അസ്വസ്ഥമായ ആത്മാവ് സമ്പത്തിലും വിജയത്തിലും ഒരിക്കലും തൃപ്തിയടയുകയില്ല. അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു കൺട്രി മ്യൂസിക് ഗായകൻ ഈ സത്യത്തിന് ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നാൽപതോളം ആൽബങ്ങൾ ബിൽബോർഡിന്റെ (അമേരിക്കൻ മ്യൂസിക് ആൻഡ് എന്റേർടയിനടമെന്റ് മാസിക) കൺട്രി മ്യൂസിക് ടോപ്പ്-ടെൻ ചാർട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അത്ര തന്നെ നമ്പർ വൺ സിംഗിൾസുകളും ഉണ്ട്. എന്നാൽ അദ്ദേഹം ഒന്നിലധികം തവണ വിവാഹം കഴിക്കുകയും ജയിലിൽ കഴിയുകയും മറ്റും ചെയ്തിട്ടുണ്ട്. തന്റെ എല്ലാ നേട്ടങ്ങൾക്കും നടുവിൽ, ഒരിക്കൽ അദ്ദേഹം വിലപിച്ചു: “എന്റെ നേട്ടങ്ങൾ കൊണ്ടും വിവാഹങ്ങൾ കൊണ്ടും സന്തോഷങ്ങൾ കൊണ്ടും ഞാനൊരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്.`അത് എപ്പോഴും ഒരു പരിധിവരെ അവിടെയുണ്ട്. ഞാൻ മരിക്കുന്ന ദിവസം വരെ അതുണ്ടായിരിക്കും.” ദുഃഖകരമെന്നു പറയട്ടെ, ജീവിതം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിൽ സ്വസ്ഥത കണ്ടെത്താൻ കഴിഞ്ഞില്ല.
ഈ സംഗീതജ്ഞനെ പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും കഷ്ടപ്പെട്ട് മടുത്ത എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: “എന്റെ അടുക്കൽ വരുവിൻ,” അവൻ പറയുന്നു. യേശുവിൽ നാം രക്ഷ കണ്ടെത്തുമ്പോൾ, അവൻ നമ്മുടെ ഭാരങ്ങൾ വഹിച്ച് നമ്മെ “ആശ്വസിപ്പിക്കും” (മത്താ. 11:28). അവനിൽ വിശ്വസിക്കുക, അവൻ പ്രദാനം ചെയ്യുന്ന സമൃദ്ധമായ ജീവിതം എങ്ങനെ ജീവിക്കാമെന്ന് അവനിൽ നിന്ന് പഠിക്കുക എന്നിവ മാത്രമാണ് അവൻ ആവശ്യപ്പെടുന്നത് (യോഹ. 10:10). യേശുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് “(നമ്മുടെ) ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തുന്നതിൽ” കലാശിക്കുന്നു (മത്താ. 11:29).
നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെ അവൻ ചുരുക്കുന്നില്ല. അവനിൽ ജീവിക്കുവാൻ, പുതിയതും ഭാരം കുറഞ്ഞതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അങ്ങനെ അവൻ നമുക്ക് യഥാർത്ഥ സ്വസ്ഥത നൽകുന്നു.
ഏതു വിധങ്ങളിലാണ് നിങ്ങൾക്ക് ഇപ്പോൾ അസ്വസ്ഥതയും ഭാരവും അനുഭവപ്പെടുന്നത്? യേശു വാഗ്ദാനം ചെയ്ത "ആശ്വാസം" അനുഭവിച്ചറിയുന്നത് എങ്ങനെയായിരിക്കും?
യേശുവേ, അസ്വസ്ഥമായ എന്റെ ആത്മാവ് നിന്നിൽ മാത്രം സമാധാനവും സ്വസ്ഥതയും കണ്ടെത്തട്ടെ.