ഒരു ശരത്കാല പ്രഭാതത്തിൽ ജനാലകൾ തുറന്നപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഞാൻ കണ്ടത്. മൂടൽമഞ്ഞിന്റെ ഒരു മതിൽ. ”മരവിപ്പിക്കുന്ന മൂടൽമഞ്ഞ്,” കാലാവസ്ഥാ നിരീക്ഷകർ അതിനെ വിളിച്ചു. ഞങ്ങളുടെ സ്ഥലത്തു അപൂർവമായ, ഈ മൂടൽമഞ്ഞ് അതിലും വലിയ ആശ്ചര്യത്തോടെയാണ് വന്നത്: ഒരു മണിക്കൂറിനുള്ളിൽ നീലാകാശവും സൂര്യപ്രകാശവും എന്നുള്ള കാലാവസ്ഥാ പ്രവചനം. ”ഒരു മണിക്കൂറിനുള്ളിൽ” ”അസാധ്യം,” ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു. “നമുക്ക് കഷ്ടിച്ച് ഒരു കാൽ മുന്നിൽ കാണാൻ കഴിയും.” പക്ഷേ, ഒരു മണിക്കൂറിനുള്ളിൽ, മൂടൽമഞ്ഞ് മാഞ്ഞുപോയി, ആകാശം ഒരു വെയിൽ തെളിഞ്ഞ നീലയിലേക്ക് മാറി.
ഒരു ജനാലയ്ക്കരികിൽ നിന്നുകൊണ്ട്, ജീവിതത്തിൽ മൂടൽമഞ്ഞ് മാത്രം കാണുമ്പോൾ എന്റെ വിശ്വാസത്തിന്റെ നിലവാരത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, “എനിക്ക് കാണാൻ കഴിയുന്നതിൽ മാത്രമേ ഞാൻ ദൈവത്തെ വിശ്വസിക്കൂ എന്നാണോ?”
ഉസ്സീയാ രാജാവ് മരിക്കുകയും ചില അഴിമതിക്കാരായ ഭരണാധികാരികൾ യെഹൂദയിൽ അധികാരത്തിൽ വരികയും ചെയ്തപ്പോൾ, യെശയ്യാവ് സമാനമായ ഒരു ചോദ്യം ചോദിച്ചു. നമുക്ക് ആരെ വിശ്വസിക്കാം? യെശയ്യാവിനു വളരെ ശ്രദ്ധേയമായ ഒരു ദർശനം നൽകിക്കൊണ്ട് ദൈവം പ്രതികരിച്ചു. വരാനിരിക്കുന്ന മെച്ചപ്പെട്ട നാളുകൾക്കായി വർത്തമാനകാലത്ത് അവനെ വിശ്വസിക്കാൻ കഴിയുമെന്ന് അത് പ്രവാചകനെ ബോധ്യപ്പെടുത്തി. യെശയ്യാവ് പ്രകീർത്തിച്ചതുപോലെ, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3). പ്രവാചകൻ കൂട്ടിച്ചേർത്തു, “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ” (വാക്യം 4).
നമ്മുടെ മനസ്സ് ദൈവത്തിൽ ഉറപ്പിക്കുമ്പോൾ, മൂടൽമഞ്ഞ് നിറഞ്ഞ സമയത്തും ആശയക്കുഴപ്പമുള്ള സമയത്തും നമുക്ക് അവനിൽ ആശ്രയിക്കാൻ കഴിയും. നമുക്ക് ഇപ്പോൾ അത് വ്യക്തമായി കാണാനാകില്ല, പക്ഷേ നാം ദൈവത്തെ വിശ്വസിക്കുകയാണെങ്കിൽ, അവന്റെ സഹായം വന്നുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് ഉറപ്പിക്കാം.
ജീവിതം മൂടൽമഞ്ഞ് നിറഞ്ഞതും ആശയക്കുഴപ്പമുള്ളതുമായി കാണുമ്പോൾ, നിങ്ങൾക്ക് എവിടെ നിങ്ങളുടെ ആശ്രയം വയ്ക്കാനാകും? ഇന്നത്തെ പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ നിത്യദൈവത്തിലേക്ക് നിങ്ങളുടെ മനസ്സിനെ എങ്ങനെ തിരിക്കാം?
പ്രിയ ദൈവമേ, ലോകം ഇന്ന് മൂടൽമഞ്ഞ് നിറഞ്ഞതും ആശയക്കുഴപ്പമുള്ളതുമായി കാണപ്പെടുന്നു. അതിനാൽ എനിക്ക് എന്നേക്കും വിശ്വസിക്കാൻ കഴിയുന്ന അങ്ങയിൽ എന്റെ മനസ്സ് ഉറപ്പിക്കാൻ എന്നെ സഹായിക്കണമേ.