നടനും ആയോധന കലാകാരനുമായ ചക്ക് നൂറാം ജന്മദിനമാഘോഷിക്കുന്ന തന്റെ അമ്മയെ ആദരിച്ചു, തന്റെ ആത്മീയ പരിവർത്തനത്തിൽ അമ്മ എത്രത്തോളം സഹായകമായിരുന്നുവെന്ന് പങ്കുവച്ചു. “സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയാണ് അമ്മ,” അദ്ദേഹം എഴുതി. മഹാമാന്ദ്യകാലത്ത് അവർ മൂന്ന് ആൺകുട്ടികളെ സ്വന്തമായി വളർത്തി; രണ്ട് ഭർത്താക്കൻമാർ, ഒരു മകൻ, ഒരു വളർത്തുമകൻ, പേരകുട്ടികൾ എന്നിവരുടെ മരണം അനുഭവിച്ചു; നിരവധി ശസ്ത്രക്രിയകൾ സഹിച്ചു. “എല്ലാ കാലത്തും അവർ എനിക്കു വേണ്ടി പ്രാർഥിച്ചു.” അദ്ദേഹം തുടർന്നു, “ഹോളിവുഡിന് ഞാൻ എന്റെ ആത്മാവിനെ ഏതാണ്ട് വിട്ടുകൊടുത്തപ്പോൾ, [അവർ] വീട്ടിലിരുന്ന് എന്റെ രക്ഷയ്ക്കും വിജയത്തിനും വേണ്ടി പ്രാർഥിച്ചു കൊണ്ടിരുന്നു.” അദ്ദേഹം ഉപസംഹരിച്ചു, “ഞാൻ ആയതും ആകേണ്ടതുമെല്ലാം ആക്കി തീർക്കുവാൻ ദൈവത്തെ സഹായിച്ചതിന് ഞാൻ [എന്റെ അമ്മയോട്] നന്ദി പറയുന്നു.”
ചക്കിന്റെ അമ്മയുടെ പ്രാർഥനകൾ രക്ഷ കണ്ടെത്താൻ അവനെ സഹായിച്ചു – ദൈവഭക്തയായ ഒരു ഭാര്യയേയും. അവർ തന്റെ മകനു വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു, ദൈവം അവരുടെ പ്രാർഥന കേട്ടു. നമ്മുടെ പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന രീതിയിൽ എപ്പോഴും ഉത്തരം ലഭിക്കില്ല. അതിനാൽ പ്രാർഥനയെ ഒരു മാന്ത്രികവടിയായി ഉപയോഗിക്കുവാൻ കഴിയില്ല. എന്നിരുന്നാലും, “നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു” എന്ന് യാക്കോബ് ഉറപ്പ് നൽക്കുന്നു (5:16). ഈ അമ്മയെപ്പോലെ രോഗികൾക്കും ദുരിതത്തിലായവർക്കും വേണ്ടി നാം പ്രാർഥിക്കുന്നത് തുടരണം (വാ.13-15). അവരെ പോലെ പ്രാർഥനയിലൂടെ നാം ദൈവവുമായി സംവദിക്കുമ്പോൾ, പ്രോത്സാഹനവും സമാധാനവും ആത്മാവ് പ്രവർത്തിക്കുന്നു എന്ന ഉറപ്പും നാം കണ്ടെത്തുന്നു.
നിങ്ങളുടെ ജീവിതത്തിൽ ആർക്കെങ്കിലും രക്ഷയോ രോഗശാന്തിയോ സഹായമോ ആവശ്യമുണ്ടോ? വിശ്വാസത്തോടെ നിങ്ങളുടെ പ്രാർഥനകൾ ദൈവത്തിങ്കലേക്ക് ഉയർത്തുക. അവിടുന്നു കേൾക്കുന്നുണ്ട്.
നിങ്ങളുടെ തീക്ഷ്ണമായ പ്രാർഥനകൾക്ക് ദൈവം ഉത്തരം നൽകുന്നത് എപ്പോഴാണ് കണ്ടിട്ടുള്ളത്? ആരാണ് നിങ്ങളുടെ പ്രാർഥനകളിൽ തുടരുന്നത്?
പ്രിയ പിതാവേ, നിരന്തരം പ്രാർഥനയിൽ ആയിരിപ്പാനും അത് ഉപേക്ഷിക്കാതിരിക്കാനും എന്നെ സഹായിക്കണമേ. സ്ഥിരോത്സാഹം പുലർത്താൻ എന്നെ സഹായിക്കുന്ന അങ്ങയുടെ സ്നേഹത്തിന് നന്ദി.