ജ്ഞാനത്തോടെ തെരഞ്ഞെടുക്കുക
ബഹിരാകാശ സഞ്ചാരികളുടെ കമാൻഡർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ഒരു യാത്ര നിശ്ചയിച്ചപ്പോൾ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഫെർഗൂസൻ ഒരു കഠിനമായ തീരുമാനം എടുത്തു. ഈ തീരുമാനം യാത്രയുടെ സാങ്കേതികത്വമോ സഹയാത്രികരുടെ സുരക്ഷിതത്വമോ സംബന്ധിച്ചതൊന്നുമായിരുന്നില്ല.മറിച്ച്, അത് താൻ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതിയ ഒരു ദൗത്യവുമായി ബന്ധപ്പെട്ടതായിരുന്നു; തന്റെ കുടുംബം. ഫെർഗൂസൻ തന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ തന്റെ കാൽ ഭൂമിയിൽ തന്നെ ഉറപ്പിച്ച് നിർത്താൻ തീരുമാനിച്ചു.
നാമെല്ലാം ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടാറുണ്ട്- നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് വിലയിരുത്താൻ കാരണമായ തീരുമാനങ്ങൾ, കാരണം ഒരു കാര്യം സ്വീകരിക്കാൻ മറ്റൊന്ന് ഒഴിവാക്കിയേ മതിയാകൂ. എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ശിഷ്യന്മാരോടും കേവലം കൂടെ കൂടിയ ജനക്കൂട്ടത്തോടും ജീവതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം എന്താണെന്ന് പറയുകയായിരുന്നു. ഒരു ശിഷ്യൻ ആയി യേശുവിന്റെ കൂടെ നടക്കാൻ "തന്നെത്താൻ ത്യജിക്കണം" എന്ന് യേശു പറഞ്ഞു (മർക്കൊസ് 8:34 ) . ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ വന്നു ചേരുന്ന ത്യാഗങ്ങളെ അവഗണിച്ച് സ്വന്തം താല്പര്യങ്ങളെ മുറുകെപ്പിടിക്കാൻ അവർക്ക് പ്രലോഭനം ഉണ്ടാകാം, അതിനാൽ വില കൊടുക്കാതെ ശിഷ്യരാകാൻ കഴിയില്ല എന്ന് ക്രിസ്തു അവരെ ഓർമിപ്പിച്ചു.
നമുക്കും ജീവിതത്തിൽ മൂല്യമുള്ളതെന്ന് കരുതുന്ന പല കാര്യങ്ങളും പിന്തുടരാൻ പ്രേരണയുണ്ടാകും; എന്നാൽ അവ നമ്മെ യേശുവിനെ അനുഗമിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കും. ജീവിതത്തിൽ ഓരോ ദിവസവും നേരിടുന്ന തിരഞ്ഞെടുപ്പുകൾ ജ്ഞാനത്തോടെ ദൈവമഹത്വത്തിനായി ചെയ്യുവാൻ ദൈവത്തിന്റെ സഹായം തേടാം.
പേരിന്റെ ശക്തി
മുംബൈയിലെ തെരുവിൽ കഴിയുന്ന കുറെ കുട്ടികളുടെ പേര് ചേർത്ത് രഞ്ജിത്ത് ഒരു പാട്ട് ഉണ്ടാക്കി. ഓരോ പേരിനും വ്യത്യസ്തമായ സംഗീതം നല്കി അതിന്റെ ട്യൂൺ അവരെ പഠിപ്പിച്ചു, അവരുടെ പേരിനെക്കുറിച്ച് അവർക്ക് ശുഭകരമായ ഒരു ഓർമ്മ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്നേഹപൂർവ്വമായ വിളി അന്യമായിരുന്ന ആ കുഞ്ഞുങ്ങൾക്ക് അദ്ദേഹം ഒരു ആദരം അർപ്പിക്കുകയായിരുന്നു.
ബൈബിളിൽ പേരുകൾക്ക് പ്രാധാന്യം കല്പിച്ചിട്ടുണ്ട്. പലപ്പോഴും അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പുതുതായി ലഭിച്ച ദൗത്യത്തെയോ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, അബ്രാമിന്റെയും സാറായിയുടെയും പേരുകൾ ദൈവം മാറ്റി: ദൈവം അവരുടെ ദൈവവും അവർ ദൈവത്തിന്റെ ജനവുമായിരിക്കും എന്ന് അവരുമായി ഒരു സ്നേഹത്തിന്റെ ഉടമ്പടി ചെയ്തപ്പോഴാണ് ഈ പേരുകൾ മാറ്റിയത്. "ശ്രേഷ്ഠനായ പിതാവ്" എന്നർത്ഥമുള്ള അബ്രാം എന്നത്, " ബഹു ജാതികൾക്ക് പിതാവ്" എന്നർത്ഥമുള്ള അബ്രാഹാം എന്നാക്കി; " രാജകുമാരി " എന്നർത്ഥമുളള സാറായി എന്നത് "അനേകർക്ക് രാജകുമാരി" എന്നർത്ഥമുള്ള സാറാ എന്നാക്കി (ഉല്പത്തി 17:5, 15).
ദൈവം നല്കിയ ഈ പേരുകളിൽ അവർ ഇനി സന്തതിയില്ലാത്തവരായിരിക്കില്ല എന്ന വാഗ്ദത്തം കൂടി ഉണ്ടായിരുന്നു. സാറാ ഇസഹാക്കിനെ പ്രസവിച്ചപ്പോൾ അവർ അത്യാഹ്ലാദം മൂലം "അവൻ ചിരിക്കുന്നു" എന്നർത്ഥത്തിൽ ഇസഹാക്ക് എന്ന് പേരിട്ടു. സാറാ പറഞ്ഞു: "ദൈവം എനിക്ക് ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും " (ഉല്പത്തി 21:6).
നാം ആളുകളെ പേര് ചൊല്ലി വിളിക്കുമ്പോൾ നാം അവരെ ബഹുമാനിക്കുകയും അവർ ആരായിരിക്കേണം എന്ന് ദൈവം ഉദ്ദേശിക്കുന്ന കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ പ്രത്യേക ഗുണങ്ങളെ സൂചിപ്പിക്കുന്ന ഒരു ചെല്ലപ്പേര് പോലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയെ ആ ഉദ്ദേശ്യത്തിൽ ഉറപ്പിക്കുന്നു.
കഥ അവസാനിച്ചിട്ടില്ല
ലൈൻ ഓഫ് ഡ്യൂട്ടി എന്ന ബ്രിട്ടീഷ് ഡ്രാമ അവസാനിച്ചപ്പോൾ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാനുള്ള കാഴ്ചക്കാരുടെ എണ്ണം റെക്കോർഡ് സൃഷ്ടിച്ചു. ആത്യന്തികമായി തിന്മ ജയിക്കുന്നു എന്ന ധ്വനി കാരണം അനേകരും നിരാശയോടെയാണ് മടങ്ങിയത്. "ആ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുമെന്നാണ് ഞാൻ കരുതിയത്"- ഒരു ആരാധകൻ പറഞ്ഞു. "അങ്ങനെയൊരു ധാർമ്മികമായ അവസാനമാണ് വേണ്ടത്."
സാമൂഹ്യശാസ്ത്രജ്ഞനായ പീറ്റർ ബെർഗർ ഒരിക്കൽ പറഞ്ഞു, നാം പ്രത്യാശക്കും നീതിക്കും വേണ്ടി വിശക്കുന്നവരാണ്- തിന്മയെ ഒരു നാൾ ജയിക്കുമെന്നും അതിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടും എന്ന പ്രത്യാശ. ദുഷ്ടന്മാരായവർ ജയിക്കുന്ന ലോകം,ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷക്ക് വിപരീതമാണ്. എല്ലാം ശരിയായി നടക്കുന്ന ഒരു ലോകത്തിനായുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹം അറിയാതെ തന്നെ പ്രകടിപ്പിക്കുകയായിരുന്നു ആ നാടകത്തിന്റെ നിരാശിതരായ ആരാധകർ.
കർത്താവിന്റെ പ്രാർത്ഥനയിൽ യേശു തിന്മയെക്കുറിച്ച് യാഥാർത്ഥ്യബോധം പ്രകടിപ്പിച്ചു. അത് നമുക്കിടയിൽ മാത്രമുള്ള പാപക്ഷമ മാത്രമല്ല (മത്തായി 6:12), വിശാലമായ തലത്തിൽ വിമോചനവും (വാ.13) ആവശ്യപ്പെടുന്നു. ഈ യാഥാർത്ഥ്യബോധം പ്രത്യാശയുമായി ചേർന്ന് നില്ക്കുന്നു. തിന്മക്ക് ഇടമില്ലാത്ത ഒരിടമുണ്ട്-സ്വർഗ്ഗം-ആ സ്വർഗരാജ്യം ഭൂമിയിലേക്ക് വരുന്നു (വാ.10). ഒരു നാൾ ദൈവത്തിന്റെ നീതി നടപ്പിലാകും, അവിടുത്തെ "ധാർമ്മികമായ അന്ത്യം" വരും, നന്മയ്ക്കായ് തിന്മ നീക്കിക്കളയും (വെളിപ്പാട് 21:4).
ജീവിതത്തിൽ തെറ്റ് ചെയ്യുന്നവർ ജയിക്കുകയും നിരാശ നിറയുകയും ചെയ്യുമ്പോൾ ഓർക്കാം - ദൈവത്തിന്റെ ഇഷ്ടം "സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും" ആകുന്നതുവരെ പ്രത്യാശയുണ്ട്; കാരണം, കഥ അവസാനിച്ചിട്ടില്ല.
ആളുകളെ ആവശ്യമായ ആളുകൾ
സ്പോർട്സ് ലേഖകൻ എന്ന നിലയിൽ തന്റെ ജോലിയിൽ ഹോൾ ഓഫ് ഫെയിം (സ്പോർട്സ് പോലുള്ള ഒരു പ്രത്യേക വിഭാഗത്തിൽ വിശിഷ്ടമായി തിരഞ്ഞെടുക്കപ്പെട്ടവർ) ലഭിച്ച ഡേവ് കിൻഡ്രഡ് നൂറ് കണക്കിന് പ്രധാന സ്പോർട്സ് പരിപാടികളെക്കുറിച്ചും മുഹമ്മദ് അലിയുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചത്തിന്റെ വിരസത മാറ്റാനായി അടുത്തുള്ള സ്കൂളിൽ പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ കളിയിൽ പങ്കെടുത്തിരുന്നു. ഓരോ ഗെയിമിനെക്കുറിച്ചും അദ്ദേഹം കഥകൾ എഴുതി ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഡേവിന്റെ അമ്മയും കൊച്ചു മകനും മരിക്കുകയും ഭാര്യക്ക് പക്ഷാഘാതം വരികയും ചെയ്തപ്പോൾ , തന്റെ ടീം നല്ലൊരു സമൂഹമായി കൂടെ നിന്ന് ജീവിതത്തിന് അർത്ഥം നല്കിയെന്ന് അയാൾ മനസ്സിലാക്കി. അവർക്ക് അയാളെ ആവശ്യമായതുപോലെ അവരെ അയാൾക്കും ആവശ്യമായിത്തീർന്നു. കിൻഡ്രഡ് പറഞ്ഞു: "ഈ ടീം എന്നെ രക്ഷിച്ചു. എന്റെ ജീവിതം ഇരുട്ടായി മാറിയിരുന്നു.... അവർ എനിക്ക് വെളിച്ചമായി."
ഒരു ഐതിഹാസിക പത്രപ്രവർത്തകൻ എങ്ങനെയാണ് കൗമാരക്കാരുടെ സമൂഹത്തെ ആശ്രയിക്കാൻ ആരംഭിച്ചത്? ഇതുപോലെ ഒരു ഐതിഹാസിക അപ്പസ്തോലൻ തന്റെ മിഷണറി യാത്രയിൽ കണ്ടെത്തിയ ആളുകളുടെ കൂട്ടായ്മയിൽ ആശ്രയിക്കുന്നു. പൗലോസ് തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ വന്ദനം ചെയ്യുന്ന ആളുകളുടെ പട്ടിക ശ്രദ്ധിച്ചോ? (റോമർ 16: 3 - 15 ). " എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കോസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ" (വാ. 7). "കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ" (വാ. 8). ഇങ്ങനെ ഇരുപത്തിയഞ്ചിലധികം പേരുകൾ അദ്ദേഹം പറയുന്നുണ്ട്. തിരുവെഴുത്തിൽ മറ്റെവിടെയും ഇവർ പരാമർശിക്കപ്പെടുന്നില്ല; എന്നാൽ പൗലോസിന് അവർ വേണ്ടപ്പെട്ടവരായിരുന്നു.
നിങ്ങളുടെ സമൂഹം ആരൊക്കെയുള്ളതാണ്? നിങ്ങൾക്ക് ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം നിങ്ങളുടെ സഭയാണ്. ജീവിതം ഇരുണ്ടതായ ആരെങ്കിലും അവിടെയുണ്ടോ? ദൈവം നയിക്കുന്നതനുസരിച്ച്, നിങ്ങൾക്ക് അവരെ യേശുവിലേക്ക് നയിക്കുന്ന വെളിച്ചമായി മാറാം. എന്നെങ്കിലുമൊരിക്കൽ അവർ ഇതിനോട് നന്ദിയോടെ പ്രതികരിക്കും.
ജീവ ജലം
നീലഗിരിയിൽ നിന്നാണ് ആ പൂക്കൾ എത്തിയത്. വീട്ടിൽ കൊണ്ടുവന്നപ്പോഴേക്കും അതൊക്കെ വാടിത്തളർന്നിരുന്നു. ഉണർവേകുന്ന നല്ല തണുത്ത വെള്ളത്തിൽ വെച്ച് അവയെ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. അതിന് മുൻപ് നന്നായി വെള്ളം വലിച്ചെടുക്കാൻ അവയുടെ തണ്ട് അല്പം മുറിക്കണമായിരുന്നു. എന്നാൽ അവ അതിജീവിക്കുമോ?
അടുത്ത ദിവസം രാവിലെ എനിക്ക് ഉത്തരം കിട്ടി. നീലഗിരിയിൽ നിന്ന് എത്തിയ ആ പൂച്ചെണ്ട്, ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത പൂക്കളുടെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. ശുദ്ധജലം ആണ് ആ വ്യത്യാസം വരുത്തിയത് - യേശു ജലത്തെപ്പറ്റി പറഞ്ഞതും വിശ്വസിക്കുന്നവർക്ക് അത് എന്ത് അർത്ഥമാണ് നല്കുന്നത് എന്നും ഓർക്കാൻ ഇത് കാരണമായി.
ശമര്യക്കാരി സ്ത്രീയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ - അവൾ കിണറ്റിൽ നിന്ന് കോരുന്ന വെള്ളം താൻ കുടിക്കുമെന്ന സൂചന നൽകി - അവൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. യേശുവിന്റെ ചോദ്യം അവളെ ആശ്ചര്യപ്പെടുത്തി. കാരണം യഹൂദർ ശമര്യക്കാരെ താഴ്ന്നവരായി കണക്കാക്കിയിരുന്നു. എന്നാൽ യേശു പറഞ്ഞു: "നീ ദൈവത്തിന്റെ ദാനവും നിന്നോട് കുടിക്കുവാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു " (യോഹന്നാൻ 4:10). പിന്നീട് ദേവാലയത്തിൽ വെച്ച് അവൻ വിളിച്ചു പറഞ്ഞു: "ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (7:37). അവനിൽ വിശ്വസിക്കുന്നവരിൽ നിന്ന് "ജീവജലത്തിന്റെ നദികൾ ഒഴുകും. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുവാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്" (വാ . 38,39).
ഇന്ന് നാം ജീവിതത്തിൽ തളരുമ്പോൾ ദൈവത്തിന്റെ ആത്മാവ് നമ്മെ ഉന്മേഷം നല്കി ഉണർത്തുന്നു. നമ്മുടെ ആത്മാക്കളിൽ വസിച്ച് ഉന്മേഷമുള്ളവരാക്കുന്ന ജീവ ജലം അവിടുന്നാണ്. നമുക്കിന്ന് ആഴത്തിൽ ആ വെള്ളം കുടിക്കാം.