അമേരിക്കൻ സെനറ്റിലേക്ക് റിപ്പബ്ളിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്ത അവസരത്തിൽ, 1858 ജൂൺ 16 ന്, എബ്രഹാം ലിങ്കൻ തന്റെ പ്രസിദ്ധമായ “ഭിന്നിച്ച ഭവനം” എന്ന പ്രസംഗം നടത്തി. അടിമത്തത്തോട് ബന്ധപ്പെട്ട് അമേരിക്കയിൽ നിലനിന്നിരുന്ന ചേരിതിരിവുകളെയാണ് ഇതിൽ അദ്ദേഹം പരാമർശിച്ചത്. ഈ പ്രസംഗം ശത്രുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ചലനം സൃഷ്ടിച്ചു. മത്തായി 12:26 ൽ യേശു ഉപയോഗിച്ച “ഭിന്നിച്ച ഭവനം” എന്ന പ്രയോഗം തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്, കാരണം അത് പ്രസിദ്ധവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നതുമാണ്. ഈ രൂപകത്തിലൂടെ അദ്ദേഹം “ആളുകളുടെ മനസ്സിലേക്ക് തന്റെ ആശയം സന്നിവേശിപ്പിച്ച് കാലഘട്ടത്തിന്റെ വിപത്തിനെക്കുറിച്ച് അവരെ ഉണർത്തുകയായിരുന്നു.”
ഭിന്നിച്ചു നില്ക്കുന്ന ഒരു ഭവനത്തിന് നിലനില്ക്കാനാകില്ല എന്ന് പറയുമ്പോൾ ഭിന്നതയില്ലാത്ത ഭവനം ഐക്യത്തോടെ നിലനില്ക്കുന്നു എന്നു കൂടിയാണല്ലോ. തത്വത്തിൽ ദൈവത്തിന്റെ ഭവനത്തെ ഇങ്ങനെ വിഭാവന ചെയ്തിട്ടുള്ളതാണ് (എഫെസ്യർ 219). വിവിധ പശ്ചാത്തലങ്ങളിലുള്ളവരെങ്കിലും യേശുവിന്റെ കുരിശുമരണത്തിലൂടെ നാമെല്ലാം ദൈവത്തോടും അതുവഴി തമ്മിൽ തമ്മിലും അനുരഞ്ജനം പ്രാപിച്ചിരിക്കുന്നു (വാ.14 – 16). ഈ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് പൗലോസ് വിശ്വാസികളോട്: “ആത്മാവിന്റെ ഐക്യത സമാധാന ബന്ധത്തിൽ കാക്കുവാൻ ശ്രമിക്കുകയും ചെയ്യുവിൻ” (എഫെസ്യർ 4:3) എന്ന് പറയുന്നത്.
ഒരുമിച്ച് നില്ക്കുന്ന കുടുംബങ്ങളെയും വിശ്വാസികളെയും ഒക്കെ ഭിന്നിപ്പിക്കാനുള്ള വിവിധ പ്രതിസന്ധികൾ നിലനില്ക്കുമ്പോൾ, ഒരുമിച്ച് നില്ക്കാനാവശ്യമായ പരിജ്ഞാനവും ബലവും പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്നു. ഭിന്നതയുടെ അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശമായി നില്കാൻ അതുവഴി നമുക്ക് കഴിയുന്നു.
കുടുംബത്തിൽ സമാധാനം ഉണ്ടാക്കുന്നയാളായി ദൈവം നിങ്ങളെ ഉപയോഗിക്കുന്നത് എങ്ങനെയാണ്? ബന്ധങ്ങളിലെ സംഘർഷവും തകർച്ചയും പരിഹരിക്കാൻ സഹായിക്കുന്ന ബൈബിൾ വാക്യങ്ങൾ ഏവ?
യേശുവേ, എല്ലാവരോടും അനുരഞ്ജനത്തോടെ ജീവിക്കാൻ ആവശ്യമായ ജ്ഞാനവും ധൈര്യവും ശക്തിയും എനിക്ക് നല്കേണമേ.