എന്റെ ബാല്യകാലത്ത് ഞങ്ങളുടെ അയൽപക്കത്തുള്ള റസ്റ്റോറന്റിലെ പ്രോട്ടോക്കോളുകൾ 1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും നിലവിലിരുന്ന സാമൂഹികവും വംശീയവുമായ രീതികളുമായി പൊരുത്തപ്പെടുന്നവയായിരുന്നു. അടുക്കള സഹായികൾ-മേരി, പാചകക്കാരി, എന്നെപ്പോലെ പാത്രം കഴുകുന്നവർ-കറുത്തവരായിരുന്നു; എന്നിരുന്നാലും, റെസ്റ്റോറന്റിലെ മുതലാളിമാർ വെള്ളക്കാരായിരുന്നു. കറുത്തവർഗ്ഗക്കാരായ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാമായിരുന്നു, പക്ഷേ അവർ അത് പിൻവാതിലിൽ വന്ന് വാങ്ങേണ്ടിവന്നു. അത്തരം നയങ്ങൾ ആ കാലഘട്ടത്തിൽ കറുത്തവർഗ്ഗക്കാരോടുള്ള അസമത്വത്തെ ശക്തിപ്പെടുത്തി. അതിനുശേഷം നാം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ആളുകൾ എന്ന നിലയിൽ നമ്മൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വളർച്ചയ്ക്ക് ഇനിയും ഇടമുണ്ട്.
റോമർ 10:8-13 പോലുള്ള തിരുവെഴുത്തുകൾ ദൈവകുടുംബത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഉണ്ടെന്ന് കാണാൻ നമ്മെ സഹായിക്കുന്നു; അവിടെ പിൻവാതിൽ ഇല്ല. എല്ലാവരും ഒരേ വഴിയിൽ – ശുദ്ധീകരണത്തിനും പാപമോചനത്തിനും വേണ്ടിയുള്ള യേശുവിന്റെ മരണത്തിലുള്ള വിശ്വാസത്തിലൂടെ – പ്രവേശിക്കുന്നു. ഈ പരിവർത്തനാനുഭവത്തിന്റെ ബൈബിൾ പദം രക്ഷിക്കപ്പെട്ടവർ എന്നാണ് (വാ. 9, 13). നിങ്ങളുടെയോ മറ്റുള്ളവരുടെയോ സാമൂഹിക സാഹചര്യമോ വംശീയ നിലയോ സമവാക്യത്തിൽ പെടുന്നില്ല. തിരുവെഴുത്തുകൾ പറയുന്നതുപോലെ, “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല.” അതിനാൽ യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു” (വാ. 11-12). യേശുവിനെക്കുറിച്ചുള്ള ബൈബിൾ സന്ദേശം നിങ്ങളുടെ ഹൃദയത്തിൽ വിശ്വസിക്കുന്നുണ്ടോ? കുടുംബത്തിലേക്ക് സ്വാഗതം!
യേശുവിലൂടെയുള്ള പാപമോചനത്തെക്കുറിച്ചുള്ള ബൈബിൾ സന്ദേശം നിങ്ങൾ വിശ്വസിച്ചു എന്നതിന് നിങ്ങളുടെ ജീവിതത്തിൽ എന്ത് തെളിവാണുള്ളത്? ക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്ത കേൾക്കേണ്ട ആരെയാണ് നിങ്ങൾക്കറിയാവുന്നത്?
പിതാവേ, യേശുവിനെ അയയ്ക്കാൻ തക്കവണ്ണം അങ്ങ് ലോകത്തെ അത്രമാത്രം സ്നേഹിച്ചതിൽ എന്റെ ഹൃദയം സന്തോഷിക്കുന്നു.