ഒരു കോളേജ് ജേണലിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുന്നതിനായി, ഫുട്‌ബോൾ മത്സരത്തിന്റെ ദൃക്‌സാക്ഷിവിവരണം എഴുതാൻ തീരുമാനിച്ച ഫുട്‌ബോൾ പരിചയമില്ലാത്ത ഒരു വിദ്യാർത്ഥി ബെൻ മാൽക്കോംസണിന്റെ ആകർഷകമായ ഓർമ്മക്കുറിപ്പാണ് “വാക്ക് ഓൺ.” അവനുപോലും വിശ്വസിക്കാനാവാത്തനിലയിൽ, അവൻ ടീമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ടീമിൽ ചേർന്നതിന് ശേഷം, അപ്രതീക്ഷിതമായ ഈ അവസരത്തിൽ അവനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ മാൽക്കംസണിന്റെ വിശ്വാസം അവനെ നിർബന്ധിച്ചു. എന്നാൽ വിശ്വാസത്തെക്കുറിച്ചുള്ള ചർച്ചകളോടുള്ള ടീമംഗങ്ങളുടെ നിസ്സംഗത അവനെ നിരുത്സാഹപ്പെടുത്തി. മാർഗ്ഗനിർദേശത്തിനായി പ്രാർത്ഥിക്കവേ, മാൽക്കംസൺ യെശയ്യാവിലെ ശക്തമായ ഓർമ്മപ്പെടുത്തൽ വായിച്ചു, അവിടെ ദൈവം പറയുന്നു: “എന്റെ വചനം …. എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11). യെശയ്യാവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാൽക്കംസൺ അജ്ഞാതനായി ടീമിലെ ഓരോ കളിക്കാരനും ഒരു ബൈബിൾ നൽകി. വീണ്ടും തിരസ്‌കരണം നേരിട്ടു. എന്നാൽ വർഷങ്ങൾക്കുശേഷം, ഒരു കളിക്കാരൻ തനിക്കു ലഭിച്ച ബൈബിൾ വായിച്ചതായി മാൽക്കംസൺ മനസ്സിലാക്കി-അയാൾ ദാരുണമായി മരിക്കുന്നതിനുമുമ്പ്, ആ ബൈബിളിന്റെ പേജുകളിൽ നിന്ന് താൻ കണ്ടെത്തിയ ദൈവവുമായുള്ള ബന്ധവും ദൈവത്തിനുവേണ്ടിയുള്ള ദാഹവും അയാൾ പ്രകടമാക്കി. 

നമ്മിൽ പലരും യേശുവിനെ ഒരു സുഹൃത്തുമായോ കുടുംബാംഗവുമായോ പങ്കിട്ടിരിക്കാം, അത് നിസ്സംഗതയോ അല്ലെങ്കിൽ പൂർണ്ണമായ തിരസ്‌കരണമോ നേരിടേണ്ടി വന്നേക്കാം. എന്നാൽ നാം ഉടനടി ഫലം കാണുന്നില്ലെങ്കിലും, ദൈവത്തിന്റെ സത്യം ശക്തമാണ്, അവന്റെ ഉദ്ദേശ്യങ്ങൾ അവന്റെ സമയത്ത് നിറവേറ്റപ്പെടുകയും ചെയ്യും.