എലെയ്ൻ ക്യാൻസറിന്റെ സങ്കീർണ്ണമായി അവസ്ഥയിലാണെന്നു കണ്ടെത്തിയപ്പോൾ, അവൾ യേശുവിനോടൊപ്പം ചേരാൻ അധികനാളില്ല എന്ന് അവൾക്കും അവളുടെ ഭർത്താവ് ചക്കിനും മനസ്സിലായി. തങ്ങളുടെ അമ്പത്തിനാല് വർഷത്തെ ഏറ്റവും ആഴമേറിയതും പ്രയാസമേറിയതുമായ താഴ്വരയിലൂടെ ഒരുമിച്ചുള്ള യാത്രയിൽ ദൈവം തങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന സങ്കീർത്തനം 23-ലെ വാഗ്ദത്തത്തെ ഇരുവരും നിധിപോലെ സൂക്ഷിച്ചിരുന്നു. ദശാബ്ദങ്ങൾക്കുമുമ്പ് യേശുവിൽ വിശ്വാസം അർപ്പിച്ച എലെയ്ൻ യേശുവിനെ കാണാൻ ഒരുക്കമായിരുന്നു എന്ന വസ്തുതയിൽ അവർ പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ ഭാര്യയുടെ അനുസ്മരണ ചടങ്ങിൽ, താൻ ഇപ്പോഴും “മരണനിഴൽ താഴ്വരയിലൂടെ’’ സഞ്ചരിക്കുകയാണെന്ന് ചക്ക് പറഞ്ഞു (സങ്കീർത്തനം 23:4). ഭാര്യയുടെ സ്വർഗ്ഗ ജീവിതം അപ്പോഴേക്കും തുടങ്ങിയിരുന്നു. എന്നാൽ “മരണത്തിന്റെ നിഴൽ’’ അപ്പോഴും അദ്ദേഹത്തോടും എലെയ്നെ അത്യധികം സ്നേഹിച്ചിരുന്ന മറ്റുള്ളവരോടും ഒപ്പമുണ്ടായിരുന്നു.
മരണനിഴൽ താഴ് വരയിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മുടെ വെളിച്ചത്തിന്റെ ഉറവിടം എവിടെ കണ്ടെത്താനാകും? അപ്പൊസ്തലനായ യോഹന്നാൻ പ്രഖ്യാപിക്കുന്നു: ”ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല” (1 യോഹന്നാൻ 1:5). യോഹന്നാൻ 8:12-ൽ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: ”ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.”
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നാം “അവന്റെ മുഖപ്രകാശത്തിൽ നടക്കുന്നു’’ (സങ്കീർത്തനം 89:15). ഇരുണ്ട നിഴലിലൂടെ നാം സഞ്ചരിക്കുമ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നും പ്രകാശത്തിന്റെ ഉറവിടമാകുമെന്നും നമ്മുടെ ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്.
നിങ്ങൾ ഏത് താഴ് വരയിലൂടെയാണ് നടന്നിരുന്നത്? ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ഏതാണ് നിങ്ങളുടെ യാത്രയ്ക്ക് വെളിച്ചം നൽകുന്നത്?
സ്നേഹവാനായ ദൈവമേ, എന്നെ ഒരിക്കലും കൈവിടില്ലെന്ന അങ്ങയുടെ വാഗ്ദത്തങ്ങൾക്കു നന്ദി. എന്റെ ജീവിതത്തിലുടനീളം അങ്ങയുടെ ശക്തിയും എനിക്കുള്ള കരുതലും എന്റെ സന്തോഷവും അവിടുന്നാണെന്നു ഞാൻ വിശ്വസിക്കുന്നു.