ശ്വേതയുടെ കുടുംബം അവളുടെ കൺമുമ്പിൽ തകർന്നുവീഴുകയായിരുന്നു. അവളുടെ ഭർത്താവ് പെട്ടെന്ന് വീടുവിട്ടിറങ്ങി, അവളും മക്കളും ആശയക്കുഴപ്പത്തിലാവുകയും ദേഷ്യപ്പെടുകയും ചെയ്തു. തന്നോടൊപ്പം വിവാഹ കൗൺസിലിംഗിന് പോകാൻ അവൾ അയാളോട് ആവശ്യപ്പെട്ടു, പക്ഷേ പ്രശ്നങ്ങൾ അവളുടേതാണെന്ന് അവകാശപ്പെട്ട് അയാൾ അത് ചെയ്തില്ല. ഇനിയൊരിക്കലും അയാൾ തിരിച്ചുവരില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവളിൽ പരിഭ്രാന്തിയും നിരാശയും ഉടലെടുത്തു. തന്നെയും മക്കളെയും ഒറ്റയ്ക്ക് പരിപാലിക്കുവാൻ  അവൾക്ക് കഴിയുമോ?

അബ്രഹാമിന്റെയും സാറായുടെയും ദാസിയായ ഹാഗാറും ആ ചിന്തകളെ അഭിമുഖീകരിച്ചു. വാഗ്ദത്തം ചെയ്തതുപോലെ ദൈവം അവർക്കൊരു പുത്രനെ നൽകുന്നതിനായി കാത്തിരിക്കാതെ (ഉൽപ. 12:15), സാറാ ഹാഗാറിനെ ഭർത്താവിന് നൽകി, ഹാഗാർ യിശ്മായേലിന് ജൻമം നൽകി (16:1-4,15). എന്നിരുന്നാലും, ദൈവം തന്റെ വാഗ്ദത്തം നിറവേറ്റുകയും സാറാ യിസ്ഹാക്കിനെ പ്രസവിക്കുകയും ചെയ്തപ്പോൾ കുടുംബപ്രശ്നങ്ങൾ പൊട്ടി പുറപ്പെട്ടു, അബ്രാഹാം ഹാഗാറിനെ അവരുടെ മകൻ യിശ്മായേലിനൊപ്പം കുറച്ച് വെള്ളവും ഭക്ഷണവും മാത്രം നൽകി അയച്ചു (21:8-21). അവളുടെ നിരാശ നിങ്ങൾക്ക് സങ്കൽപിക്കുവാൻ  കഴിയുമോ? താമസിയാതെ മരുഭൂമിയിൽ അവരുടെ ഭക്ഷണസാധനങ്ങൾ തീർന്നു. എന്തുചെയ്യണമെന്നറിയാതെയും, മകൻ മരിക്കുന്നത് കാണാൻ ആഗ്രഹിക്കാതെയും ഹാഗാർ യിശ്മായേലിനെ ഒരു കുറ്റിക്കാട്ടിനടിയിൽ കിടത്തി കുറച്ചു ദൂരം നടന്നു. അവർ രണ്ടുപേരും തേങ്ങാൻ തുടങ്ങി. എന്നാൽ “ദൈവം ബാലന്റെ നിലവിളി കേട്ടു” (വാ.17). അവൻ അവരുടെ നിലവിളി കേട്ട്, അവരുടെ ആവശ്യങ്ങൾ നിറവേറ്റി, അവരോടുകൂടെയിരുന്നു.

നാം ഒറ്റയ്ക്കാണെന്ന് തോന്നുന്ന നിരാശയുടെ സമയങ്ങൾ ദൈവത്തോട് നിലവിളിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആ നിമിഷങ്ങളിലും ജീവിതത്തിലുടനീളവും അവൻ നമ്മെ കേൾക്കുന്നു, നമുക്കായി കരുതുന്നു.  അവൻ നമ്മോട് അടുത്ത് നിൽക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.