വചനം പങ്കുവെച്ചു ആളുകൾക്ക് ധൈര്യം കൊടുക്കാൻ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം.

ക്രിസ്തുവിൽ നട്ടവർ

"കാറ്റ് ആ ലൈലാക്കുകളെ അമ്മാനമാടിക്കൊണ്ടിരുന്നു;" കാട്ടിൽ ആടിയുലയുന്ന ലൈലാക്ക് ചെടിയുടെ വിവരണത്തോടെ കവയിത്രി സാറ ടീസ്‌ഡേൽ തന്റെ വസന്തകാല കവിതയായ "മെയ്" ആരംഭിക്കുന്നു. എന്നാൽ, ടീസ്‌ഡേൽ ഒരു നഷ്ടപ്പെട്ട പ്രണയത്തെപ്പറ്റി വിലപിക്കുകയായിരുന്നു, പെട്ടെന്ന് അവളുടെ കവിത ദുഃഖാർദ്രമായി.

ഞങ്ങളുടെ വീടിന്റെ പുറകുവശത്തുള്ള ലൈലാക്ക് ചെടിക്കും ഒരു വെല്ലുവിളിയുണ്ടായി. അവയുടെ സമൃദ്ധവും സുന്ദരവുമായ കാലം കഴിഞ്ഞപ്പോൾ തോട്ടക്കാരൻ അവയെല്ലാം വെട്ടി വെറും കുറ്റികൾ മാത്രം അവശേഷിപ്പിച്ചു. ഞാൻ കരഞ്ഞു. ഒടുവിൽ, മൂന്നു വർഷങ്ങൾക്ക് ശേഷം - ആ ഒഴിഞ്ഞ കുറ്റികളിലുള്ള പൂപ്പൽ കാരണം അവയെ മാന്തിക്കളയുവാൻ വിചാരിച്ചിരുന്നപ്പോൾ - ഞങ്ങളുടെ ലൈലാക്ക് ചെടി തളിരിട്ടു. അവയ്ക്കു സമയം വേണ്ടിയിരുന്നു, ഞാൻ കാണാൻ കഴിയാത്തവയ്ക്കായി കാത്തിരിക്കണമായിരുന്നു.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വിശ്വാസത്താൽ കാത്തിരുന്ന അനേകരെപ്പറ്റി ബൈബിൾ പറയുന്നു. നോഹ മഴക്കായി കാത്തിരുന്നു. കാലേബ് വാഗ്ദത്ത നാട്ടിൽ ജീവിക്കുവാനായി നാല്പത് വർഷം കാത്തിരുന്നു. റിബെക്കാ ഇരുപത് വർഷം ഒരു തലമുറയ്ക്കായി കാത്തിരുന്നു, യാക്കോബ് ഏഴ് വർഷം റാഹേലിനുവേണ്ടി കാത്തിരുന്നു. ശിമോൻ യേശുവിനെ കാണുവാനായി ദീർഘനാൾ കാത്തിരുന്നു. അവരുടെ ക്ഷമയ്ക്ക് പ്രതിഫലമുണ്ടായി.
ഇതിന് വിപരീതമായി, മനുഷ്യനിലേക്ക് നോക്കുന്നവരെല്ലാം "മരുഭൂമിയിലെ ചൂരച്ചെടി പോലെയാകും" (യിരെമ്യാവ്‌ 17:6). കവയിത്രി ടീസ്‌ഡെൽ തന്റെ വരികൾ വളരെ മൂകമായി അവസാനിപ്പിച്ചു:
ഞാനൊരു ശീതകാല യാത്ര പോകുന്നു, അവൾ ഉപസംഹരിച്ചു. എന്നാൽ, യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. യിരെമ്യാവ്‌ ആനന്ദിച്ചു. "അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും" (വാ.7-8).

ദൈവത്തിൽ ആശ്രയിക്കുന്നവർ, നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിലും കഷ്ടതകളിലും നമ്മോടൊപ്പം നടക്കുന്ന ദൈവത്തിൽ തങ്ങളെതന്നെ നട്ടവരായിരിക്കും.

യേശുവിലുള്ള പുതിയ ഡി എൻ എ

തന്റെ ജീവൻ രക്ഷിച്ച മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ക്രിസ്സ് വീണ്ടും പരിശോധനയ്ക്കായി തന്റെ രക്തം കൊടുത്തു. ദാതാവിന്റെ മജ്ജ തന്റെ സൗഖ്യത്തിനാവശ്യമായത് നൽകിയെങ്കിലും ആശ്ചര്യകരമായ ഒരു കാര്യം അവശേഷിപ്പിച്ചു: ക്രിസിന്റെ DNA ഇപ്പോൾ ക്രിസ്സിന്റേതല്ല ദാതാവിന്റേതാണ്. ഇത് ശരിക്കും സംഭവിക്കാം: മാറ്റിവെക്കലിന്റെ ലക്‌ഷ്യം തന്റെ ബലക്ഷയമുള്ള രക്തം ദാതാവിന്റെ ആരോഗ്യമുള്ള രക്തവുമായുള്ള മാറ്റമാണ്. അതിനാൽ ക്രിസിന്റെ കവിളുകൾ, ചുണ്ടുകൾ, നാവ് എന്നിവയുടെ സ്രവങ്ങളെല്ലാം ദാതാവിന്റെ DNA പ്രകടമാക്കി. തന്റെ ഓർമ്മകളും, പുറമെയുള്ള രൂപവും നിലനിർത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ അവൻ മറ്റൊരാളായി മാറി.

ക്രിസിന്റെ അനുഭവം യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നടക്കുന്നതിന് സമാനമാണ്. നമ്മുടെ ആത്മീക രൂപാന്തരത്തിന്റെ സമയത്ത് - നാം യേശുവിൽ ആശ്രയിക്കുമ്പോൾ - നാം ഒരു പുതിയ സൃഷ്ടിയായി മാറുന്നു (2 കൊരിന്ത്യർ 5:17). എഫേസോസ് സഭയ്ക്കുള്ള പൗലോസിന്റെ ലേഖനം, അവരെ ക്രിസ്തുവിനുവേണ്ടി വേർപെട്ട്, അവരിലെ ആന്തരിക രൂപാന്തരത്തെ വെളിപ്പെടുത്തുവാൻ പ്രോത്സാഹിപ്പിച്ചു, "ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ" (എഫേസ്യർ 4:22-24).

രൂപാന്തരം വരുത്തുന്ന യേശുവിന്റെ ശക്തി നമ്മിൽ സജീവമാണെന്ന് കാണിക്കാൻ നമുക്ക് ഡിഎൻഎ പരിശോധനകളോ രക്തപരിശോധനകളോ ആവശ്യമില്ല. ആ ആന്തരിക സത്യം നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ നാം വ്യാപൃതരാകുമ്പോൾ, നാം എത്രത്തോളം തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി, ദൈവം ക്രിസ്തുവിൽ നമ്മോട് ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുമ്പോൾ നമ്മിലൂടെ പ്രകടമാകണം. (വാ.32).