പതിമൂന്ന് വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും, മറ്റുള്ളവരെ സേവിക്കാനുള്ള ഒരു വെല്ലുവിളി ഡിഅവിയോൺ  ഏറ്റെടുത്തു. വേനലവധിക്കാലത്ത് സൗജന്യമായി അമ്പത് പുൽത്തകിടികൾ വെട്ടിക്കൊടുക്കാൻ കുട്ടികളെ ആഹ്വാനം ചെയ്ത ഒരാളെക്കുറിച്ചുള്ള ഒരു കഥ അവനും അവന്റെ അമ്മയും കേട്ടിരുന്നു. ജോലിയിൽനിന്നു വിരമിച്ചവർ, അവിവാഹിതരായ അമ്മമാർ, അംഗപരിമിതർ, അല്ലെങ്കിൽ സഹായം ആവശ്യമുള്ളവർ എന്നിവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്ഥാപകൻ (അൻപത് സംസ്ഥാനങ്ങളിൽ അമ്പത് പുൽത്തകിടികൾ വെട്ടിയിരുന്നു) തൊഴിൽ ധാർമ്മികതയുടെ പ്രാധാന്യം പഠിപ്പിക്കുന്നതിനും സമൂഹത്തിന് തിരികെ നൽകുന്നതിനുമുള്ള വെല്ലുവിളി സൃഷ്ടിച്ചു. വേനൽക്കാലത്തെ കഠിനമായ ചൂടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും ഉണ്ടായിട്ടും ഈ കൗമാരക്കാരൻ മറ്റുള്ളവരെ സേവിക്കുന്നതു തിരഞ്ഞെടുക്കുകയും വെല്ലുവിളി പൂർത്തിയാക്കുകയും ചെയ്തു.

സേവിക്കാനുള്ള വെല്ലുവിളി യേശുവിൽ വിശ്വസിക്കുന്നവർക്കും നേരെയുള്ളതാണ്. സകല മനുഷ്യർക്കും വേണ്ടി മരിക്കുന്നതിന്റെ തലേദിവസം രാത്രി, യേശു തന്റെ സ്‌നേഹിതരോടൊപ്പം അത്താഴം കഴിച്ചു (യോഹന്നാൻ 13:1-2). താൻ ഉടൻ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും അവനു നന്നായി അറിയാമായിരുന്നു, എന്നിട്ടും അവൻ ഭക്ഷണത്തിൽ നിന്ന് എഴുന്നേറ്റു, ഒരു തോർത്ത് അരയിൽ ചുറ്റി, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി (വാ. 3-5). ‘കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു” എന്ന് അവൻ അവരോടു പറഞ്ഞു (വാ.  14).

എളിമയുള്ള ദാസനും നമ്മുടെ മാതൃകയുമായ യേശു, ആളുകളെ കരുതി: അവൻ അന്ധരെയും രോഗികളെയും സുഖപ്പെടുത്തി, തന്റെ രാജ്യത്തിന്റെ സുവിശേഷം ഉപദേശിച്ചു, അവന്റെ സ്‌നേഹിതർക്കായി തന്റെ ജീവൻ നൽകി. ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നതിനാൽ, ഈ ആഴ്ച നിങ്ങൾ ആരെ സേവിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്ന് അവനോട് ചോദിക്കുക.