ആൻഡ്രുവും കുടുംബവും കെനിയയിൽ സഫാരിക്ക്‌ പോയപ്പോൾ, വരണ്ടുണങ്ങിയ പ്രകൃതിയിൽ ഉണ്ടായിരുന്ന ഒരു ചെറിയ തടാകത്തിൽ പലതരം മൃഗങ്ങൾ വരുന്നത് കാണാനുള്ള ഭാഗ്യം അവർക്കുണ്ടായി. ജിറാഫുകൾ, കാട്ടുമൃഗങ്ങൾ, നീർക്കുതിരകൾ, കുളക്കോഴികൾ എന്നിവയെല്ലാം ആ ജീവദായകമായ ജലസ്രോതസ്സിലേക്ക്‌ വന്നു. അവരുടെ വരവും പോക്കും നിരീക്ഷിച്ച ആൻഡ്രു ചിന്തിച്ചു, “ബൈബിൾ ഒരു ദൈവീക ജലാശയം പോലെയാണ്” – അത് ജ്ഞാനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉറവിടം മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് അവരുടെ ദാഹം ശമിപ്പിക്കുവാൻ  കഴിയുന്ന ഉന്മേഷദായകമായ ഒരു മരുപ്പച്ചയാണ്. 

ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുകയും ധ്യാനിക്കുകയും ചെയ്ത മനുഷ്യരെ “ഭാഗ്യവാൻ” എന്ന് വിളിച്ച സങ്കീർത്തനക്കാരനെ ആൻഡ്രുവിന്റെ നിരീക്ഷണം പ്രതിധ്വനിപ്പിക്കുന്നു, പഴയ നിയമത്തിൽ അവിടുത്തെ കൽപനകളെയും നിർദ്ദേശങ്ങളെയും വിവരിക്കുവാൻ  ഈ പദം ഉപയോഗിച്ചിരിക്കുന്നു. തിരുവെഴുത്ത് ധ്യാനിക്കുന്നവർ “ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും… ആയ വൃക്ഷംപോലെ ഇരിക്കും” (സങ്കീ. 1:3). ജീവദായകമായ ജലത്തിന്റെ ഉറവിടം കണ്ടെത്താൻ ഒരു മരത്തിന്റെ വേരുകൾ മണ്ണിലേക്ക് ഇറങ്ങുന്നതുപോലെ, ദൈവത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ തിരുവെഴുത്തിന്റെ ആഴത്തിൽ വേരൂന്നുകയും അവർക്കാവശ്യമായ ശക്തി കണ്ടെത്തുകയും ചെയ്യും.

ദൈവത്തിന്റെ ജ്ഞാനത്തിനു നമ്മെത്തന്നെ സമർപ്പിക്കുന്നത് നമ്മുടെ അടിസ്ഥാനങ്ങളെ അവനിൽ നിലനിറുത്താൻ സഹായിക്കും; അപ്പോൾ നാം “കാറ്റു പാറ്റുന്ന പതിർപോലെ” ആകില്ല (വാ.4). വചനത്തിൽ കൂടി  ദൈവം നമുക്ക് നിലനിൽക്കുന്ന ഫലം കായ്ക്കുന്നതിനാവശ്യമായ പോഷണം പ്രദാനം ചെയ്യുന്നു.