ഞാൻ അതിനെ “പച്ചപ്പിന്റെ അദ്ഭുതം” എന്ന് വിളിക്കുന്നു. പതിനഞ്ച് വർഷത്തിലേറെയായി എല്ലാ വസന്തകാലത്തും ഇത് സംഭവിക്കുന്നു. ശൈത്യമാസങ്ങൾ കഴിയുമ്പോൾ, ഞങ്ങളുടെ മുറ്റത്തെ പുല്ല് പൊടി നിറഞ്ഞതും തവിട്ടുനിറമുള്ളതുമായിരിക്കും, അതിനാൽ, ഒരു സാധാരണ വഴിപോക്കൻ അത് മരിച്ചുവെന്ന് വിശ്വസിച്ചേക്കാം. അമേരിക്കയിലെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ കൊളറാഡോയിൽ പർവതങ്ങളിൽ മഞ്ഞുണ്ട്, പക്ഷേ സമതലങ്ങളിലെ കാലാവസ്ഥ വരണ്ടതാണ്, ഏറ്റവും ചൂടുള്ള മാസങ്ങളിൽ വരൾച്ച ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എല്ലാ വർഷവും മെയ് അവസാനത്തോടെ, ഞാൻ സ്പ്രിംഗളറുകൾ ഓണാക്കും – വലിയ അളവിലുള്ള വെള്ളമല്ല, മറിച്ച് ചെറുതും സ്ഥിരവുമായ നനവ്. ഏകദേശം രണ്ടാഴ്ച്ചക്കുള്ളിൽ, ഉണങ്ങിയതും തവിട്ടു നിറമുള്ളതുമായ പുല്ല് സമൃദ്ധവും പച്ചനിറമുള്ളതും ആയി മാറുന്നു.
ആ പച്ചപ്പിന്റെ പ്രോത്സാഹനം എത്ര വിലയേറിയതാണെന്ന് ഞാൻ ഓർക്കുന്നു. ചിലപ്പോഴൊക്കെ, നമ്മുടെ ജീവിതവും വിശ്വാസവും ആ നിർജീവമായ പുല്ലിനെ പോലെയാകാം. എന്നാൽ സ്ഥിരമായ പ്രോത്സാഹനത്തിന് നമ്മുടെ ഹൃദയങ്ങളോടും മനസ്സുകളോടും ആത്മാവുകളോടും എന്തു ചെയ്യാൻ കഴിയും എന്നത് അതിശയകരമാണ്. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം ഈ സത്യം ഊന്നിപ്പറയുന്നു. ജനങ്ങൾ ആശങ്കയോടും ഭയത്തോടും മല്ലിടുകയായിരുന്നു. അവരുടെ വിശ്വാസം ബലപ്പെടുത്തേണ്ടതുണ്ടെന്ന് പൗലൊസ് കണ്ടു. പരസ്പരം പ്രബോധിപ്പിക്കുകയും തമ്മിൽ ആത്മികവർധന വരുത്തുകയും ചെയ്യുന്ന നല്ല പ്രവൃത്തി തുടരാൻ അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു (1 തെസ്സ. 5:11). അത്തരം നവോന്മേഷം ഇല്ലെങ്കിൽ അവരുടെ വിശ്വാസം ഉണങ്ങുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൗലൊസ് ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്, കാരണം അതേ തെസ്സലൊനീക്യ വിശ്വാസികൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. നിങ്ങൾക്കും എനിക്കും ഇതുപോലെ അവസരമുണ്ട്, പ്രോത്സാഹിപ്പിക്കുവാൻ – പരസ്പരം വളരാനും പൂവിടാനും സഹായിക്കുവാൻ.
നിങ്ങൾക്ക് ലഭിച്ച ഏറ്റവും പുതിയ പ്രോത്സാഹനം എന്താണ്? ഇന്നോ ഈ ആഴ്ചയോ ആരുടെ ഹൃദയത്തെ നനയ്ക്കാൻ നിങ്ങൾക്ക് കഴിയും?
പിതാവേ, എനിക്ക് ലഭിച്ച എല്ലാ പ്രോത്സാഹനത്തിനും നന്ദി, മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുവാൻ എന്നെ സഹായിക്കണമേ.