ജോർജിയയിലെ അറ്റ്‌ലാന്റയിലുള്ള ഒരു സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ, പാന്റും ബട്ടണിടാത്ത ഷർട്ടും ധരിച്ച ഒരു യുവാവ് ഒരു ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ ടൈയുമായി മല്ലിടുമ്പോൾ, പ്രായമായ ഒരു സ്ത്രീ അവനെ സഹായിക്കാൻ തന്റെ ഭർത്താവിനെ ഉത്സാഹിപ്പിച്ചു. വൃദ്ധൻ കുനിഞ്ഞ് നിന്ന് യുവാവിനെ ടൈ കെട്ടുന്നത് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ, ഒരു അപരിചിതൻ മൂവരുടെയും ഫോട്ടോ എടുത്തു. ഈ ഫോട്ടോ ഓൺലൈനിൽ വൈറലായപ്പോൾ, നിരവധി കാഴ്ചക്കാർ ഇടയ്‌ക്കൊക്കെ സംഭവിക്കുന്ന ദയയുടെ ശക്തിയെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

യേശുവിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം, മറ്റുള്ളവരോടു കാണിക്കുന്ന ദയ നമ്മെപ്പോലുള്ള ആളുകളോട് അവൻ കാണിച്ച സ്വയത്യാഗപരമായ കരുതലിനെ പ്രതിഫലിപ്പിക്കുന്നു. അത് ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രകടനമാണ്, അവന്റെ ശിഷ്യന്മാർ ജീവിക്കാൻ അവൻ ആഗ്രഹിച്ചതും ഇപ്രകാരമാണ്: “നാം തമ്മിൽതമ്മിൽ സ്‌നേഹിക്കണം” (1 യോഹന്നാൻ 3:11, ഊന്നൽ ചേർത്തിരിക്കുന്നു). ഒരു സഹോദരനെയോ സഹോദരിയെയോ പകയ്്ക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നു യോഹന്നാൻ പറയുന്നു (വാ. 15). തുടർന്ന് അവൻ ക്രിസ്തുവിലേക്ക് തിരിയുന്നു, പ്രവർത്തനത്തിലെ സ്‌നേഹത്തിന്റെ ഒരു ഉദാഹരണം (വാ. 16).

നിസ്വാർത്ഥ സ്‌നേഹം ത്യാഗത്തിന്റെ അതിരുകടന്ന പ്രകടനമായിരിക്കണമെന്നില്ല. നിസ്വാർത്ഥ സ്‌നേഹം, ദൈവത്തിന്റെ സ്വരൂപവാഹകരായ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ നമ്മുടെ ആവശ്യങ്ങളെക്കാൾ മുന്നിൽവെച്ചുകൊണ്ട് അവരുടെ മൂല്യം അംഗീകരിക്കാൻ ആവശ്യപ്പെടുന്നു. അതു പ്രതിദിനം ചെയ്യേണ്ടതാണ്. നമ്മൾ സ്‌നേഹത്താൽ പ്രചോദിതരായിരിക്കുമ്പോൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും സഹായിക്കാൻ കഴിയുംവിധം സഹായിക്കുകയും ചെയ്യുന്ന ആ സാധാരണ നിമിഷങ്ങൾ നിസ്വാർത്ഥമായതാണ്. നമ്മുടെ സ്വകാര്യ ഇടത്തിനപ്പുറത്തേക്കു നോക്കുകയും, മറ്റുള്ളവരെ സേവിക്കുന്നതിനും നൽകുന്നതിനുമായി നമ്മുടെ സുരക്ഷിത ഇടങ്ങൾ വിട്ടു പുറത്തുകടക്കുകയും ചെയ്യുമ്പോൾ – പ്രത്യേകിച്ച് അതിന്റെ ആവശ്യമില്ലാത്തപ്പോൾ പോലും – നാം യേശുവിനെപ്പോലെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്.