ഏകദേശം 10 ലെഗോ കഷണങ്ങൾ ഭൂമുഖത്തെ ഓരോ മനുഷ്യനുമായി ഓരോ വർഷവും വില്ക്കുന്നു – 75 ബില്യനിലധികം ചെറിയ പ്ലാസ്റ്റിക് കട്ടകൾ. ഡാനിഷ് കളിപ്പാട്ട നിർമ്മാതാവായ ഓലേ കിർക്ക് ക്രിസ്റ്റ്യൻസന്റെ കഠിന പരിശ്രമമില്ലായിരുന്നു എങ്കിൽ കൊളുത്തിപ്പിടിക്കുന്ന ലെഗോ കട്ടകൾ ഉണ്ടാകില്ലായിരുന്നു.
ഡെൻമാർക്കിലെ ബിലുണ്ടിൽ “നന്നായി കളിക്കുക” എന്നർത്ഥംവരുന്ന ലെഗ് ഗോട്ട് എന്ന പ്രത്യേക കളിപ്പാട്ട നിർമ്മാണത്തിനായി ക്രിസ്റ്റ്യൻസൻ ദശാബ്ദങ്ങൾ തന്നെ പണിപ്പെട്ടു. രണ്ടു തവണ തന്റെ പണിശാല തീ പിടിച്ച് നശിച്ചു. സാമ്പത്തികമായി പാപ്പരായി മാറി. ലോകമഹായുദ്ധം മൂലം അസംസ്കൃത വസ്തുക്കൾ കിട്ടാതായി. അവസാനം 1940 കളുടെ അവസാനത്തിൽ അദ്ദേഹം സ്വയം കൂട്ടിപ്പിടിക്കുന്ന പ്ലാസ്റ്റിക് കട്ടകൾ നിർമ്മിച്ചു. 1958 ൽ ഓലേ കിർക്ക് മരിക്കുമ്പോഴേക്കും ലെഗോ എന്നത് എല്ലാ വീട്ടിലെയും ഒരു സാധാരണ വാക്കു പോലെയായി.
ജീവിതത്തിലെയും ജോലിയിലെയും വെല്ലുവിളികളിൽ സ്ഥിരത കാണിക്കുക എന്നത് പ്രയാസകരമാണ്. ആത്മീയ ജീവിതത്തിൽ യേശുവിനെപ്പോലെ ആയിത്തീരാനുള്ള പരിശ്രമത്തിലും ഇത് അങ്ങനെ തന്നെയാണ്. പ്രതിസന്ധികൾ ഉണ്ടാകുന്നു, സ്ഥിരതക്ക് ദൈവസഹായം അനിവാര്യമാകുന്നു. യാക്കോബ് അപ്പസ്തോലൻ എഴുതി: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ” (യാക്കോബ് 1:12). ചിലപ്പോൾ നാം നേരിടുന്ന തിരിച്ചടികൾ ബന്ധങ്ങളിലോ സാമ്പത്തിക കാര്യത്തിലോ ആരോഗ്യ വിഷയത്തിലോ ആകാം. ചിലപ്പോൾ അവ ദൈവമഹത്വത്തിനായി ജീവിക്കുന്നതിൽ നമ്മെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളാകാം.
എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം ദൈവം തന്റെ ജ്ഞാനം വാഗ്ദത്തം ചെയ്യുന്നു (വാ. 5), അവൻ നമുക്കായി കരുതുന്നതിനാൽ അവനിൽ ആശ്രയിക്കാൻ ആവശ്യപ്പെടുന്നു (വാ.6). ഇതിലൂടെയെല്ലാം, നാം നമ്മുടെ ജീവിതം കൊണ്ട് അവനെ മഹത്വപ്പെടുത്താനായി ദൈവസഹായം തേടുമ്പോൾ, നാം യഥാർത്ഥ അനുഗ്രഹം പ്രാപിക്കുന്നു ( വാ. 12).
എന്ത് പരീക്ഷണങ്ങളാണ് ഈ ദിവസങ്ങളിൽ നിങ്ങൾ നേരിടുന്നത്? പൂർണ്ണഹൃദയത്തോടെ അവനായി ജീവിക്കാൻ ദൈവം എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത്?
പ്രിയ യേശുവേ, അങ്ങയുടെ ജീവിതം നോക്കി ഞങ്ങൾക്ക് സ്ഥിരത എന്താണെന്ന് പഠിക്കാനാകും. പരീക്ഷകൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ അങ്ങയുടെ ഈ മാതൃക എനിക്ക് തുണയാകണമേ.