അസ്വസ്ഥമായ ആത്മാവ് സമ്പത്തിലും വിജയത്തിലും ഒരിക്കലും തൃപ്തിയടയുകയില്ല. അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു കൺട്രി മ്യൂസിക് ഗായകൻ ഈ സത്യത്തിന് ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നാൽപതോളം ആൽബങ്ങൾ ബിൽബോർഡിന്റെ (അമേരിക്കൻ മ്യൂസിക് ആൻഡ്  എന്റേർടയിനടമെന്റ് മാസിക) കൺട്രി മ്യൂസിക് ടോപ്പ്-ടെൻ ചാർട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അത്ര തന്നെ നമ്പർ വൺ സിംഗിൾസുകളും ഉണ്ട്. എന്നാൽ അദ്ദേഹം ഒന്നിലധികം തവണ വിവാഹം കഴിക്കുകയും ജയിലിൽ കഴിയുകയും മറ്റും ചെയ്തിട്ടുണ്ട്. തന്റെ എല്ലാ നേട്ടങ്ങൾക്കും നടുവിൽ, ഒരിക്കൽ അദ്ദേഹം വിലപിച്ചു: “എന്റെ നേട്ടങ്ങൾ കൊണ്ടും വിവാഹങ്ങൾ കൊണ്ടും സന്തോഷങ്ങൾ കൊണ്ടും ഞാനൊരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്.`അത് എപ്പോഴും ഒരു പരിധിവരെ അവിടെയുണ്ട്. ഞാൻ മരിക്കുന്ന ദിവസം വരെ അതുണ്ടായിരിക്കും.” ദുഃഖകരമെന്നു പറയട്ടെ, ജീവിതം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിൽ സ്വസ്ഥത കണ്ടെത്താൻ കഴിഞ്ഞില്ല. 

ഈ സംഗീതജ്ഞനെ പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും കഷ്ടപ്പെട്ട് മടുത്ത എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: “എന്റെ അടുക്കൽ വരുവിൻ,” അവൻ പറയുന്നു. യേശുവിൽ നാം രക്ഷ കണ്ടെത്തുമ്പോൾ, അവൻ നമ്മുടെ ഭാരങ്ങൾ വഹിച്ച് നമ്മെ “ആശ്വസിപ്പിക്കും” (മത്താ. 11:28). അവനിൽ വിശ്വസിക്കുക, അവൻ പ്രദാനം ചെയ്യുന്ന സമൃദ്ധമായ ജീവിതം എങ്ങനെ ജീവിക്കാമെന്ന് അവനിൽ നിന്ന് പഠിക്കുക എന്നിവ മാത്രമാണ് അവൻ ആവശ്യപ്പെടുന്നത് (യോഹ. 10:10). യേശുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് “(നമ്മുടെ) ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തുന്നതിൽ” കലാശിക്കുന്നു (മത്താ. 11:29). 

നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെ അവൻ ചുരുക്കുന്നില്ല. അവനിൽ ജീവിക്കുവാൻ, പുതിയതും ഭാരം കുറഞ്ഞതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അങ്ങനെ അവൻ നമുക്ക് യഥാർത്ഥ സ്വസ്ഥത നൽകുന്നു.