ഹൈപ്പർതൈമേഷ്യ എന്ന അവസ്ഥയോടെയാണ് ജിൽ പ്രൈസ് ജനിച്ചത്: തനിക്ക് സംഭവിച്ചതെല്ലാം അസാധാരണമാം വിധം വിശദമായി ഓർമ്മിക്കാനുള്ള കഴിവ്. അവളുടെ ജീവിതകാലത്ത് അവൾ അനുഭവിച്ച ഏതൊരു സംഭവത്തിന്റെയും കൃത്യമായ വിവരങ്ങൾ അവളുടെ മനസ്സിൽ ആവർത്തിക്കാനാകും.
അൺഫോർഗെറ്റബിൾ എന്ന ടിവി ഷോ ഹൈപ്പർതൈമേഷ്യ ബാധിച്ച ഒരു വനിതാ പോലീസ് ഓഫീസറെ മുൻനിർത്തിയായിരുന്നു-അവർക്ക് ട്രിവിയ ഗെയിമുകളിലും കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിലും അതു വലിയ നേട്ടമായിരുന്നു. ജിൽ പ്രൈസിനെ സംബന്ധിച്ചിടത്തോളം, ഈ അവസ്ഥ അത്ര രസകരമല്ല. വിമർശിക്കപ്പെടുകയോ, നഷ്ടം അനുഭവിക്കുകയോ, അഗാധമായി പശ്ചാത്തപിക്കുന്ന എന്തെങ്കിലും ചെയ്യുകയോ ചെയ്ത ജീവിതത്തിലെ നിമിഷങ്ങൾ അവൾക്ക് മറക്കാൻ കഴിയുമായിരുന്നില്ല. അവൾ വീണ്ടും വീണ്ടും ആ രംഗങ്ങൾ അവളുടെ തലയിൽ വീണ്ടും ആവർത്തിക്കുന്നു.
നമ്മുടെ ദൈവം സർവ്വജ്ഞാനിയാണ് (ഒരുപക്ഷേ ഒരുതരം ദിവ്യമായ ഹൈപ്പർതൈമേഷ്യ): അവന്റെ ജ്ഞാനത്തിന് പരിധിയില്ലെന്ന് ബൈബിൾ നമ്മോട് പറയുന്നു. എന്നിട്ടും യെശയ്യാവിൽ ഏറ്റവും ആശ്വാസദായകമായ ഒരു കാര്യം നാം കണ്ടെത്തുന്നു: ”ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” (43:25). എബ്രായലേഖനം ഇതിനെ ബലപ്പെടുത്തുന്നു: ”ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു … [നമ്മുടെ] പാപങ്ങളെയും അകൃത്യങ്ങളെയും [ദൈവം] ഇനി ഓർക്കയുമില്ല” (എബ്രായർ 10:10, 17).
നമ്മുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുമ്പോൾ, നമ്മുടെ മനസ്സിൽ അവ വീണ്ടും വീണ്ടും ഓർക്കുന്നത് നിർത്താം. അവൻ ചെയ്യുന്നതുപോലെ നാം അവയെ വിട്ടുകളയേണ്ടതുണ്ട്: ”മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ” (യെശയ്യാവ് 43:18). അവന്റെ മഹത്തായ സ്നേഹത്തിൽ, നമുക്കെതിരെയുള്ള നമ്മുടെ പാപങ്ങൾ ഓർക്കാതിരിക്കാൻ ദൈവം തിരഞ്ഞെടുക്കുന്നു. അത് നമുക്ക് ഓർക്കാം.
എന്ത് തെറ്റായ കാര്യമാണ് നിങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുന്നതും വീണ്ടും വീണ്ടും ഓർക്കുന്നതും? അവയെ എങ്ങനെ ദൈവത്തിനു നൽകുകയും ഭൂതകാലത്തെ ഉപേക്ഷിക്കുകയും ചെയ്യാം?
പ്രിയ ദൈവമേ, എന്റെ പാപങ്ങൾ ക്ഷമിക്കുന്നതിനും മറക്കുന്നതിനും നന്ദി പറയുന്നു.