രാജ് തന്റെ യൗവ്വനത്തിൽ യേശുവിനെ രക്ഷകനായി വിശ്വസിച്ചിരുന്നു, എന്നാൽ താമസിയാതെ, അദ്ദേഹം വിശ്വാസത്തിൽ നിന്ന് അകന്നുപോകുകയും ദൈവത്തിൽ നിന്ന് വേറിട്ട ഒരു ജീവിതം നയിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം, യേശുവുമായുള്ള ബന്ധം പുതുക്കി സഭയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു – ഇത്രയും വർഷങ്ങൾ വരാതിരുന്നതിന് തന്നെ നിന്ദിച്ച ഒരു സ്ത്രീയുടെ ശകാരം കേൾക്കുവാൻ  വേണ്ടി മാത്രം. ആ ശകാരം, തന്നിൽ വർഷങ്ങളോളം അലഞ്ഞു തിരിഞ്ഞു നടന്നതിന്റെ ലജ്ജയും കുറ്റബോധവും വർധിപ്പിച്ചു. ഇനി എനിക്ക് ഒരു പ്രതീക്ഷയ്ക്കം വകയില്ലേ? അദ്ദേഹം അദ്ഭുതപ്പെട്ടു. യേശുവിനെ തള്ളിപ്പറഞ്ഞിട്ടും (ലൂക്കൊ. 22:34, 60-61) ശിമോൻ പത്രൊസിനെ കർത്താവ് എങ്ങനെയാണ് പുനഃസ്ഥാപിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു (യോഹ. 21:15-17).

പത്രൊസ് എന്തെല്ലാം ശകാരം പ്രതീക്ഷിച്ചിരിക്കാമെങ്കിലും, അവന് ലഭിച്ചത് പാപമോചനവും പുനഃസ്ഥാപനവും മാത്രമാണ്. പത്രൊസ് തന്നെ തള്ളിപ്പറഞ്ഞതിനെ യേശു വീണ്ടും പരാമർശിച്ചതേയില്ല, പകരം തന്നോടുള്ള സ്നേഹം വീണ്ടും ഉറപ്പിക്കാനും തന്നെ അനുഗമിക്കുന്നവരെ പരിപാലിക്കാനും അവിടുന്ന് അവനോടു നിർദ്ദേശിച്ചു (യോഹ. 21:15-17). പത്രൊസ് തന്നെ കൈവിടുന്നതിനു മുമ്പുള്ള യേശുവിന്റെ വാക്കുകൾ നിവൃത്തിയാകുകയായിരുന്നു: “നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചു കൊൾക” (ലൂക്കൊ. 22:32).

അതേ പാപമോചനത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി രാജ് ദൈവത്തോട് അപേക്ഷിച്ചു, ഇന്നദ്ദേഹം യേശുവിനോട് ചേർന്ന് നടക്കുക മാത്രമല്ല സഭയിൽ സേവിക്കുകയും മറ്റു വിശ്വാസികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നാം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയാലും, നമ്മോട് ക്ഷമിക്കാനും നമ്മെ തിരികെ സ്വാഗതം ചെയ്യാനും മാത്രമല്ല, നമ്മെ പുനഃസ്ഥാപിക്കാനും അവിടുന്നു എപ്പോഴും തയ്യാറാണ്. അങ്ങനെ നമുക്ക് അവിടുത്തെ സ്നേഹിക്കാനും സേവിക്കാനും മഹത്വപ്പെടുത്താനും കഴിയും. നാം ഒരിക്കലും ദൈവത്തിൽ നിന്ന് വളരെ അകലെയല്ല: അവിടുത്തെ സ്നേഹനിർഭരമായ കരങ്ങൾ വിശാലമായി തുറന്നിരിക്കുന്നു.