ജൂലൈ, 2023 | നമ്മുടെ പ്രതിദിന ആഹാരം - Part 5

Month: ജൂലൈ 2023

എന്നെ കഴുകേണമേ!

“എന്നെ കഴുകേണമേ!” ആ വാക്കുകൾ എന്റെ വാഹനത്തിൽ എഴുതിയിട്ടില്ലെങ്കിലും, അങ്ങനെയാകുമായിരുന്നു. അതിനാൽ ഞാൻ കാർ കഴുകാൻ പോയി, അടുത്തിടെ മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപ്പു വിതറിയ റോഡുകളിൽ നിന്നുണ്ടായ മാലിന്യം കഴുകിക്കളയാൻ എത്തിയ കാറുകളുടെ നീണ്ട നിര അവിടെയുണ്ടായിരുന്നു. സർവീസ് മന്ദഗതിയിലായിരുന്നു. പക്ഷേ, കാത്തിരിപ്പിന് വിലയുണ്ടായി. വൃത്തിയുള്ള ഒരു വാഹനവുമായി ഞാൻ മടങ്ങി. മാ്ത്രമല്ല, സേവന കാലതാമസത്തിനുള്ള നഷ്ടപരിഹാരമായി, കാർ കഴുകൽ സൗജന്യമായിരുന്നു!

മറ്റൊരാളുടെ ചെലവിൽ വൃത്തിയാക്കൽ-അതാണ് യേശുക്രിസ്തുവിന്റെ സുവിശേഷം. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം നമ്മുടെ പാപങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്തിരിക്കുന്നു. ജീവിതത്തിന്റെ “അഴുക്കും മെഴുക്കും” നമ്മിൽ പറ്റിപ്പിടിക്കുമ്പോൾ “കുളിക്കേണ്ട” ആവശ്യം നമ്മിൽ ആർക്കാണ് തോന്നാത്തത്? നമ്മെത്തന്നെയോ മറ്റുള്ളവരെയോ ഉപദ്രവിക്കുകയും ദൈവവുമായുള്ള സമാധാനം കവർന്നെടുക്കുകയും ചെയ്യുന്ന സ്വാർത്ഥ ചിന്തകളാലും പ്രവൃത്തികളാലും നാം കളങ്കപ്പെടുമ്പോൾ? തന്റെ ജീവിതത്തിൽ പ്രലോഭനം വിജയം വരിച്ചപ്പോൾ ദാവീദിൽ നിന്നുയർന്ന നിലവിളിയാണ് 51-ാം സങ്കീർത്തനം. തന്റെ പാപത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ഒരു ആത്മീയ ഉപദേഷ്ടാവിനെ അഭിമുഖീകരിച്ചപ്പോൾ (2 ശമൂവൽ 12 കാണുക), അവൻ “എന്നെ കഴുകണമേ!” എന്നു പ്രാർത്ഥിച്ചു.  ''ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ'' (വാ. 7). വൃത്തികേടും കുറ്റബോധവും തോന്നുന്നുണ്ടോ? യേശുവിന്റെ അടുത്തേക്ക് ചെല്ലുക, ഈ വാക്കുകൾ ഓർമ്മിക്കുക: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9).

ആരാണ് സ്തുതിക്കു യോഗ്യൻ?

സർപ്പിള ഗോവണി മുതൽ വിശാലമായ കിടപ്പുമുറി വരെ, മാർബിൾ തറകൾ മുതൽ വിലകൂടിയ പരവതാനി വരെ, വലിയ അലക്കുമുറി മുതൽ നന്നായി ചിട്ടപ്പെടുത്തിയ ഓഫീസ് വരെ, റിയൽറ്റർ യുവ ദമ്പതികൾക്ക് ഒരു മികച്ച വീട് കാണിച്ചുകൊടുത്തു. അവർ തിരിഞ്ഞ ഓരോ കോണിലും അതിന്റെ ഭംഗിയെക്കുറിച്ച് അവർ പറഞ്ഞു: “നിങ്ങൾ ഞങ്ങൾക്ക് ഏറ്റവും നല്ല സ്ഥലം തിരഞ്ഞെടുത്തു. ഈ വീട് അതിശയകരമാണ്!” അപ്പോൾ റിയൽ എസ്റ്റേറ്റർ അൽപ്പം അസ്വാഭാവികമായി അവർക്കു തോന്നിതതും എന്നാൽ സത്യവുമായ ഒരു കാര്യം പറഞ്ഞു: “നിങ്ങളുടെ അഭിനന്ദനം ഞാൻ ബിൽഡർക്ക് കൈമാറും. വീടോ അത് കാണിച്ചുതരുന്നവനോ അല്ല, വീട് പണിതവനാണ് പ്രശംസ അർഹിക്കുന്നത്.”

റിയൽറ്ററുടെ വാക്കുകൾ എബ്രായലേഖന എഴുത്തുകാരനെ പ്രതിധ്വനിപ്പിക്കുന്നു: ''ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുണ്ട്'' (3:3). ദൈവപുത്രനായ യേശുവിന്റെ വിശ്വസ്തതയെ പ്രവാചകനായ മോശെയുമായി എഴുത്തുകാരൻ താരതമ്യം ചെയ്യുന്നു (വാ. 1-6). ദൈവത്തോട് മുഖാമുഖം സംസാരിക്കാനും അവന്റെ രൂപം കാണാനും മോശയ്ക്ക് പദവി ലഭിച്ചെങ്കിലും (സംഖ്യ 12:8), അവൻ അപ്പോഴും ദൈവത്തിന്റെ ഭവനത്തിൽ ഒരു “ദാസൻ” മാത്രമായിരുന്നു (എബ്രായർ 3:5). സ്രഷ്ടാവായ ക്രിസ്തു (1:2, 10) “എല്ലാറ്റിന്റെയും ദൈവിക നിർമ്മാതാവ്” എന്ന നിലയിലും “ദൈവത്തിന്റെ ഭവനത്തിൽ” പുത്രൻ എന്ന നിലയിലും ബഹുമാനം അർഹിക്കുന്നു (3:4, 6). ദൈവത്തിന്റെ ഭവനം അവന്റെ ജനമാണ്.

നാം ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുമ്പോൾ, ആ ബഹുമതി അർഹിക്കുന്നത് ദൈവിക നിർമ്മാതാവായ യേശുവാണ്. ദൈവത്തിന്റെ ഭവനമായ നമുക്ക് ലഭിക്കുന്ന ഏതൊരു സ്തുതിയും ആത്യന്തികമായി അവനുള്ളതാണ്.

 

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്

ഒന്നിനും ആകാശിനെ അവന്റെ കടുത്ത വിഷാദത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. ഒരു ട്രക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവനെ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഷനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് ഓപ്പറേഷനുകൾ കൊണ്ട് തകർന്ന എല്ലുകൾ നന്നാക്കിയെങ്കിലും അവനു ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. വിഷാദം ആരംഭിച്ചു. അവന്റെ കുടുംബത്തിന്റെ ഏക ആശ്രയം അവനായിരുന്നു. എന്നാൽ അവരെ പോറ്റാൻ അവനു കഴിയാതിരുന്നതിനാൽ അവന്റെ ലോകം കൂടുതൽ അന്ധകാരമയമായി.

ഒരു ദിവസം ഒരു സന്ദർശകൻ ആകാശിന് യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് അവന്റെ ഭാഷയിൽ വായിച്ചു കേൾപ്പിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യേശുവിലൂടെയുള്ള ദൈവത്തിന്റെ സൗജന്യ ദാനമായ ക്ഷമയുടെയും രക്ഷയുടെയും പ്രത്യാശയാൽ സ്പർശിക്കപ്പെട്ട ആകാശ് അവനിൽ വിശ്വാസം അർപ്പിച്ചു. അവന്റെ വിഷാദം പെട്ടെന്ന് വിട്ടുമാറി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു പറയാൻ അവൻ ആദ്യം ഭയപ്പെട്ടു. ഒടുവിൽ, അവൻ തന്റെ കുടുംബത്തോട് യേശുവിനെക്കുറിച്ച് പറഞ്ഞു-അവരിൽ ആറുപേർ യേശുവിൽ വിശ്വസിച്ചു!

യോഹന്നാന്റെ സുവിശേഷം അന്ധകാര ലോകത്തിൽ പ്രകാശ നാളമാണ്. അതിൽ നാം വായിക്കുന്നത് '[യേശുവിൽ] വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നു' (3:16) എന്നാണ്.  “[യേശുവിന്റെ] വചനം കേട്ട് അവനെ അയച്ചവനിൽ [ദൈവത്തിൽ] വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടെന്ന്” നാം കണ്ടെത്തുന്നു (5:24). യേശു പറയുന്നു, ''ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല'' (6:35). തീർച്ചയായും, “സത്യം പ്രവർത്തിക്കുന്നവനോ ... വെളിച്ചത്തിങ്കലേക്കു വരുന്നു” (3:21)

നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വലുതായിരിക്കാം, എന്നാൽ യേശു അതിലും വലിയവനാണ്. അവൻ വന്നത് നമുക്ക് ''ജീവൻ . . . സമൃദ്ധിയായി'' ഉണ്ടാകുവാൻ അത്രേ (10:10). ആകാശിനെപ്പോലെ, ലോകത്തിന്റെ പ്രത്യാശയും എല്ലാ മനുഷ്യരാശിയുടെയും വെളിച്ചവുമായ യേശുവിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക.

സഹായത്തിനായുള്ള ഒരു നിലവിളി

ഡേവിഡ് വില്ലിസ് വാട്ടര്‍‌സ്റ്റോൺസ് ബുക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയിലായിരുന്നു. അദ്ദേഹംം പെട്ടെന്ന് താഴേക്ക് വന്നപ്പോൾ ലൈറ്റുകൾ അണച്ചിരിക്കുന്നതും വാതിലുകൾ പൂട്ടിയിരിക്കുന്നതും കണ്ടു. അദ്ദേഹം കടയ്ക്കുള്ളിൽ കുടുങ്ങി! എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അദ്ദേഹം ട്വിറ്ററിലേക്ക് തിരിഞ്ഞ് ട്വീറ്റ് ചെയ്തു: ''ഹായ് @വാട്ടർ‍‌സ്റ്റോൺസ്. ഞാൻ ഇപ്പോൾ നിങ്ങളുടെ ട്രാഫൽഗർ സ്‌ക്വയർ ബുക്ക്‌സ്റ്റോറിനുള്ളിൽ 2 മണിക്കൂറായി പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ദയവായി എന്നെ പുറത്തു വിടൂ.'' ട്വീറ്റ് ചെയ്ത് അധികം താമസിയാതെ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി.

നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം ലഭിക്കാൻ ഒരു വഴി ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം സ്വയം ഉണ്ടാക്കിയ പ്രശ്‌നത്തിൽ കുടുങ്ങിപ്പോകുമ്പോൾ നമ്മുടെ നിലവിളികൾക്ക് ഉത്തരം തരുന്ന ഒരാളുണ്ടെന്ന് യെശയ്യാവ് പറഞ്ഞു. നിരുത്തരവാദപരമായി അവരുടെ മതപരമായ ഭക്തി അനുഷ്ഠിക്കുന്നതിന്റെ പേരിൽ ദൈവം തന്റെ ജനത്തെ കുറ്റം ചുമത്തിയതായി പ്രവാചകൻ എഴുതി. അവർ മതത്തിന്റെ ചലനങ്ങൾക്കൊപ്പം നീങ്ങുകയായിരുന്നു, എന്നാൽ ശൂന്യവും സ്വയം സേവിക്കുന്നതുമായ ആചാരങ്ങൾ ഉപയോഗിച്ച് ദരിദ്രരെ അടിച്ചമർത്തുന്നതിനെ അവർ മറയ്ക്കുകയായിരുന്നു (യെശയ്യാവ് 58:1-7). ഇത് ദൈവിക പ്രസാദം നേുന്നതായിരുന്നില്ല. ദൈവം തന്റെ ദൃഷ്ടി അവരിൽ നിന്ന് മറച്ചു, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയില്ല (1:15). അവൻ അവരോട് അനുതപിക്കാനും മറ്റുള്ളവരെ കരുതുന്ന തരത്തിലുള്ള ബാഹ്യപ്രവൃത്തികൾ അനുഷ്ഠിക്കാനും പറഞ്ഞു (58:6-7). അവർ അങ്ങനെ ചെയ്താൽ “അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും (ചെയ്താൽ)” (വാ. 9) അവൻ അവരോടു പറഞ്ഞു.

നമുക്ക് ദരിദ്രരോട് അടുക്കാം: “ഞാൻ ഇവിടെയുണ്ട്” എന്ന് അവരോടു പറയാം. അങ്ങനെ ചെയ്താൽൽ, സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം കേൾക്കുകയും, “ഞാൻ ഇവിടെയുണ്ട്” എന്ന് നമ്മോട് പറയുകയും ചെയ്യുന്നു.

ആത്മാവിൽ സ്വതന്ത്രൻ

ഓർവില്ലിനും വിൽബർ റൈറ്റിനും പൈലറ്റ് ലൈസൻസ് ഇല്ലായിരുന്നു. ഇരുവരും കോളേജിൽ പോയിട്ടില്ല. സ്വപ്‌നവും പറക്കാൻ ശ്രമിക്കാനുള്ള ധൈര്യവുമുള്ള സൈക്കിൾ മെക്കാനിക്കുകളായിരുന്നു അവർ. 1903 ഡിസംബർ 17-ന്, അവർ തങ്ങളുടെ റൈറ്റ് ഫ്‌ളൈയറിൽ നാല് പ്രാവശ്യം മാറിമാറി പറന്നു. ഏറ്റവും ദൈർഘ്യമേറിയത് ഒരു മിനിറ്റ് മാത്രം നീണ്ടുനിന്നതായിരുന്നു എങ്കിലും അതു നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

പത്രൊസിനോ യോഹന്നാനോ പ്രസംഗിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നു. രണ്ടുപേരും സെമിനാരിയിൽ പോയിട്ടില്ല. മത്സ്യത്തൊഴിലാളികളായിരുന്നു അവർ, എങ്കിലും യേശുവിന്റെ ആത്മാവിനാൽ നിറഞ്ഞു, ധൈര്യത്തോടെ സുവാർത്ത പ്രഖ്യാപിച്ചു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (പ്രവൃത്തികൾ 4:12). ).

റൈറ്റ് സഹോദരന്മാരുടെ അയൽക്കാർ അവരുടെ നേട്ടത്തെ അ്‌ന്നേരം അഭിനന്ദിച്ചില്ല. അവരുടെ ജന്മനാട്ടിലെ പത്രം അവരുടെ കഥ വിശ്വസിച്ചില്ല. അഥവാ ശരിയാണെങ്കിൽപ്പോലും, വിമാനങ്ങൾ വളരെ ഹ്രസ്വദൂരം മാത്രമേ പറന്നുള്ളു എന്നു പറഞ്ഞു. അവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് പൊതുജനങ്ങൾ തിരിച്ചറിയുന്നതിനും മുമ്പ് വിമാനങ്ങൾ പറപ്പിക്കാനും നവീകരിക്കാനും അവർക്ക് കുറച്ച് വർഷങ്ങൾ കൂടി വേണ്ടി വന്നു.

മതനേതാക്കന്മാർക്ക് പത്രൊസിനെയും യോഹന്നാനെയും ഇഷ്ടപ്പെട്ടില്ല, അവർ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് നിർത്താൻ അവരോട് ആജ്ഞാപിച്ചു. പത്രൊസ് പറഞ്ഞു: ''ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല'' (വാ. 20).

നിങ്ങൾ അംഗീകൃത പട്ടികയിൽ ഇല്ലായിരിക്കാം. ഒരുപക്ഷേ നിങ്ങൾ അങ്ങനെയുള്ളവരാൽ പരിഹസിക്കപ്പെട്ടേക്കാം. ഒരു പ്രശ്‌നവുമില്ല. നിങ്ങൾക്ക് യേശുവിന്റെ ആത്മാവുണ്ടെങ്കിൽ, അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്!