1854 ൽ എന്തോ ഒന്ന് ലണ്ടനിലെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. അത് മോശം വായു ആയിരിക്കണം, ആളുകൾ കരുതി. മലിനജലം കലർന്ന തേംസ് നദിയെ അസഹ്യമായ ചൂട് ചുട്ടുപഴുപ്പിച്ചതിനാൽ, ദുർഗന്ധം വല്ലാതെ വർദ്ധിച്ചു, അത് “വലിയ ദുർഗന്ധം” എന്ന് അറിയപ്പെട്ടു.
എന്നാൽ ഏറ്റവും വലിയ പ്രശ്‌നം വായു ആയിരുന്നില്ല. ഡോ. ജോൺ സ്‌നോ നടത്തിയ ഗവേഷണത്തിൽ കോളറ പകർച്ചവ്യാധിക്ക് കാരണം മലിനമായ വെള്ളമാണെന്ന് തെളിയിച്ചു.
മനുഷ്യരായ നമുക്ക് മറ്റൊരു പ്രതിസന്ധിയെക്കുറിച്ച് വളരെക്കാലമായി അറിയാം – അത് സ്വർഗ്ഗം വരെ എത്തുന്ന ദുർഗന്ധമാണ്. നമ്മൾ ജീവിക്കുന്നത് തകർന്ന ലോകത്താണ് – ഈ പ്രശ്‌നത്തിന്റെ ഉറവിടത്തെ തെറ്റായി ധരിക്കാനും രോഗത്തിനു പകരം രോഗലക്ഷണങ്ങളെ ചികിത്സിക്കാനും സാധ്യതയുണ്ട്. ബുദ്ധിപൂർവമായ സാമൂഹിക പരിപാടികളും നയങ്ങളും കുറച്ചൊക്കെ ഗുണം ചെയ്യുമെങ്കിലും സമൂഹത്തിലെ തിന്മകളുടെ മൂലകാരണത്തെ – നമ്മുടെ പാപപൂർണമായ ഹൃദയങ്ങൾ! – തടയാൻ അവയ്ക്കു ശക്തിയില്ല.
തടയാൻ അവയ്ക്കു ശക്തിയില്ല.
“പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല” എന്ന് യേശു പറഞ്ഞപ്പോൾ അവൻ ശാരീരിക രോഗങ്ങളെയല്ല പരാമർശിച്ചത് (മർക്കൊസ് 7:15). മറിച്ച്, അവൻ നമ്മുടെ ഓരോരുത്തരുടെയും ആത്മീയ അവസ്ഥയെ നിർണ്ണയിക്കുകയായിരുന്നു. നമ്മുടെ ഉള്ളിൽ പതിയിരിക്കുന്ന തിന്മകളുടെ ഒരു പട്ടിക നിരത്തിക്കൊണ്ട് (വാ. 21-22) “അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്,” എന്ന് യേശു പറഞ്ഞു (വാ. 15).
“ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി,” ദാവീദ് എഴുതി (സങ്കീർത്തനം 51:5). അവന്റെ വിലാപം നമുക്കെല്ലാവർക്കും ഏറ്റുപറയാവുന്ന ഒന്നാണ്. നാം തുടക്കം മുതലേ തകർന്നവരാണ്. അതുകൊണ്ടാണ് “ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ” (വാ. 10) എന്നു ദാവീദ് പ്രാർത്ഥിച്ചത്. എല്ലാ ദിവസവും, യേശു തന്റെ ആത്മാവിലൂടെ സൃഷ്ടിച്ച ആ പുതിയ ഹൃദയം നമുക്ക് ആവശ്യമാണ്.
രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുപകരം, ഉറവിടത്തെ ശുദ്ധീകരിക്കാൻ നാം യേശുവിനെ അനുവദിക്കണം.
ഉറവിടം ശുദ്ധീകരിക്കാൻ യേശുവിനെ അനുവദിക്കുന്നതിനുപകരം നിങ്ങൾ രോഗലക്ഷണങ്ങളെ ഏതു വിധത്തിലാണ് ചികിത്സിക്കുന്നത്? യേശു നിങ്ങൾക്കുവേണ്ടി ചെയ്തതിന്റെ സുവാർത്ത നിങ്ങൾക്ക് എങ്ങനെ പങ്കുവെക്കാനാകും?
സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ ഹൃദയത്തെ കാക്കുകയും എന്റെ ഉള്ളിലെ അങ്ങയുടെ ആത്മാവിനെ ശ്രദ്ധിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ.
