2020 ൽ, സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന യു എസ് ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി പാസാക്കിയതിന്റെ നൂറാം വാർഷികം ആഘോഷിച്ചു. പഴയ ഫോട്ടോഗ്രാഫുകളിൽ സങ്കീർത്തനം 68:11 ആലേഖനം ചെയ്ത ബാനറുകളുമായി മാർച്ച് ചെയ്യുന്നവരെ കാണാം: “കർത്താവ് ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയൊരു ഗണമാകുന്നു.”

സങ്കീർത്തനം 68-ൽ, ദാവീദ് ദൈവത്തെ, ബദ്ധന്മാരെ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നവനായും (വാ.6), ക്ഷീണിതരായ തന്റെ ജനത്തെ നവീകരിക്കുകയും പുതുക്കുകയും ചെയ്യുന്നവനായും (വാ.9-10) വിശേഷിപ്പിക്കുന്നു. ഈ സങ്കീർത്തനത്തിന്റെ മുപ്പത്തിയഞ്ചു വാക്യങ്ങളിൽ, ദാവീദ് നാൽപത്തിരണ്ടു തവണ ദൈവത്തെ പരാമർശിക്കുന്നു; അനീതിയിൽ നിന്നും കഷ്ടതയിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ ദൈവം അവരോടൊപ്പം നിരന്തരം ഉണ്ടായിരുന്നതെങ്ങനെയെന്ന് താൻ വെളിപ്പെടുത്തുന്നു. വലിയൊരു ഗണം സുവാർത്താദൂതികൾ ഈ സത്യം പ്രഘോഷിക്കുന്നു (വാ.11).

വോട്ടവകാശത്തിന് വേണ്ടി അണിനിരന്ന സ്ത്രീകൾ സങ്കീർത്തനം 68 പ്രഖ്യാപിക്കുന്നതെല്ലാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അവരുടെ ബാനറുകൾ കാലാതീതമായ ഒരു സത്യത്തെ വിളിച്ചറിയിച്ചു. “അനാഥന്മാർക്കു പിതാവും” ”വിധവമാർക്കു ന്യായപാലകനും” (വാ.5) ആയ ദൈവം തന്റെ ജനത്തിന് മുമ്പേ പോയി, അവരെ അനുഗ്രഹത്തിന്റെയും ഉന്മേഷത്തിന്റെയും സന്തോഷത്തിന്റെയും ഇടങ്ങളിലേക്ക് നയിക്കുന്നു.

ദൈവത്തിന്റെ സാന്നിധ്യം എല്ലായ്പോഴും തന്റെ ജനത്തോടൊപ്പം – പ്രത്യേകിച്ചും ദുർബലരുടെയും  കഷ്ടപ്പെടുന്നവരുടെയും കൂടെ – ഉണ്ടായിരുന്നുവെന്ന് ഓർത്തുകൊണ്ട് ഇന്ന് നമുക്ക് ധൈര്യപ്പെടാം. പണ്ടത്തെ പോലെതന്നെ, തന്റെ ആത്മാവിലൂടെ, ദൈവസാന്നിധ്യം ഇന്നും നമ്മോടു കൂടെയിരിക്കുന്നു.