മൈക്കലാഞ്ചലോയുടെ ശിൽപമായ മോശെ യുടെ ഒരു ഫോട്ടോ ഞാൻ ഈയിടെ കണ്ടു, അതിന്റെ ഒരു ക്ലോസ് – അപ്പ് കാഴ്ച്ച മോശെയുടെ വലതു കൈയിൽ ഒരു ചെറിയ വീർത്ത പേശി കാണിച്ചു തന്നു. എക്സ്ടെൻസർ ഡിജിറ്റി മിനിമി എന്ന പേശിയാണിത്. ആരെങ്കിലും അവരുടെ ചെറുവിരൽ ഉയർത്തുമ്പോൾ മാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. സങ്കീർണമായ വിശദാംശങ്ങളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന മൈക്കലാഞ്ചലോ, താൻ കൊത്തിയെടുത്ത മനുഷ്യശരീരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തി, മറ്റാരും ശ്രദ്ധിക്കാത്ത സൂക്ഷ്മമായ വിവരങ്ങൾ അവയിൽ ചേർത്തു. ചുരുക്കം ശിൽപികൾക്കു മാത്രം അറിയാമായിരുന്ന മനുഷ്യശരീരത്തിലെ സവിശേഷതകൾ മൈക്കലാഞ്ചലോ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, മനുഷ്യന്റെ ആത്മാവ്, ആന്തരിക ജീവിതം എന്നിങ്ങനെ മനുഷ്യരുടെ ആഴത്തിലുള്ള വിശദാംശങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുക്കുവാൻ അദ്ദേഹം ശ്രമിച്ചു. തീർച്ചയായും, അതിന്, മൈക്കലാഞ്ചലോയുടെ കല അപര്യാപ്തമായിരുന്നു.

മനുഷ്യഹൃദയത്തിന്റെ അഗാധമായ യാഥാർത്ഥ്യങ്ങൾ ദൈവത്തിനു മാത്രമേ അറിയൂ. നാം കാണുന്നതെന്തും, അത് എത്ര ശ്രദ്ധയോടെയോ ഉൾക്കാഴ്ച്ചയോടെയോ ആയിരുന്നാലും, അത് സത്യത്തിന്റെ ഒരു നിഴൽ മാത്രമാണ്. എന്നാൽ ദൈവം നിഴലുകളെക്കാൾ ആഴത്തിൽ കാണുന്നു. “യഹോവേ, എന്നെ നീ അറിയുന്നു,” യിരെമ്യാ പ്രവാചകൻ പറയുന്നു; “നീ എന്നെ കണ്ടു” (12:3). നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവ് സൈദ്ധാന്തികമോ മസ്തിഷ്കപരമോ അല്ല. അവൻ നമ്മെ ദൂരത്തുനിന്നല്ല, മറിച്ച്, നമ്മുടെ അന്തരംഗത്തിന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് അവൻ ഉറ്റുനോക്കുന്നു. നമ്മുടെ ആന്തരിക ജീവിതത്തിന്റെ ആഴങ്ങൾ ദൈവത്തിനറിയാം, നാം സ്വയം മനസ്സിലാക്കുവാൻ പാടുപെടുന്ന കാര്യങ്ങൾ പോലും.

നമ്മുടെ പോരാട്ടങ്ങളോ നമ്മുടെ ഹൃദയങ്ങളിൽ സംഭവിക്കുന്നതോ, എന്തു തന്നെയായാലും, ദൈവം നമ്മെ കാണുകയും നമ്മെ യഥാർത്ഥത്തിൽ അറിയുകയും ചെയ്യുന്നു.