Month: ഡിസംബര് 2023

പ്രത്യാശയുടെ വെളിച്ചം

ക്യാൻസർ കെയർ സെന്ററിലെ കട്ടിലിനരികിൽ അമ്മയുടെ തിളങ്ങുന്ന ചുവന്ന കുരിശ് തൂക്കിയിടേണ്ടതായിരുന്നു. അമ്മയുടെ ചികിത്സാ ക്രമീകരണങ്ങൾക്കിടയിൽ ക്രമീകരിച്ച അവധിക്കാല സന്ദർശനങ്ങൾക്കായി ഞാൻ തയ്യാറെടുക്കേണ്ടതായിരുന്നു. ക്രിസ്മസിന് ഞാൻ ആഗ്രഹിച്ചത് എന്റെ അമ്മയോടൊപ്പം മറ്റൊരു ദിവസം മാത്രമാണ്. പകരം ഞാൻ വീട്ടിലായിരുന്നു. . . അമ്മയുടെ കുരിശ് ഒരു ക്രിസ്തുമസ് ട്രീയിൽ തൂക്കിയിരിക്കുന്നു.

എന്റെ മകൻ സേവ്യർ ലൈറ്റ് ഇട്ടപ്പോൾ ഞാൻ മന്ത്രിച്ചു, “താങ്ക്‌സ്.’’ അവൻ പറഞ്ഞു, “യു ആർ വെൽകം.’’ മിന്നുന്ന ബൾബുകൾ ഉപയോഗിച്ച് എന്റെ കണ്ണുകളെ പ്രത്യാശയുടെ എക്കാലവും നിലനിൽക്കുന്ന വെളിച്ചത്തിലേക്ക് - യേശുവിലേക്ക് - തിരിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുകയാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു.

42-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ തന്റെ സ്വാഭാവിക വികാരങ്ങളെ ദൈവത്തോട് പ്രകടിപ്പിച്ചു (വാ. 1-4). വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് അവൻ തന്റെ “തളർന്നതും വിഷാദിച്ചതുമായ’’ ആത്മാവിനെ അംഗീകരിച്ചു: “ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു’’ (വാ. 5). അവൻ ദുഃഖത്തിന്റെയും കഷ്ടപ്പാടുകളുടെയും തിരമാലകളാൽ കീഴടക്കപ്പെട്ടെങ്കിലും, സങ്കീർത്തനക്കാരന്റെ പ്രത്യാശ ദൈവത്തിന്റെ ഭൂതകാല വിശ്വസ്തതയുടെ സ്മരണയിലൂടെ പ്രകാശിച്ചു (വാ. 6-10). തന്റെ സംശയങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തന്റെ ശുദ്ധീകരിക്കപ്പെട്ട വിശ്വാസത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ടും അവൻ അവസാനിപ്പിച്ചു: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും'' (വാ. 11).

നമ്മിൽ പലർക്കും, ക്രിസ്തുമസ് സീസൺ സന്തോഷവും സങ്കടവും ഉണർത്തുന്നു. സന്തോഷകരമെന്നു പറയട്ടെ, പ്രത്യാശയുടെ യഥാർത്ഥ വെളിച്ചമായ യേശുവിന്റെ വാഗ്ദത്തങ്ങളിലൂടെ ഈ സമ്മിശ്ര വികാരങ്ങൾ പോലും നിരപ്പിക്കാനും വീണ്ടെടുക്കാനും നമുക്കു കഴിയും.

 

ക്ഷമിക്കുകയും മറക്കുകയും

ഹൈപ്പർതൈമേഷ്യ എന്ന അവസ്ഥയോടെയാണ് ജിൽ പ്രൈസ് ജനിച്ചത്: തനിക്ക് സംഭവിച്ചതെല്ലാം അസാധാരണമാം വിധം വിശദമായി ഓർമ്മിക്കാനുള്ള കഴിവ്. അവളുടെ ജീവിതകാലത്ത് അവൾ അനുഭവിച്ച ഏതൊരു സംഭവത്തിന്റെയും കൃത്യമായ വിവരങ്ങൾ അവളുടെ മനസ്സിൽ ആവർത്തിക്കാനാകും.

അൺഫോർഗെറ്റബിൾ എന്ന ടിവി ഷോ ഹൈപ്പർതൈമേഷ്യ ബാധിച്ച ഒരു വനിതാ പോലീസ് ഓഫീസറെ മുൻനിർത്തിയായിരുന്നു-അവർക്ക് ട്രിവിയ ഗെയിമുകളിലും കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിലും അതു വലിയ നേട്ടമായിരുന്നു. ജിൽ പ്രൈസിനെ സംബന്ധിച്ചിടത്തോളം, ഈ അവസ്ഥ അത്ര രസകരമല്ല. വിമർശിക്കപ്പെടുകയോ, നഷ്ടം അനുഭവിക്കുകയോ, അഗാധമായി പശ്ചാത്തപിക്കുന്ന എന്തെങ്കിലും ചെയ്യുകയോ ചെയ്ത ജീവിതത്തിലെ നിമിഷങ്ങൾ അവൾക്ക് മറക്കാൻ കഴിയുമായിരുന്നില്ല. അവൾ വീണ്ടും വീണ്ടും ആ രംഗങ്ങൾ അവളുടെ തലയിൽ വീണ്ടും ആവർത്തിക്കുന്നു.

നമ്മുടെ ദൈവം സർവ്വജ്ഞാനിയാണ് (ഒരുപക്ഷേ ഒരുതരം ദിവ്യമായ ഹൈപ്പർതൈമേഷ്യ): അവന്റെ ജ്ഞാനത്തിന് പരിധിയില്ലെന്ന് ബൈബിൾ നമ്മോട് പറയുന്നു. എന്നിട്ടും യെശയ്യാവിൽ ഏറ്റവും ആശ്വാസദായകമായ ഒരു കാര്യം നാം കണ്ടെത്തുന്നു: ''ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല'' (43:25). എബ്രായലേഖനം ഇതിനെ ബലപ്പെടുത്തുന്നു: ''ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു ... [നമ്മുടെ] പാപങ്ങളെയും അകൃത്യങ്ങളെയും [ദൈവം] ഇനി ഓർക്കയുമില്ല'' (എബ്രായർ 10:10, 17).

നമ്മുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുമ്പോൾ, നമ്മുടെ മനസ്സിൽ അവ വീണ്ടും വീണ്ടും ഓർക്കുന്നത് നിർത്താം. അവൻ ചെയ്യുന്നതുപോലെ നാം അവയെ വിട്ടുകളയേണ്ടതുണ്ട്: ''മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ'' (യെശയ്യാവ് 43:18). അവന്റെ മഹത്തായ സ്‌നേഹത്തിൽ, നമുക്കെതിരെയുള്ള നമ്മുടെ പാപങ്ങൾ ഓർക്കാതിരിക്കാൻ ദൈവം തിരഞ്ഞെടുക്കുന്നു. അത് നമുക്ക് ഓർക്കാം.

 

മുറിപ്പാടുകളിൽ നിന്ന് പഠിക്കുക

ഫെയ് അവളുടെ വയറിലെ മുറിപ്പാടുകളിൽ തൊട്ടു. അന്നനാള-ആമാശയ ക്യാൻസർ നീക്കം ചെയ്യാനുള്ള മറ്റൊരു ശസ്ത്രക്രിയയിലൂടെ അവൾ കടന്നുപോയി. ഈ സമയം ഡോക്ടർമാർ അവളുടെ വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയും അവരുടെ ജോലിയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒരു വലിയ മുറിപ്പാട് അവശേഷിപ്പിക്കുകയും ചെയ്തു. അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു, ''മുറിപ്പാടുകൾ ക്യാൻസറിന്റെ വേദനയെ അല്ലെങ്കിൽ രോഗശാന്തിയുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. രോഗശാന്തിയുടെ പ്രതീകമായി ഞാൻ എന്റെ പാടുകളെ തിരഞ്ഞെടുക്കുന്നു.’’

ദൈവവുമായി രാത്രി മുഴുവൻ മല്പിടുത്തം നടത്തിയതിനുശേഷം യാക്കോബ് സമാനമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. സ്വർഗ്ഗീയ എതിരാളി യാക്കോബിന്റെ തുടയുടെ തടത്തിൽ ഇടിക്കുകയും, അതിൽ തളർന്നുപോയ യാക്കോബ് തോൽവി സമ്മതിക്കുകയും ചെയ്തു, പക്ഷേ ഒരു മുടന്ത് അവശേഷിച്ചു. മാസങ്ങൾക്ക് ശേഷം, യാക്കോബ് തന്റെ ഇടുപ്പിൽ തലോടിയപ്പോൾ അവൻ എന്തായിരിക്കും ചിന്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു.

ഈ നിർഭാഗ്യകരമായ പോരാട്ടത്തിന് നിർബന്ധിതമായ തന്റെ വഞ്ചനയുടെ വർഷങ്ങളെക്കുറിച്ച് യാക്കോബ് ഖേദിച്ചിരുന്നുവോ? ആരാണെന്ന് സമ്മതിക്കുന്നതുവരെ അവനെ അനുഗ്രഹിക്കാൻ വിസമ്മതിച്ചുകൊണ്ട് ദൈവദൂതൻ അവനിൽ നിന്ന് സത്യം പുറത്തുകൊണ്ടുവരാൻ പോരാടി. “കുതികാൽ പിടിച്ചവൻ’’ താൻ ആണെന്ന് യാക്കോബ് സമ്മതിച്ചു (ഉല്പത്തി 25:26 കാണുക). അവൻ തന്റെ സഹോദരൻ ഏശാവിന്റെയും അമ്മായിയപ്പൻ ലാബാന്റെയും നേരെ തന്ത്രങ്ങൾ പ്രയോഗിച്ചു, അവരിൽനിന്നു നേട്ടം കൊയ്യാൻ ശ്രമിച്ചു. സ്വർഗ്ഗീയ മല്പിടുത്തക്കാരൻ പറഞ്ഞു, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും'' (വാ. 28).

യാക്കോബിന്റെ മുടന്ത് അവന്റെ പഴയ വഞ്ചനാ ജീവിതത്തിന്റെ മരണത്തെയും ദൈവത്തോടൊപ്പമുള്ള അവന്റെ പുതിയ ജീവിതത്തിന്റെ തുടക്കത്തെയും പ്രതിനിധീകരിക്കുന്നു. യാക്കോബിന്റെ അവസാനവും യിസ്രായേലിന്റെ തുടക്കവും ആയിരുന്നു അത്. അവന്റെ തളർച്ച അവനെ ദൈവത്തിൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു, അവൻ ഇപ്പോൾ ദൈവത്തിലും ദൈവത്തിലൂടെയും ശക്തമായി മുന്നേറി.

 

എന്റെ ദൈവം സമീപസ്ഥനാണ്

മുപ്പത് വർഷത്തിലേറെയായി, അദ്ധ്യാപികയായ ലൂർദസ് വിദ്യാർത്ഥികളെ അഭിമുഖമായി പഠിപ്പിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവൾ വിഷമിച്ചു. ''എനിക്ക് കംപ്യൂട്ടറുകളൊന്നും നന്നായി ഉപയോഗിക്കാനറിയില്ല,'' അവൾ ചിന്തിച്ചു. “എന്റെ ലാപ്‌ടോപ്പ് പഴയതാണ്, വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ എനിക്ക് പരിചിതമല്ല.’’

ചിലർക്ക് ഇത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും, അത് അവൾക്ക് ഒരു യഥാർത്ഥ സമ്മർദ്ദമായിരുന്നു. ''ഞാൻ തനിച്ചാണ് താമസിക്കുന്നത്, അതിനാൽ സഹായിക്കാൻ ആരുമില്ല,'' അവൾ പറഞ്ഞു. “എന്റെ വിദ്യാർത്ഥികൾ ക്ലാസ് ഉപേക്ഷിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്, എനിക്ക് വരുമാനം ആവശ്യമാണ്.'

ഓരോ ക്ലാസിനുമുമ്പും ലൂർദസ് തന്റെ ലാപ്‌ടോപ്പ് ശരിയായി പ്രവർത്തിക്കാൻ പ്രാർത്ഥിക്കുമായിരുന്നു. ''ഫിലിപ്പിയർ 4:5-6 എന്റെ സ്‌ക്രീനിലെ വാൾപേപ്പറായിരുന്നു,'' അവൾ പറഞ്ഞു. “ഞാൻ അത്രത്തോളം ആ വാക്കുകളെ മുറുകെപ്പിടിച്ചു.’’

''കർത്താവ് സമീപസ്ഥനായതിനാൽ'' (ഫിലിപ്പിയർ 4:5) ഒന്നിനെക്കുറിച്ചും ആകുലരാകരുതെന്ന് പൗലൊസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തം മുറുകെ പിടിക്കാനുള്ളതാണ്. നാം അവന്റെ സാമീപ്യത്തിൽ വിശ്രമിക്കുകയും പ്രാർത്ഥനയിൽ അവനോട് - ചെറുതും വലുതുമായ - എല്ലാ കാര്യങ്ങളും സമർപ്പിക്കുകയും ചെയ്യുമ്പോൾ അവന്റെ സമാധാനം നമ്മുടെ “ഹൃദയങ്ങളെയും നിനവുകളെയും . . . ക്രിസ്തുയേശുവിൽ കാക്കും'' (വാ. 7).

“കമ്പ്യൂട്ടർ തകരാറുകൾ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള വെബ്‌സൈറ്റുകളിലേക്ക് ദൈവം എന്നെ നയിച്ചു,'' ലൂർദസ് പറഞ്ഞു. “എന്റെ സാങ്കേതിക പരിമിതികൾ മനസ്സിലാക്കിയ ക്ഷമാശീലരായ വിദ്യാർത്ഥികളെയും ദൈവം എനിക്ക് നൽകി.’’ നമ്മുടെ ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും ദൈവത്തെ അനുഗമിക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യവും സഹായവും സമാധാനവും നമുക്ക് ആസ്വദിക്കാം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും: ''കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു!’’ (വാ. 4).

 

ക്രിസ്തുമസ് ധർമ്മസങ്കടം

ഡേവിഡിനും ആൻഗിക്കും വിദേശത്തേക്ക് പോകാൻ തങ്ങൾ വിളിക്കപ്പെട്ടതായി തോന്നി. തുടർന്നുണ്ടായ ഫലവത്തായ ശുശ്രൂഷ അത് സ്ഥിരീകരിക്കുന്നതായി തോന്നി. എന്നാൽ അവരുടെ നീക്കത്തിന് ഒരു പോരായ്മ ഉണ്ടായിരുന്നു. ഡേവിഡിന്റെ പ്രായമായ മാതാപിതാക്കൾ ഇപ്പോൾ തനിയെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ഡേവിഡും ആൻഗിയും തന്റെ മാതാപിതാക്കളുടെ ക്രിസ്തുമസ് ദിന ഏകാന്തത ലഘൂകരിക്കാൻ കഴിയുന്നതെല്ലാം ചെയ്തു - സമ്മാനങ്ങൾ നേരത്തെ പോസ്റ്റ് ചെയ്തും ക്രിസ്തുമസ് രാവിലെ ഫോണിൽ സംസാരിച്ചും. എന്നാൽ അവന്റെ മാതാപിതാക്കൾ ശരിക്കും ആഗ്രഹിച്ചത് അവരെ ആയിരുന്നു. ഡേവിഡിന്റെ വരുമാനം ഇടയ്ക്കിടെ വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിനാൽ, അവർക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഡേവിഡിന് ജ്ഞാനം ആവശ്യമായിരുന്നു.

സദൃശവാക്യങ്ങൾ 3, ജ്ഞാനാന്വേഷണത്തിലെ ഒരു ക്രാഷ് കോഴ്‌സാണ്. നമ്മുടെ സാഹചര്യങ്ങൾ ദൈവത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ അത് എങ്ങനെ സ്വീകരിക്കാമെന്ന് കാണിക്കുന്നു (വാ. 5-6), അതിന്റെ വിവിധ ഗുണങ്ങളായ സ്‌നേഹവും വിശ്വസ്തതയും വിവരിക്കുന്നു (വാ. 3-4, 7-12), സമാധാനവും ദീർഘായുസ്സും അതിന്റെ പ്രയോജനങ്ങളാണ് (വാ. 13-18). ഹൃദയസ്പർശിയായ ഒരു കുറിപ്പിൽ, ദൈവം നമ്മെ “തന്റെ സഖ്യതയിലേക്ക്’’ അടുപ്പിക്കുന്നു (വാക്യം 32). തന്നോട് അടുപ്പമുള്ളവരോട് അവൻ തന്റെ പരിഹാരങ്ങൾ മന്ത്രിക്കുന്നു.

ഒരു രാത്രി തന്റെ പ്രശ്‌നത്തെക്കുറിച്ച് പ്രാർത്ഥിച്ചപ്പോൾ ഡേവിഡിന് ഒരു ആശയം തോന്നി. അടുത്ത ക്രിസ്തുമസ് ദിനത്തിൽ, അവനും ആൻഗിയും അവരുടെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച്, മേശ അലങ്കരിച്ച്, അത്താഴം വിളമ്പി. ഡേവിഡിന്റെ മാതാപിതാക്കളും അതുതന്നെ ചെയ്തു. പിന്നെ, ഓരോ മേശയിലും ഒരു ലാപ്‌ടോപ്പ് വെച്ചുകൊണ്ട്, വീഡിയോ ലിങ്ക് വഴി അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഏതാണ്ട് ഒരേ മുറിയിലാണെന്ന് അവർക്കു തോന്നി. അന്നുമുതൽ ഇതൊരു കുടുംബ പാരമ്പര്യമായി മാറി.

ദൈവം ദാവീദിനെ വിശ്വാസത്തിലെടുക്കുകയും അവന് ജ്ഞാനം നൽകുകയും ചെയ്തു. നമ്മുടെ പ്രശ്‌നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ മന്ത്രിക്കാൻ അവൻ ഇഷ്ടപ്പെടുന്നു.