ഞാൻ അടുത്തിടെ ഗ്രീസിലെ ഏഥൻസ് സന്ദർശിച്ചു. തത്ത്വചിന്തകർ പഠിപ്പിക്കുവാനും ഏഥൻസുകാർ ആരാധിക്കുവാനും ഒത്തുകൂടിയിരുന്ന അതിന്റെ പുരാതന അഗോറ (ചന്ത)യ്ക്കു ചുറ്റും നടക്കുമ്പോൾ, അപ്പോളോയ്ക്കും സ്യൂസിനും വേണ്ടിയുള്ള ബലിപീഠങ്ങൾ കണ്ടെത്തി. എല്ലാം അക്രോപോലീസിന്റെ നിഴലിലായിരുന്നു. അഥേന ദേവിയുടെ ഒരു പ്രതിമയും അവിടെ ഉണ്ടായിരുന്നു.

ഇന്ന് നമ്മൾ അപ്പോളോയെയോ സ്യൂസിനെയോ വണങ്ങുന്നില്ലായിരിക്കാം, പക്ഷേ സമൂഹം മതപരമായ കാര്യത്തിൽ അതിലൊട്ടും പിന്നിലല്ല. “എല്ലാവരും ആരാധിക്കുന്നു,” നോവലിസ്റ്റ് ഡേവിഡ് ഫോസ്റ്റർ വാലസ് പറഞ്ഞു, എന്നിട്ട് ഈ മുന്നറിയിപ്പ് അദ്ദേഹം കൂട്ടിച്ചേർത്തു: “നിങ്ങൾ പണത്തെയും വസ്തുക്കളെയും ആരാധിക്കുകയാണെങ്കിൽ . . . അപ്പോൾ നിങ്ങൾക്ക് ഒരിക്കലും മതിവരില്ല. . . . നിങ്ങളുടെ ശരീരത്തെയും സൗന്ദര്യത്തെയും ആരാധിക്കുക. . . നിങ്ങൾക്ക് എപ്പോഴും വൃത്തികെട്ടതായി തോന്നുും. . . . നിങ്ങളുടെ ബുദ്ധിയെ ആരാധിക്കുക. . . നിങ്ങൾ മണ്ടരാണെന്നു തോന്നും.” നമ്മുടെ മതേതര ലോകത്തിന് അതിന്റേതായ ദൈവങ്ങളുണ്ട്, അവർ ദയയുള്ളവരല്ല.

അഗോറ സന്ദർശിച്ചപ്പോൾ പൗലൊസ്പ റഞ്ഞു, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു” (പ്രവൃത്തികൾ 17:22). എല്ലാവരുടെയും സ്രഷ്ടാവായ ഏക സത്യദൈവത്തെക്കുറിച്ച് അപ്പൊസ്തലൻ വിവരിച്ചു (വാ. 24-26), മനുഷ്യർ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവനും യേശുവിന്റെ പുനരുത്ഥാനത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയവനുമായ ദൈവമാണവൻ (വാക്യം 31). അപ്പോളോയെയും സ്യൂസിനെയും പോലെ, ഈ ദൈവം മാനുഷിക കൈകളാൽ നിർമ്മിക്കപ്പെട്ടവനല്ല. പണം, നേട്ടം, ബുദ്ധി എന്നിവയെ പോലെയല്ല, അവനെ ആരാധിക്കുന്നത് നമ്മെ നശിപ്പിക്കയില്ല.

നമുക്ക് ലക്ഷ്യവും സുരക്ഷിതത്വവും നൽകാൻ നാം ആശ്രയിക്കുന്നതെന്തും നമ്മുടെ ‘ദൈവം’ ആണ്. ഭാഗ്യവശാൽ, എല്ലാ ഭൗമിക ദൈവങ്ങളും നമ്മെ പരാജയപ്പെടുത്തുമ്പോൾ, ഏക സത്യദൈവം നമുക്കു കണ്ടെത്താൻ കഴിയുംവിധം അടുത്തിരിക്കുന്നവനാണ് (വാ. 27).