അവരുടെ കൃത്യമായ പ്രായം അജ്ഞാതമാണ്. ഒരാളെ ഒരു പള്ളിയുടെ പടികളിൽ കണ്ടെത്തി; മറ്റൊരാൾക്ക് തന്നെ വളർത്തിയത് കന്യാസ്ത്രീകളാണെന്ന് മാത്രം അറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിൽ ജനിച്ച്, ഏതാണ്ട് എൺപതു വർഷത്തോളം ഹലീനയോ ക്രിസ്റ്റിനയോ പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഡി.എൻ.എ. പരിശോധനാഫലങ്ങൾ അവർ സഹോദരിമാരാണെന്ന് വെളിപ്പെടുത്തുകയും സന്തോഷകരമായ ഒരു പുനഃസമാഗമത്തിലേക്ക് നയിക്കുകയും ചെയ്തു. അത് അവരുടെ യഹൂദാ പൈതൃകത്തെ വെളിപ്പെടുത്തി; മാത്രമല്ല എന്തുകൊണ്ടാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും വിശദീകരിച്ചു. അവർ ജൂതവംശജർ ആയതുകൊണ്ടു മാത്രം ചിലർ അവർക്ക് മരണം വിധിച്ചിരുന്നു.
ഭയചകിതയായ ഒരമ്മ മരണഭീഷണി നേരിടുന്ന തന്റെ മക്കളെ രക്ഷപ്പെടാൻ സാധ്യതയുള്ള ഒരിടത്തു ഉപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുന്നത് മോശെയുടെ കഥയെ ഓർമിപ്പിക്കുന്നു. ഒരു എബ്രായ ബാലനെന്ന നിലയിൽ, അവനെ വംശഹത്യയ്ക്ക് അടയാളപ്പെടുത്തിയിരുന്നു (പുറ. 1:22). എന്നാൽ അവന്റെ അമ്മ അവനെ തന്ത്രപരമായി നൈൽ നദിയിൽ പ്രതിഷ്ഠിച്ച് (2:3), അവന് അതിജീവനത്തിന് ഒരവസരം നൽകി. അവൾ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ, ദൈവത്തിന് മോശെ മുഖാന്തരം തന്റെ ജനത്തെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയുണ്ടായിരുന്നു.
മോശെയുടെ കഥ നമ്മെ യേശുവിന്റെ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഫറവോൻ എബ്രായ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതുപോലെ, ഹെരോദാവ് ബേത്ലഹേമിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുവാൻ കല്പിച്ചു (മത്താ. 2:13-16).
അത്തരം എല്ലാ വിദ്വേഷത്തിനും – പ്രത്യേകിച്ചും കുട്ടികളോടുള്ളവയ്ക്കു – പിന്നിൽ നമ്മുടെ ശത്രുവായ പിശാചാണ്. അത്തരം അക്രമങ്ങൾ ദൈവത്തെ അദ്ഭുതപ്പെടുത്തുന്നില്ല. മോശെയെ കുറിച്ച് അവന് പദ്ധതികൾ ഉണ്ടായിരുന്നു, നിങ്ങളെയും എന്നെയും കുറിച്ച് അവന് പദ്ധതികളുണ്ട്. തന്റെ പുത്രനായ യേശുവിലൂടെ, അവൻ തന്റെ ഏറ്റവും വലിയ പദ്ധതി വെളിപ്പെടുത്തി – ഒരിക്കൽ ശത്രുക്കളായിരുന്നവരെ രക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ പദ്ധതി പ്രവർത്തിക്കുന്നത് നിങ്ങൾ എങ്ങനെ കാണുന്നു? ഏതു വിധത്തിലാണ് അവൻ നിങ്ങളെ രക്ഷിച്ചത്?
സ്വർഗീയ പിതാവേ, ലോകത്തിൽ ഒരുപാട് തിന്മകളുണ്ട്. അങ്ങയുടെ രക്ഷയ്ക്കായ് നന്ദി. അങ്ങയുടെ തികഞ്ഞ പദ്ധതിയെ വിശ്വസിക്കുവാൻ എന്നെ സഹായിക്കണമേ.