കുടുംബം 2,200 മൈലിലധികം അകലെയുള്ള ഒരു സ്ഥലത്ത് വേനൽക്കാല അവധി ചിലവഴിച്ച സമയത്ത് “ബോബി ദ വണ്ടർ ഡോഗ്” കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടു. കുടുംബം തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗത്തിനായി എല്ലായിടത്തും തിരഞ്ഞെങ്കിലും അവനെ കാണാതെ തകർന്ന ഹൃദയത്തോടെ മടങ്ങി.
ആറുമാസത്തിനുശേഷം, ശീതകാലത്തിന്റെ അവസാനത്തിൽ, ആകെ വൃത്തിഹീനമായ നിലയിൽ, എന്നാൽ നിശ്ചയദാർഢ്യത്തോടെ ബോബി അവരുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. ബോബി എങ്ങനെയോ ദീർഘവും അപകടകരവുമായ യാത്ര നടത്തി, നദികളും മരുഭൂമിയും മഞ്ഞുമൂടിയ പർവതങ്ങളും കടന്ന് താൻ ഇഷ്ടപ്പെടുന്നവരുടെ വീട്ടിലേക്കുള്ള വഴി കണ്ടെത്തി.
ബോബിയുടെ അന്വേഷണം പുസ്തകങ്ങൾ, സിനിമകൾ, അവന്റെ പട്ടണത്തിൽ സ്ഥാപിച്ച ഒരു ചുവർചിത്രം എന്നിവയ്ക്കു പ്രചോദനമായി. അവന്റെ യജമാനഭക്തി ഉള്ളിലെ ഒരു തന്ത്രിയിൽ വിരൽ തട്ടി, കാരണം ഒരു പക്ഷേ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അതിലും ആഴത്തിലുള്ള ആഗ്രഹം സ്ഥാപിച്ചതുകൊണ്ടാകാം. പുരാതന ദൈവശാസ്ത്രജ്ഞനായ അഗസ്റ്റിൻ അതിനെ ഇപ്രകാരം വിവരിച്ചു: “നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, ഞങ്ങളുടെ ഹൃദയങ്ങൾ നിന്നിൽ വിശ്രമിക്കുന്നതുവരെ അവ അസ്വസ്ഥമായിരിക്കും.” യെഹൂദാ മരുഭൂമിയിൽ, തന്നെ പിന്തുടരുന്നവരെ ഭയന്ന് ഒളിരിച്ചിക്കുമ്പോൾ ദാവീദ് ഒരു പ്രാർത്ഥനയിൽ അതേ വാഞ്ഛ നിരാശാജനകമായി എന്നാൽ വളരെ വാഗാചാതുര്യത്തോടെ പ്രകടിപ്പിച്ചു: “ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു” (സങ്കീർത്തനം 63:1).
ദാവീദ് ദൈവത്തെ സ്തുതിച്ചതിനു കാരണം അവന്റെ “ദയ ജീവനേക്കാൾ നല്ലതാണ് ” (വാ. 3). അവനെ അറിയുന്നതുമായി ഒന്നിനെയും താരതമ്യപ്പെടുത്താനാവില്ല! യേശുവിലൂടെ, ദൈവം നമ്മെ അന്വേഷിക്കുകയും – നാം ഒരിക്കൽ എത്ര അകലെയായിരുന്നു എന്നതോർക്കാതെ – അവന്റെ പൂർണതയുള്ള സ്നേഹത്തിന്റെ വീട്ടിലേക്ക് നമുക്കു വരാൻ വഴിയൊരുക്കുകയും ചെയ്തു. നാം അവനിലേക്കു തിരിയുമ്പോൾ, നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ ഭവനം നാം കണ്ടെത്തുന്നു.
ഒരു ദിവസം യേശുവിനെ കാണുന്നതിനെക്കുറിച്ച് നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്താണ്? ഏതെല്ലാം വിധങ്ങളിൽ നിങ്ങൾ ഇന്ന് അവനെ അന്വേഷിക്കും?
സ്നേഹവാനായ ദൈവമേ, അങ്ങയുടെ ജീവിതത്തിലൂടെയും ക്രൂശിലെ മരണത്തിലൂടെയും ഉയിർത്തെഴുന്നേൽപ്പിലൂടെയും അങ്ങയുടെ അടുക്കൽ വരാൻ എനിക്കു വഴിയൊരുക്കിയതിനു നന്ദി പറയുന്നു.