അവൻ നമ്മുടെ കരം പിടിക്കുന്നു
ഒരു ഞായറാഴ്ച, പള്ളിയുടെ കോവണിപ്പടിയിൽ കളിച്ചുകൊണ്ടിരുന്ന ആ കൊച്ചു പെൺകുട്ടി സുന്ദരിയും ധീരയും സ്വതന്ത്രയും ആയിരുന്നു. കാഴ്ചയിൽ രണ്ടു വയസ്സിനുമുകളിൽ പ്രായമില്ലാത്ത ആ കുട്ടി, ഓരോ ചുവടും വളരെ സാവധാനം വച്ച് താഴേക്കിറങ്ങി. കോവണിപ്പടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങക എന്നതായിരുന്നു അവളുടെ ദൗത്യം, അവൾ അതു പൂർത്തീകരിച്ചു. ഈ ധീരയായ പിഞ്ചുകുഞ്ഞിന്‍റെ സുധീരമായ സ്വാതന്ത്ര്യത്തെ ഓർത്ത് ഞാൻ എന്നോടുതന്നെ പുഞ്ചിരിച്ചു. തന്‍റെ അമ്മയുടെ കാവൽ കണ്ണ് എപ്പോഴും അവളുടെ മേൽ ഉണ്ടായിരുന്നുവെന്നും, തന്നെ സഹായിക്കുവാൻ ആ സ്നേഹകരങ്ങൾ നീട്ടപ്പെടുമെന്നും അറിയാമായിരുന്നതിനാൽ ആ കുഞ്ഞിന് ഭയമില്ലായിരുന്നു. വൈവിധ്യമാർന്ന അനിശ്ചിതത്വങ്ങൾ നിറഞ്ഞ തന്‍റെ മക്കളുടെ ജീവിതത്തിൽ, സഹായിക്കുന്നതിനു വേണ്ടി സദാ സന്നദ്ധനായിരിക്കുന്ന കർത്താവിനെയാണ് ഈ ചിത്രം വരച്ചുകാണിക്കുന്നത്.
ഇന്നത്തെ തിരുവെഴുത്തിൽ "കൈ" എന്നത് രണ്ടു പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. തന്‍റെ പുരാതന ജനതയ്ക്ക് പേടിക്കുകയോ, ഭ്രമിച്ചു നോക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയതിനു ശേഷം യഹോവ അവരോടു പറഞ്ഞു: "എന്‍റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും" (യെശയ്യാവു 41:10). വളരെയധികം ഉത്കണ്ഠയും ഭയവുമുള്ള കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ബലത്തിൽ ഉറച്ചുനിൽക്കുന്നു. ഇവിടെ ദൈവത്തിന്‍റെ ശക്തി ദൃശ്യമാകുന്നു. "കൈ" എന്ന രണ്ടാമത്തെ സൂചനയിൽ, ഒരിക്കൽകൂടെ ദൈവം സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നു. "നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലങ്കൈ പിടിച്ചു..." (വാക്യം 13). ജീവിത സാഹചര്യങ്ങളും കാലങ്ങളും മാറിവന്നാലും കർത്താവ് മാറുന്നില്ല. നാം നിരാശപ്പെടേണ്ടതില്ല (വാക്യം 10); കാരണം, കർത്താവ് അവന്‍റെ വാഗ്ദത്തത്തിന്‍റെ പിന്തുണയോടും കൂടെ, നാം കേൾക്കുവാൻ അതിയായി വാഞ്ഛിക്കുന്ന വാക്കുകളോടും കൂടെ വീണ്ടും ഉറപ്പു നല്കുന്നു: "ഭയപ്പെടേണ്ട" (വാക്യം 10, 13)
പ്രകാശം പരത്തിക്കൊണ്ട് ജീവിക്കുക
ഒരു നിർദ്ദിഷ്ട ജോലി നിമിത്തം, എനിക്കും എന്‍റെ സഹപ്രവർത്തകനും കൂടി 250 മൈൽ യാത്ര ചെയ്യേണ്ടതായി വന്നു, എന്നാൽ ഭവനത്തിൽ നിന്നും യാത്ര ആരംഭിച്ചപ്പോൾ തന്നെ വളരെ വൈകിയിരുന്നു. പ്രായമായ കണ്ണുകളുള്ള വാർദ്ധക്യം ബാധിച്ച ശരീരവും കൊണ്ട്, രാത്രി വാഹനമോടിക്കുന്നത് എനിക്ക് അൽപ്പം പ്രയാസകരമായി തോന്നി: എന്നിരുന്നാലും, ഞാൻ ആദ്യം വാഹനമോടിക്കുവാൻ തീരുമാനിച്ചു. എന്‍റെ കൈകൾ സ്റ്റിയറിംഗ് വീൽ മുറുകെപിടിക്കുകയും എന്‍റെ കണ്ണുകൾ, മങ്ങിയ വെളിച്ചം പതിഞ്ഞ പാതകളിലേക്ക് ഉറ്റു നോക്കുകയും ചെയ്തിരുന്നു. എന്‍റെ പുറകിലെ വാഹനങ്ങളിൽ നിന്നുള്ള പ്രകാശത്താൽ, മുന്നോട്ടുള്ള എന്‍റെ പാത എനിക്ക് കൂടുതൽ വ്യക്തതയോടെ കാണുവാൻ കഴിയുന്നു എന്ന് വാഹനം ഓടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ കണ്ടെത്തി. എന്‍റെ സുഹൃത്ത് വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി. അപ്പോഴാണ്, ഞാൻ വാഹനം ഓടിച്ചിരുന്നത് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ ആയിരുന്നില്ല, പകരം ഫോഗ് ലൈറ്റിന്‍റെ വെളിച്ചത്തിൽ ആയിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തിയത്!
നമ്മുടെ അനുദിന ജീവിതത്തിനുള്ള വെളിച്ചം ദൈവവചനം നമുക്കു നൽകുന്നുവെന്ന് ഗ്രഹിച്ച ഒരു വ്യക്തിയുടെ പ്രധാന രചനയാണ് സങ്കീർത്തനം 119. (വാക്യം 105). എന്നിരുന്നാലും, ഹൈവേയിലെ എന്‍റെ അസുഖകരമായ രാത്രിയ്ക്ക് സമാനമായ സാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും അകപ്പെട്ടു പോകുന്നുണ്ടോ? കാണുന്നതിനായ് നാം അനാവശ്യമായ ആയാസങ്ങൾ ഏറ്റെടുക്കുകയും ദൈവവചനത്തിന്‍റെ പ്രകാശം ഉപയോഗിക്കുന്നതിന് നാം മറന്നുപോകുന്നതിനാൽ, ശ്രേഷ്ഠമായ പാതകളിൽനിന്ന് നാം ചിലപ്പോഴൊക്കെ അകന്നുപോകുകയും ചെയ്യുന്നു. "ലൈറ്റ് സ്വിച്ച്” പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് നാം മനഃപൂർവമായി ബോധമുള്ളവരായിരിക്കണമെന്ന് സങ്കീർത്തനം 119 പ്രോത്സാഹിപ്പിക്കുന്നു. നാം അപ്രകാരം ചെയ്യുമ്പോൾ എന്തു സംഭവിക്കും? വിശുദ്ധിക്ക് അനിവാര്യമായ ജ്ഞാനം നാം കണ്ടെത്തുന്നു (വാക്യം 9-11); വഴിമാറിപ്പോകാതിരിക്കുന്നതിനുള്ള നവ പ്രചോദനവും പ്രോത്സാഹനവും നമ്മൾ കണ്ടെത്തുന്നു (വാക്യം 101-102). പ്രകാശം പരത്തിക്കൊണ്ട് നാം ജീവിക്കുമ്പോൾ, സങ്കീർത്തനക്കാരന്‍റെ സ്തുതി നമ്മുടെ സ്തുതിയായിത്തീരുവാനിടയുണ്ട്: "നിന്‍റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അത് എന്‍റെ ധ്യാനമാകുന്നു "(വാക്യം 97).
ചോദ്യങ്ങൾ കൂടെ ആരാധിക്കൽ
വലിയതോ (ചെറുതോ!) ആയ സഞ്ചാരത്തിൽ, സംഘത്തിൽ ആരെങ്കിലും, “നാം അവിടെ ഇതുവരെ എത്താറായില്ലേ?” അല്ലെങ്കിൽ “ഇനി എത്ര ദൂരമുണ്ട്?” എന്ന് ചോദിക്കുന്നത് അസാധാരണമല്ല. തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള ആകാംക്ഷയിൽ ഇത്തരം ആഗോള വ്യാപകമായ ചോദ്യങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും ചുണ്ടിൽനിന്നും കേൾക്കാത്തവരാരുണ്ട്? എന്നാൽ തങ്ങളുടെ മാറുന്ന അന്തമില്ലാത്ത ക്ലേശകരമായ ജീവിത വെല്ലുവിളികളിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇതു പോലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിതരാകുന്നു.
സങ്കീർത്തനം 13-ൽ ദാവീദ് ഇതുപോലുള്ള അവസ്ഥയിലായിരുന്നു. രണ്ടു വാക്യങ്ങളിലായി (വാക്യം 1–2), നാല് പ്രാവശ്യം – താൻ മറക്കപ്പെടുകയും, ഉപേക്ഷിക്കപ്പെടുകയും തോല്പിക്കപ്പെടുകയും ചെയ്തപ്പോൾ – “എത്രത്തോളം?” എന്നു വിലപിയ്ക്കുന്നു. വാക്യം രണ്ടിൽ, താൻ ചോദിയ്ക്കുന്നു, “എത്രത്തോളം ഞാൻ എന്റെ വിചാരങ്ങളുമായ് മല്ലടിയ്ക്കേണ്ടതായി വരും?” വിലാപം ഉൾപ്പെടുന്ന ഇതുപോലുള്ള സങ്കീർത്തനം, പ്രത്യക്ഷമായി നമുക്ക് നമ്മുടേതായ പ്രശ്നവിഷയങ്ങളുമായി ആരാധനാപൂർവ്വം കർത്താവിന്റെയടുക്കൽ വരാനുള്ള അനുവാദം നല്കിയിരിക്കുന്നു. എന്നിരിയ്ക്കിലും, ദൈവത്തേക്കാൾ മെച്ചമായ വ്യക്തി വേറെ ആരുണ്ട്, സുദീർഘമായ നമ്മുടെ മാനസിക പിരിമുറക്കങ്ങളിൽ സംസാരിയ്ക്കുവാൻ? നമുക്ക് നമ്മുടെ ജീവിതപ്രയാസങ്ങളോടുകൂടെ രോഗവും, വ്യാകുലതയും, തന്നിഷ്ടക്കാരായ പ്രിയപ്പെട്ടവരും, രക്തബന്ധങ്ങളുമായുള്ള വൈഷമ്യങ്ങളും തന്റെയടുക്കൽ കൊണ്ടുവരാം.
നമ്മൾ ചോദ്യങ്ങൾ അഭിമുഖികരിക്കുമ്പോൾ ആരാധിയ്ക്കാതിരിയ്ക്കേണ്ട ആവശ്യമില്ല. സ്വർഗ്ഗസ്ഥനായ പരമാധികാരിയായ ദൈവം നമ്മുടെ മനഃക്ലേശം നിറഞ്ഞ ചോദ്യങ്ങൾ തന്റെയടുക്കൽ കൊണ്ടുവരുവാൻ നമ്മെ സ്വാഗതം ചെയ്യുന്നു. ഒരുപക്ഷെ, ദാവീദിനെപ്പോലെ, തക്കസമയത്ത് നമ്മുടെ പ്രശ്നവിഷയങ്ങൾ, യാചനകളായും, ആശ്രയത്തിന്റെയും, കർത്താവിനോടുള്ള സ്തുതിയുടെയും പ്രകടനങ്ങളായും രൂപാന്തരപെടട്ടെ (വാക്യം 3–6).
"കര്ത്താവിന്റേത്"
ശരീരത്ത് "മഷി പതിപ്പിക്കുന്നത്" ഇക്കാലത്ത് വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു എന്നു കാണാന്‍ വിഷമമില്ല. ചില ടാറ്റൂകള്‍ ശ്രദ്ധയില്‍പെടാന്‍ കഴിയാത്തവിധം ചെറുതാണ്. മറ്റുള്ളവ-അത്ലറ്റുകള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയും പൊതു ജനങ്ങളും - ബഹുവര്‍ണ്ണ മഷികളും വാക്കുകളും ചിത്രീകരണങ്ങളും കൊണ്ട് ശരീരം മുഴുനും മറയ്ക്കുന്നു. ഇതിവിടെ തുടരും എന്നു തോന്നിപ്പിക്കുന്ന ഈ ട്രെന്‍ഡ്, 2014 ല്‍ 300 കോടി ഡോളര്‍ വരുമാനമാണ് നേടിയെടുത്തത്-കൂടാതെ ടാറ്റൂ മായിക്കുന്നതിന് മറ്റൊരു 6.6 കോടി ഡോളറും.
ടാറ്റൂവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നിയാലും, ആളുകള്‍ പ്രതീകാത്മകമായി തങ്ങളുടെ ശരീരത്തില്‍ "യഹോവയ്ക്കുള്ളവന്‍" (വാ. 5) എന്ന് എഴുതുന്നതിനെക്കുറിച്ച് യെശയ്യാവ് 44 പറയുന്നു. ഈ സ്വയം-എഴുതുന്ന ടാറ്റൂ, താന്‍ തിരഞ്ഞെടുത്ത ജനത്തെ (വാ. 1) യഹോവ കരുതുന്നതിനെ വിവരിക്കുന്ന ഒരു മുഴുവന്‍ ഖണ്ഡികയുടെ പൂര്‍ത്തീകരണമാണ്. അവര്‍ക്ക് അവന്‍റെ സഹായം പ്രതീക്ഷിക്കാമെന്നും (വാ. 2), അവരുടെ ദേശവും സന്തതികളും അനുഗ്രഹത്തിനായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെന്നും (വാ. 3) ഉറപ്പു നല്‍കിയിരിക്കുന്നു. ഒരു ലളിതവും ശക്തിമത്തായതുമായ വാക്കായ "യഹോവയ്ക്കുള്ളവന്‍" തങ്ങള്‍ ദൈവത്തിന്‍റെ വകയാണെന്നും അവന്‍ തങ്ങളെ കരുതുമെന്നും ഉള്ള ജനത്തിന്‍റെ ഉറപ്പിനെ വെളിപ്പെടുത്തുന്നു.
യേശുക്രിസ്തുവിലെ വിശ്വാസം മൂലം ദൈവത്തിങ്കലേക്കു വരുന്നവര്‍ക്ക് തങ്ങള്‍ "കര്‍ത്താവിനുള്ളവന്‍" എന്ന് ഉറപ്പോടെ പറയാന്‍ കഴിയും. നാം അവന്‍റെ ജനവും അവന്‍റെ ആടുകളും അവന്‍റെ മക്കളും അവന്‍റെ അവകാശവും അവന്‍റെ മന്ദിരവുമാണ്. ജീവിതത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളില്‍ നാം ആശ്രയിക്കുന്ന കാര്യങ്ങളാണിവ. നമുക്ക് ബാഹ്യമായ അടയാളങ്ങളോ ടാറ്റൂവോ ഇല്ലെങ്കിലും നാം ദൈവത്തിന്‍റെ വകയാണെന്നുള്ള ദൈവാത്മാവിന്‍റെ സാക്ഷ്യം നമ്മുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതില്‍ നമുക്കു സന്തോഷിക്കാം (റോമര്‍ 8:16-17 കാണുക).