ദു:ഖത്തിനായി ഒരു നിഘണ്ടു
മോഹനും രേഖയും തങ്ങളുടെ ഒരേയൊരു കുഞ്ഞിനെ സ്വർഗത്തിനായി വിട്ടു കൊടുത്ത ശേഷം തങ്ങളെത്തന്നെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ വിഷമിച്ചു. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവിനെയോ മാതാവിനെയോ വിശേഷിപ്പിക്കാൻ പറ്റിയ ഒരു വാക്കില്ല. ഭർത്താവ് മരിച്ച ഭാര്യയെ വിധവ എന്നും ഭാര്യ മരിച്ച ഭർത്താവിനെ വിഭാര്യൻ എന്നും പറയും. മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞാണ് അനാഥൻ. എന്നാൽ കുഞ്ഞ് മരിച്ച് പോയ മാതാപിതാക്കൾ നിർവ്വചനാതീതമായ, നൊമ്പരത്തിന്റെ ഒരു ഗോളമാണ്.
ഗർഭം അലസൽ, ആകസ്മിക ശൈശവ മരണം, ആത്മഹത്യ, രോഗം, അപകടം .. ഇങ്ങനെയൊക്കെ മരണം ഒരു കുഞ്ഞിനെ ഈ ലോകത്തിൽ നിന്ന് തട്ടിക്കൊണ്ടു പോകുമ്പോൾ മാതാപിതാക്കളുടെ അസ്തിത്വം തന്നെ ഇല്ലാതാകുന്നതുപോലെയാകുന്നു.
എന്നിരുന്നാലും ദൈവത്തിന് ഈ തകർത്തു കളയുന്ന ദുഃഖം അറിയാം ; തന്റെ ഏകജാതനായ പുത്രൻ - യേശു - ക്രൂശിൽ മരിക്കുമ്പോൾ തന്നെ വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു : " പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു " (ലൂക്കൊ.23:46 ). യേശുവിന്റെ ഐഹിക ജനനത്തിനു മുമ്പും ദൈവം പിതാവായിരുന്നു ; യേശു അന്ത്യശ്വാസം വലിക്കുമ്പോഴും താൻ പിതാവ് തന്നെയായിരുന്നു. തന്റെ പുത്രന്റെ ചേതനയറ്റ ശരീരം കല്ലറയിൽ വെച്ചപ്പോഴും ദൈവം പിതാവ് തന്നെയായിരുന്നു. ദൈവം ഇന്നും, ഉയിർത്തെഴുന്നേറ്റ പുത്രന്റെ പിതാവായി ജീവിക്കുന്നു എന്നത് തങ്ങളിൽ നിന്ന് വേർപെട്ടു പോയ കുഞ്ഞും ഇനിയും ജീവിക്കും എന്ന പ്രത്യാശ മാതാപിതാക്കൾക്ക് നല്കുന്നു.
സ്വന്തപുത്രനെ ഈ പ്രപഞ്ചത്തിനായി , നമുക്കോരോരുത്തർക്കുമായി, യാഗമർപ്പിച്ച സ്വർഗീയ പിതാവിനെ എന്താണ് നാം വിളിക്കുന്നത്? പിതാവ് എന്ന് തന്നെ, ഇപ്പോഴും. ദുഃഖത്തിന്റെ നിഘണ്ടുവിൽ ഈ വേദനയെ വിശേഷിപ്പിക്കാൻ പറ്റിയ പദം ഇല്ലാത്തപ്പോഴും, ദൈവം നമ്മുടെ പിതാവാണ്; അവിടുന്ന് നമ്മെ മക്കൾ എന്നും വിളിക്കുന്നു (1 യോഹ. 3:1)
ദൈവം കേൾക്കുന്നുണ്ടോ?
എന്റെ സഭയുടെ പരിചരണ സംഗത്തിൽ ഞാൻ പ്രവർത്തിച്ചപ്പോൾ, ആരാധന മദ്ധ്യേ ലഭിക്കുന്ന പ്രാർത്ഥനാ വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായിരുന്നു എന്റെ ചുമതല. ഒരു ആന്റിയുടെ ആരോഗ്യം. ഒരു കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ. ഒരു കൊച്ചു മകൻ ദൈവത്തെ അറിയുവാൻ. വളരെ വിരളമായി മാത്രമേ ഈ പ്രാർത്ഥനകളുടെ മറുപടി ഞാൻ കേട്ടിട്ടുള്ളൂ. ദൈവം ഈ ആവശ്യങ്ങളിൽ എങ്ങനെയാണ് പ്രാർത്ഥിച്ചതെന്നറിയുവാൻ യാതൊരു മാർഗ്ഗവുമില്ലായിരുന്നു, കാരണം പല വിഷയങ്ങളിലും പേരില്ലായിരുന്നു. ദൈവം കേൾക്കുന്നുണ്ടോ? എന്റെ പ്രാർത്ഥനകളുടെ മറുപടിയായി എന്തെങ്കിലും സംഭവിക്കാറുണ്ടോ? എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ടായിരുന്നു.
നമ്മുടെ ജീവിതത്തിലുടനീളം നമ്മിൽ പലരും ഇങ്ങനെ ചോദിക്കാറുണ്ട്, "ദൈവം എന്നെ കേൾക്കുന്നുണ്ടോ?" ഹന്നയെപ്പോലെ ഒരു കുഞ്ഞിനായുള്ള എന്റെ പ്രാർത്ഥനകൾ വർഷങ്ങളോളം ഉത്തരം ലഭിക്കാതിരുന്നത് ഞാൻ ഓർക്കുന്നു. അതുപോലെ എന്റെ പിതാവ് വിശ്വസത്തിൽ വരേണ്ടതിന് വേണ്ടിയും ദീർഘനാളുകൾ അപേക്ഷിച്ചു എങ്കിലും മാനസാന്തരം കൂടാതെ അദ്ദേഹം മരിച്ചു.
അടിമത്തത്തിലായിരുന്ന യിസ്രായേലിന്റെ നിലവിളികൾക്ക് ദൈവം ചെവിചായ്ച്ചു കേൾക്കുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളാണ് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത് (പുറ.2:24); മോശെയ്ക്കു സീനായി മലയിൽ (ആവ.9:19); യോശുവയ്ക്ക് ഗില്ഗാലിൽ (യോശു.10:14); ഒരു കുഞ്ഞിനായുള്ള ഹന്നയുടെ പ്രാർത്ഥനയിലേക്ക് (1 ശമു.1:10-17); ശൗലിൽ നിന്നുള്ള മോചനത്തിനായി കരയുന്ന ദാവീദിനോട് (2ശമൂ. 22:7).
1 യോഹ. 5:14 ൽ, "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു" എന്നത് ഉറപ്പിക്കുന്നു. "കേൾക്കുക" എന്ന വാക്കിനർത്ഥം ശ്രദ്ധിച്ചു കേൾക്കുകയും കേട്ടതിന് ഉത്തരം നൽകുക എന്നതുമാണ്.
നാം ഇന്ന് ദൈവത്തോട് അടുത്തു ചെല്ലുമ്പോൾ, ചരിത്രത്തിലുടനീളം അവിടുത്തെ ജനത്തിന്റെ പ്രാർത്ഥന കേൾക്കുന്നു എന്ന ആത്മവിശ്വാസം നമ്മിൽ ഉണ്ടാവട്ടെ. അവിടുന്ന് നമ്മുടെ നിലവിളി കേൾക്കുന്നു.
നന്നായി വിശ്രമിക്കുക
ക്ലോക്ക് രാത്രി 1:55 എന്നു മിന്നി. രാത്രി വൈകിയുള്ള വാചക സംഭാഷണത്തിന്റെ ഭാരത്താൽ ഉറക്കം വരുന്നില്ല. മമ്മിയെപ്പോലെ എന്നെ കെട്ടിപ്പിടിക്കുന്ന ചുളുങ്ങിയ ഷീറ്റുകൾ എടുത്തു മാറ്റി ഞാൻ നിശബ്ദമായി സോഫയിലേക്കു ചാഞ്ഞു. ഉറങ്ങാൻ എന്തുചെയ്യണമെന്ന് ഞാൻ ഗൂഗിളിൽ തിരഞ്ഞു, പകരം എന്തുചെയ്യരുതെന്ന് ഞാൻ കണ്ടെത്തി: മയങ്ങുകയോ കാപ്പി കുടിക്കുകയോ നന്നാ വൈകി ജോലി ചെയ്യുകയോ ചെയ്യരുത്. ചെക്ക്. എന്റെ ടാബ്‌ലെറ്റിൽ കൂടുതൽ വായിക്കുന്നതിനിടയിൽ വൈകി ''സ്‌ക്രീൻ'' ഉപയോഗിക്കരുതെന്നും കണ്ടു. അയ്യോ. ടെക്സ്റ്റിംഗ് ഒരു നല്ല ആശയമായിരുന്നില്ല. നന്നായി വിശ്രമിക്കുന്ന കാര്യം വരുമ്പോൾ, എന്തു ചെയ്യരുത് എന്ന വലിയ പട്ടികയുണ്ട്.
പഴയനിയമത്തിൽ, വിശ്രമിക്കുന്നതിനായി ശബ്ബത്തിൽ എന്തുചെയ്യരുതെന്ന നിയമങ്ങൾ ദൈവം കൈമാറി. പുതിയ നിയമത്തിൽ യേശു ഒരു പുതിയ വഴി വാഗ്ദാനം ചെയ്തു. നിയന്ത്രണങ്ങൾ ഊന്നിപ്പറയുന്നതിനുപകരം, യേശു ശിഷ്യന്മാരെ ബന്ധത്തിലേക്ക് വിളിച്ചു. ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'' (മത്തായി 11:28). മുൻ വാക്യത്തിൽ, യേശു തനിക്കു പിതാവുമായുള്ള—അവൻ നമുക്കു വെളിപ്പെടുത്തിയ വ്യക്തി—ഐക്യത്തിന്റെ നിരന്തരമായ ബന്ധത്തെ ചൂണ്ടിക്കാണിച്ചു. പിതാവിൽ നിന്ന് യേശു അനുഭവിച്ച നിരന്തരമായ സഹായം നമുക്കും അനുഭവിക്കാവുന്ന ഒന്നാണ്.
നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ചില വിനോദങ്ങൾ ഒഴിവാക്കാൻ തക്കവിധം നാം ബുദ്ധിമാന്മാരാണെങ്കിലും, ക്രിസ്തുവിൽ നന്നായി വിശ്രമിക്കുന്നത് നിയന്ത്രണത്തേക്കാൾ കൂടുതൽ ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ എന്റെ റീഡർ ഓഫ് ചെയ്യുകയും ''എന്റെ അടുക്കൽ വരുവിൻ'' എന്ന യേശുവിന്റെ ക്ഷണത്തിന്റെ തലയിണയിൽ എന്റെ ഭാരം താഴ്ത്തി വയ്ക്കുകയും ചെയ്തു.
നമുക്കാവശ്യമുള്ള ജ്ഞാനം
മേഘ കൊറിയര്‍ തുറന്നപ്പോള്‍, അവളുടെ പ്രിയ സുഹൃത്തിന്റെ മടക്ക വിലാസം രേഖപ്പെടുത്തിയ ഒരു കവര്‍ കണ്ടു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ആ സുഹൃത്തിനോട് ബന്ധം സംബന്ധിച്ച ഒരു പോരാട്ടത്തെക്കുറിച്ച് അവള്‍ പറഞ്ഞിരുന്നു. ജിജ്ഞാസയോടെ അവള്‍ പൊതി അഴിച്ചു, വര്‍ണ്ണാഭമായ മുത്തുകള്‍ ലളിതമായ ചണച്ചരടില്‍ കോര്‍ത്ത ഒരു മാലയായിരുന്നു അതിനുള്ളില്‍. അതിന്റെ കൂടെ ഒരു കാര്‍ഡും ഉണ്ടായിരുന്നു; അതിലിങ്ങനെ എഴുതിയിരുന്നു, ''ദൈവത്തിന്റെ വഴികള്‍ തേടുക.'' മാല കഴുത്തിലണിഞ്ഞുകൊണ്ടു മേഘ പുഞ്ചിരിച്ചു.
ജ്ഞാനപൂര്‍ണ്ണമായ വാക്കുകളുടെ ഒരു സമാഹാരമാണ് സദൃശവാക്യങ്ങളുടെ പുസ്തകം - പലതും, തന്റെ കാലഘട്ടത്തിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യനായി പ്രശംസിക്കപ്പെട്ട ശലോമോന്‍ ആണ് എഴുതിയത് (1 രാജാക്കന്മാര്‍ 10:23). അതിന്റെ മുപ്പത്തിയൊന്ന് അധ്യായങ്ങളും ജ്ഞാനം ശ്രദ്ധിക്കാനും ഭോഷത്തം ഒഴിവാക്കാനും വായനക്കാരെ ആഹ്വാനം ചെയ്യുന്നു. സദൃശവാക്യങ്ങള്‍ 1:7-ലെ പ്രധാന സന്ദേശത്തോടെയാണ് അതാരംഭിക്കുന്നത്: 'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' ജ്ഞാനം - എപ്പോള്‍ എന്തുചെയ്യണമെന്ന് അറിയുന്നത് - ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുന്നതിലൂടെ ദൈവത്തെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലഭിക്കുന്നത്. ആമുഖ വാക്യങ്ങളില്‍ നാം വായിക്കുന്നു, ''മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്; അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും'' ( വാ. 8-9).
മേഘയുടെ സ്‌നേഹിത, അവള്‍ക്കാവശ്യമായ ജ്ഞാനത്തിന്റെ ഉറവിടത്തിലേക്കാണ് അവളെ നയിച്ചത്: അതായത് ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുക. അവളുടെ സമ്മാനം മേഘക്കാവശ്യമായ സഹായം എവിടെ കണ്ടെത്താമെന്നതിലേക്കു മേഘയുടെ ശ്രദ്ധയെ നയിച്ചു.
നാം ദൈവത്തെ ബഹുമാനിക്കുകയും അവിടുത്തെ വഴികള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍, ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ ജ്ഞാനം നമുക്കു ലഭിക്കും. ഓരോ വിഷയത്തിനും.
നമ്മുടെ പിതാവിന്റെ കരുതല്‍
ഠക്ക്! ഞാന്‍ തലപൊക്കി ശബ്ദത്തിനു നേരെ ചെവിവട്ടം പിടിച്ചു. ജനാലച്ചില്ലില്‍ ഒരു പാടു കണ്ടിട്ട്, ഞാന്‍ പുറത്തേക്ക് എത്തിനോക്കി. ചലനം നിലയ്ക്കാത്ത ഒരു പക്ഷിയുടെ ശരീരം ഞാന്‍ കണ്ടെത്തി. എന്റെ ഹൃദയം വേദനിച്ചു. ദുര്‍ബലമായ തൂവലുകള്‍ ഉള്ള ആ ജീവിയെ സഹായിക്കാന്‍ ഞാന്‍ കൊതിച്ചു.
വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയശേഷം, തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നതിനായി, കുരുവികളെക്കുറിച്ചുപോലുമുള്ള തന്റെ പിതാവിന്റെ കരുതലിനെക്കുറിച്ചു മത്തായി 10 ല്‍ യേശു വിവരിച്ചു. 'അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു; അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കുവാനും അവര്‍ക്ക് അധികാരം കൊടുത്തു'' (വാ. 1). അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം ശിഷ്യന്മാര്‍ക്കു ഗംഭീരമായി തോന്നാമെങ്കിലും, ഭരണാധികാരികളും അവരുടെ സ്വന്ത കുടുംബവും ദുഷ്ടശക്തികളും ഉള്‍പ്പെടെയുള്ളവരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ അവര്‍ നേരിടേണ്ടിവരും (വാ. 16-28).
തുടര്‍ന്ന്, 10:29-31 ല്‍, അവര്‍ നേരിടാനിരിക്കുന്നവയെ ഭയപ്പെടരുതെന്ന് യേശു അവരോടു പറഞ്ഞു. കാരണം അവര്‍ ഒരിക്കലും പിതാവിന്റെ കരുതലില്‍ നിന്നു പുറത്തുപോകുന്നില്ല. 'കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല .... ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.''
ഞാന്‍ ദിവസം മുഴുവനും പക്ഷിയെ പരിശോധിച്ചു, ഓരോ തവണയും അതിനു ജീവനുള്ളതായി കണ്ടു, പക്ഷേ അതനങ്ങുന്നില്ലായിരുന്നു. പിന്നെ, നേരം വൈകിയപ്പോള്‍ അതിനെ കാണാനില്ലായിരുന്നു. അതു ജീവനോടിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. തീര്‍ച്ചയായും, ആ പക്ഷിയെക്കുറിച്ചു ഞാന്‍ ഇത്രയധികം കരുതലുള്ളവളായിരുന്നുവെങ്കില്‍, ദൈവം എത്രയധികം കരുതലുള്ളവനായിരിക്കും! അവിടുന്ന് നിങ്ങളെയും എന്നെയും എത്രമാത്രം കരുതുന്നുവെന്ന് സങ്കല്‍പ്പിക്കുക!
തനിക്കു കഴിയുന്നത് അവള്‍ ചെയ്തു
അവള്‍ കപ്പ് കേക്കുകളുടെ പ്ലാസ്റ്റിക് പാത്രം കണ്‍വെയര്‍ ബെല്‍റ്റിലേക്കു വെച്ചു കാഷ്യറിന്റെ അടുത്തേക്ക് അയച്ചു. അടുത്തതായി ജന്മദിന കാര്‍ഡും ചിപ്‌സിന്റെ വിവിധ പായ്ക്കറ്റുകളും വന്നു. അവളുടെ മുടിക്കെട്ടില്‍നിന്നഴിഞ്ഞ കുറച്ചു മുടി ക്ഷീണിച്ച നെറ്റിക്ക് അലങ്കാരമായി ചിതറിക്കിടന്നു. അവളുടെ കുട്ടിയെ അവള്‍ ശ്രദ്ധിച്ചു. ക്ലാര്‍ക്ക് തുക പറഞ്ഞപ്പോള്‍, അവളുടെ മുഖം മങ്ങി. “ഓ, എനിക്ക് എന്തെങ്കിലും തിരികെ വയ്‌ക്കേണ്ടിവരുമെന്നു തോന്നുന്നു. എന്നാല്‍ അവ ഇവളുടെ പാര്‍ട്ടിക്കുള്ളതാണ്,'' അവള്‍ നെടുവീര്‍പ്പിട്ടു, ഖേദപൂര്‍വ്വം മകളെ നോക്കി.
അവളുടെ പിന്നില്‍ നിന്നിരുന്ന മറ്റൊരു കസ്റ്റമര്‍ ഈ അമ്മയുടെ വേദന തിരിച്ചറിഞ്ഞു. ബെഥാന്യയിലെ മറിയയോടുള്ള യേശുവിന്റെ വാക്കുകളില്‍ ഈ രംഗം സുപരിചിതമാണ്: 'അവള്‍ തന്നാലാവതു ചെയ്തു' (മര്‍ക്കൊസ് 14:8). യേശുവിന്റെ മരണത്തിനും അടക്കത്തിനുംമുമ്പ്, വിലയേറിയ തൈലംകൊണ്ട് മറിയ യേശുവിനെ അഭിഷേകം ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ പരിഹസിച്ചു. എന്നാല്‍ അവള്‍ ചെയ്തതിനെ ആഘോഷിച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ തിരുത്തി. “തനിക്കു കഴിയുന്നതെല്ലാം അവള്‍ ചെയ്തു'' എന്ന് യേശു പറഞ്ഞില്ല. മറിച്ച് “അവള്‍ക്കു കഴിയുന്നതെന്തോ അത് അവള്‍ ചെയ്തു'' എന്നാണ് യേശു പറഞ്ഞത്. സുഗന്ധദ്രവ്യത്തിന്റെ വലിയ വില ആയിരുന്നില്ല യേശു സൂചിപ്പിച്ചത്. ആ പ്രവൃത്തിയില്‍ മറിയ പ്രകടിപ്പിച്ച സ്‌നേഹമായിരുന്നു യേശു ശ്രദ്ധിച്ചത്.യേശുവുമായുള്ള ബന്ധം ഒരു പ്രതികരണത്തിനു കാരണമാകുന്നു.
ആ നിമിഷം, അമ്മ എതിര്‍ക്കുന്നതിനുമുമ്പ്, രണ്ടാമത്തെ കസ്റ്റമര്‍ മുന്നോട്ടു ചാഞ്ഞ് അവളുടെ ക്രെഡിറ്റ് കാര്‍ഡ് റീഡറിലേക്കു തിരുകി, സാധനങ്ങളുടെ പണം നല്‍കി. അതൊരു വലിയ തുകയായിരുന്നില്ല, അവര്‍ക്ക് ആ മാസം അധിക ഫണ്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ അമ്മയെ സംബന്ധിച്ചിടത്തോളം അത് എല്ലാം ആയിരുന്നു. അവളുടെ അത്യാവശ്യ സമയത്ത് നിര്‍മ്മലമായ സ്‌നേഹത്തിന്റെ ഒരു പ്രവൃത്തി വെളിപ്പെട്ടു.
വിശ്വാസത്തിന്റെ ജ്വലിപ്പിക്കല്‍
പ്രത്യേക ജന്മദിനവസ്ത്രം വാങ്ങാനായി ഞാനും കൊച്ചുമകനും കൈകോര്‍ത്തുകൊണ്ട് പാര്‍ക്കിങ് സ്ഥലത്തുകൂടി നടന്നു. ഇപ്പോള്‍ ഒരു പ്രീസ്‌കൂളില്‍ പഠിക്കുന്ന അവന്‍, എല്ലാ കാര്യങ്ങളിലും ആവേശഭരിതനായിരുന്നു. അവന്റെ സന്തോഷത്തെ ആനന്ദമാക്കി മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. 'മുത്തശ്ശിമാര്‍ ധാരാളം ഫ്രോസ്റ്റിങ്ങുള്ള അമ്മമാരാണ്' എന്നെഴുതിയ ഒരു കോഫി മഗ് ഞാന്‍ കണ്ടു. ഫ്രോസ്റ്റിങ് വിനോദത്തിനും തിളക്കത്തിനും സന്തോഷത്തിനും തുല്യമാണ്! അതാണ് അവന്റെ മുത്തശ്ശിയെന്ന നിലയിലുള്ള എന്റെ ജോലി, അല്ലേ? അതും അതിലധികവും.
തന്റെ ആത്മീയപുത്രനായ തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്തില്‍, പൗലൊസ് തിമൊഥെയൊസിന്റെ നിര്‍വ്യാജ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്നു. തുടര്‍ന്ന് അതിന്റെ പാരമ്പര്യത്തിന്റെ ക്രെഡിറ്റ് തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസിനും അമ്മ യൂനിക്കയ്ക്കും (2 തിമൊഥെയൊസ് 1:5) നല്‍കുന്നു. തിമൊഥെയൊസും യേശുവില്‍ വിശ്വസിക്കുന്ന തരത്തില്‍ ഈ സ്ത്രീകള്‍ തങ്ങളുടെ വിശ്വാസം അനുസരിച്ചു ജീവിച്ചു. തീര്‍ച്ചയായും, ലോവീസും യൂനിസും തിമൊഥെയൊസിനെ സ്‌നേഹിക്കുകയും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. എന്നാല്‍ വ്യക്തമായും അവര്‍ കൂടുതല്‍ ചെയ്തു. പില്‍ക്കാലത്ത് തിമൊഥെയൊസില്‍ വസിക്കുന്ന വിശ്വാസത്തിന്റെ ഉറവിടമായി, പൗലൊസ് അവരില്‍ വസിക്കുന്ന വിശ്വാസത്തെ ചൂണ്ടിക്കാണിക്കുന്നു.
ഒരു മുത്തശ്ശി എന്ന നിലയിലുള്ള എന്റെ ജോലിയില്‍, ഒരു ജന്മദിനവസ്ത്രത്തിന്റെ 'ഫ്രോസ്റ്റിങ്'' നിമിഷം ഉള്‍പ്പെടുന്നു. എന്നാല്‍ അതിലുപരിയായി, ഞാന്‍ എന്റെ വിശ്വാസം പങ്കിടുമ്പോഴും ചിക്കന്‍ ബിരിയാണിക്ക് മുമ്പില്‍ തല വണക്കി നന്ദി പറയുമ്പോഴും, ആകാശത്തില്‍ രൂപംകൊള്ളുന്ന മാലാഖരൂപങ്ങളെ ദൈവത്തിന്റെ കലാസൃഷ്ടികളായി ചൂണ്ടിക്കാണിക്കുമ്പോഴും, റ്റെലിവിഷനില്‍ യേശുവിനെക്കുറിച്ചുള്ള ഒരു ഗാനത്തിനൊപ്പം മൂളുമ്പോഴും ഞാന്‍ അവന്റെ വിശ്വാസത്തിന്മേല്‍ കൂടുതല്‍ മധുരവും ഭംഗിയും ചേര്‍ക്കുകയാണു ചെയ്യുന്നത്. നമുക്കുള്ളത് മറ്റുള്ളവരും ആഗ്രഹിക്കത്തനിലയില്‍ നമ്മുടെ വിശ്വാസം നമ്മുടെ ജീവിതത്തിലെ ഫ്രോസ്റ്റിങ് ആയി മാറുവാന്‍ ലോവീസിനെയും യൂനീക്കയെയും പോലുള്ള മുത്തശ്ശിമാരുടെയും അമ്മമാരുടെയും മാതൃകയില്‍ നിന്ന് നമുക്കു പ്രചോദനം ഉള്‍ക്കൊള്ളാം.
കരുതലിന്റെ കത്തുകള്‍
പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഡോ. ജെറി മോട്ടോ, ഒരു ''കരുതുന്ന കത്തിന്റെ'' ശക്തി കണ്ടെത്തി. ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്കു കരുതല്‍ പ്രകടിപ്പിക്കുന്ന ഒരു കത്ത് അയച്ചാല്‍, വീണ്ടും ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുടെ നിരക്ക് പകുതിയായി കുറയുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ വിഷാദരോഗികള്‍ക്കു തുടര്‍ചികിത്സയായി 'കരുതല്‍ പ്രകടിപ്പിക്കുന്ന'' ടെക്സ്റ്റുകള്‍, പോസ്റ്റ്കാര്‍ഡുകള്‍, സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതിന്റെ ഈ ശക്തി ആരോഗ്യപ്രവര്‍ത്തകര്‍ അടുത്തയിടെ വീണ്ടും കണ്ടെത്തി.
ബൈബിളിലെ ഇരുപത്തിയൊന്നു 'പുസ്തകങ്ങള്‍'' യഥാര്‍ത്ഥത്തില്‍ കത്തുകളാണ് - ലേഖനങ്ങള്‍. പല കാരണങ്ങളാല്‍ പോരാട്ടങ്ങളും വെല്ലുവിളികളും നേരിടുന്ന ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ക്ക് എഴുതിയ കരുതലിന്റെ കത്തുകളാണ് അവ. പൗലൊസും യാക്കോബും യോഹന്നാനും വിശ്വാസത്തിന്റെയും ആരാധനയുടെയും അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്നതിനും, സംഘര്‍ഷം പരിഹരിച്ച് ഐക്യം കെട്ടിപ്പടുക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുന്നതിനും കത്തുകള്‍ എഴുതി.
എന്നിരുന്നാലും, റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ് പീഡനമനുഭവിക്കുന്ന വിശ്വാസികള്‍ക്ക് അപ്പൊസ്തലനായ പത്രൊസ് പ്രത്യേകം കത്തെഴുതി. 1 പത്രൊസ് 2:9 ല്‍, 'നിങ്ങളോ ... തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു'' എന്ന് എഴുതിക്കൊണ്ട് ദൈവസന്നിധിയില്‍ അവര്‍ക്കുള്ള അപാരമായ വിലയെക്കുറിച്ച് പത്രൊസ് ഓര്‍മ്മപ്പെടുത്തി. ഇത് അവരുടെ ലോകത്തില്‍ ദൈവത്തിന്റെ മഹത്തായ ലക്ഷ്യത്തിലേക്ക് അവരുടെ നോട്ടം ഉയര്‍ത്തുവാന്‍ സഹായിച്ചു: 'നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ടവരാണ്.''
നമ്മുടെ മഹാനായ ദൈവം തന്നെ നമുക്കുവേണ്ടി കരുതലിന്റെ കത്തുകള്‍ നിറഞ്ഞ ഒരു പുസ്തകം എഴുതി - പ്രചോദനാത്മകമായ തിരുവെഴുത്ത്. അവിടുന്ന് നമുക്കു നല്‍കിയിരിക്കുന്ന മൂല്യത്തിന്റെ ഒരു രേഖ നമുക്ക് എപ്പോഴും ഉണ്ടായിരിക്കുന്നതിനുവേണ്ടിയാണിത്. അവിടുത്തെ കത്തുകള്‍ ദിവസവും വായിച്ച് അവിടുന്നു നല്‍കുന്ന പ്രത്യാശ ആവശ്യമുള്ളവരുമായി നമുക്കു പങ്കിടാം.
സ്‌നേഹത്തിന്റെ ആഴങ്ങള്‍
ഒരു മൂന്നു വയസ്സുകാരനായ കുട്ടി നീന്തല്‍ പഠിച്ചതേയുണ്ടായിരുന്നുള്ളു, ആ സമയത്താണ് അവന്‍ തന്റെ മുത്തച്ഛന്റെ വീടിനു പുറകിലെ നാല്പതടി ആഴമുള്ള കിണറിനു മുകളിലിട്ടിരുന്ന പഴകി ദ്രവിച്ച പ്ലൈവുഡ് മൂടിയില്‍ ചവിട്ടിയതും മൂടി തകര്‍ന്ന് അവന്‍ കിണറ്റിലേക്കു വീണതും. അവന്റെ പിതാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുന്നതുവരെ പത്ത് അടി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ അവനു കഴിഞ്ഞു. കുട്ടിയെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കയറുകള്‍ കൊണ്ടുവന്നുവെങ്കിലും പിതാവ് മകനെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നതിനാല്‍ അവന്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്താനായി അദ്ദേഹം വഴുക്കലുള്ള പാറകളില്‍ ചവിട്ടി താഴേക്കിറങ്ങിയിരുന്നു.
ഓ, ഒരു പിതാവിന്റെ സ്‌നേഹം! ഓ, നമ്മുടെ കുട്ടികള്‍ക്കായി നാം ഇറങ്ങിച്ചെല്ലുന്ന ദൂരം (ആഴവും)!
ദുരുപദേഷ്ടാക്കള്‍ തങ്ങള്‍ക്കു ചുറ്റും വട്ടമിടുന്നതിനിടയില്‍ വിശ്വാസത്തില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന ആദ്യകാല സഭയിലെ വിശ്വാസികള്‍ക്ക് എഴുതുമ്പോള്‍, അപ്പോസ്തലനായ യോഹന്നാന്‍ ജീവദായകമായ ഈ വാക്കുകള്‍ അവര്‍ക്കു നല്‍കി: ''കാണ്മിന്‍, നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്ക് എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു!' (1 യോഹന്നാന്‍ 3:1). യേശുവിലുള്ള വിശ്വാസികളെ 'ദൈവത്തിന്റെ മക്കള്‍' എന്ന് നാമകരണം ചെയ്യുന്നത് അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധുത നല്‍കുന്ന ഒരു അടുപ്പമുള്ളതും നിയമപരവുമായ മുദ്രയിടലാണ്.
ഓ, ദൈവം തന്റെ മക്കള്‍ക്കായി ഇറങ്ങിച്ചെല്ലുന്ന ദൂരവും ആഴവും!
ഒരു പിതാവ് തന്റെ മക്കള്‍ക്കുവേണ്ടി മാത്രം ചെയ്യുന്ന ചില പ്രവൃത്തികളുണ്ട്- തന്റെ മകനെ രക്ഷിക്കാന്‍ പിതാവ് ഒരു കിണറ്റിലേക്ക് ഇറങ്ങിയതുപോലെ. നമ്മെ അവന്റെ ഹൃദയത്തോട് അടുപ്പിക്കാനും അവനോടൊപ്പമുള്ള ജീവിതത്തിലേക്ക് നമ്മെ യഥാസ്ഥാനപ്പെടുത്തുവാനും തന്റെ ഏകപുത്രനെ അയച്ചുതന്ന നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെ ആത്യന്തിക പ്രവൃത്തി പോലെ (വാ. 5-6).
പച്ചപ്പിനായി തിരയുക
ക്യാപ്റ്റന്റെ ഗൗരവ ശബ്ദം മറ്റൊരു കാലതാമസം പ്രഖ്യാപിച്ചു. ഇതിനകം രണ്ടുമണിക്കൂറോളം അനങ്ങാതെ കിടന്ന ഒരു വിമാനത്തിലെ എന്റെ വിന്‍ഡോ സീറ്റില്‍ ഞെരുങ്ങിയിരുന്ന ഞാന്‍ നിരാശയോടെ കൈതിരുമ്മി. ഒരു നീണ്ട ആഴ്ചയിലെ ജോലിക്കുശേഷം, വീട്ടിലെ ആശ്വാസത്തിനും വിശ്രമത്തിനും ഞാന്‍ കൊതിച്ചു. ഇനി എത്ര സമയം? മഴത്തുള്ളി പൊതിഞ്ഞ ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, റണ്‍വേകള്‍ കൂട്ടിമുട്ടുന്നിടത്തെ സിമന്റിന്റെ വിടവില്‍ പച്ചപ്പുല്ലിന്റെ ഒരു ഏകാന്ത ത്രികോണം വളരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കോണ്‍ക്രീറ്റ് പരപ്പിന്റെ നടുവില്‍ അതൊരു വിചിത്രമായ കാഴ്ചയായിരുന്നു.
പരിചയസമ്പന്നനായ ഒരു ഇടയനെന്ന നിലയില്‍, തന്റെ ആടുകള്‍ക്ക് പച്ച മേച്ചില്‍പ്പുറങ്ങളുടെ സ്വസ്ഥത നല്‍കേണ്ടതിന്റെ ആവശ്യകത ദാവീദിന് നന്നായി അറിയാമായിരുന്നു. 23-ാം സങ്കീര്‍ത്തനത്തില്‍, യിസ്രായേല്‍ രാജാവായി ജനത്തെ നയിക്കുന്ന ക്ഷീണിപ്പിക്കുന്ന നാളുകളില്‍ അവനെ മുന്നോട്ട് കൊണ്ടുപോകാനുതകുന്ന ഒരു പ്രധാന പാഠം അവന്‍ എഴുതി.'യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; ... എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു' (വാ. 1-3).
ഒരു എയര്‍പോര്‍ട്ട് റണ്‍വേയുടെ കോണ്‍ക്രീറ്റ് വനത്തില്‍, എന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുകയും സുഖസൗകര്യങ്ങളുടെയും വിശ്രമത്തിന്റെയും അഭാവം അനുഭവപ്പെടുകയും ചെയ്തപ്പോള്‍, എന്റെ നല്ല ഇടയനായ ദൈവം എന്റെ കണ്ണുകളെ പച്ചപ്പിന്റെ ഒരു തുരുത്തിലേക്ക് നയിച്ചു. അവനുമായുള്ള ബന്ധത്തില്‍, ഞാന്‍ എവിടെയായിരുന്നാലും അവന്‍ നല്‍കുന്ന നിരന്തരമായ വിശ്രമം എനിക്ക് കണ്ടെത്താനാകും - ഞാന്‍ ശ്രദ്ധിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കില്‍.
പാഠം കാലങ്ങളായി തുടരുന്നു: പച്ചപ്പിനായി തിരയുക. അതവിടെയുണ്ട്. നമ്മുടെ ജീവിതത്തില്‍ ദൈവമുള്ളപ്പോള്‍ നമുക്ക് ഒന്നിനും മുട്ടില്ല. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ നമ്മെ കിടത്തുന്നു, നമ്മുടെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു.