സംസാരിക്കാന്‍ കഴിയാത്ത മനുഷ്യന്‍
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു സദനത്തില്‍ തന്റെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഒരു മനുഷ്യന്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു സംഘം കൗമാരക്കാര്‍ യേശുവിനെക്കുറിച്ച് പാടുന്നത് സന്തോഷത്തോടെ ശ്രദ്ധിച്ചു. പിന്നീട്, ചില കൗമാരക്കാര്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയില്ലെന്ന് അവര്‍ കണ്ടെത്തി. ഹൃദയാഘാതം സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കവര്‍ന്നുകളഞ്ഞു.
ആ വ്യക്തിയുമായി സംഭാഷണം തുടരാന്‍ അവര്‍ക്ക് കഴിയാത്തതിനാല്‍, കൗമാരക്കാര്‍ അദ്ദേഹത്തിനുവേണ്ടി പാടാന്‍ തീരുമാനിച്ചു. അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതകരമായ എന്തോ ഒന്ന് സംഭവിച്ചു. സംസാരിക്കാന്‍ കഴിയാത്ത ആ മനുഷ്യന്‍ പാടാന്‍ തുടങ്ങി. ഉത്സാഹത്തോടെ, തന്റെ പുതിയ ചങ്ങാതിമാര്‍ക്കൊപ്പം ''നീ എത്ര ഉന്നതന്‍'' എന്ന് അദ്ദേഹം പാടി.
എല്ലാവര്‍ക്കും വളരെ ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു അത്. ദൈവത്തോടുള്ള ഈ മനുഷ്യന്റെ സ്‌നേഹം പ്രതിബന്ധങ്ങളെ മറികടന്ന് ശ്രവ്യമായ ആരാധനയായി മാറി - ഹൃദയംഗമമായ, സന്തോഷകരമായ ആരാധന.
നമുക്കെല്ലാവര്‍ക്കും കാലാകാലങ്ങളില്‍ ആരാധനാ തടസ്സങ്ങളുണ്ട്. ഒരുപക്ഷേ ഇത് ബന്ധത്തിലുണ്ടായ ഒരു വിള്ളലോ, സാമ്പത്തിക പ്രശ്നമോ ആയിരിക്കാം. അല്ലെങ്കില്‍ ദൈവവുമായുള്ള ബന്ധത്തില്‍ അല്‍പ്പം തണുപ്പ് വ്യാപിക്കുന്ന ഒരു ഹൃദയമായിരിക്കാം ഇത്.
നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്വത്തിനും പ്രതാപത്തിനും ഏത് പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് നമ്മുടെ ഊമനായ സുഹൃത്ത് ഓര്‍മ്മിപ്പിക്കുന്നു. 'എന്‍ കര്‍ത്താവേ, നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച ലോകമെല്ലാം എന്‍ കണ്‍കള്‍ കാണ്‍കയില്‍!''
നിങ്ങളുടെ ആരാധനയില്‍ പോരാട്ടം അനുഭവിക്കുന്നുണ്ടോ? 96-ാം സങ്കീര്‍ത്തനം പോലുള്ള ഒരു ഭാഗം വായിച്ചുകൊണ്ട് നമ്മുടെ ദൈവം എത്ര വലിയവനാണെന്ന് ചിന്തിക്കുക, നിങ്ങള്‍ക്കും നിങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പകരം സ്തുതി കണ്ടെത്താന്‍ കഴിയും.
ദൈവത്തെ അന്വേഷിക്കുക
സ്വപ്‌നങ്ങളെ പിന്തുടരുന്നതിലുള്ള ആളുകളുടെ അഭിനിവേശവും അര്‍പ്പണബോധവും കാണുന്നത് പ്രചോദനകരമാണ്. എനിക്കറിയാവുന്ന ഒരു യുവതി അടുത്തിടെ ഒരു വര്‍ഷത്തിനുള്ളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി സമ്പൂര്‍ണ്ണ സമര്‍പ്പണം അതിനാവശ്യമായിരുന്നു. ഒരു സുഹൃത്തിന് ഒരു പ്രത്യേക കാര്‍ വേണം, അതിനാല്‍ അവന്‍ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ കേക്ക് ഉണ്ടാക്കി വിറ്റു പണം സമ്പാദിച്ചു. വില്‍പ്പന രംഗത്തുള്ള മറ്റൊരു വ്യക്തി ഓരോ ആഴ്ചയിലും നൂറ് പുതിയ ആളുകളെ കാണാന്‍ ശ്രമിക്കുന്നു.
ഭൗമിക മൂല്യമുള്ള എന്തെങ്കിലും ചെയ്യാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നത് നല്ലതാണെങ്കിലും, അതിലും പ്രധാനപ്പെട്ട ഒരു തരം അന്വേഷണം നാം പരിഗണിക്കേണ്ടതുണ്ട്.
നിരാശയോടെ, മരുഭൂമിയില്‍ കഷ്ടപ്പെട്ടുകൊണ്ട് ദാവീദ് രാജാവ് എഴുതി, ''ദൈവമേ, നീ എന്റെ ദൈവം ആത്മാര്‍ത്ഥമായി (അതികാലത്തേ) ഞാന്‍ നിന്നെ അന്വേഷിക്കുന്നു'' (സങ്കീര്‍ത്തനം 63:1). ദാവീദ് അവനോടു നിലവിളിക്കുമ്പോള്‍ ദൈവം തളര്‍ന്നിരിക്കുന്ന രാജാവിനോട് അടുത്തുവന്നു. ദൈവത്തോടുള്ള ദാവീദിന്റെ ആഴത്തിലുള്ള ആത്മീയ ദാഹം അവിടുത്തെ സന്നിധിയില്‍ മാത്രമേ തൃപ്തിപ്പെടുകയുള്ളൂ.
രാജാവ് ''വിശുദ്ധമന്ദിരത്തില്‍'' (വാ. 2) ദൈവത്തെ കണ്ടുമുട്ടിയതും അവന്റെ സകലത്തെയും കീഴടക്കുന്ന സ്‌നേഹം അനുഭവിച്ചതും (വാ. 3) അനുദിനം സ്തുതിക്കുന്നതും ഓര്‍ത്തു - അവനില്‍ യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്തുന്നത് പോഷകസമൃദ്ധവും സംതൃപ്തിദായകവുമായ ഒരു ഭക്ഷണം ആസ്വദിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല (വാ. 4-5). രാത്രിയിലും അവന്‍ ദൈവത്തിന്റെ സഹായവും സംരക്ഷണവും തിരിച്ചറിഞ്ഞ് ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിച്ചു (വാ. 6-7).
ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കാന്‍ ഇന്ന് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുന്നു. നാം അവനോട് പറ്റിനില്‍ക്കുമ്പോള്‍, ശക്തിയിലും സ്‌നേഹത്തിലും ദൈവം തന്റെ ശക്തമായ വലതു കൈകൊണ്ട് നമ്മെ ഉയര്‍ത്തിപ്പിടിക്കുന്നു. ആത്മാവിന്റെ നടത്തിപ്പിലൂടെ, എല്ലാ നല്ല വസ്തുക്കളുടെയും സ്രഷ്ടാവിനോട് നമുക്ക് അടുക്കാം.
ഒരു ലക്ഷ്യവും ഒരു ഉദ്ദേശ്യവും
2018 ല്‍, ഒരു അമേരിക്കന്‍ അത്ലറ്റായ കോളിന്‍ ഓ'ബ്രാഡി മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ഒരു നടപ്പ് നടന്നു. ഒരു തന്റെ സാധനങ്ങള്‍ നിറച്ച ഒരു സ്ലെഡ് വലിച്ചുകൊണ്ട് ഓ'ബ്രാഡി അന്റാര്‍ട്ടിക്കയില്‍ ഒറ്റയ്ക്ക് യാത്രചെയ്തു - 54 ദിവസംകൊണ്ട് 932 മൈലുകള്‍. അര്‍പ്പണബോധത്തിന്റെയും ധൈര്യത്തിന്റെയും ഒരു സുപ്രധാന യാത്രയായിരുന്നു അത്.
മഞ്ഞ്, തണുപ്പ്, ഭയാനകമായ ദൂരം എന്നിവയെ ഏകനായി നേരിട്ടതിനെക്കുറിച്ച് ഓ'ബ്രാഡി പറഞ്ഞു, ''ആഴത്തിലുള്ള ഒഴുക്കിന്റെ അവസ്ഥയില്‍ ഞാന്‍ തളച്ചിടപ്പെട്ടു (പരിശ്രമത്തില്‍ പൂര്‍ണ്ണമായും മുഴുകി). മുഴുവന്‍ സമയവും ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടൊപ്പം ഈ യാത്രയില്‍ ലഭിച്ച ആഴത്തിലുള്ള പാഠങ്ങള്‍ അയവിറക്കാന്‍ എന്റെ മനസ്സിനെ അനുവദിച്ചു.'
യേശുവില്‍ വിശ്വാസം അര്‍പ്പിച്ചവരായ നമ്മെ സംബന്ധിച്ച്, ആ പ്രസ്താവന പരിചിതമായി തോന്നാം. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ വിളിയെയാണ് ഇത് ഓര്‍പ്പിക്കുന്നത്: അതായത് ദൈവത്തെ മഹത്വപ്പെടുത്തുകയും അവനെ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ജീവിക്കുക എന്ന ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രവൃത്തികള്‍ 20:24-ല്‍, അപകടകരമായ യാത്രകള്‍ അപരിചിതമല്ലാത്ത പൗലൊസ് പറഞ്ഞു, ''എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കര്‍ത്താവായ യേശു തന്ന ശുശ്രൂഷയും തികയ്‌ക്കേണം എന്നേ എനിക്കുള്ളു.'
യേശുവുമായുള്ള ബന്ധത്തില്‍ നാം മുന്നോട്ടുപോകുമ്പോള്‍, നമ്മുടെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ രക്ഷകനെ മുഖാമുഖം കാണുന്ന ദിവസം വരെ മുന്നോട്ടു പോകാം.
സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്
ബാര്‍ട്ട് മില്ലാര്‍ഡ് 2001 ല്‍ ''എനിക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ'' എന്ന് എഴുതിയപ്പോള്‍ അതൊരു മെഗാഹിറ്റ് ആയി. ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ആയിരിക്കുന്നത് എത്രമാത്രം അത്ഭുതകരമായിരിക്കുമെന്ന് ഈ ഗാനം ചിത്രീകരിക്കുന്നു. അടുത്ത വര്‍ഷം ഞങ്ങളുടെ പതിനേഴുവയസ്സുള്ള മകള്‍ മെലിസ ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ മില്ലാര്‍ഡിന്റെ വരികള്‍ ഞങ്ങളുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്നു, അവള്‍ ദൈവസാന്നിധ്യത്തില്‍ ഇരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പ്പിച്ചു.
എന്നാല്‍ മെല്ലിന്റെ മരണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ എന്നോട് മറ്റൊരു രീതിയില്‍ ആ വരികള്‍ എന്നോടു സംസാരിച്ചു. മെലിസയുടെ സുഹൃത്തുക്കളുടെ പിതാക്കന്മാര്‍ ഉത്കണ്ഠയോടും വേദനയോടും കൂടെ എന്നെ സമീപിക്കുമ്പോള്‍ അവര്‍ പറഞ്ഞു, ''താങ്കള്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.'
അവരുടെ വികാരപ്രകടനങ്ങള്‍ സഹായകരമായിരുന്നു, അവര്‍ നമ്മുടെ നഷ്ടത്തെ സഹാനുഭൂതിയോടെ മനസിലാക്കുന്നുവെന്ന് അതു കാണിക്കുന്നു - അത് സങ്കല്‍പ്പിക്കാനാവാത്തതാണെന്നവര്‍ മനസ്സിലാക്കുന്നു
.
''കൂരിരുള്‍ താഴ്വരയിലൂടെ'' നടക്കുന്നതിനെക്കുറിച്ച് ദാവീദ് വിശദീകരിച്ചപ്പോള്‍ (സങ്കീര്‍ത്തനം 23:4) വലിയ നഷ്ടത്തിന്റെ ആഴമാണ് ദാവീദ് ചൂണ്ടിക്കാണിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം ആകാം അത്, മാത്രമല്ല നാം എങ്ങനെയാണ് ഇരുട്ടിനെ തരണം ചെയ്യാന്‍ പോകുന്നുതെന്ന് നമുക്ക്് അറിയുകയുമില്ല. മറുവശത്ത് പുറത്തുവരാന്‍ കഴിയുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാനാവില്ല.
എന്നാല്‍ ഇപ്പോള്‍ കൂരിരുള്‍ താഴ്വരയില്‍ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നതിനാല്‍, താഴ്‌വരയ്ക്കപ്പുറം നാം അവിടുത്തെ സന്നിധിയില്‍ ആയിരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഭാവിയിലേക്കുള്ള വലിയ പ്രത്യാശയും അവിടുന്ന് നല്‍കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ''ശരീരം വിടുക'' എന്നാല്‍ അവനോടൊപ്പം ആയിരിക്കുക (2 കൊരിന്ത്യര്‍ 5: 8) എന്നാണ്. അവനുമായും മറ്റുള്ളവരുമായും നമ്മുടെ ഭാവി പുനഃസമാഗമം സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വഴിയിലൂടെ മുന്നേറാന്‍ അത് സഹായിക്കും.
വെളിച്ചം പ്രകാശിക്കുന്നു
തനിക്കു എല്ലാ ദിവസവും സ്‌കൂളിലേക്കു നേരത്തെ പോകണമെന്ന് സ്റ്റീഫന്‍ മാതാപിതാക്കളോടു പറഞ്ഞെങ്കിലും അതിന്റെ പ്രാധാന്യം എന്തെന്നു പറഞ്ഞില്ല. എങ്കിലും എല്ലാ ദിവസവും രാവിലെ 7.15 ന് അവന്‍ സ്‌കൂളില്‍ എത്തുന്നുവെന്ന് അവര്‍ ഉറപ്പാക്കി.
അവന്റെ ജൂനിയര്‍ വര്‍ഷത്തിലെ അതിശൈത്യമുള്ള ഒരു പ്രഭാതത്തില്‍ സ്റ്റീഫന്‍ ഒരു കാറപകടത്തില്‍ പെടുകയും അതവന്റെ ജീവനെടുക്കുകയും ചെയ്തു. പിന്നീട് അവന്റെ ഡാഡിയും മമ്മിയും അവന്‍ എന്തിനാണ് കാലത്തെ സ്‌കൂളിലെത്തിയിരുന്നതെന്നു മനസ്സിലാക്കി. ഓരോ പ്രഭാതത്തിലും അവനും ചില സഹപാഠികളും സ്‌കൂള്‍ കവാടത്തില്‍ ഒന്നിച്ചുചേര്‍ന്ന് ഒരു പുഞ്ചിരിയോടും കൈവീശലോടും ഒരു ദയാവാക്കോടും കൂടെ മറ്റു വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുമായിരുന്നു. അത് എല്ലാ വിദ്യാര്‍ത്ഥികളിലും - ജന
പ്രിയരല്ലാത്തവരിലും - തങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നുവെന്നും അംഗീകരിക്കപ്പെടുന്നുവെന്നും ഉള്ള തോന്നലുളവാക്കി.
യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍, തന്റെ സന്തോഷം അത് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പങ്കിടാന്‍ സ്റ്റീഫന്‍ ആഗ്രഹിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് ദയാപൂര്‍വ്വമായ പ്രകടനങ്ങളും സ്വാഗതം ചെയ്യുന്ന മനോഭാവവും ആണെന്ന് അവന്റെ മാതൃക ഓര്‍മ്മിപ്പിക്കുന്നു.
മത്തായി 5:14-16 ല്‍ അവനില്‍ നാം 'ലോകത്തിന്റെ വെളിച്ചം ആകുന്നു'' എന്നും 'മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല' (വാ. 14) എന്നും യേശു വെളിപ്പെടുത്തി. പുരാതന പട്ടണങ്ങള്‍ പലപ്പോഴും പണിയപ്പെട്ടിരുന്നത് വെള്ള ചുണ്ണാമ്പു കല്ലുകള്‍കൊണ്ടായിരുന്നു; സൂര്യപ്രകാശം തട്ടുമ്പോള്‍ അവ തിളങ്ങുമായിരുന്നു. നമുക്കു മറഞ്ഞിരിക്കുന്നവരാകാതെ 'വീട്ടിലുള്ള എല്ലാവര്‍ക്കും വെളിച്ചം'' കൊടുക്കുന്നവരാകാം (വാ. 15).
അങ്ങനെ നാം 'അവരുടെ മുമ്പില്‍ പ്രകാശിക്കുമ്പോള്‍'' (വാ. 16)അവര്‍ ക്രിസ്തുവിന്റെ സ്വാഗതം ചെയ്യുന്ന സ്‌നേഹം അനുഭവിക്കട്ടെ.
നഷ്ടപ്പെട്ട കവര്‍
മറ്റൊരു സംസ്ഥാനത്തുള്ള കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷമുള്ള മടക്കയാത്രയിലാണ് ഞാനതു കണ്ടെത്തിയത്. കാറിനു പെട്രോള്‍ അടിച്ചുകൊണ്ടിരുന്ന ഞാന്‍ തറയില്‍ ഒരു വൃത്തികെട്ട കവര്‍ കിടക്കുന്നതു കണ്ടു. ചെളി പിടിച്ച ആ കവര്‍ ഞാനെടുത്തു തുറന്നുനോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനുള്ളില്‍ നൂറു ഡോളര്‍ ഉണ്ടായിരുന്നു.
ആര്‍ക്കോ നഷ്ടപ്പെട്ടതും ആ നിമിഷം അയാള്‍ പരിഭ്രാന്തിയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതുമായ നൂറു ഡോളര്‍. ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ കൊടുക്കാന്‍വേണ്ടി ഞങ്ങളുടെ ഫോണ്‍ നമ്പര്‍ ഞാന്‍ ഗ്യാസ് സ്റ്റേഷനിലെ ജോലിക്കാരുടെ പക്കല്‍ ഏല്പിച്ചു. എന്നാല്‍ ആരും ഒരിക്കലും വിളിച്ചില്ല.
ആരുടെയോ പണമായിരുന്നു അത്, എന്നാല്‍ അതു നഷ്ടപ്പെട്ടു. ഭൂമിയിലെ സമ്പത്ത് പലപ്പോഴും അതുപോലെ നഷ്ടപ്പെടും. അതു നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ധൂര്‍ത്തടിച്ചു നശിപ്പിക്കുകയോ ചെയ്യാം. മോശം നിക്ഷേപത്തിലൂടെയോ നമുക്കു നിയന്ത്രണമില്ലാത്ത ധന മാര്‍ക്കറ്റിലൂടെയോ അതു നഷ്ടപ്പെടാം. എന്നാല്‍ യേശുവില്‍ നമുക്കുള്ള സ്വര്‍ഗ്ഗീയ നിക്ഷേപം - ദൈവവുമായുള്ള പുനഃസ്ഥാപിക്കപ്പെട്ട ബന്ധവും നിത്യജീവന്റെ വാഗ്ദത്തവും - അതുപോലെയല്ല. ഒരു ഗ്യാസ് സ്റ്റേഷനില്‍ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ അതു നമുക്കു നഷ്ടപ്പെടുകയില്ല.
അതിനാലാണ് 'സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍' ക്രിസ്തു നമ്മോടു പറഞ്ഞത് (മത്തായി 6:20). സല്‍പ്രവൃത്തികളില്‍ സമ്പന്നര്‍'' ആകുമ്പോഴും 'വിശ്വാസത്തില്‍ സമ്പന്നര്‍' ആകുമ്പോഴും (യാക്കോബ് 2:5) - മറ്റുള്ളവരെ സ്നേഹപൂര്‍വ്വം സഹായിക്കുകയും അവരോട് യേശുവിനെ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ - നാം അതാണു ചെയ്യുന്നത്. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതനുസരിച്ച്, അവനോടൊപ്പമുള്ള നിത്യഭാവി നാം പ്രതീക്ഷിക്കുന്നതോടൊപ്പം നിത്യനിക്ഷേപം നമുക്കു സ്വരൂപിക്കുകയും ചെയ്യാം.
അതു വിസ്മയാവഹമായിരുന്നു!
അത് ഏഴാം ഗ്രേഡുകാരുടെ ആദ്യത്തെ ക്രോസ്-കണ്‍ട്രി മീറ്റായിരുന്നു, എങ്കിലും അവള്‍ക്ക് ഓടാന്‍ ആഗ്രഹമില്ലായിരുന്നു. അതിനുവേണ്ടി അവള്‍ തയ്യാറെടുത്തിരുന്നുവെങ്കിലും, പരാജയപ്പെടുമെന്ന് അവള്‍ ഭയന്നു. എന്നിട്ടും എല്ലാവരോടുമൊപ്പം അവളും ഓടിത്തുടങ്ങി. പിന്നീട് മറ്റ് ഓട്ടക്കാര്‍ ഓരോരുത്തരായി രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള ഓട്ടം പൂര്‍ത്തിയാക്കി ഫിനിഷ് ലൈന്‍ കടന്നു- വിമുഖയായ ഓട്ടക്കാരി ഒഴികെ ബാക്കിയെല്ലാവരും. ഒടുവില്‍, തന്റെ മകള്‍ പൂര്‍ത്തിയാക്കുന്നതു കാണാന്‍ കാത്തിരുന്ന അവളുടെ അമ്മ, ഒരു ഏകാന്ത രൂപത്തെ വളരെ ദൂരെയായി കണ്ടു. ശ്രദ്ധ പതറിയ മത്സരാര്‍ത്ഥിയെ ആശ്വസിപ്പിക്കുന്നതിനു തയ്യാറെടുത്ത് ഫിനിഷ് ലൈനിലേക്ക് അമ്മ എത്തി. പകരം, ഓട്ടക്കാരി അമ്മയെക്കണ്ടപ്പോള്‍ വിളിച്ചു പറഞ്ഞു, 'അതു വിസ്മയാവഹമായിരുന്നു!'
അവസാനമായി ഓടിയെത്തുന്നതില്‍ എന്താണ് വിസ്മയാവഹമായിട്ടുള്ളത്? പൂര്‍ത്തിയാക്കുക എന്നതു തന്നേ.
പെണ്‍കുട്ടി പ്രയാസകരമായ ഒരു കാര്യത്തിനു ശ്രമിക്കുകയും അതു പൂര്‍ത്തിയാക്കുകയും ചെയ്തു! കഠിനാധ്വാനത്തെയും ജാഗ്രതയെയും തിരുവെഴുത്ത് മാനിക്കുന്നു. കായികരംഗത്തും സംഗീതത്തിലും സ്ഥിരോത്സാഹവും പ്രയത്‌നവും ആവശ്യമുള്ള മറ്റു കാര്യങ്ങളിലും നമുക്കു പഠിക്കാന്‍ കഴിയുന്ന കാര്യമാണിത്.
സദൃശവാക്യങ്ങള്‍ 12:24 പറയുന്നു, 'ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.' പിന്നീട് നാം വായിക്കുന്നു, ''എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണം കൊേണ്ടാ ഞെരുക്കമേ വരൂ' (14:23). ഈ ജ്ഞാന പ്രമാണങ്ങള്‍ - വാഗ്ദത്തങ്ങളല്ല - ദൈവത്തെ നന്നായി സേവിക്കാന്‍ നമ്മെ സഹായിക്കും.
നമുക്കുവേണ്ടിയുള്ള ദൈവിക പദ്ധതിയില്‍ എല്ലായ്‌പോഴും അധ്വാനം അടങ്ങിയിരിക്കുന്നു. വീഴ്ചയ്ക്കു മുമ്പുപോലും ആദാം ''തോട്ടത്തില്‍ വേല ചെയ്യുകയും അതിനെ കാക്കുകയും''വേണമായിരുന്നു (ഉല്പത്തി 2:15). നാം ചെയ്യുന്ന ഏതൊരു അധ്വാനവും 'മനസ്സോടെ' ചെയ്യണം (കൊലൊസ്യര്‍ 3:23). അവന്‍ നമുക്കു തരുന്ന ബലംകൊണ്ട് നമൂക്ക് പ്രവര്‍ത്തിക്കാം-ഫലം ഉളവാക്കുന്നത് അവനു വിട്ടു കൊടുക്കാം.
കുറുക്കന്മാരെ പിടിക്കുക
ആദ്യമായി ഒരു വവ്വാല്‍ ഞങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ ഒരു കീടത്തെപ്പോലെ ഞാന്‍ അതിനെ പുറത്താക്കി. എന്നാല്‍ രണ്ടാം പ്രാവശ്യത്തെ രാത്രി സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ഞാന്‍ അവയെപ്പറ്റി വായിക്കുകയും മനുഷ്യനെ സന്ദര്‍ശിക്കുവാന്‍ അവയ്ക്ക് വലിയ വാതിലൊന്നും ആവശ്യമില്ലെന്നു മനസ്സിലാക്കുകയും ചെയ്തു. വാസ്തവത്തില്‍, ഒരു നാണയത്തിന്റെ അത്രയും വലിപ്പമുള്ള ഒരു വിടവു മതി അവയ്ക്ക് അകത്തുകയറാന്‍. അതിനാല്‍ ഞാന്‍ വിള്ളലടയ്ക്കുന്ന ഗണ്‍ നിറച്ച് ഒരു ദൗത്യത്തിനായി ഇറങ്ങി. വീടിനു ചുറ്റും നടന്ന് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞ സകല വിടവുകളും അടച്ചു.
ഉത്തമഗീതം 2:15 ല്‍ മറ്റൊരു പ്രശ്‌നക്കാരനായ സസ്തനിയെക്കുറിച്ചു ശലോമോന്‍ പറയുന്നു. 'മുന്തിരിവള്ളി നശിപ്പിക്കുന്ന ചെറുകുറുക്കന്മാര്‍' വരുത്തുന്ന അപകടത്തെപ്പറ്റി അവന്‍ എഴുതുന്നു. ഒരു ബന്ധത്തില്‍ കടന്നുകൂടി അതിനെ നശിപ്പിക്കുന്ന ഭീഷണികളെപ്പറ്റിയാണ് പ്രതീകാത്മകമായി അവന്‍ പറയുന്നത്. വവ്വാല്‍-സ്‌നേഹികളെയോ കുറുക്കന്‍ -സ്‌നേഹികളെയോ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ ഇതു പറയുന്നത്. മറിച്ച് വവ്വാലുകളെ വീട്ടില്‍ നിന്നും കുറുക്കന്മാരെ മുന്തിരിത്തോട്ടത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങളോട് ഇടപെടുന്നതിനു തുല്യമാണ് (എഫെസ്യര്‍ 5:3). ദൈവത്തിന്റെ കൃപയാല്‍, പരിശുദ്ധാത്മാവു നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നമുക്ക് 'ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു' നടക്കുവാന്‍ (റോമര്‍ 8:4) കഴിയും. ആത്മാവിന്റെ ശക്തിയാല്‍ പാപത്തിനുള്ള പരീക്ഷയോട് എതിര്‍ത്തുനില്‍ക്കാന്‍ നമുക്കു കഴിയും.
ക്രിസ്തുവില്‍ നാം 'ലോകത്തിന്റെ വെളിച്ചം' ആകയാല്‍ അവനെ 'പ്രസാദിപ്പിക്കുന്ന' രീതിയില്‍ ജീവിക്കുവാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 5:8-10). അത്തരം ചെറുകുറുക്കന്മാരെ പിടിക്കുവാന്‍ ആത്മാവു നമ്മെ സഹായിക്കും.
എക്കാലത്തെക്കാളും മികച്ചത്
പാരീസിലെ നോത്രദാം കത്തീഡ്രല്‍ ഒരു മനോഹരമായ കെട്ടിടമാണ്. അതിന്റെ ശില്‍പ്പഭംഗി ഹൃദയാവര്‍ജ്ജകവും വര്‍ണ്ണച്ചില്ലുപാകിയ ജനലുകളും മനോഹരമായ അകത്തളങ്ങളും ആകര്‍ഷകവുമാണ്. എങ്കിലും നൂറ്റാണ്ടുകള്‍ പാരീസ് പ്രകൃതി ഭംഗിക്കുമേല്‍ തലയുയര്‍ത്തി നിന്നശേഷം അതിന് പുതുക്കിപ്പണി ആവശ്യമായി വന്നു-മഹത്തായ പുരാതന കെട്ടിടത്തിന് അഗ്‌നിയില്‍ വന്‍നാശം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതുക്കിപ്പണി വേണ്ടി വന്നത്.
അങ്ങനെ എട്ടു നൂറ്റാണ്ടു പഴക്കമുള്ള ഈ കെട്ടിടത്തെ സ്നേഹിക്കുന്ന ആളുകള്‍ അതിനെ രക്ഷിച്ചെടുക്കാന്‍ വന്നുകൊണ്ടിരിക്കുന്നു. കെട്ടിങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നൂറു കോടിയിലധികം ഡോളര്‍ ശേഖരിച്ചുകഴിഞ്ഞു. കല്ലുകൊണ്ടുള്ള അടിത്തറ പുതുക്കണം. കേടുവന്ന ഉള്‍ഭാഗവും അതിന്റെ കരകൗശല വേലകളും പുനഃസ്ഥാപിക്കണം. എന്നിരുന്നാലും അധ്വാനം പ്രയോജനകരമാണ്, കാരണം അനേകരെ സംബന്ധിച്ച് ഈ പുരാതന കത്തീഡ്രല്‍ പ്രത്യാശയുടെ പ്രതീകമാണ്.
കെട്ടിടത്തെ സംബന്ധിച്ചു സത്യമായ കാര്യം നമ്മെ സംബന്ധിച്ചും സത്യമാണ്. പുരാതന പള്ളിപോലെ നമ്മുടെ ശരീരം കാലക്രമേണ ക്ഷയിക്കും. എന്നാല്‍ അപ്പൊസ്തലനായ പൗലൊസ് വിശദീകരിക്കുന്നതുപോലെ നമുക്കൊരു സദ്വാര്‍ത്തയുണ്ട് - ക്രമേണ നമുക്ക് യൗവനത്തിന്റെ പ്രസരിപ്പു നഷ്ടപ്പെട്ടാലും നാം ആരാണെന്ന കാതല്‍ - നമ്മുടെ ആത്മിക മനുഷ്യന്‍ - തുടര്‍ന്നും പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുവാനും വളരുവാനും കഴിയും (2 കൊരിന്ത്യര്‍ 4:16).
''കര്‍ത്താവിനെ പ്രസാദിപ്പിക്കുക' എന്നതു നമ്മുടെ ലക്ഷ്യമാകുമ്പോള്‍ (5:9) അതു നിവര്‍ത്തിയാക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാനും നാം പരിശുദ്ധാത്മാവില്‍ ആശ്രയിക്കും (3:18; എഫെസ്യര്‍ 5:18). നമ്മുടെ 'കെട്ടിടം' എങ്ങനെ പുറമെ കാണപ്പെട്ടാലും നമ്മുടെ ആത്മിക വളര്‍ച്ച ഒരു കാലത്തും നിര്‍ത്തേണ്ട കാര്യമില്ല.
പൊടിക്കൈകളെക്കാള്‍ അധികം
അടുത്തയിടെ ഞങ്ങളുടെ കൊച്ചുമക്കളിലൊരാള്‍ തന്റെ മുയല്‍പ്പാവയെ ഞങ്ങളുടെ ഫയര്‍പ്ലേസിന്റെ ഗ്ലാസ്സില്‍ വെച്ചു ചൂടാക്കിയപ്പോള്‍ ഞാന്‍ ഒരു 'പൊടിക്കൈ' കണ്ടെത്തി. മുയലിന്റെ വ്യാജരോമങ്ങള്‍ ഗ്ലാസ്സില്‍ ഉരുകിപ്പിടിച്ചു വൃത്തികേടായപ്പോള്‍ ഒരു ഫയര്‍പ്ലേസ് വിദഗ്ധന്‍ ഒരു 'പൊടിക്കൈ' പറഞ്ഞുതന്നു-ഗ്ലാസ് എങ്ങനെ പുതിയതുപോലെ ആക്കാം എന്ന്. അതു പ്രയോജനപ്പെട്ടു, ഇപ്പോള്‍ ഞങ്ങള്‍ സ്റ്റഫ് ചെയ്ത മൃഗങ്ങളെ അടുപ്പിനടുത്ത് അനുവദിക്കുകയില്ല.
ഞാനിപ്പോള്‍ പൊടിക്കൈയെക്കുറിച്ചു പറഞ്ഞതിന്റെ കാര്യം ചിലപ്പോഴൊക്കെ വേദപുസ്തകം പൊടിക്കൈകളുടെ ഒരു സമാഹാരമായി നമുക്കു തോന്നാറുണ്ട്-ജീവിതം എളുപ്പമാക്കാനുള്ള ഒറ്റമൂലികള്‍. ക്രിസ്തുവിനു മഹത്വം വരുത്തുന്ന പുതിയ ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് ബൈബിള്‍ ധാരാളം പറയുന്നുണ്ട് എന്നതു ശരിയായിരിക്കുമ്പോള്‍ തന്നേ, അതു മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ബൈബിള്‍ നമുക്കു നല്‍കുന്നത് മനുഷ്യകുലത്തിന്റെ വലിയ ആവശ്യത്തിനുള്ള പരിഹാരമാണ്: പാപത്തിനും ദൈവത്തില്‍ നിന്നുള്ള നിത്യവേര്‍പാടിനും ഉള്ള പരിഹാരം.
ഉല്പത്തി 3:15 ലെ രക്ഷയുടെ വാഗ്ദത്തം മുതല്‍ പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും യഥാര്‍ത്ഥ പ്രത്യാശവരെയും (വെളിപ്പാട് 21:1-2), നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ച് അവനുമായുള്ള ബന്ധം ആസ്വദിക്കുന്നതിന് അവസരം നല്‍കുന്നതിന് ദൈവത്തിന് നിത്യമായ പദ്ധതിയുണ്ടെന്ന് ബൈബിള്‍ വിശദീകരിക്കുന്നു. എങ്ങനെ ജീവിക്കണം എന്നതിനെ പരാമര്‍ശിക്കുന്ന ഓരോ കഥയിലും ഓരോ നിര്‍ദ്ദേശത്തിലും ബൈബിള്‍ നമ്മെ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നത്തെപ്പോലും പരിഹരിക്കാന്‍ കഴിയുന്നവനായ യേശുവിലേക്കു വിരല്‍ചൂണ്ടുന്നു.
ദൈവത്തിന്റെ പുസ്തകം നാം തുറക്കുമ്പോള്‍, അവന്റെ മക്കളായി എങ്ങനെ ജീവിക്കാം എന്നു നമുക്കു കാണിച്ചുതരുന്ന നാം യേശുവിനെയും അവന്‍ വാഗ്ദാനം ചെയ്യുന്ന രക്ഷയേയും ആണു നാം നോക്കുന്നതെന്നു നമുക്കോര്‍ക്കാം. സകലത്തിലും വലിയ പരിഹാരം അവന്‍ നല്‍കിക്കഴിഞ്ഞു!