ഒരു നൂറ്റാണ്ട് മുമ്പ്, എത്യോപ്യയുടെ ഏകദേശം 40 ശതമാനം സമൃദ്ധമായ വനമായിരുന്നു, എന്നാൽ ഇന്ന് അത് ഏകദേശം 4 ശതമാനം മാത്രമാണ്. മരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും കൃഷിക്കായി ഏക്കറുകണക്കിന് സ്ഥലം വെട്ടിത്തെളിക്കുകയും ചെയ്തത് പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിച്ചു. പച്ചപ്പിന്റെ ബാക്കിയുള്ള ഭൂരിഭാഗം ചെറിയ മേഖലകളെ സഭകളാണ് സംരക്ഷിക്കുന്നത്. നൂറ്റാണ്ടുകളായി, പ്രാദേശിക എത്യോപ്യൻ ഓർത്തഡോക്‌സ് റ്റെവാഹിഡോ സഭകൾ തരിശായ മരുഭൂമിയുടെ നടുവിൽ ഈ മരുപ്പച്ചകളെ സംരക്ഷിക്കുന്നു. ആകാശത്തുനിന്നെടുത്ത ചിത്രങ്ങൾ നിങ്ങൾ നോക്കുകയാണെങ്കിൽ, തവിട്ട് മണൽ കൊണ്ട് ചുറ്റപ്പെട്ട പച്ചപ്പിന്റെ ദ്വീപുകൾ കാണാം. ദൈവത്തിന്റെ സൃഷ്ടികളുടെ കാര്യവിചാരകർ എന്ന നിലയിൽ ദൈവത്തോടുള്ള അനുസരണത്തിന്റെ ഭാഗമാണ് മരങ്ങളെ സംരക്ഷിക്കുന്നത് എന്ന് സഭാനേതാക്കൾ പഠിപ്പിക്കുന്നു.

മരുഭൂമിയുടെയും കഠിനമായ വരൾച്ചയുടെയും ഭീഷണി നേരിട്ടു ജീവിച്ചിരുന്ന യിസ്രായേലിന് ദൈവം ഒരുക്കുന്ന ഭാവിയെക്കുറിച്ച് യെശയ്യാ പ്രവാചകൻ എഴുതി, അവിടെ “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും’’ (യെശയ്യാവ് 35:1). ദൈവം തന്റെ ജനത്തെ സൗഖ്യമാക്കാൻ ഉദ്ദേശിക്കുന്നു, ഒപ്പം അവൻ ഭൂമിയെയും സൗഖ്യമാക്കും. അവൻ “പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും’’ (65:17). ദൈവത്തിന്റെ നവീകരിക്കപ്പെട്ട ലോകത്ത്, “നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും’’ (35:1).

മനുഷ്യർ ഉൾപ്പെടെ തന്റെ സൃഷ്ടികളോടുള്ള ദൈവത്തിന്റെ കരുതൽ, അതിനെ സംരക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സൃഷ്ടിയെ പരിപാലിക്കുന്നതിലൂടെ, സുഖപ്പെട്ടതും സമ്പൂർണ്ണവുമായ ലോകം എന്ന അവന്റെ ആത്യന്തിക പദ്ധതിയോടു ഏകീകരിച്ചുകൊണ്ടു നമുക്ക് ജീവിക്കാൻ കഴിയും. എല്ലാത്തരം മരുഭൂമികളും ജീവനും സൗന്ദര്യവും കൊണ്ട് പൂത്തുലയുന്നതു കാണാൻ നമുക്ക് ദൈവത്തോട് ചേർന്നു പ്രവർത്തിക്കാം.