ഞാൻ എന്റെ അമ്മയുമായി കലഹത്തിലായ ശേഷം, ഒടുവിൽ എന്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂറിലധികം ദൂരെയുള്ള ഒരു സ്ഥലത്തുവെച്ച് എന്നെ കാണാൻ അമ്മ സമ്മതിച്ചു. എന്നാൽ അവിടെ എത്തിയപ്പോൾ, ഞാൻ അവിടെ എത്തുന്നതിന് മുമ്പ് അമ്മ അവിടെനിന്നു പോയി എന്ന് ഞാൻ മനസ്സിലാക്കി. എന്റെ ദേഷ്യത്തിൽ ഞാൻ അമ്മയ്ക്ക് ഒരു കുറിപ്പെഴുതി. എന്നാൽ സ്‌നേഹത്തിൽ പ്രതികരിക്കാൻ ദൈവം എന്നെ പ്രേരിപ്പിക്കുന്നതായി തോന്നിയതിനെ തുടർന്ന് ഞാൻ അത് മാറ്റിയെഴുതി. അമ്മ എന്റെ സന്ദേശം വായിച്ചതിനുശേഷം, എന്നെ വിളിച്ചു. “നീ മാറിപ്പോയി,” അമ്മ പറഞ്ഞു. യേശുവിനെക്കുറിച്ച് ചോദിക്കാനും ഒടുവിൽ അവനെ അവളുടെ സ്വന്ത രക്ഷകനായി സ്വീകരിക്കാനും എന്റെ അമ്മയെ നയിക്കാൻ ദൈവം എന്റെ കുറിപ്പ് ഉപയോഗിച്ചു.

മത്തായി 5-ൽ, തന്റെ ശിഷ്യന്മാർ ലോകത്തിന്റെ വെളിച്ചമാണെന്ന് യേശു സ്ഥിരീകരിക്കുന്നു (വാ. 14). അവൻ പറഞ്ഞു, “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ’’ (വാ. 16). ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചാലുടൻ നമുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കുന്നു. അവൻ നമ്മെ രൂപാന്തരപ്പെടുത്തുന്നു, അങ്ങനെ നാം എവിടെ പോയാലും ദൈവത്തിന്റെ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉജ്ജ്വലമായ സാക്ഷികളാകാൻ നമുക്കു കഴിയും.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് ഓരോ ദിവസവും യേശുവിനെപ്പോലെ കൂടുതൽ കൂടുതൽ കാണപ്പെടുന്ന പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷകരമായ വെളിച്ചങ്ങളാകാം. നാം ചെയ്യുന്ന ഓരോ നല്ല കാര്യവും നന്ദിയുള്ള ആരാധനയുടെ ഒരു പ്രവൃത്തിയായി മാറുന്നു, അത് മറ്റുള്ളവർക്ക് ആകർഷകമായി തോന്നുകയും ഊർജ്ജസ്വലമായ വിശ്വാസമായി മനസ്സിലാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനു കീഴടങ്ങുമ്പോൾ, പുത്രന്റെ – യേശുവിന്റെ – വെളിച്ചം പ്രതിഫലിപ്പിച്ചുകൊണ്ട് നമുക്ക് പിതാവിനെ ബഹുമാനിക്കാം.