തെക്കൻ ലൂസിയാനയിലെ 2016-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഞാൻ സോഷ്യൽ മീഡിയ ഫീഡ് സ്കാൻ ചെയ്യുമ്പോൾ, എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. വെള്ളപ്പൊക്കത്തിൽ നാശമായ അവളുടെ വീട് പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അവളോട്, ഹൃദയഭേദകമായ ആ പുനർനിർമാണ പ്രവർത്തനത്തിൽ പോലും ദൈവത്തെ അന്വേഷിക്കുവാൻ  അവളുടെ അമ്മ അവളെ ഉപദേശിച്ചു. താമസിയാതെ, എന്റെ സുഹൃത്ത് അവളുടെ വീടിന്റെ പൊളിഞ്ഞുപോയ കട്ടിളകളിന്മേൽ കണ്ടെത്തിയ ബൈബിൾ വാക്യങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അത് വീട് നിർമിച്ച സമയത്ത് എഴുതിയതാണെന്ന് തോന്നുന്നു. ആ മലപ്പലകകളിലെ തിരുവെഴുത്തുകൾ വായിച്ചത് അവൾക്ക് ആശ്വാസം പകർന്നു. 

വാതിൽപ്പടികളിൽ ബൈബിൾ വാക്യങ്ങൾ എഴുതുന്ന പാരമ്പര്യം യിസ്രായേലിനോടുള്ള ദൈവത്തിന്റെ കൽപനയിൽനിന്നും ഉരുത്തിരിഞ്ഞതായിരിക്കാം. താൻ ആരാണെന്ന് ഓർക്കുന്നതിനുള്ള ഒരു മാർഗമായി തന്റെ കൽപനകൾ വാതിൽപ്പടികളിൽ രേഖപ്പെടുത്താൻ ദൈവം യിസ്രായേൽമക്കൾക്ക് നിർദ്ദേശം നൽകി. അവന്റെ കൽപനകൾ ഹൃദയത്തിൽ എഴുതുവാനും (ആവ. പുസ്തകം 6:6), അവ മക്കൾക്കു ഉപദേശിച്ചു കൊടുക്കാനും (വാ.7), അവ അടയാളമായി കൈമേൽ കെട്ടുവാനും (വാ.8), വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതുവാനും (വാ.9) അവർക്ക് കൽപനയുണ്ടായിരുന്നു. അങ്ങനെ ദൈവവചനങ്ങളുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുകൾ യിസ്രായേല്യർക്ക് ഉണ്ടായിരുന്നു. അവന്റെ വചനങ്ങളോ അവിടുന്നുമായിട്ടുള്ള ഉടമ്പടിയോ ഒരിക്കലും മറക്കാതിരിക്കുവാൻ അവർ അതു ചെയ്യേണ്ടതുണ്ടായിരുന്നു.

നമ്മുടെ ഭവനങ്ങളിൽ ദൈവവചനങ്ങൾ പ്രദർശിപ്പിക്കുന്നതും അവയുടെ അർഥം നമ്മുടെ ഹൃദയങ്ങളിൽ നട്ടുവളർത്തുന്നതും തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന അവിടുത്തെ വിശ്വസ്തതയിൽ ആശ്രയിക്കുവാൻ ഒരു അടിത്തറ പണിയാൻ നമ്മെ സഹായിക്കും. ഹൃദയഭേദകമായ നഷ്ടത്തിന്റെയോ ദുരന്തത്തിന്റെയോ നടുവിൽപോലും നമ്മെ ആശ്വസിപ്പിക്കുവാൻ ആ വചനങ്ങളിൽ കൂടി അവനു കഴിയും.