കുട്ടികൾക്കുവേണ്ടി ക്രിസ്തീയ പുസ്തകങ്ങൾ എഴുതുന്ന ഒരു ഗ്രൂപ്പിൽ ഞാൻ ചേർന്നു. ഞങ്ങൾ ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കുകയും അന്യോന്യം പ്രാർത്ഥിക്കുകയും പരസ്പരം ഞങ്ങളുടെ പുസ്തകത്തിന്റെ പ്രചാരത്തിനായി പ്രയത്നിക്കുകയും ചെയ്തു. ” മത്സരാർത്ഥികളോടൊപ്പം പ്രവർത്തിക്കുന്ന ഭോഷത്വമാണിത്”: ചിലർ അതിനെ കളിയാക്കി. എന്നാൽ ഞങ്ങളുടെ ഗ്രൂപ്പ് ദൈവരാജ്യ മനസ്സുള്ള നേതൃത്വം എന്ന ആശയത്തിൽ സമർപ്പിതമായിരുന്നു; മത്സരമല്ല, സഹവർത്തിത്വമായിരുന്നു താല്പര്യവും. ഞങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു – ഒരേ സുവിശേഷം പങ്കുവെക്കുക എന്നത്. ഒരേ രാജാവിനെയാണ് ഞങ്ങൾ ശുശ്രൂഷിച്ചത് – യേശുവിനെ. ഒരുമിച്ച് നിന്നപ്പോൾ ക്രിസ്തുവിന്റെ സാക്ഷ്യവുമായി കൂടുതൽ പേരിൽ എത്തിച്ചേരാൻ ഞങ്ങൾക്കായി.
നേതൃത്വ ഗുണമുള്ള എഴുപത് മൂപ്പന്മാരെ തെരഞ്ഞെടുക്കാൻ ദൈവം മോശെയോട് പറഞ്ഞു. “അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും. ഞാൻ നിന്റെ മേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും” (സംഖ്യ 11:16-17). പിന്നീട്, ഇവരിൽ രണ്ടു പേർ പ്രവചിക്കുന്നത് കണ്ട ജോഷ്വ അവരെ വിലക്കാൻ മോശെയോടു പറഞ്ഞു. അപ്പോൾ മോശെ പറഞ്ഞു: “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” (സംഖ്യ 11:29).
മറ്റുള്ളവരോട് കൂടെ പ്രവർത്തിക്കുമ്പോൾ മത്സരബുദ്ധിയും താരതമ്യ പ്രവണതയും നിങ്ങൾക്കുണ്ടാകുമ്പോൾ, ദൈവത്തിന്റെ പരിശുദ്ധാത്മാവിന് ഈ പ്രലോഭനത്തെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കാനാകും. ദൈവരാജ്യ മനസ്സുള്ള നേതൃത്വത്തിന്റെ മനസ്സ് നമ്മിൽ സൃഷ്ടിക്കാൻ പ്രാർത്ഥിക്കുക; അപ്പോൾ സുവിശേഷം ലോകമെങ്ങും പ്രചരിക്കും; ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ഭാരം പങ്കുവെക്കപ്പെടുകയും ചെയ്യും.
കർത്താവിനെ ശുശ്രൂഷിക്കുന്നതിന് മറ്റുള്ളവരോട് ചേർന്ന് പ്രവർത്തിക്കാനാകുന്നുണ്ടോ? ഓരോരുത്തരും അവരവരുടെ സവിശേഷ ശേഷികൾ പ്രദർശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നുണ്ടോ?
പരിശുദ്ധാത്മാവേ, എന്നെ ഒരു ദൈവരാജ്യ മനസ്സുള്ള നേതാവാക്കി മാറ്റി, മറ്റുള്ളവരോട് കൂടെ പ്രവർത്തിച്ച്, കൂടുതൽ പേരെ രക്ഷാസുവിശേഷത്താൽ സ്വാധീനിക്കാൻ സഹായിക്കണമേ.