വർഷങ്ങളായി മദ്യപാനവും മാനസികാരോഗ്യ പ്രശ്‌നങ്ങളും കൊണ്ട് പൊറുതിമുട്ടിയ തന്റെ ബന്ധുവായ സാൻഡിയെ ഓർത്ത് ജോയ് ആശങ്കാകുലയായിരുന്നു. അവൾ സാൻഡിയുടെ അപ്പാർട്ട്‌മെന്റിലേക്ക് ചെന്നപ്പോൾ, വാതിലുകൾ പൂട്ടിയിരിക്കുന്നു. അതിൽ ആരും ഇല്ലെന്ന് അവൾക്കു മനസ്സിലായി. അവളും മറ്റുള്ളവരും സാൻഡിയെ അന്വേഷിക്കാൻ പദ്ധതിയിട്ടപ്പോൾ, ജോയ് പ്രാർത്ഥിച്ചു, “ദൈവമേ, ഞാൻ കാണാത്തത് കാണാൻ എന്നെ സഹായിക്കണമേ.” അവർ പോകുമ്പോൾ, ജോയ് സാൻഡിയുടെ അപ്പാർട്ട്‌മെന്റിലേക്ക് തിരിഞ്ഞു നോക്കി, ഒരു കർട്ടൻ ചെറുതായി ചലിക്കുന്നത് അവൾ കണ്ടു. ആ നിമിഷം, സാൻഡി ജീവിച്ചിരിപ്പുണ്ടെന്ന് അവൾക്കു മനസ്സിലായി. അവളുടെ അടുത്തെത്താൻ അധികാരികളുടെ സഹായം ആവശ്യമായിരുന്നുവെങ്കിലും, ഉത്തരം ലഭിച്ച ഈ പ്രാർത്ഥനയിൽ ജോയ് സന്തോഷിച്ചു.

ദൈവത്തിന്റെ ശക്തിയുടെ യാഥാർത്ഥ്യം വെളിപ്പെടുത്താൻ അവനോട് ആവശ്യപ്പെടുന്നതിന്റെ ശക്തി എലീശാ പ്രവാചകന് അറിയാമായിരുന്നു. അരാമ്യ സൈന്യം അവരുടെ പട്ടണത്തെ വളഞ്ഞപ്പോൾ, എലീശായുടെ ദാസൻ ഭയന്നു വിറച്ചു. ദൈവമനുഷ്യൻ ഭയന്നില്ല. കാരണം, ദൈവത്തിന്റെ സഹായത്താൽ അവൻ അദൃശ്യമായതിനെ കണ്ടു. ദാസനും അതു കാണണമെന്ന് എലീശാ പ്രാർത്ഥിച്ചു, “അഗ്‌നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു’’ കാണാൻ യഹോവ ദാസന്റെ കണ്ണു തുറന്നു (2 രാജാക്കന്മാർ 6:17).

എലീശയ്ക്കും അവന്റെ ദാസനും വേണ്ടി ദൈവം ആത്മീയവും ഭൗതികവുമായ ലോകങ്ങൾക്കിടയിലുള്ള മൂടുപടംമാറ്റി. തനിക്ക് പ്രത്യാശ നൽകിയ കർട്ടനിലെ ചെറിയ അനക്കം കാണാൻ ദൈവം സഹായിച്ചെന്ന് ജോയ് വിശ്വസിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിലോ നമ്മുടെ സമൂഹത്തിലോ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ആത്മീയ ദർശനം നൽകാൻ നമുക്കും ദൈവത്തോട് ആവശ്യപ്പെടാം. നമുക്കും അവന്റെ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും അനുകമ്പയുടെയും ഏജന്റുമാരാകാം.