സ്‌കോട്ടീഷ് നാഷമൽ ഗാലറിയിലൂടെ നടക്കവേ, ഡച്ച് ആർട്ടിസ്റ്റ് വിൻസെന്റ് വാൻഗോഗിന്റെ ഒലീവ് ട്രീ പെയിന്റിംഗുകളിൽ ഒന്നിന്റെ ശക്തമായ ബ്രഷ് വർക്കുകളും ചടുലമായ നിറങ്ങളും എന്നെ ആകർഷിച്ചു. ഒലീവ് മലയിലെ ഗെത്സമനെ തോട്ടത്തിൽവെച്ച് യേശുവിനുണ്ടായ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ ചിത്രം രചിച്ചതെന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പെയിന്റിംഗിന്റെ ക്യാൻവാസിൽ പ്രത്യേകിച്ച് എന്റെ ശ്രദ്ധ ആകർഷിച്ചത് പുരാതന ഒലിവ് മരങ്ങൾക്കിടയിലുള്ള ചെറിയ ചുവന്ന നിറത്തിലുള്ള ചായങ്ങളാണ്.

മലഞ്ചലിവിൽ വളരുന്ന ഒലിവു മരങ്ങൾ കാരണമാണ് മലയ്ക്ക് ഒലിവ് മല എന്ന പേരുണ്ടായത്. തന്റെ ശിഷ്യനായ യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിച്ച ആ രാത്രിയിൽ യേശു പ്രാർത്ഥിക്കാൻ അവിടേയ്ക്കു പോയി. വിശ്വാസവഞ്ചന തന്റെ ക്രൂശീകരണത്തിൽ കലാശിക്കുമെന്നറിഞ്ഞപ്പോൾ യേശു വ്യസനിച്ചു. അവൻ പ്രാർത്ഥിച്ചപ്പോൾ, “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി’’ (ലൂക്കൊസ് 22:44). വളരെക്കാലം മുമ്പുള്ള ആ ദുഃഖവെള്ളിയാഴ്ചയിൽ, ശാരീരികമായി രക്തം ചൊരിയുന്ന ഒരു പരസ്യമായ വധശിക്ഷയുടെ വേദനയ്ക്കും അപമാനത്തിനും തയ്യാറെടുക്കുമ്പോൾ യേശുവിന്റെ വേദന തോട്ടത്തിൽ പ്രകടമായിരുന്നു.

വാൻഗോഗിന്റെ പെയിന്റിംഗിലെ ചുവന്ന പെയിന്റ്, യേശുവിന് “പലതും സഹിക്കേണ്ടിവന്നു’’ (മർക്കൊസ് 8:31) എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കഷ്ടപ്പാടുകൾ അവന്റെ കഥയുടെ ഭാഗമാണെങ്കിലും, അത് മേലിൽ ചിത്രത്തിൽ ആധിപത്യം സ്ഥാപിക്കുന്നില്ല. മരണത്തിന്മേലുള്ള യേശുവിന്റെ വിജയം നമ്മുടെ കഷ്ടപ്പാടുകളെപ്പോലും രൂപാന്തരപ്പെടുത്തുന്നതിനാൽ, അത് അവൻ സൃഷ്ടിക്കുന്ന നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ ഒരു ഭാഗം മാത്രമായി മാറുന്നു.