നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സിന്‍ഡി ഹെസ്സ് കാസ്‌പെര്‍

ദൂരേക്ക് അലഞ്ഞുപോകുക

ഒരു കന്നുകാലി ഫാമിന്റെ അടുത്തു പാര്‍ത്തിരുന്ന ഹാസ്യനടനായ മൈക്കിള്‍, മേച്ചലിനിടയില്‍ കൂട്ടംതെറ്റി അലഞ്ഞുതിരിയാനുള്ള പശുക്കളുടെ പ്രവണത ശ്രദ്ധിച്ചിരുന്നു. ഒരു പശു എല്ലായ്‌പ്പോഴും കൂടുതല്‍ ''പച്ചയായ മേച്ചില്‍പ്പുറങ്ങള്‍'' തേടി നീങ്ങിക്കൊണ്ടിരിക്കും. പറമ്പിന്റെ അരികിലെത്തിയ പശു ഒരു മരത്തിന്റെ കീഴെ തഴച്ചുവളരുന്ന കുറെ പുല്ല് കണ്ടെത്തിയേക്കാം. ആ വേലിയുടെ തകര്‍ന്ന ഭാഗത്തിനപ്പുറത്ത് ഒരു കൂട്ടം രുചികരമായ സസ്യജാലം കാണും. അപ്പോള്‍ പശു വേലിക്ക് അപ്പുറത്തേക്ക് ചാടിയിറങ്ങി റോഡിലെത്തും. അത് പതുക്കെപ്പതുക്കെ നടന്ന് കാണാതെപോകുന്ന അവസ്ഥയിലെത്തും.

അലഞ്ഞുതിരിയല്‍ പ്രശ്നത്തില്‍ പശുക്കള്‍ തനിച്ചല്ല. ആടുകളും അലഞ്ഞുനടക്കുന്നു, വഴിതെറ്റുന്ന കാര്യത്തില്‍ ഏറ്റവും വലിയ പ്രവണത മനുഷ്യര്‍ക്കാണ്.

ഒരുപക്ഷേ അതായിരിക്കാം ബൈബിളില്‍ ദൈവം നമ്മെ ആടുകളുമായി താരതമ്യപ്പെടുത്തുന്നതിന്റെ ഒരു കാരണം. അശ്രദ്ധമായ വിട്ടുവീഴ്ചകളിലൂടെയും മണ്ടന്‍ തീരുമാനങ്ങളിലൂടെയും സത്യത്തില്‍ നിന്ന് എത്ര ദൂരേക്കാണ് നാം വഴിതെറ്റിപ്പോയിരിക്കുന്നത് എന്നു മനസ്സിലാക്കാതെ നാം ഇഞ്ചിഞ്ചായി ദൈവത്തില്‍നിന്ന് അകന്നകന്നു പോകുന്നു.

നഷ്ടപ്പെട്ട ഒരു ആടിന്റെ കഥ യേശു പരീശന്മാരോടു പറഞ്ഞു. ഇടയനെ സംബന്ധിച്ചിടത്തോളം ആടിന് അത്രയേറെ മൂല്യമുണ്ടായിരുന്നതിനാല്‍ മറ്റ് ആടുകളെ ഉപേക്ഷിച്ചിട്ട് അലഞ്ഞുതിരിഞ്ഞ ഒന്നിനെ തിരഞ്ഞുപോയി. വഴിതെറ്റിപ്പോയതിനെ കണ്ടെത്തിയപ്പോള്‍ അവന്‍ ആഘോഷിച്ചു! (ലൂക്കൊസ് 15:1-7).

തന്നിലേക്ക് മടങ്ങിവരുന്നവരെ സംബന്ധിച്ച് ദൈവത്തിന്റെ സന്തോഷം ഇതാണ്. യേശു പറഞ്ഞു, ''കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിക്കുവിന്‍'' (വാ. 6). നമ്മെ രക്ഷിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ദൈവം ഒരു രക്ഷകനെ അയച്ചിട്ടുണ്ട്.

പോകാനനുവദിക്കുക

''നിങ്ങളുടെ പിതാവ് ക്രിയാത്മകമായി മരിച്ചുകൊണ്ടിരിക്കുകയാണ്,'' അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന നഴ്‌സ് പറഞ്ഞു. ''ക്രിയാത്മകമായി മരിക്കുക'' എന്നത് മരിക്കുന്ന പ്രക്രിയയുടെ അവസാന ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്, ഇത് എനിക്ക് ഒരു പുതിയ പദമായിരുന്നു. അത് ഏകാന്തമായ വണ്‍വേ റോഡിലൂടെ തനിയെ യാത്ര ചെയ്യുന്നത് പോലെ വിചിത്രമായി തോന്നി. എന്റെ അച്ഛന്റെ അവസാന ദിവസം, അദ്ദേഹത്തിന് ഇപ്പോഴും ഞങ്ങളെ കേള്‍ക്കാന്‍ കഴിയുമോ എന്ന് അറിയാതെ, ഞാനും ചേച്ചിയും അടുത്ത് കട്ടിലില്‍ ഇരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ മൊട്ടത്തലയില്‍ ഞങ്ങള്‍ ചുംബിച്ചു. ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോടു മന്ത്രിച്ചു. ഞങ്ങള്‍ അദ്ദേഹത്തിന് ഒരു ഗാനം ആലപിക്കുകയും 23-ാം സങ്കീര്‍ത്തനം ഉദ്ധരിക്കുകയും ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്നും ഞങ്ങളുടെ ഡാഡി ആയിരിക്കുന്നതിന് നന്ദിയുണ്ടെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം യേശുവിനോടു ചേരുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹത്തിന് പോകാമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ആ വാക്കുകള്‍ പറയുന്നത് പോകാനനുവദിക്കുന്നതിന്റെ വേദനാജനകമായ ആദ്യപടിയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്കുശേഷം ഞങ്ങളുടെ ഡാഡി സന്തോഷപൂര്‍വ്വം തന്റെ നിത്യഭവനത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു.

പ്രിയപ്പെട്ട ഒരാളുടെ അവസാന വിടപറയല്‍ വേദനാജനകമാണ്. തന്റെ നല്ല സുഹൃത്തായ ലാസര്‍ മരിച്ചപ്പോള്‍ യേശുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി (യോഹന്നാന്‍ 11:35). എന്നാല്‍ ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ ഉള്ളതിനാല്‍ ശാരീരിക മരണത്തിനപ്പുറം നമുക്ക് പ്രത്യാശയുണ്ട്. സങ്കീര്‍ത്തനം 116:15 പറയുന്നു, ദൈവത്തിന്റെ ''ഭക്തന്മാരുടെ'' - അവന്റെ വകയായിട്ടുള്ളവര്‍ - 'മരണം' അവനു വിലപ്പെട്ടതാണ്. അവര്‍ മരിക്കുന്നുവെങ്കിലും അവര്‍ വീണ്ടും ജീവിക്കും.

യേശു വാഗ്ദാനം ചെയ്യുന്നു, ''ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല' (യോഹന്നാന്‍ 11:25-26). നാം എന്നേക്കും ദൈവസന്നിധിയില്‍ ആയിരിക്കും എന്നറിയുന്നത് എന്ത് ആശ്വാസമാണ് നല്‍കുന്നത്!

ഇഷ്ടപുത്രന്‍

എന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ ഏകദേശം 2000 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ നര്‍മ്മബോധവും ദയയുള്ള ഹൃദയവും കാരണം അദ്ദേഹം എല്ലായ്‌പ്പോഴും കുടുംബത്തിലെ പ്രിയപ്പെട്ട അംഗമാണ്. എന്നിരുന്നാലും, അമ്മയുടെ കണ്ണുകളില്‍ അദ്ദേഹത്തിനുള്ള പ്രിയപ്പെട്ട പദവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ നല്ല അര്‍ത്ഥത്തില്‍ തമാശ പറയുന്നത് ഞാന്‍ ഓര്‍ക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ്, ''ഞാന്‍ അമ്മയുടെ പ്രിയപ്പെട്ടവന്‍'' എന്നെഴുതിയ ഒരു ടീ-ഷര്‍ട്ട് അവര്‍ അദ്ദേഹത്തിനു സമ്മാനിക്കുകപോലുമുണ്ടായി. സഹോദരങ്ങളുടെ ഇത്തരത്തിലുള്ള ബാലിശത നാമെല്ലാവരും ആസ്വദിക്കുന്നു എന്നതു ശരിയാണെങ്കിലും യഥാര്‍ത്ഥ പക്ഷപാതം തമാശയല്ല.

ഉല്പത്തി 37-ല്‍, യോസേഫിന് ഒരു ബഹുവര്‍ണ്ണ അങ്കി ഉണ്ടാക്കിക്കൊടുത്ത യാക്കോബിനെക്കുറിച്ച് നാം വായിക്കുന്നു - യോസേഫ് പ്രത്യേകതയുള്ളവനാണെന്ന് മറ്റു മക്കള്‍ക്കു സൂചന നല്‍കുന്നതായിരുന്നു അത് (വാ. 3). ''യോസഫ് എന്റെ പ്രിയപ്പെട്ട മകനാണ്'' എന്നാണ് കോട്ടിന്റെ സന്ദേശം വിളിച്ചുപറഞ്ഞത്.

പക്ഷപാതം പ്രകടിപ്പിക്കുന്നത് ഒരു കുടുംബം ദുര്‍ബലമാകുവാന്‍ കാരണമാകാം. യാക്കോബിന്റെ മാതാവായ റിബേക്ക തന്റെ മകന്‍ ഏശാവിനെക്കാള്‍ അധികം അവനെ അനുകൂലിച്ചത്്, രണ്ടു സഹോദരന്മാര്‍ തമ്മിലുള്ള കലഹത്തിലേക്ക് നയിച്ചു (25:28). യാക്കോബ് ഭാര്യ ലേയയെക്കാള്‍ ഭാര്യ റാഹേലിനോടു (യോേസഫിന്റെ അമ്മ) പക്ഷപാതം കാണിച്ചതുകൊണ്ട് വിയോജിപ്പും ഹൃദയവേദനയും ഭവനത്തില്‍ നിലനിന്നു (29: 30-31). യോസേഫിന്റെ സഹോദരന്മാര്‍ക്ക് ഇളയ സഹോദരനെ പുച്ഛിക്കാനും കൊലപാതകത്തിന് ഗൂഢാലോചന നടത്താനുമുള്ള അനാരോഗ്യകരമായ അടിത്തറയായിരുന്നു ഈ മാതൃക എന്നതില്‍ സംശയമില്ല (37:18).

നമ്മുടെ ബന്ധങ്ങളുടെ കാര്യം വരുമ്പോള്‍, വസ്തുനിഷ്ഠമായി പെരുമാറുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം. എന്നാല്‍ നമ്മുടെ ലക്ഷ്യം എല്ലാവരോടും പക്ഷപാതരഹിതമായി പെരുമാറുക, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ സ്‌നേഹിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ വ്യക്തിയെയും സ്‌നേഹിക്കുക എന്നതായിരിക്കണം (യോഹന്നാന്‍ 13:34).

ആത്മാവിന്റെ അതേ താളത്തില്‍

പിയാനോ ട്യൂണര്‍ ഗംഭീരവും ലക്ഷണമൊത്തതുമായ പിയാനോ ട്യൂണ്‍ ചെയ്യുന്നതു കേട്ടിരുന്നപ്പോള്‍, അതേ പിയാനോയിലൂടെ 'ഹൗ ഗ്രേറ്റ് ദൗ ആര്‍ട്ട്' എന്ന് അവിശ്വസനീയമാംവിധം ആലപിച്ചു കേട്ടതിനെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. എന്നാല്‍ ഇപ്പോള്‍ ഉപകരണം ട്യൂണ്‍ ചെയ്യേണ്ടതുണ്ട്. ചില നോട്ടുകള്‍ പിച്ചില്‍ ശരിയാണെങ്കിലും മറ്റുള്ളവ മൂര്‍ച്ചയുള്ളതോ പരന്നതോ ആയതിനാല്‍ അസുഖകരമായ ശബ്ദം സൃഷ്ടിക്കുന്നു. പിയാനോ ട്യൂണറിന്റെ ഉത്തരവാദിത്തം ഓരോ കീകളും ഒരേ ശബ്ദം പ്ലേ ചെയ്യുകയല്ല, മറിച്ച് ഓരോ നോട്ടിന്റെയും തനതായ ശബ്ദം മറ്റുള്ളവരുമായി സംയോജിപ്പിച്ച് മനോഹരവും ആകര്‍ഷണീയവുമാം വിധം മൊത്തത്തില്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കുക എന്നതായിരുന്നു.

സഭയ്ക്കുള്ളില്‍പ്പോലും, അഭിപ്രായവ്യത്യാസത്തിന്റെ നോട്ടുകള്‍ നമുക്ക് നിരീക്ഷിക്കാനാകും. അതുല്യമായ അഭിലാഷങ്ങളോ കഴിവുകളോ ഉള്ള ആളുകള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവ്യക്തമായ അപശബ്ദം സൃഷ്ടിക്കാന്‍ കഴിയും. ദൈവവുമായുള്ള കൂട്ടായ്മയും മറ്റുള്ളവരുമായുള്ള ബന്ധവും തകര്‍ക്കുന്ന ''ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ,'' എന്നിവയില്‍ നിന്നകന്നു നില്‍ക്കാന്‍ ഗലാത്യര്‍ 5 ല്‍ പൗലൊസ് വിശ്വാസികളോട് അപേക്ഷിച്ചു. പകരം ആത്മാവിന്റെ ഫലങ്ങളായ ''സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം'' (വാ. 20,22-23) എന്നിവ പുറപ്പെടുവിക്കാന്‍ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

നാം ആത്മാവിനാല്‍ ജീവിക്കുമ്പോള്‍, അപ്രധാനമായ കാര്യങ്ങളെച്ചൊല്ലി അനാവശ്യമായ ഭന്നിതകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കുന്നത് നമുക്ക് എളുപ്പമായിരിക്കും. ഞങ്ങളുടെ പൊതുവായ ഉദ്ദേശ്യം നമ്മുടെ വ്യത്യാസങ്ങളെക്കാള്‍ വലുതായിരിക്കും. ദൈവത്തിന്റെ സഹായത്താല്‍, ഓരോരുത്തര്‍ക്കും കൃപയിലും ഐക്യത്തിലും വളരാന്‍ കഴിയും.

സന്തോഷത്തിന്റെ ചിന്തകള്‍

വിവിധ ആളുകളുമായുള്ള അഭിമുഖങ്ങളുടെ ഒരു ശേഖരത്തില്‍, അഭിമുഖകാരന്‍ അവരുമായി അവര്‍ കാത്തുസൂക്ഷിക്കുന്ന പ്രാധാന്യവും സന്തോഷവുമുള്ള ഒരൊറ്റ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് ഒരിക്കലും വി്ട്ടുപിരിയാന്‍ കഴിയാത്ത ഒന്ന്.

ഇത് എന്നെ, എനിക്ക് ഏറ്റവും പ്രിയങ്കരമായതും എനിക്കു സന്തോഷം നല്‍കുന്നതുമായ സ്വത്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒന്ന് നാല്‍പതു വര്‍ഷം മുമ്പ് എന്റെ അമ്മ സ്വന്തം കൈയക്ഷരത്തില്‍ എനിക്കെഴുതിയ ജന്മദിന കാര്‍ഡാണ്. മറ്റൊന്ന് എന്റെ മുത്തശ്ശിയുടെ ആഭരണപ്പെട്ടിയാണ്. മറ്റ് ആളുകളും അമൂല്യമായ ഓര്‍മ്മകളെ വിലമതിച്ചേക്കാം - അവരെ പ്രോത്സാഹിപ്പിച്ച അഭിനന്ദനം, ഒരു കൊച്ചുമകന്റെ ചിരി, അല്ലെങ്കില്‍ അവര്‍ തിരുവെഴുത്തില്‍ നിന്ന് ശേഖരിച്ച പ്രത്യേക ഉള്‍ക്കാഴ്ച.

എന്നിരുന്നാലും, നാം പലപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നത് വലിയ അസന്തുഷ്ടിയെ ഉളവാക്കിയ കാര്യങ്ങളാണ്: ഉത്കണ്ഠ - മറഞ്ഞിരിക്കുന്നു എങ്കിലും എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നവ. കോപം - ഉപരിതലത്തിന് താഴെയാണെങ്കിലും ആഞ്ഞടിക്കാന്‍ തയ്യാറാണ്. നീരസം - നമ്മുടെ ചിന്തകളുടെ കാതലിനെ നിശബ്ദമായി നശിപ്പിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ സഭയ്ക്ക് അയച്ച കത്തില്‍ ''ചിന്തിക്കാന്‍'' കൂടുതല്‍ നല്ല മാര്‍ഗം കാണിച്ചുകൊടുത്തു. സഭയിലെ ജനങ്ങളെ എപ്പോഴും സന്തോഷിപ്പിക്കാനും സൗമ്യത കാണിക്കാനും പ്രാര്‍ത്ഥനയില്‍ എല്ലാം ദൈവത്തിങ്കലേക്ക് കൊണ്ടുവരാനും അവന്‍ പ്രോത്സാഹിപ്പിച്ചു (ഫിലിപ്പിയര്‍ 4:4-9).

ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പൗലൊസിന്റെ പ്രോത്സാഹന വാക്കുകള്‍, ഇരുണ്ട ചിന്തകളെ പുറന്തള്ളാനും ക്രിസ്തുയേശുവില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തിന്റെ സമാധാനത്തെ അനുവദിക്കാനും സഹായിക്കുന്നു (വാ. 7). നമ്മുടെ മനസ്സിനെ നിറയ്ക്കുന്ന ചിന്തകള്‍ സത്യവും ഘനമുള്ളതും നീതിയായതും നിര്‍മ്മലമായതും രമ്യമായതും സത്ക്കീര്‍ത്തിയായതും സത്ഗുണവും പുകഴ്ചയും ആകുമ്പോഴാണ് അവന്റെ സമാധാനം നമ്മുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നത് (വാ. 8).

നിങ്ങള്‍ക്കുള്ളതു കൊണ്ടുവരിക

'കല്ല് സൂപ്പ്,'' പല ഭാഷ്യങ്ങളുള്ള ഈ ഒരു പഴയ കഥ, ഒരു മനുഷ്യന്‍ വിശന്നുവലഞ്ഞ് ഒരു ഗ്രാമത്തില്‍ ചെന്നതിനെക്കുറിച്ചുള്ളതാണ്. എങ്കിലും ആരും അല്പം ഭക്ഷണം അയാള്‍ക്കു നല്‍കിയില്ല. അയാള്‍ ഒരു കല്ല് ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് അടുപ്പിനു മുകളില്‍വെച്ചു. അയാള്‍ 'സൂപ്പ്'' ഇളക്കാന്‍ തുടങ്ങുന്നത് ഗ്രാമവാസികള്‍ ആകാംക്ഷാപൂര്‍വ്വം വീക്ഷിച്ചു. ഒരാള്‍ രണ്ട് ഉരുളക്കിഴങ്ങ് സൂപ്പില്‍ ചേര്‍ക്കാനായി കൊടുത്തു. മറ്റൊരാള്‍ രണ്ടു കാരറ്റു നല്‍കി. ഒരാള്‍ ഉള്ളിയും മറ്റൊരാള്‍ ബാര്‍ലിയും നല്‍കി. ഒരു കൃഷിക്കാരന്‍ കുറച്ചു പാല്‍ സംഭാവന ചെയ്തു. ക്രമേണ 'കല്ലു സൂപ്പ്'' രുചികരമായ സൂപ്പായി മാറി.

പങ്കുവയ്ക്കലിന്റെ വിലയെക്കുറിച്ചുള്ളതാണ് ഈ കഥ എങ്കിലും നമുക്കുള്ളതു അതെത്ര അപ്രധാനമാണെങ്കിലും കൊണ്ടുവരുവാന്‍ എതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്‍ 6:1-14 ല്‍, വലിയൊരു പുരുഷാരത്തിന്റെ നടുവില്‍, ഭക്ഷണം കൊണ്ടുവരണമെന്ന് ചിന്തയുണ്ടായിരുന്ന ഒരേയൊരു ബാലകനെക്കുറിച്ചു നാം വായിക്കുന്നു. അഞ്ച് അപ്പവും രണ്ടു മീനും അടങ്ങിയ ബാലകന്റെ ഈ കുഞ്ഞു പൊതി ശിഷ്യന്മാരെ സംബന്ധിച്ച് വലിയ ഉപയോഗം ഉള്ളതായിരുന്നില്ല. അന്നാല്‍ അത് സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, യേശു അതിനെ വര്‍ദ്ധിപ്പിക്കുകയും വിശന്നുവലഞ്ഞ അയ്യായിരം പേരെ പോഷിപ്പിക്കുകയും ചെയ്തു.

'നിങ്ങള്‍ അയ്യായിരം പേരെ പോഷിപ്പിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ അഞ്ചപ്പവും രണ്ടു മീനും കൊണ്ടുവന്നാല്‍ മാത്രം മതി'' എന്നൊരാള്‍ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. യേശു ഒരു മനുഷ്യന്റെ ഭക്ഷണപ്പൊതി വാങ്ങി ആരുടെയും പ്രതീക്ഷയ്ക്കും സങ്കല്പത്തിനും അപ്പുറമായി അതിനെ വര്‍ദ്ധിപ്പിച്ചതുപോലെ (വാ. 11) അവന്‍ നമ്മുടെ കീഴ്‌പ്പെടുത്തിക്കൊടുത്ത പ്രയത്‌നങ്ങള്‍, താലന്തുകള്‍, സേവനം എന്നിവയെ സ്വീകരിക്കും. നമുക്കുള്ളത് എന്തോ അത് അവന്റെ അടുക്കല്‍ നാം കൊണ്ടുവരികയാണ് അവനാവശ്യം.

മനപ്പൂര്‍വ്വമായ ദയ

തന്റെ മക്കളോടുകൂടി ഏകയായി വിമാനം കയറിയ ഒരു യുവതിയായ മാതാവ്്, തൊഴിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്ന തന്റെ മൂന്നുവയസ്സുകാരിയായ മകളെ ശാന്തായാക്കാന്‍ ഏറെ പാടുപെട്ടു. ആ സമയം നാലു മാസം പ്രായമുള്ള മകന്‍ വിശന്നു കരയാന്‍ തുടങ്ങി.

പെട്ടെന്ന് അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെ പിടിക്കാമെന്ന് ഏറ്റു-ആ സമയം ജെസിക്കാ മകളെ ശാന്തയാക്കി, സീറ്റ് ബെല്‍റ്റിട്ടിരുത്തി. തുടര്‍ന്ന് ജെസീക്ക കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ ആ യാത്രക്കാരന്‍ - ഒരു പിതാവെന്ന നിലയിലുള്ള തന്റെ ആരംഭകാലത്തെ ഓര്‍ത്തുകൊണ്ട് - മകളെ ചിത്രത്തിനു നിറം കൊടുക്കാന്‍ സഹായിച്ചു. അടുത്ത കണക്ടിംഗ് ഫ്ളൈറ്റിലും ആവശ്യമെങ്കില്‍ തന്റെ സഹായം ആ മനുഷ്യന്‍ വാഗ്ദാനം ചെയ്തു.

'ഇതില്‍ ദൈവത്തിന്റെ കരം ഞാന്‍ കണ്ടു' ജെസിക്കാ അയവിറക്കി. ആരുടെയെങ്കിലും അടുത്ത് ഞങ്ങളെ ഇരുത്താമായിരുന്നു, എങ്കിലും ഞാന്‍ കണ്ടുമുട്ടിയതില്‍വെച്ചേറ്റവും നല്ല മനുഷ്യന്റെ അടുത്താണ് ഞങ്ങളെ ഇരുത്തിയത്.'

2 ശമൂവേല്‍ 9 ല്‍, മനപ്പൂര്‍വ്വമായ ദയ എന്നു ഞാന്‍ വിളിക്കുന്ന കാര്യത്തിന്റെ മറ്റൊരു ഉദാഹരണം നാം വായിക്കുന്നു. ശൗല്‍ രാജാവും അവന്റെ മകന്‍ യോനാഥാനും കൊല്ലപ്പെട്ടശേഷം, തന്റെ സിംഹാസനത്തിനു വെല്ലുവിളിയായിത്തീര്‍ന്നേക്കാവുന്ന എല്ലാവരെയും ദാവീദ് കൊല്ലുമെന്ന് ചിലര്‍ പ്രതീക്ഷിച്ചു. പകരം അവന്‍ ചോദിച്ചത്, 'ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ?'' എന്നാണ് (വാ. 3). തുടര്‍ന്ന് യോനാഥാന്റെ മകനായ മെഫീബോശെത്തിനെ ദാവീദിന്റെ മുമ്പില്‍ കൊണ്ടുവരികയും ദാവീദ് അവന്റെ അവകാശം അവനു പുനഃസ്ഥാപിച്ചു കൊടുക്കുകയും - അവനെ സ്വന്ത മകന്‍ എന്നപോലെ - തന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു (വാ. 11).

ദൈവത്തിന്റെ അളവറ്റ ദയയുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മനപ്പൂര്‍വ്വമായ ദയ കാണിക്കുന്നതിനുള്ള അവസരങ്ങള്‍ നമുക്കന്വേഷിക്കാം (ഗലാത്യര്‍ 6:10).

എളുപ്പത്തില്‍ കുടുങ്ങിപ്പോകുക

അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് നിബിഢ വനത്തില്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന പടയാളികള്‍ക്ക് അവരെ വിഷമിപ്പിക്കുന്ന ഒരു പ്രശ്‌നം നേരിട്ടു. മുന്നറിയിപ്പില്ലാതെ, പെട്ടെന്നു വ്യാപിക്കുന്ന മുള്ളുകളുള്ള ഒരു വള്ളിച്ചെടി പടയാളികളെയും അവരുടെ ഉപകരണങ്ങളെയും ചുറ്റിപ്പിണയുകയും അവരെ കെണിയിലാക്കുകയും ചെയ്തു. അവര്‍ അതില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സ്പര്‍ശനികള്‍ അവരെ വരിഞ്ഞു മുറുക്കി. പട്ടാളക്കാര്‍ ആ ചെടിക്ക് 'ഒരു നിമിഷം നില്‍ക്കണേ' ചെടി എന്നു പേരിട്ടു; കാരണം അവര്‍ അതില്‍ പെട്ടുപോകുകയും പുറത്തുകടക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ അവര്‍ മറ്റുള്ളവരോട് 'ഹേയ്, ഒരു നിമിഷം നില്‍ക്കണേ, ഞാന്‍ കുടുങ്ങിപ്പോയി' എന്നു വിളിച്ചു പറയേണ്ടിവരുമായിരുന്നു.

സമാനമായ നിലയില്‍, യേശുവിന്റെ അനുയായികള്‍ പാപത്തില്‍ അകപ്പെട്ടുപോയാല്‍ മുമ്പോട്ടു പോകുക ദുഷ്‌കരമായിരിക്കും. 'സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക' എന്ന് എബ്രായര്‍ 12:1 നമ്മോടു പറയുന്നു. എന്നാല്‍ നമ്മുടെമേല്‍ ഭാരമായിരിക്കുന്ന പാപത്തെ നമുക്കെങ്ങനെ എറിഞ്ഞുകളയാന്‍ കഴിയും?

യേശുവിനു മാത്രമേ നമ്മുടെ ജീവിതത്തെ ചുറ്റിവരിയുന്ന പാപത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കാന്‍ കഴിയൂ. നമ്മുടെ രക്ഷകനായ അവനില്‍ ദൃഷ്ടി പതിപ്പിക്കുവാന്‍ നമുക്കു തയ്യാറാകാം (12:2). ദൈവപുത്രന്‍ എല്ലാ നിലയിലും മനുഷ്യനായിത്തീര്‍ന്നതിനാല്‍, പരീക്ഷിക്കപ്പെടുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അവനറിയാം-എങ്കിലും അവന്‍ പാപം ചെയ്തില്ല (2:17-18; 4:15). നാം നമ്മുടെ പാപത്താല്‍ പരിതാപകരമായ നിലയില്‍ വരിഞ്ഞുമുറുക്കപ്പെട്ടേക്കാം എങ്കിലും നാം പരീക്ഷയെ ജയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതു നമ്മുടെ സ്വന്ത ശക്തിയാലല്ല അവന്റെ ശക്തിയാല്‍ നമ്മെ കുടുക്കിക്കളയുന്ന പാപത്തെ എറിഞ്ഞു കളഞ്ഞ് അവന്റെ നീതി പിന്തുടരുവാന്‍ കഴിയും (1 കൊരിന്ത്യര്‍ 10:13).

ആവര്‍ത്തിച്ചുള്ള ഭക്ഷണം

കെറിയും പോളും വിവാഹിതരായപ്പോള്‍ ഇരുവര്‍ക്കും പാചകം അറിയില്ലായിരുന്നു. എങ്കിലും ഒരു വൈകിട്ട് സ്പഗേറ്റി ഉണ്ടാക്കുന്നത് ഒന്നു പരീക്ഷിക്കാമെന്ന് കെറി തീരുമാനിച്ചു - ഉണ്ടാക്കിവന്നപ്പോള്‍ അളവു കൂടിപ്പോയതുകൊണ്ട് പിറ്റേന്നും അതുതന്നെ കഴിക്കേണ്ടിവന്നു. മൂന്നാം ദിവസം പോള്‍ പാചകത്തിനു തയ്യാറായി, ഒരു വലിയ കലം നിറയെ പാസ്റ്റായും സോസും ഉണ്ടാക്കി. അത് ആ വാരാന്ത്യം മുഴുവനും ഭക്ഷിക്കാനുള്ളതുണ്ടായിരുന്നു. അന്നു വൈകിട്ട് ദമ്പതികള്‍ ഭക്ഷണത്തിനിരുന്നപ്പോള്‍, കെറി ഏറ്റുപറഞ്ഞു, 'എനിക്കു സ്പഗേറ്റി മടുത്തു.'

യിസ്രായേല്യരെപ്പോലെ ഒരേ ഭക്ഷണം തന്നെ - നാല്പതു വര്‍ഷം - ഭക്ഷിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. ഓരോ പ്രഭാതത്തിലും അവര്‍ ദൈവം കൊടുത്ത മധുരമുള്ള 'സൂപ്പര്‍ ഭക്ഷണം' ശേഖരിച്ച് പാകം ചെയ്തു (അടുത്ത ദിവസം ശബ്ബത്ത് അല്ലെങ്കില്‍ ഒട്ടും ബാക്കി വരില്ലായിരുന്നു, പുറപ്പാട് 16:23-26). അവര്‍ ഭാവനപൂര്‍ണ്ണമായിട്ടാണ് അതുണ്ടാക്കിയിരുന്നത് -ചിലപ്പോള്‍ ബേക്ക് ചെയ്തു, ചിലപ്പോള്‍ പുഴുങ്ങി (വാ. 23). എങ്കിലും മിസ്രയീമില്‍വെച്ച് അവര്‍ ആസ്വദിച്ചിരുന്ന നല്ല ഭക്ഷണത്തിന്റെ ഓര്‍മ്മ അവരെ അലട്ടി (വാ. 3, സംഖ്യാപുസ്തകം 11:1-9) -ആ പോഷകസമൃദ്ധമായ ഭക്ഷണത്തിന് അവര്‍ കൊടുക്കേണ്ടി വന്ന വില ക്രൂരപീഡനവും അടിമത്തവും ആയിരുന്നെങ്കില്‍ പോലും.

നാമും ചിലപ്പോഴൊക്കെ നമ്മുടെ ജീവിതം മുമ്പ് ആയിരുന്നതുപോലെ അല്ല ഇപ്പോള്‍ എന്നു നീരസപ്പെടാറുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ ജീവിതത്തിന്റെ ഒരുപോലെ തുടരുന്ന അവസ്ഥ നമ്മില്‍ അസംതൃപ്തി ഉളവാക്കാറുണ്ട്. എന്നാല്‍ യിസ്രായേലിനുവേണ്ടിയുള്ള ദൈവത്തിന്റെ വിശ്വസ്തമായ കരുതല്‍, ഓരോ ദിവസവും അവന്റെ കരുതലില്‍ വിശ്വസിക്കുവാനും ആശ്രയിക്കുവാനും അവരെ ഇടയാക്കി എന്ന് പുറപ്പാട് 16 നമ്മോടു പറയുന്നു.

നമുക്കാവശ്യമുള്ളതെല്ലാം നമുക്കു നല്‍കാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. അവന്‍ നമ്മുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും നമ്മുടെ ആത്മാക്കളെ നന്മകളാല്‍ നിറയ്ക്കുകയും ചെയ്യുന്നു (സങ്കീര്‍ത്തനം 107:9).

അയല്പക്കത്തിനുമപ്പുറം

2017 വേനല്‍ക്കാലത്ത്, ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് യു.എസിന്റെ ഗള്‍ഫ് തീരത്ത് വന്‍ നാശനഷ്ടങ്ങളും ദാരുണമാംവിധം ജീവഹാനിയും വരുത്തുകയുണ്ടായി. അടിയന്തിരാവശ്യത്തിലിരിക്കുന്നവര്‍ക്ക് അനേകയാളുകള്‍ ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും നല്‍കുകയുണ്ടായി.

മെരിലാന്‍ഡിലെ ഒരു പിയാനോ സ്‌റ്റോറിന്റെ ഉടമയ്ക്ക് കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ പ്രേരണയുണ്ടായി. സകലവും നഷ്ടപ്പെട്ട ആളുകളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും പ്രത്യേക നിലയില്‍ സൗഖ്യം നല്‍കുന്നതിനും സംഗീതത്തിനുള്ള പ്രത്യേക കഴിവിനെക്കുറിച്ചദ്ദേഹം ചിന്തിച്ചു. അതിനെത്തുടര്‍ന്ന് അദ്ദേഹവും സ്റ്റാഫും പഴയ പിയാനോകള്‍ നന്നാക്കി, എവിടെയാണ് ഏറ്റവും കൂടുതല്‍ ആവശ്യം എന്നന്വേഷിച്ചു. ആ വസന്തകാലത്ത്, ഡീന്‍ ക്രാമറും ഭാര്യ ലോയിസും ട്രക്കില്‍ നിറയെ സൗജന്യ പിയാനോകളുമായി ടെക്‌സസിലെ ഹ്യൂസ്റ്റണിലേക്ക് യാത്ര ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സഭകള്‍ക്കും സ്‌കൂളുകള്‍ക്കും അവ വിതരണം ചെയ്തു. അവരത് നന്ദിയോടെ ഏറ്റുവാങ്ങി.

അയല്‍ക്കാരന്‍ എന്ന പദത്തിന് സമീപം പാര്‍ക്കുന്നവന്‍ അല്ലെങ്കില്‍ കുറഞ്ഞപക്ഷം നമുക്കറിയാവുന്ന ആള്‍ എന്നാണര്‍ത്ഥമെന്ന് നാം ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ലൂക്കൊസ് 10 ല്‍ നമ്മുടെ അയല്‍ക്കാരോടുള്ള നമ്മുടെ സ്‌നേഹത്തിന് അതിരുകള്‍ ഉണ്ടാകരുതെന്നു പഠിപ്പിക്കുന്നതിനായി നല്ല ശമര്യക്കാരന്റെ ഉപമ യേശു പറഞ്ഞു. ശമര്യയില്‍ നിന്നുള്ള മനുഷ്യന്‍ മുറിവേറ്റ അപരിചിതന് സൗജന്യമായി നല്‍കി - ആ മനുഷ്യന്‍ ശമര്യരുമായി നല്ല ബന്ധത്തിലല്ലായിരുന്ന ഒരു യെഹൂദന്‍ ആയിരുന്നിട്ടു കൂടി (വാ. 25-37).

എന്തുകൊണ്ടാണ് ഈ പിയാനോകളെല്ലാം സൗജന്യമായി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഡീന്‍ ക്രാമര്‍ ലളിതമായി വിശദീകരിച്ചു: 'നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കാന്‍ നമ്മോട് പറഞ്ഞിരിക്കുന്നു. യേശുവാണ് പറഞ്ഞത്, ദൈവത്തെയും നമ്മുടെ അയല്‍ക്കാരെയും സ്‌നേഹിക്കുന്നതിലും വലിയ കല്പന വേറെയില്ല എന്ന് (മര്‍ക്കൊസ് 12:31).