മാർഗരറ്റ് അമ്മായിയുടെ മിതവ്യയം ഐതിഹാസികമായിരുന്നു. അവൾ മരിച്ചതിനുശേഷം, അവളുടെ മരുമക്കൾ അവളുടെ സാധനങ്ങൾ അടുക്കിപ്പെറുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞതും പ്രയാസകരവുമായ ജോലി ആരംഭിച്ചു. ഒരു ഡ്രോയറിൽ, ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വൃത്തിയായി അടുക്കിവെച്ച, ചെറിയ ചരടുകളുടെ ഒരു കൂട്ടം അവർ കണ്ടെത്തി. അതിന്റെ ലേബൽ ഇങ്ങനെയായിരുന്നു: “ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്.”

ഉപയോഗശൂന്യമെന്ന് തങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും സൂക്ഷിക്കാനും തരംതിരിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരുപക്ഷേ ഈ വ്യക്തിക്ക് ഒരിക്കൽ അങ്ങേയറ്റത്തെ ദാരിദ്ര്യം അറിയാമായിരുന്നിരിക്കണം. യിസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപെട്ടപ്പോൾ, അവർ കഷ്ടപ്പാടുകളുടെ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അവർ തങ്ങളുടെ യാത്രാവേളയിൽ പലപ്പോഴും  ദൈവത്തിന്റെ അത്ഭുതകരം മറന്നു, ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.

അവർ തന്നിൽ വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. അവരുടെ മരുഭൂമിയിലെ ഭക്ഷണത്തിനായി അവൻ മന്ന നൽകി, മോശയോട് പറഞ്ഞു, “അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം” (പുറപ്പാട് 16:4). ശബ്ബത്തിൽ മന്ന ലഭിക്കയില്ല (വാ. 5, 25) അതിനാൽ ആറാം ദിവസം ഇരട്ടിയായി ശേഖരിക്കാനും ദൈവം അവരോട് നിർദ്ദേശിച്ചു. യിസ്രായേല്യരിൽ ചിലർ അനുസരിച്ചു. ചിലർ അനുസരിച്ചില്ല, അവർ തിക്തഫലം അനുഭവിക്കേണ്ടിവന്നു (വാ. 27-28).

സമൃദ്ധിയുടെ സമയങ്ങളിലും നിരാശയുടെ സമയങ്ങളിലും, നിയന്ത്രണത്തിനായുള്ള തീവ്രമായ ശ്രമത്തിൽ മുറുകെപ്പിടിക്കാനും പൂഴ്ത്തിവയ്ക്കാനുമുള്ള പ്രലോഭനം സഹജമാണ്. എല്ലാം നമ്മുടെ സ്വന്തം കൈയിൽ എടുക്കേണ്ട ആവശ്യമില്ല. ‘ചരടിന്റെ തുണ്ടുകൾ’ സംരക്ഷിക്കേണ്ടയാവശ്യമില്ല-അല്ലെങ്കിൽ ഒന്നും പൂഴ്ത്തിവെക്കേണ്ട ആവശ്യമില്ല. ”ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” (എബ്രായർ 13:5) എന്നു വാഗ്ദത്തം ചെയ്ത ദൈവത്തിലാണ് നമ്മുടെ വിശ്വാസം.