ഒരു സംഘം തട്ടിക്കൊണ്ടുപോയ പതിനേഴു മിഷനറിമാരെക്കുറിച്ച് 2021 ലെ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ മോചനദ്രവ്യ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംഘത്തെ (കുട്ടികൾ ഉൾപ്പെടെ) കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. അവിശ്വസനീയമാംവിധം, എല്ലാ മിഷനറിമാരും ഒന്നുകിൽ മോചിപ്പിക്കപ്പെടുകയോ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുകയോ ചെയ്തു. സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ, അവർ തടവിലാക്കിയവർക്ക് ഒരു സന്ദേശം അയച്ചു: ”അക്രമാസക്തമായ ശക്തിയുടെ വിദ്വേഷത്തേക്കാൾ സ്‌നേഹത്തിന്റെ ക്ഷമിക്കാനുള്ള ശക്തി ശക്തമാണെന്ന് വാക്കിലൂടെയും സ്വന്തം മാതൃകയിലൂടെയും യേശു ഞങ്ങളെ പഠിപ്പിച്ചു. അതിനാൽ, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കുന്നു.”

ക്ഷമ ശക്തമാണെന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു, “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14). പിന്നീട്, പത്രൊസിന് ഉത്തരം നൽകിക്കൊണ്ട്, നാം എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന് ക്രിസ്തു പറഞ്ഞു: “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” (18:22; വാ. 21-35 കാണുക). ക്രൂശിൽ വെച്ച്, ‘പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ’ (ലൂക്കൊസ് 23:34) എന്ന് പ്രാർത്ഥിച്ചപ്പോൾ അവൻ ദൈവിക ക്ഷമ പ്രകടമാക്കി.

രണ്ട് കക്ഷികളും സൗഖ്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നീങ്ങുമ്പോൾ ക്ഷമ അതിന്റെ പൂർണ്ണ സാക്ഷാത്കാരത്തിലെത്തുകയാണ്. കൂടാതെ, ചെയ്തിരിക്കുന്ന ദ്രോഹത്തിന്റെ ഭവിഷ്യത്തുകളെയോ, വേദനാജനകമോ അനാരോഗ്യകരമോ ആയ ബന്ധങ്ങളെ എങ്ങനെ പരിഹരിക്കണമെന്നു വിവേചിക്കേണ്ടതിന്റെ ആവശ്യകതയെയോ അത് ഇല്ലാതാക്കുന്നില്ലെങ്കിലും, അത് ദൈവത്തിന്റെ സ്‌നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കുന്ന പുനഃസ്ഥാപനത്തിലേക്ക് നയിച്ചേക്കാം. അവന്റെ മഹത്വത്തിനായി ‘ക്ഷമയുടെ കരം നീട്ടാനുള്ള’ വഴികൾ നമുക്കു നോക്കാം.