വർഷം 1917. ഇരുപത്തിമൂന്ന് വയസ്സ് മാത്രമുള്ള നെൽസൺ തന്റെ ജന്മനാടായ വിർജീനിയയിലെ മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടി. തുടർന്ന് അദ്ദേഹം, ചൈനയിലെ കുറഞ്ഞത് രണ്ട് ദശലക്ഷം ചൈനീസ് നിവാസികളുള്ള ഒരു പ്രദേശത്തെ ഏക ആശുപത്രിയായ “ലവ് ആൻഡ് മേഴ്സി” ഹോസ്പിറ്റലിന്റെ സൂപ്രണ്ടായി ജോലി ചെയ്തു. നെൽസൺ, കുടുംബത്തോടൊപ്പം ഇരുപത്തിനാലു വർഷം ഈ പ്രദേശത്തു താമസിച്ച് ആശുപത്രി നടത്തുകയും, ശസ്ത്രക്രിയകൾ ചെയ്യുകയും ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കിടുകയും ചെയ്തു. വിദേശികളെ “വിദേശ പിശാച്‌” എന്ന് ഒരിക്കൽ വിളിച്ചിരുന്നവർ, നെൽസൺ ബെലിനെ പിന്നീട്, “ചൈനീസ് ജനതയുടെ സ്നേഹിതനായ ബെൽ” എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മകൾ റൂത്താണ് സുവിശേഷകനായ ബില്ലി ഗ്രഹാമിനെ വിവാഹം കഴിച്ചത്. 

നെൽസൺ ഒരു മികച്ച ശസ്ത്രക്രിയ വിദഗ്ദനും ബൈബിൾ അധ്യാപകനുമായിരുന്നുവെങ്കിലും, പലരെയും യേശുവിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ ആ കഴിവുകളല്ല; അത് അദ്ദേഹത്തിന്റെ സ്വഭാവവും സുവിശേഷത്തിൽ താൻ ജീവിച്ച രീതിയുമായിരുന്നു. ക്രേത്തയിലെ സഭയെ നയിച്ചിരുന്ന യുവാവായ തീത്തൊസിന് പൗലൊസ് എഴുതിയ ലേഖനത്തിൽ, ക്രിസ്തുവിനെ പോലെ ജീവിക്കുന്നതിന്റെ പ്രാധാന്യം  അപ്പൊസ്തലൻ സൂചിപ്പിച്ചു. കാരണം അത് സുവിശേഷത്തെ “അലങ്കരിക്കുന്നു” (തീത്തൊ. 2:9). എന്നാൽ അതു നമ്മുടെ സ്വന്തം ശക്തിയാൽ സാധ്യമല്ല. ദൈവകൃപ (വാ.11) നമ്മെ “സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചു പോരുവാനും” (വാ.12), നമ്മുടെ വിശ്വാസസത്യങ്ങളെ പ്രതിഫലിപ്പിക്കുവാനും സഹായിക്കുന്നു. 

നമുക്ക് ചുറ്റുമുള്ള പലർക്കും ഇപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം അറിയില്ല, പക്ഷേ അവർക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതങ്ങളിൽ കൂടി, അവന്റെ സന്ദേശം ആകർഷകമായ വിധങ്ങളിൽ പ്രതിഫലിപ്പിക്കുവാനും വെളിപ്പെടുത്തുവാനും അവൻ നമ്മെ സഹായിക്കട്ടെ.