Month: സെപ്റ്റംബർ 2022

അസാധാരണ വർഷം

ജീവിതത്തിന്റെ അധിക കാലവും ഒരു അന്യമതക്കാരനായി ജീവിച്ചുവെങ്കിലും, ക്രിസ്ത്യാനികൾ  നേരിട്ട വ്യവസ്ഥാനുസൃതമായ പീഢനം നിർത്തലാക്കുവാൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ (AD 272-337 ) നവീകരണങ്ങൾ നടത്തി. ചരിത്രത്തെ BC (ക്രിസ്തുവിനു മുമ്പ്) എന്നും AD (ക്രിസ്തുവർഷം-Anno Domini ) എന്നും വേർതിരിച്ച് കലണ്ടർ നടപ്പിലാക്കിയതും അദ്ദേഹമാണ്.

ഇതിനെ പിന്നീട് മതേതരമാക്കാനുള്ള ശ്രമം ഉണ്ടായി; CE (Common Era) എന്നും BCE (before Common Era) എന്നും വിളിക്കാൻ ശ്രമിച്ചു. ദൈവത്തെ പുറത്ത് നിർത്താനുള്ള ലോകത്തിന്റെ താല്പര്യത്തിന്റെ ഒരു ഉദാഹരണമായി ചിലർ ഇതിനെ കണക്കാക്കുന്നു.

എന്നാൽ ദൈവം എങ്ങോട്ടും പോകുന്നില്ല. പേര് എങ്ങനെ മാറ്റിയാലും ചരിത്രത്തിന്റെ കലണ്ടർ യേശുക്രിസ്തുവിന്റെ ഭൗമിക ജീവിതത്തെ കേന്ദ്രീകരിച്ച് തന്നെയാണ് നിലകൊള്ളുന്നത്.

ബൈബിളിലെ എസ്ഥേറിന്റെ പുസ്തകത്തിന്, ദൈവം എന്ന വാക്ക് അതിൽ ഇല്ല എന്ന ഒരു അസാധാരണത്വം ഉണ്ട്. എങ്കിലും ദൈവം വിടുവിക്കുന്നതിന്റെ ചരിത്രമാണ് അതിൽ വിവരിക്കുന്നത്. അവരുടെ ജന്മനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട യഹൂദന്മാർ ദൈവത്തെ അറിയാത്ത ഒരു നാട്ടിലാണ്. ശക്തനായ ഒരു അധികാരിക്ക് അവരെയെല്ലാം കൊന്നു മുടിക്കണമെന്ന് താല്പര്യമുണ്ടായി (എസ്ഥേർ 3:8-9; 12-14). എന്നാൽ എസ്ഥേർ രാജ്ഞിയിലൂടെയും സഹോദരനായ മൊർദ്ദേഖായിയിലൂടെയും ദൈവം തന്റെ ജനത്തെ വിടുവിച്ചു. ഈ ചരിത്രമാണ് യഹൂദൻ പൂരിം ഉത്സവത്തിലൂടെ ഓർക്കുന്നത് ( 9:20-32).

ലോകം തന്നോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് വിഷയമാക്കാതെ, യേശു സകലതും വ്യത്യാസപ്പെടുത്തുന്നു. യഥാർത്ഥ പ്രത്യാശയുടെയും വാഗ്ദത്തത്തിന്റെയും ഒരു അസാധാരണ കാലഘട്ടത്തിലേക്ക് അവൻ നമ്മെ പ്രവേശിപ്പിച്ചിരിക്കുന്നു. ചുറ്റുപാടും ഒന്ന് നോക്കിയാൽ മാത്രം മതി; നമുക്കവനെ കാണാനാകും.

സ്വർഗീയ സമാഗമം

എന്റെ മാതാവിന്റെ ചരമക്കുറിപ്പ് തയ്യാറാക്കിയപ്പോൾ, മരിച്ചു എന്ന വാക്ക് ഒരു പ്രത്യാശയില്ലാത്ത പ്രയോഗമായി എനിക്ക് തോന്നി; സ്വർഗ്ഗത്തിലെ ഒരു പുന:സമാഗമം നമ്മുടെ പ്രത്യാശയാണല്ലോ. അതുകൊണ്ട് "യേശുവിന്റെ കരങ്ങളിലേക്ക് എടുക്കപ്പെട്ടു" എന്ന പ്രയോഗമാണ്. എന്നിട്ടും അമ്മ ഉൾപ്പെടാത്ത ഏറ്റവും പുതിയ കുടുംബ ഫോട്ടോകൾ കാണുമ്പോൾ ചില നാളുകൾ എനിക്ക് ദുഃഖമായിരുന്നു. എന്നാൽ നമ്മെവിട്ടു പോയവരുടെ ചിത്രം പഴയ ഫോട്ടോ നോക്കി കുടുംബഫോട്ടോയിൽ വരച്ചു ചേർക്കുന്ന ഞാൻ ഒരു ചിത്രകാരനെ കണ്ടെത്തി. ബ്രഷിന്റെ മനോഹര ചലനത്തിലൂടെ അയാൾ ദൈവം വാഗ്ദത്തം ചെയ്ത സ്വർഗീയ സമാഗമത്തിന്റെ ഒരു ചിത്രീകരണം നടത്തുകയായിരുന്നു. അമ്മയോടൊപ്പം വീണ്ടും ഒരുമിച്ച് ആയിരിക്കാമെന്ന ചിന്തയിൽ ഞാൻ ആനന്ദാശ്രു പൊഴിച്ചു.

അപ്പസ്തോലനായ പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവർ "ശേഷം മനുഷ്യരേപ്പോലെ" ദുഃഖിക്കരുത് എന്ന് പറയുന്നു (1തെസലോനിക്യർ4:13). "യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും"(വാ.14). പൗലോസ് യേശുവിന്റെ രണ്ടാം വരവ് അംഗീകരിക്കുകയും സകല വിശ്വാസികളും യേശുവിനൊപ്പം സമ്മേളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (വാ.17 ).

യേശുവിൽ വിശ്വസിച്ച ഒരു പ്രിയപ്പെട്ടയാളുടെ നഷ്ടം ഓർത്ത് നാം ദു:ഖിക്കുമ്പോൾ, സ്വർഗീയ കൂടിച്ചേരലെന്ന ദൈവിക വാഗ്ദാനത്തിന് നമ്മെ ആശ്വസിപ്പിക്കുവാൻ കഴിയും. നമ്മുടെ നശ്വരതയെ നാം അഭിമുഖീകരിക്കുമ്പോൾ, ഉയിർത്തെഴുന്നേറ്റ നമ്മുടെ രാജാവിനോടുകൂടെയുള്ള വാഗ്ദത്ത ഭാവി, തന്റെ വരവ് വരെയോ അവിടുന്ന് നമ്മെ വീട്ടിൽ ചേർക്കുന്നതുവരെയോ നമുക്ക് ശാശ്വതമായ പ്രത്യാശ നൽകുന്നു.

ഭവനം പണിയുന്നു

19 -ാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെ ഏറ്റവും മോഹിപ്പിക്കുന്ന സ്വകാര്യ ഭവന നിർമ്മാണം നടന്നത്. 12 വർഷമെടുത്താണ് മഹാരാജാ സയാജിറാവു ഗെയ്ക് വാദ് മൂന്നാമന്റെ രാജകീയ ഭവനത്തിന്റെ നിർമ്മാണം പൂർത്തിയായത്. അതാണ് ഗുജറാത്തിലെ വഡോദരയിലെ ലക്ഷ്മിവിലാസ് കൊട്ടാരം. ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെ ഏതാണ്ട് നാലിരട്ടി വലിപ്പമുള്ള ഈ കൊട്ടാരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭവനം. 500 ഏക്കറിലായി 170 മുറികൾ ഉള്ള ഇതിന്റെ മനോഹരമായ മൊസൈക് തറയും ബഹുശാഖാ ദീപങ്ങളും കലാശില്പങ്ങളും ഗോവണികളും ആകർഷകങ്ങളാണ്.

മത്തായി 16 ൽ, യേശു തന്റെ ശിഷ്യന്മാരോട് പണിയുമെന്ന് പറഞ്ഞ നിർമ്മിതിയുമായി താരതമ്യപ്പെടുത്തിയാൽ ഈ ഗംഭീര ഭവനം ഒന്നുമല്ല. യേശു "ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" എന്ന് പത്രോസ് സ്ഥിരീകരിച്ചതിനുശേഷം (വാ. 16), “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു." (വാ.18) എന്ന് യേശു പ്രഖ്യാപിച്ചു. ഈ പാറ എന്താണ് എന്ന കാര്യത്തിൽ വേദശാസ്ത്രികൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യേശുവിന്റെ ഉദ്ദേശ്യം സംബന്ധിച്ച് യാതൊരു തർക്കവുമില്ല. ഭൂലോകത്തിൽ എങ്ങുമുള്ള സകല രാജ്യങ്ങളിൽ നിന്നുമുള്ള ജനതകളെ ഉൾപ്പെടുത്തിക്കൊണ്ട് (വെളിപ്പാട് 5 : 9),ലോകത്തിന്റെ അറ്റത്തോളം എത്തുവാൻ തന്റെ സഭയെ അവിടുന്ന് പണിയും (മത്തായി 28:19, 20).

ഈ നിർമ്മാണ പദ്ധതിയുടെ വില എന്താണ്? കുരിശിൽ യേശു യാഗമായി അർപ്പിച്ച സ്വന്തരക്തം (അപ്പ.പ്രവൃത്തി 20:28).അവിടുത്തെ മന്ദിരത്തിന്റെ അംഗങ്ങൾ (എഫെസ്യർ 2:21) എന്ന നിലയിൽ ഇത്ര വലിയ വില കൊടുത്ത് വാങ്ങിയ നമുക്ക് ഈ വലിയ സ്നേഹബലിയെ ആഘോഷിക്കുകയും ആ മഹാദൗത്യത്തിൽ പങ്കാളികളാകുകയും ചെയ്യാം.

അഭയം കണ്ടെത്തൽ

ഞാൻ ഭാര്യയും കൂടെ ഒരിക്കൽ കടൽത്തീരത്തുള്ള, കട്ടിയുള്ള ഭിത്തിയും വലിയ ജനലുകളും ഉള്ള, മനോഹരമായ ഒരു പഴയ ഹോട്ടലിൽ താമസിച്ചു. ഒരു സായാഹ്നത്തിൽ ആ ദേശത്തു ഒരു കൊടുങ്കാറ്റ് ഉണ്ടായി, തിരകൾ ഉയർന്നു, കാറ്റ് ജനൽപ്പാളികളെ ഉലച്ചു. എങ്കിലും ഞങ്ങൾക്ക് ഭയം തോന്നിയില്ല.കാരണം അതിന്റെ ഭിത്തികൾ അത്ര ബലമുള്ളതും ഹോട്ടലിന്റെ അടിത്തറ അതിശക്തവുമായിരുന്നു. പുറത്ത് കൊടുങ്കാറ്റ് അലയടിച്ചപ്പോഴും ഞങ്ങളുടെ മുറി ഒരു അഭയസ്ഥാനം ആയിരുന്നു.

സങ്കേതം എന്നത് ദൈവത്തിൽ തന്നെ ആരംഭിക്കുന്ന ബൈബിളിലെ ഒരു പ്രധാന ആശയമാണ്. "നീ എളിയവന് ഒരു ദുർഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും" എന്നാണ് യെശയ്യാവ് ദൈവത്തെപ്പറ്റി പറയുന്നത് (25:24). അതുപോലെ തന്നെ അഭയം എന്നത് ദൈവജനം ആയിത്തീരേണ്ടതും നല്കേണ്ടതുമാണ്, അത് ഇസ്രായേലിന്റെ സങ്കേതനഗരങ്ങളിലൂടെയോ (സംഖ്യ.35:6), ആവശ്യത്തിലിരിക്കുന്ന പരദേശികളോട് ആതിഥ്യം കാണിക്കുന്നതിലൂടെയോ ആകാം (ആവർത്തനം10:19). മാനവികത പ്രതിസന്ധിയിലാകുന്ന ഇന്നത്തെ സാഹചര്യങ്ങളിലും ഈ തത്വങ്ങൾക്ക് നമ്മെ നയിക്കുവാൻ കഴിയും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രതിസന്ധിയിലുള്ളവർക്ക് സുരക്ഷിതത്വത്തിനായി നമ്മുടെ സങ്കേതമായ ദൈവം നമ്മെയും മറ്റു ദൈവജനത്തെയും ഉപയോഗിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

ഞങ്ങളുടെ ഹോട്ടലിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് രാവിലെ ഇല്ലായിരുന്നു ; കടൽശാന്തമായി, പ്രഭാത സൂര്യൻ ചൂടുപകർന്നു, കടൽക്കാക്കകൾ വെയിലിൽ തിളങ്ങി. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും പലായനം സംഭവിക്കുമ്പോഴും ഒക്കെ മനസ്സിൽ സൂക്ഷിക്കാവുന്ന പ്രതീകമായി ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. (യെശയ്യാവ് 25:4) നമ്മുടെ ദുർഗമായ ദൈവം സുരക്ഷിതത്വവും ഒരു നല്ല നാളെയും പ്രദാനം ചെയ്യും.

ഭിത്തിയിലെ സുഷിരം

എന്റെ പൂക്കളെ എന്തോ തിന്നുന്നുണ്ട്. ഒരു ദിവസം മുമ്പ് തലയുയർത്തി നിന്ന പുഷ്പങ്ങളാണ്. ഇപ്പോൾ തലയില്ലാത്ത തണ്ടുകൾ മാത്രം. ഞാൻ തോട്ടത്തിൽ ഒരു പരിശോധന നടത്തി. എന്റെ വേലിയിൽ ഒരു മുയലിന്റെ പാകത്തിനുള്ള സുഷിരം കണ്ടു. മുയലുകൾ മനോഹര ജീവികളാണ്. എന്നാൽ ഈ ശല്യങ്ങൾക്ക് ഒരു പൂന്തോട്ടത്തിലെ പൂക്കളെ മുഴുവൻ മിനിറ്റുകൾ കൊണ്ട് കൂട്ടക്കുരുതി കഴിക്കാനാകും.

എന്റെ ജീവിതത്തിൽ ദൈവീക സ്വഭാവമാകുന്ന പുഷ്പങ്ങൾ ഇല്ലാതാക്കാൻ പോന്ന "നുഴഞ്ഞുകയറ്റക്കാർ" ഉണ്ടോ എന്ന് ഞാൻ അതിശയിക്കുന്നു? സദൃശ്യവാക്യങ്ങൾ 25:28 പറയുന്നു: "ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞു കിടക്കുന്ന പട്ടണം പോലെയാകുന്നു." പണ്ട് കാലത്ത്, പട്ടണങ്ങളെയെല്ലാം മതിൽ കെട്ടിയാണ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിച്ചിരുന്നത്. മതിലിലെ ഒരു ചെറിയ സുഷിരം പോലും മുഴുവൻ പട്ടണത്തെയും ആക്രമണത്തിന് വിധേയമാക്കാൻ മതിയായതാണ്.

നിരവധി സദൃശ്യവാക്യങ്ങൾ ആത്മനിയന്ത്രണത്തെപ്പറ്റിയാണ്. "നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ," ജ്ഞാനിയായവൻ എഴുതി (25:16 ). ആത്മനിയന്ത്രണം എന്നത് ഒരു ആത്മാവിന്റെ ഒരു ഫലമാണ്. അത് നമ്മെ കാക്കുകയും ക്ഷമയില്ലായ്മ, വെറുപ്പ്, അത്യാഗ്രഹം എന്നിങ്ങനെയുള്ള ക്ഷുദ്രജീവികൾ നമ്മുടെ ജീവിതത്തിലെ ദൈവീക ഫലങ്ങളെ  നശിപ്പിക്കുന്നതിൽ നിന്ന്  നമ്മെ സംരക്ഷിക്കുന്നു (ഗലാത്യർ 5:22-23 കാണുക). നമ്മുടെ ജീവിതത്തിന്റെ ഭിത്തിയിലെ സുഷിരങ്ങളെ അടച്ച് സംരക്ഷിക്കുന്ന ആരോഗ്യമുള്ള മനസ്സാണ് ആത്മനിയന്ത്രണം.

ഞാൻ എന്റെ ജീവിത ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോൾ അപകടകരമായ സുഷിരങ്ങൾ പലപ്പോഴും കാണാറുണ്ട്. ഞാൻ വീണ്ടും വീണ്ടും പ്രലോഭനത്തിന് വശപ്പെടുന്ന ഒരിടം; ക്ഷമയില്ലാത്ത ഒരു മേഖല. ഈ ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ ദൈവികമായ ആത്മനിയന്ത്രണം എന്ന ആരോഗ്യമുള്ള മനസ്സ് എനിക്ക് എത്ര അനിവാര്യമാണ്!