കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പ്രായപൂർത്തിയായ ജൂണോ എന്ന കറുത്ത പൂച്ചയെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു. സത്യം പറഞ്ഞാൽ, എനിക്ക് ഞങ്ങളുടെ എലികളുടെ എണ്ണം കുറയ്ക്കാനുള്ള സഹായം മാത്രമേ ആവശ്യമുണ്ടായിരുള്ളൂ, എന്നാൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ഒരു വളർത്തുമൃഗത്തെയാണ് വേണ്ടായിരുന്നത്. ആ ഷെൽട്ടർ ഞങ്ങൾക്ക്, ആദ്യ ആഴ്ചത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കർശനമായ നിർദ്ദേശങ്ങൾ നൽകി, അങ്ങനെ ഞങ്ങളുടെ വീട് അവന്റെ വീടാണെന്നും അവൻ ഉൾപ്പെട്ട സ്ഥലമാണെന്നും അവന് എപ്പോഴും ഭക്ഷണവും സുരക്ഷിതത്വവും എവിടെയാണെന്നും ജൂണോ മനസ്സിലാക്കും. ഈ രീതിയിൽ, ജൂണോ പുറത്തുപോയാലും, അവൻ എല്ലായ്‌പ്പോഴും വീട്ടിൽ മടങ്ങിവരും.

നമ്മുടെ യഥാർത്ഥ ഭവനം നമുക്ക് അറിയില്ലെങ്കിൽ, നന്മയ്ക്കും സ്‌നേഹത്തിനും അർത്ഥത്തിനും വേണ്ടി വ്യർത്ഥമായി അലഞ്ഞുതിരിയാൻ നാം എന്നേക്കും പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമ്മുടെ യഥാർത്ഥ ജീവിതം കണ്ടെത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, “എന്നിൽ വസിപ്പിൻ” എന്ന് യേശു പറഞ്ഞു (യോഹന്നാൻ 15:4). ബൈബിൾ പണ്ഡിതനായ ഫ്രെഡറിക് ഡെയ്ൽ ബ്രൂണർ, വസിക്കുക (വാസസ്ഥലം എന്ന സമാനമായ ഒരു വാക്ക് പോലെ) എന്ന പദം എങ്ങനെ കുടുംബത്തെയും ഭവനത്തെയും കുറിച്ചുള്ള ചിന്ത ഉണർത്തുന്നുവെന്ന് എടുത്തുകാണിക്കുന്നു. ബ്രൂണർ യേശുവിന്റെ വാക്കുകളെ ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “എന്നിൽ ഭവനത്തിൽ വസിക്കൂ.”

ഈ ആശയം ഹൃദയത്തിൽ ആഴ്ത്തിയെഴുതാൻ, യേശു ഒരു മുന്തിരിവള്ളിയിൽ വസിക്കുന്ന കൊമ്പുകളുടെ ദൃഷ്ടാന്തം ഉപയോഗിച്ചു. കൊമ്പുകൾ, അവർ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഉൾപ്പെടുന്നിടത്ത് ഉറച്ചുനിൽക്കണം, അഥവാ അതിന്റെ ഭവനത്തിൽ വസിക്കണം.

നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ പുതിയ ‘ജ്ഞാനം’ അല്ലെങ്കിൽ ആഹ്ലാദകരമായ ഭാവി പ്രദാനം ചെയ്യുന്നതിനോ ഉള്ള പൊള്ളയായ വാഗ്ദാനങ്ങൾ നൽകി നമ്മെ വിളിച്ചറിയിക്കുന്ന നിരവധി ശബ്ദങ്ങളുണ്ട്. എന്നാൽ നമ്മൾ യഥാർത്ഥത്തിൽ ജീവിക്കണമെങ്കിൽ യേശുവിൽ നിലനിൽക്കണം. നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം.