സ്തുതിയുടെ താഴ്വര
കവി വില്യം കൗപ്പർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിഷാദരോഗിയായാണ് ജീവിച്ചത്. ഒരിക്കൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അദ്ദേഹത്തെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ അവിടെവെച്ച് ഒരു ക്രിസ്തീയ ഡോക്ടറുടെ പരിചരണത്തിലൂടെ കൗപ്പർ യേശുവിൽ ഊഷ്മളവും സുപ്രധാനവുമായ വിശ്വാസം കൈവരിച്ചു. താമസിയാതെ, കൗപ്പർ പാസ്റ്ററും ഗാനരചയിതാവുമായ ജോൺ ന്യൂട്ടനുമായി പരിചയപ്പെട്ടു. അവരുടെ സഭയ്ക്കുവേണ്ടി ഒരു ആരാധനാഗീതം എഴുതുന്നതിൽ സഹകരിക്കാൻ ന്യൂട്ടൺ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൗപ്പർ എഴുതിയ സ്തുതിഗീതങ്ങളിൽ ഒന്നായിരുന്നു “ദൈവം നിഗൂഢമായ വഴിയിൽ നീങ്ങുന്നു’’ (God Moves in a Mysterious Way) എന്ന ഗാനം. തന്റെ തീവ്രാനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ ആയിരുന്നു അവ: “ഭയചകിതരായ വിശുദ്ധന്മാരേ, ധൈര്യം ഏറ്റെടുക്കൂ; നിങ്ങൾ വളരെയധികം ഭയപ്പെടുന്ന മേഘങ്ങൾ കരുണയാൽ വിജൃംഭിതമാണ്, അവ നിങ്ങളുടെ ശരിസ്സിൽ അനുഗ്രഹ മാരി ചൊരിയും.''
കൗപ്പറിനെപ്പോലെ, യെഹൂദയിലെ ജനങ്ങളും ദൈവത്തിന്റെ ദയ അപ്രതീക്ഷിതമായി അനുഭവിച്ചു. ശത്രുക്കളുടെ സഖ്യസൈന്യം അവരുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ, യെഹോശാഫാത്ത് രാജാവ് ജനങ്ങളെ പ്രാർത്ഥനയ്ക്കായി വിളിച്ചുകൂട്ടി. യെഹൂദയുടെ സൈന്യം യുദ്ധത്തിനു പുറപ്പെട്ടപ്പോൾ, മുൻനിരയിലുള്ള ആളുകൾ ദൈവത്തെ സ്തുതിക്കാനാരംഭിച്ചു (2 ദിനവൃത്താന്തം 20:21). ആക്രമിക്കാനെത്തിയ സൈന്യങ്ങൾ പരസ്പരം ആക്രമിച്ചു, ''ഒരുത്തനും ചാടിപ്പോയിരുന്നില്ല. ... കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു'' (വാ. 24-25).
നാലാം ദിവസം, ദൈവജനത്തിനെതിരെ ശത്രുശക്തികൾ ഒരുമിച്ചു കൂടിവന്ന സ്ഥലം ബെരാഖാ താഴ്വര (വാക്യം 26) എന്ന് വിളിക്കപ്പെട്ടു-അതിനർത്ഥം ''സ്തുതിയുടെ താഴ്വര'' അല്ലെങ്കിൽ ''അനുഗ്രഹത്തിന്റെ താഴ്വര'' എന്നാണ്. എന്തൊരു മാറ്റമാണത്! നമ്മുടെ ഏറ്റവും ദുഷ്കരമായ താഴ്വരകളെപ്പോലും നാം അവനു നൽകുമ്പോൾ സ്തുതിയുടെ സ്ഥലങ്ങളാക്കി മാറ്റാൻ ദൈവത്തിന്റെ കരുണയ്ക്കു കഴിയും.
ദൈവത്തിന്റെ ആർദ്രസ്നേഹം
രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് പതിവ് വാക്സിനേഷൻ എടുക്കുമ്പോൾ അവന്റെ ഡാഡി അവനെ ആശ്വസിപ്പിക്കുന്നതിന്റെ 2017-ൽ ഇറങ്ങിയ വീഡിയോ, അന്താരാഷ്ട്ര ശ്രദ്ധ നേടി. തന്റെ കുഞ്ഞിനോടുള്ള പിതാവിന്റെ സ്നേഹം അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നഴ്സ് വാക്സിനേഷൻ നൽകിക്കഴിഞ്ഞപ്പോൾ, ഡാഡി മകനെ ആർദ്രമായി കവിളിനോട് ചേർത്തുപിടിച്ചു, നിമിഷങ്ങൾക്കകം കുട്ടി കരച്ചിൽ നിർത്തി. സ്നേഹനിധിയായ മാതാപിതാക്കളുടെ ആർദ്രമായ പരിചരണത്തേക്കാൾ കൂടുതൽ ആശ്വാസം നൽകുന്ന മറ്റൊന്നില്ല.
തിരുവെഴുത്തിൽ, സ്നേഹസമ്പന്നനായ ഒരു പിതാവ് എന്ന നിലയിൽ, തന്റെ മക്കളോടുള്ള ദൈവത്തിന്റെ അഗാധമായ സ്നേഹത്തെ വിളിച്ചോതുന്ന നിരവധി മനോഹരമായ വിവരണങ്ങൾ ഉണ്ട്. വിഭജിത രാജ്യത്തിന്റെ കാലത്ത് വടക്കെ രാജ്യത്ത് താമസിച്ചിരുന്ന യിസ്രായേല്യർക്ക് കൈമാറാനുള്ള സന്ദേശം പഴയനിയമ പ്രവാചകനായ ഹോശേയായ്ക്ക് നൽകപ്പെട്ടു. ദൈവവുമായുള്ള ബന്ധത്തിലേക്ക് മടങ്ങാൻ അവൻ അവരെ ആഹ്വാനം ചെയ്തു. ദൈവത്തെ സൗമ്യനായ പിതാവായി ചിത്രീകരിച്ചുകൊണ്ട് യിസ്രായേല്യരോടുള്ള ദൈവസ്നേഹത്തെ ഹോശേയാ ഓർമ്മിപ്പിച്ചു: ''യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു'' (ഹോശേയ 11:1) കൂടാതെ ''ഞാൻ അവർക്ക് ഒരു കൊച്ചുകുഞ്ഞിനെ കവിളിലേക്ക് ചേർക്കുന്നവനെപ്പോലെയായിരുന്നു'' (വാക്യം 4, NIV).
ദൈവത്തിന്റെ സ്നേഹമസൃണമായ കരുതലിന്റെ അതേ ഉറപ്പുനൽകുന്ന വാഗ്ദത്തം നമ്മെ സംബന്ധിച്ചും സത്യമാണ്. അത്, അവന്റെ സ്നേഹം നിരസിച്ച ഒരു കാലഘട്ടത്തിനു ശേഷം നാം അവന്റെ ആർദ്രമായ കരുതൽ തേടുന്നതാകാം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ വേദനയും കഷ്ടപ്പാടുകളും കാരണം, അവൻ നമ്മെ അവന്റെ മക്കൾ എന്ന് വിളിക്കുകയോ (1 യോഹന്നാൻ 3:1) അവന്റെ ആശ്വാസകരമായ കരങ്ങൾ നമ്മെ സ്വീകരിക്കാൻ തുറന്നിരിക്കുകയോ ആകാം (2 കൊരിന്ത്യർ 1:3-4).
തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്
പാസ്റ്റർ ഡാമിയന്റെ ദിനചര്യകളിൽ ഒന്ന്, രണ്ട് വ്യത്യസ്ത ജീവിത പാതകൾ തിരഞ്ഞെടുത്തവരും മരണത്തോട് അടുക്കുന്നവരുമായ രണ്ട് വ്യക്തികളെ ആശുപത്രിയിൽ സന്ദർശിക്കുന്നതായിരുന്നു. ഒരു ആശുപത്രിയിൽ അവളുടെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായ ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. അവളുടെ നിസ്വാർത്ഥമായ പൊതുസേവനം അവളെ പലർക്കും പ്രിയങ്കരിയാക്കി. യേശുവിലുള്ള മറ്റു വിശ്വാസികൾ അവളെ സന്ദർശിക്കുമായിരുന്നു. ആരാധനയും പ്രാർത്ഥനയും പ്രത്യാശയും കൊണ്ടു മുറി നിറഞ്ഞു. മറ്റൊരു ആശുപത്രിയിൽ, പാസ്റ്റർ ഡാമിയന്റെ പള്ളിയിലെ അംഗത്തിന്റെ ബന്ധുവും മരണത്തോടടുക്കുകയായിരുന്നു. അയാളുടെ കഠിനമായ ഹൃദയം ജീവിതത്തെ കൂടുതൽ കഠിനമാക്കി. അയാളുടെ മോശം തീരുമാനങ്ങളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായി അയാളുടെ കുടുംബം ശിഥിലമായി. രണ്ട് അന്തരീക്ഷത്തിലെ വ്യത്യാസങ്ങൾ ഓരോരുത്തരും എങ്ങനെ ജീവിച്ചു എന്നതിലെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ജീവിതത്തിൽ തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കുന്നതിൽ പരാജയപ്പെടുന്നവർ പലപ്പോഴും അസുഖകരവും അഭികാമ്യമല്ലാത്തതുമായ ഏകാന്തമായ സ്ഥലങ്ങളിൽ ചെന്നെത്തും. സദൃശവാക്യങ്ങൾ 14:12 സൂചിപ്പിക്കുന്നത് “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ’’ എന്നാണ്. നാം യുവാവോ വൃദ്ധനോ, രോഗിയോ ആരോഗ്യവാനോ, ധനികനോ ദരിദ്രനോ ആരായിരുന്നാലും നമ്മുടെ പാത പുനഃപരിശോധിക്കാൻ ഇനിയും വൈകിയിട്ടില്ല. ആ പാത നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? അത് ദൈവത്തെ ബഹുമാനിക്കുന്നതാണോ? അത് മറ്റുള്ളവരെ സഹായിക്കുകയാണോ തടസ്സപ്പെടുത്തുകയാണോ ചെയ്യുന്നത്? യേശുവിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് ഏറ്റവും നല്ല പാതയാണോ?
തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്. “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) എന്നരുളിച്ചെയ്ത ദൈവപുത്രനായ യേശുവിലൂടെ നാം സ്വർഗ്ഗത്തിലെ ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കും.
ദൈവത്തിനുവേണ്ടി പോകാൻ തയ്യാറാണ്
ഹിഡൻ ഫിഗേഴ്സ് എന്ന പുസ്തകം ജോൺ ഗ്ലെൻ ബഹിരാകാശത്തേക്ക് പറക്കാൻ നടത്തിയ തയ്യാറെടുപ്പുകൾ വിവരിക്കുന്നു. 1962-ൽ കംപ്യൂട്ടറുകൾ പുതിയ കണ്ടുപിടുത്തമായിരുന്നു, അവ തകരാറുകൾക്ക് വിധേയവുമായിരുന്നു. ഗ്ലെൻ അവയെ വിശ്വസിച്ചില്ല, വിക്ഷേപണത്തിനായി അവ നടത്തുന്ന കണക്കുകൂട്ടലുകളെക്കുറിച്ച് ഗ്ലെൻ ആശങ്കപ്പെട്ടു. പിന്നിലെ മുറിയിലുള്ള തലച്ചോറുള്ള ഒരു സ്ത്രീക്ക് നമ്പറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അവളെ വിശ്വസിച്ചു. “നമ്പറുകൾ നല്ലതാണെന്ന് അവൾ പറഞ്ഞാൽ ഞാൻ പോകാൻ തയ്യാറാണ്’’ എന്നു ഗ്ലെൻ പറഞ്ഞു.
കാതറിൻ ജോൺസൺ അദ്ധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. അവൾ യേശുവിനെ സ്നേഹിക്കുകയും തന്റെ സഭയിൽ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കൂർമ്മ ബുദ്ധി നൽകി ദൈവം കാതറിനെ അനുഗ്രഹിച്ചിരുന്നതിനാൽ, 1950-കളുടെ അവസാനത്തിൽ ബഹിരാകാശ പദ്ധതിയിൽ സഹായിക്കാൻ നാസ അവളെ സമീപിച്ചു. അക്കാലത്ത് നാസ വാടകയ്ക്കെടുത്ത “മനുഷ്യ കമ്പ്യൂട്ടറുകളിൽ’’ ഒരുവളായിരുന്നു കാതറിൻ. അവളെയാണ് ഗ്ലെൻ “തലച്ചോറുള്ള സ്ത്രീ’’ എന്നു വിളിച്ചത്.
മിടുക്കരായ ഗണിതശാസ്ത്രജ്ഞരാകാൻ നാം വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, എന്നാൽ ദൈവം നമ്മെ മറ്റു കാര്യങ്ങൾക്കായി വിളിക്കുന്നു: “എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു’’ (എഫെസ്യർ 4:7). നമുക്ക് ലഭിച്ച “വിളിക്ക് യോഗ്യമായി’’ നാം ജീവിക്കണം (വാക്യം 1). നമ്മൾ ഒരു ശരീരത്തിന്റെ ഭാഗമാണ്, അതിൽ “ഓരോ അവയവവും അതതിന്റെ പ്രവൃത്തി ചെയ്യുന്നു’’ (വാക്യം 16).
കാതറിൻ ജോൺസന്റെ കണക്കുകൂട്ടലുകൾ സഞ്ചാരപഥം സ്ഥിരീകരിച്ചു. ഭ്രമണപഥത്തിലേക്കുള്ള ഗ്ലെന്നിന്റെ വിക്ഷേപണം “ഒരു പോയിന്റിൽ കൃത്യതയോടെ അമ്പെയ്യുന്നതുപോലെ’’ ആയിരുന്നു. എന്നാൽ ഇത് കാതറിന്റെ വിളിയിൽ ഒന്നു മാത്രമായിരുന്നു. ഓർക്കുക, അമ്മയും അദ്ധ്യാപികയും സഭാ പ്രവർത്തകയും ആകാനും കൂടിയാണ് അവളെ വിളിച്ചത്. ചെറുതായാലും വലുതായാലും ദൈവം നമ്മെ എന്തിനായിട്ടാണ് വിളിച്ചിരിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. നാം “പോകാൻ തയ്യാറാണോ?’’ അവൻ നൽകിയ കൃപവരങ്ങൾ നാം വിനിയോഗിക്കുകയും “[നമ്മുടെ] വിളിക്ക് യോഗ്യമായ ഒരു ജീവിതം’’ (വാക്യം 1) നയിക്കുകയും ചെയ്യുന്നുണ്ടോ?
നമുക്ക് ആവശ്യമുള്ള സഭ
നമുക്കിന്ന് ആവശ്യമായ സഭ , അതിന്റെ സ്ഥാപകന്റെ കൂടെ ഇസ്രായേലിലെ പൊടി പാറുന്ന വഴികളിലൂടെ നടന്നു പോകുന്ന അനുഭവം പകർന്നു തരുന്ന ഒന്നാണ്. അവനപ്പോലെ പരിപൂർണ്ണമായ ഒരു സഭ നാം ഒരിക്കലും കാണില്ല, സഭാംഗങ്ങൾ വെള്ളത്തിനു മീതെ നടക്കുന്ന ഒരു സഭ ഉണ്ടാകില്ല, എന്നാൽ അവൻ കണ്ടതുപോലെ ആളുകളെ കാണുന്ന ഒരു സഭ നാം കണ്ടെത്തണം.
അങ്ങനെയൊരു സഭ അന്വേക്ഷിക്കുമ്പോൾ നാം മനസ്സിൽ വെക്കേണ്ട ഒന്നുണ്ട്: ഒരു സദൃശ്യവാക്യം ഇങ്ങനെയാണ്," തിന്നു തൃപ്തനായവൻ തേൻ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം" (സദൃ. 27:7). നാം…