അനുകമ്പയുള്ള ഒരു സന്നദ്ധസേവകൻ തന്റെ വീരോചിതമായ പ്രവൃത്തികൾക്ക് “കാവൽ മാലാഖ” എന്ന് വിളിക്കപ്പെട്ടു. ജെയ്ക്ക് മന്ന ജോലിസ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടിരുന്ന ഇടത്തുനിന്നാണ്, കാണാതായ അഞ്ചു വയസ്സുകാരിയെ കണ്ടെത്താനുള്ള അടിയന്തര തിരച്ചിലിൽ പങ്കാളിയായത്. അയൽക്കാർ അവരുടെ ഗാരേജുകളിലും മുറ്റത്തും തിരഞ്ഞപ്പോൾ, മന്ന കാല്പാടുകൾ നോക്കി അടുത്തുള്ള വനപ്രദേശത്തേക്ക് നടക്കുകയും അവിടെ ഒരു ചതുപ്പിൽ അരയോളം ആഴത്തിൽ താണുപോയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. അവൻ ആ ചേറിലേക്കിറങ്ങി കുട്ടിയെ രക്ഷിച്ച് അവളെ കേടുപാടുകൾ കൂടാതെ വീട്ടിലേക്കു കൊണ്ടുവന്നു. ചേറുപുരണ്ട കുഞ്ഞിനെ അവളുടെ അമ്മയെ ഏല്പിച്ചു. നന്ദിയോടെ അവൾ കുഞ്ഞിനെ ഏറ്റുവാങ്ങി.

ആ കൊച്ചു പെൺകുട്ടിയെപ്പോലെ ദാവീദും വിടുതൽ അനുഭവിച്ചു. കരുണയ്ക്കായുള്ള തന്റെ ഹൃദയംഗമമായ നിലവിളികളോട് ദൈവം പ്രതികരിക്കുന്നതിനായി സങ്കീർത്തനക്കാരൻ “ക്ഷമയോടെ കാത്തിരുന്നു” (സങ്കീർത്തനം 40:1). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു, അവന്റെ സാഹചര്യങ്ങളുടെ “നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും” അവനെ രക്ഷിച്ചുകൊണ്ട് പ്രതികരിച്ചു (വാ. 2) – ദാവീദിന്റെ ജീവിതത്തിന് ഉറപ്പുള്ള അടിത്തറ നൽകി. ജീവിതത്തിന്റെ ചെളി നിറഞ്ഞ ചതുപ്പിൽ നിന്നുള്ള ഭൂതകാല രക്ഷാപ്രവർത്തനങ്ങൾ സ്തുതിഗീതങ്ങൾ ആലപിക്കാനും ഭാവി സാഹചര്യങ്ങളിൽ ദൈവത്തെ ആശ്രയിക്കാനും തന്റെ കഥ മറ്റുള്ളവരുമായി പങ്കിടാനുമുള്ള അവന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി (വാ. 3-4).

സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യ കലഹങ്ങൾ, അപര്യാപ്തതയുടെ വികാരങ്ങൾ എന്നിങ്ങനെയുള്ള ജീവിത വെല്ലുവിളികളിൽ നാം അകപ്പെടുമ്പോൾ, നമുക്ക് ദൈവത്തോട് നിലവിളിക്കുകയും അവൻ പ്രതികരിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യാം (വാ. 1). അവിടുന്ന് അവിടെയുണ്ട്, നമ്മുടെ ആവശ്യസമയത്ത് നമ്മെ സഹായിക്കാനും നമുക്ക് നിൽക്കാൻ ഒരു ഉറച്ച ഇടം നൽകാനും അവിടുന്നു തയ്യാറാണ്.