ഞായറാഴ്ച രാവിലത്തെ ഞങ്ങളുടെ ആരാധനയ്ക്കുശേഷം വിളക്കുകൾ അണയ്ക്കുന്നതിനും പള്ളി പൂട്ടുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ആ വ്യക്തിയെക്കുറിച്ച് എനിക്ക് ഒരു കാര്യം അറിയാം: അദ്ദേഹത്തിന്റെ ഞായറാഴ്ചത്തെ അത്താഴം വൈകും. കാരണം, നിരവധി ആളുകൾ ആരാധന കഴിഞ്ഞ് ചുറ്റിക്കറങ്ങാനും ജീവിത തീരുമാനങ്ങൾ, ഹൃദയപ്രശ്നങ്ങൾ, പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചും മറ്റും പരസ്പരം സംസാരിക്കാനും ഇഷ്ടപ്പെടുന്നു. ആരാധന കഴിഞ്ഞ് ഇരുപത് മിനിറ്റിനുശേഷം ചുറ്റും നോക്കിയാൽ നിരവധി ആളുകൾ ഇപ്പോഴും പരസ്പരം സംസാരിച്ചിരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്.
ക്രിസ്തുതുല്യമായ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ് കൂട്ടായ്മ. സഹവിശ്വാസികളോടൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ ലഭിക്കുന്ന പരസ്പര ബന്ധം ഇല്ലെങ്കിൽ, ഒരു വിശ്വാസി എന്ന നിലയിലുള്ള നിരവധി നേട്ടങ്ങൾ നമുക്ക് നഷ്ടമാകും.
ഉദാഹരണത്തിന്, നമുക്ക് ”അന്യോന്യം പ്രബോധിപ്പിക്കാനും അന്യോന്യം ആത്മിക വർദ്ധനവരുത്താനും” കഴിയുമെന്ന് പൗലൊസ് പറയുന്നു (1 തെസ്സലൊനീക്യർ 5:11). “തമ്മിൽ പ്രബോധിപ്പിക്കുവാൻ” (10:25) ഒരുമിച്ചുകൂടുന്നത് അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ട് എബ്രായ ലേഖന കർത്താവ് അതിനോടു യോജിക്കുന്നു. നമ്മൾ ഒരുമിച്ചായിരിക്കുമ്പോൾ, “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പിൻ’ (വാ. 24) എന്ന് എഴുത്തുകാരൻ പറയുന്നു.
യേശുവിനു വേണ്ടി ജീവിക്കാൻ സമർപ്പിതരായ ആളുകൾ എന്ന നിലയിൽ, “ബലഹീനരെ താങ്ങുവാനും,” “എല്ലാവരോടും ദീർഘക്ഷമ കാണിക്കാനും’’ (1 തെസ്സലൊനീക്യർ 5:14) വിശ്വസ്തതയ്ക്കും സേവനത്തിനും നാം സ്വയം തയ്യാറെടുക്കുന്നു. അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ആ വിധത്തിൽ ജീവിക്കുന്നത്, യഥാർത്ഥ കൂട്ടായ്മ ആസ്വദിക്കാനും “തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്യാനും’’ (വാക്യം 15) അനുവദിക്കുന്നു.
വിശ്വാസികളോടൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? ക്രിസ്തുവിലുള്ള കൂട്ടായ്മ അനുഭവിക്കാൻ നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാനാകും?
പ്രിയപ്പെട്ട ദൈവമേ, മറ്റുള്ളവരെ സ്നേഹത്തിലും അനുകമ്പയിലും ഉദാരമായി പ്രോത്സാഹിപ്പിക്കുന്ന ഒരു “കൂട്ടായ്മക്കാരൻ’’ ആകാൻ എന്നെ സഹായിക്കണമേ.