“നീ ആ നക്ഷത്രം കണ്ടെത്തുകയാണെങ്കിൽ, നിനക്ക് എല്ലായ്‌പ്പോഴും വീട്ടിലേക്കുള്ള വഴി കണ്ടെത്താനാകും.’’ കുട്ടിക്കാലത്ത് ധ്രുവനക്ഷത്രം എങ്ങനെ കണ്ടെത്താമെന്ന് എന്നെ പഠിപ്പിച്ചപ്പോൾ പിതാവ് പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് യുദ്ധസമയത്ത് സായുധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, രാത്രി ആകാശത്തെ നോക്കിക്കൊണ്ടു സഞ്ചരിക്കാൻ കഴിയുന്നതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനാൽ, നിരവധി നക്ഷത്രസമൂഹങ്ങളുടെ പേരുകളും സ്ഥാനങ്ങളും എനിക്കറിയാമെന്ന് അദ്ദേഹം ഉറപ്പു വരുത്തി, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം പോളാരിസിനെ (ഉത്തരധ്രുവ നക്ഷത്രം) കണ്ടെത്താൻ എനിക്കു കഴിയുന്നുണ്ടോ എന്നതായിരുന്നു. ആ നക്ഷത്രത്തിന്റെ സ്ഥാനം അറിയുന്നത് അർത്ഥമാക്കുന്നത് ഞാൻ എവിടെയായിരുന്നാലും ദിശാബോധം നേടാനും ഞാൻ എത്തേണ്ട സ്ഥലം കണ്ടെത്താനും എനിക്ക് കഴിയും എന്നാണ്.

സുപ്രധാനമായ മറ്റൊരു നക്ഷത്രത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നു. ”കിഴക്കുനിന്നുള്ള വിദ്വാന്മാർ” (ഇന്ന് ഇറാനും ഇറാഖും വലയം ചെയ്യുന്ന ഒരു പ്രദേശത്തു നിന്നുള്ളവർ) തന്റെ ജനത്തിന് ദൈവത്തിന്റെ രാജാവായിരിക്കേണ്ടവന്റെ ജനനത്തിന്റെ അടയാളങ്ങൾ ആകാശത്ത് നിരീക്ഷിച്ചുകൊണ്ടിരുന്നു. അവർ യെരൂശലേമിൽ വന്നു ചോദിച്ചു: “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്‌കരിപ്പാൻ വന്നിരിക്കുന്നു” (മത്തായി 2:1-2).

ബെത്‌ലഹേമിലെ നക്ഷത്രം പ്രത്യക്ഷപ്പെടാൻ കാരണമെന്താണെന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് അറിയില്ല, എന്നാൽ ലോകത്തിന് യേശുവിനെ –“ശുഭ്രമായ ഉദയ നക്ഷത്രം’’ – ചൂണ്ടിക്കാണിക്കാൻ അതിനെ ദൈവം സൃഷ്ടിച്ചുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു (വെളിപ്പാട് 22:16). നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനും ദൈവത്തിലേക്ക് തിരികെ നയിക്കാനുമാണ് ക്രിസ്തു വന്നത്. അവനെ പിന്തുടരുക, നിങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തും.