നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എലിസാ മോർഗൻ

നന്നായി വിശ്രമിക്കുക

ക്ലോക്ക് രാത്രി 1:55 എന്നു മിന്നി. രാത്രി വൈകിയുള്ള വാചക സംഭാഷണത്തിന്റെ ഭാരത്താൽ ഉറക്കം വരുന്നില്ല. മമ്മിയെപ്പോലെ എന്നെ കെട്ടിപ്പിടിക്കുന്ന ചുളുങ്ങിയ ഷീറ്റുകൾ എടുത്തു മാറ്റി ഞാൻ നിശബ്ദമായി സോഫയിലേക്കു ചാഞ്ഞു. ഉറങ്ങാൻ എന്തുചെയ്യണമെന്ന് ഞാൻ ഗൂഗിളിൽ തിരഞ്ഞു, പകരം എന്തുചെയ്യരുതെന്ന് ഞാൻ കണ്ടെത്തി: മയങ്ങുകയോ കാപ്പി കുടിക്കുകയോ നന്നാ വൈകി ജോലി ചെയ്യുകയോ ചെയ്യരുത്. ചെക്ക്. എന്റെ ടാബ്‌ലെറ്റിൽ കൂടുതൽ വായിക്കുന്നതിനിടയിൽ വൈകി ''സ്‌ക്രീൻ'' ഉപയോഗിക്കരുതെന്നും കണ്ടു. അയ്യോ. ടെക്സ്റ്റിംഗ് ഒരു നല്ല ആശയമായിരുന്നില്ല. നന്നായി വിശ്രമിക്കുന്ന കാര്യം വരുമ്പോൾ, എന്തു ചെയ്യരുത് എന്ന വലിയ പട്ടികയുണ്ട്. 

പഴയനിയമത്തിൽ, വിശ്രമിക്കുന്നതിനായി ശബ്ബത്തിൽ എന്തുചെയ്യരുതെന്ന നിയമങ്ങൾ ദൈവം കൈമാറി. പുതിയ നിയമത്തിൽ യേശു ഒരു പുതിയ വഴി വാഗ്ദാനം ചെയ്തു. നിയന്ത്രണങ്ങൾ ഊന്നിപ്പറയുന്നതിനുപകരം, യേശു ശിഷ്യന്മാരെ ബന്ധത്തിലേക്ക് വിളിച്ചു. ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'' (മത്തായി 11:28). മുൻ വാക്യത്തിൽ, യേശു തനിക്കു പിതാവുമായുള്ള—അവൻ നമുക്കു വെളിപ്പെടുത്തിയ വ്യക്തി—ഐക്യത്തിന്റെ നിരന്തരമായ ബന്ധത്തെ ചൂണ്ടിക്കാണിച്ചു. പിതാവിൽ നിന്ന് യേശു അനുഭവിച്ച നിരന്തരമായ സഹായം നമുക്കും അനുഭവിക്കാവുന്ന ഒന്നാണ്. 

നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ചില വിനോദങ്ങൾ ഒഴിവാക്കാൻ തക്കവിധം നാം ബുദ്ധിമാന്മാരാണെങ്കിലും, ക്രിസ്തുവിൽ നന്നായി വിശ്രമിക്കുന്നത് നിയന്ത്രണത്തേക്കാൾ കൂടുതൽ ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ എന്റെ റീഡർ ഓഫ് ചെയ്യുകയും ''എന്റെ അടുക്കൽ വരുവിൻ'' എന്ന യേശുവിന്റെ ക്ഷണത്തിന്റെ തലയിണയിൽ എന്റെ ഭാരം താഴ്ത്തി വയ്ക്കുകയും ചെയ്തു.

നമുക്കാവശ്യമുള്ള ജ്ഞാനം

മേഘ കൊറിയര്‍ തുറന്നപ്പോള്‍, അവളുടെ പ്രിയ സുഹൃത്തിന്റെ മടക്ക വിലാസം രേഖപ്പെടുത്തിയ ഒരു കവര്‍ കണ്ടു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ആ സുഹൃത്തിനോട് ബന്ധം സംബന്ധിച്ച ഒരു പോരാട്ടത്തെക്കുറിച്ച് അവള്‍ പറഞ്ഞിരുന്നു. ജിജ്ഞാസയോടെ അവള്‍ പൊതി അഴിച്ചു, വര്‍ണ്ണാഭമായ മുത്തുകള്‍ ലളിതമായ ചണച്ചരടില്‍ കോര്‍ത്ത ഒരു മാലയായിരുന്നു അതിനുള്ളില്‍. അതിന്റെ കൂടെ ഒരു കാര്‍ഡും ഉണ്ടായിരുന്നു;  അതിലിങ്ങനെ എഴുതിയിരുന്നു, ''ദൈവത്തിന്റെ വഴികള്‍ തേടുക.'' മാല കഴുത്തിലണിഞ്ഞുകൊണ്ടു മേഘ പുഞ്ചിരിച്ചു.

ജ്ഞാനപൂര്‍ണ്ണമായ വാക്കുകളുടെ ഒരു സമാഹാരമാണ് സദൃശവാക്യങ്ങളുടെ പുസ്തകം - പലതും, തന്റെ കാലഘട്ടത്തിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യനായി പ്രശംസിക്കപ്പെട്ട ശലോമോന്‍ ആണ് എഴുതിയത് (1 രാജാക്കന്മാര്‍ 10:23). അതിന്റെ മുപ്പത്തിയൊന്ന് അധ്യായങ്ങളും ജ്ഞാനം ശ്രദ്ധിക്കാനും ഭോഷത്തം ഒഴിവാക്കാനും വായനക്കാരെ ആഹ്വാനം ചെയ്യുന്നു. സദൃശവാക്യങ്ങള്‍ 1:7-ലെ പ്രധാന സന്ദേശത്തോടെയാണ് അതാരംഭിക്കുന്നത്: 'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' ജ്ഞാനം - എപ്പോള്‍ എന്തുചെയ്യണമെന്ന് അറിയുന്നത് - ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുന്നതിലൂടെ ദൈവത്തെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലഭിക്കുന്നത്. ആമുഖ വാക്യങ്ങളില്‍ നാം വായിക്കുന്നു, ''മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്; അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും'' ( വാ. 8-9). 

മേഘയുടെ സ്‌നേഹിത, അവള്‍ക്കാവശ്യമായ ജ്ഞാനത്തിന്റെ ഉറവിടത്തിലേക്കാണ് അവളെ നയിച്ചത്: അതായത് ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുക. അവളുടെ സമ്മാനം മേഘക്കാവശ്യമായ സഹായം എവിടെ കണ്ടെത്താമെന്നതിലേക്കു മേഘയുടെ ശ്രദ്ധയെ നയിച്ചു.

നാം ദൈവത്തെ ബഹുമാനിക്കുകയും അവിടുത്തെ വഴികള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍, ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ ജ്ഞാനം നമുക്കു ലഭിക്കും. ഓരോ വിഷയത്തിനും.

നമ്മുടെ പിതാവിന്റെ കരുതല്‍

ഠക്ക്! ഞാന്‍ തലപൊക്കി ശബ്ദത്തിനു നേരെ ചെവിവട്ടം പിടിച്ചു. ജനാലച്ചില്ലില്‍ ഒരു പാടു കണ്ടിട്ട്, ഞാന്‍ പുറത്തേക്ക് എത്തിനോക്കി. ചലനം നിലയ്ക്കാത്ത ഒരു പക്ഷിയുടെ ശരീരം ഞാന്‍ കണ്ടെത്തി. എന്റെ ഹൃദയം വേദനിച്ചു. ദുര്‍ബലമായ തൂവലുകള്‍ ഉള്ള ആ ജീവിയെ സഹായിക്കാന്‍ ഞാന്‍ കൊതിച്ചു.

വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയശേഷം, തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നതിനായി, കുരുവികളെക്കുറിച്ചുപോലുമുള്ള തന്റെ പിതാവിന്റെ കരുതലിനെക്കുറിച്ചു മത്തായി 10 ല്‍ യേശു വിവരിച്ചു. 'അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു; അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കുവാനും അവര്‍ക്ക് അധികാരം കൊടുത്തു'' (വാ. 1). അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം ശിഷ്യന്മാര്‍ക്കു ഗംഭീരമായി തോന്നാമെങ്കിലും, ഭരണാധികാരികളും അവരുടെ സ്വന്ത കുടുംബവും ദുഷ്ടശക്തികളും ഉള്‍പ്പെടെയുള്ളവരില്‍നിന്നു വളരെ എതിര്‍പ്പുകള്‍ അവര്‍ നേരിടേണ്ടിവരും (വാ. 16-28).

തുടര്‍ന്ന്, 10:29-31 ല്‍, അവര്‍ നേരിടാനിരിക്കുന്നവയെ ഭയപ്പെടരുതെന്ന് യേശു അവരോടു പറഞ്ഞു. കാരണം അവര്‍ ഒരിക്കലും പിതാവിന്റെ കരുതലില്‍ നിന്നു പുറത്തുപോകുന്നില്ല. 'കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല .... ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.''

ഞാന്‍ ദിവസം മുഴുവനും പക്ഷിയെ പരിശോധിച്ചു, ഓരോ തവണയും അതിനു ജീവനുള്ളതായി കണ്ടു, പക്ഷേ അതനങ്ങുന്നില്ലായിരുന്നു. പിന്നെ, നേരം വൈകിയപ്പോള്‍ അതിനെ കാണാനില്ലായിരുന്നു. അതു ജീവനോടിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. തീര്‍ച്ചയായും, ആ പക്ഷിയെക്കുറിച്ചു ഞാന്‍ ഇത്രയധികം കരുതലുള്ളവളായിരുന്നുവെങ്കില്‍, ദൈവം എത്രയധികം കരുതലുള്ളവനായിരിക്കും! അവിടുന്ന് നിങ്ങളെയും എന്നെയും എത്രമാത്രം കരുതുന്നുവെന്ന് സങ്കല്‍പ്പിക്കുക!

തനിക്കു കഴിയുന്നത് അവള്‍ ചെയ്തു

അവള്‍ കപ്പ് കേക്കുകളുടെ പ്ലാസ്റ്റിക് പാത്രം കണ്‍വെയര്‍ ബെല്‍റ്റിലേക്കു വെച്ചു കാഷ്യറിന്റെ അടുത്തേക്ക് അയച്ചു. അടുത്തതായി ജന്മദിന കാര്‍ഡും ചിപ്‌സിന്റെ വിവിധ പായ്ക്കറ്റുകളും വന്നു. അവളുടെ മുടിക്കെട്ടില്‍നിന്നഴിഞ്ഞ കുറച്ചു മുടി ക്ഷീണിച്ച നെറ്റിക്ക് അലങ്കാരമായി ചിതറിക്കിടന്നു. അവളുടെ കുട്ടിയെ അവള്‍ ശ്രദ്ധിച്ചു. ക്ലാര്‍ക്ക് തുക പറഞ്ഞപ്പോള്‍, അവളുടെ മുഖം മങ്ങി. “ഓ, എനിക്ക് എന്തെങ്കിലും തിരികെ വയ്‌ക്കേണ്ടിവരുമെന്നു തോന്നുന്നു. എന്നാല്‍ അവ ഇവളുടെ പാര്‍ട്ടിക്കുള്ളതാണ്,'' അവള്‍ നെടുവീര്‍പ്പിട്ടു, ഖേദപൂര്‍വ്വം മകളെ നോക്കി.

അവളുടെ പിന്നില്‍ നിന്നിരുന്ന മറ്റൊരു കസ്റ്റമര്‍ ഈ അമ്മയുടെ വേദന തിരിച്ചറിഞ്ഞു. ബെഥാന്യയിലെ മറിയയോടുള്ള യേശുവിന്റെ വാക്കുകളില്‍ ഈ രംഗം സുപരിചിതമാണ്: 'അവള്‍ തന്നാലാവതു ചെയ്തു' (മര്‍ക്കൊസ് 14:8). യേശുവിന്റെ മരണത്തിനും അടക്കത്തിനുംമുമ്പ്, വിലയേറിയ തൈലംകൊണ്ട് മറിയ യേശുവിനെ അഭിഷേകം ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ പരിഹസിച്ചു. എന്നാല്‍ അവള്‍ ചെയ്തതിനെ ആഘോഷിച്ചുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ തിരുത്തി. “തനിക്കു കഴിയുന്നതെല്ലാം അവള്‍ ചെയ്തു'' എന്ന് യേശു പറഞ്ഞില്ല. മറിച്ച് “അവള്‍ക്കു കഴിയുന്നതെന്തോ അത് അവള്‍ ചെയ്തു'' എന്നാണ് യേശു പറഞ്ഞത്. സുഗന്ധദ്രവ്യത്തിന്റെ വലിയ വില ആയിരുന്നില്ല യേശു സൂചിപ്പിച്ചത്. ആ പ്രവൃത്തിയില്‍ മറിയ പ്രകടിപ്പിച്ച സ്‌നേഹമായിരുന്നു യേശു ശ്രദ്ധിച്ചത്.യേശുവുമായുള്ള ബന്ധം ഒരു പ്രതികരണത്തിനു കാരണമാകുന്നു.

ആ നിമിഷം, അമ്മ എതിര്‍ക്കുന്നതിനുമുമ്പ്, രണ്ടാമത്തെ കസ്റ്റമര്‍ മുന്നോട്ടു ചാഞ്ഞ് അവളുടെ ക്രെഡിറ്റ് കാര്‍ഡ് റീഡറിലേക്കു തിരുകി, സാധനങ്ങളുടെ പണം നല്‍കി. അതൊരു വലിയ തുകയായിരുന്നില്ല, അവര്‍ക്ക് ആ മാസം അധിക ഫണ്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആ അമ്മയെ സംബന്ധിച്ചിടത്തോളം അത് എല്ലാം ആയിരുന്നു. അവളുടെ അത്യാവശ്യ സമയത്ത് നിര്‍മ്മലമായ സ്‌നേഹത്തിന്റെ ഒരു പ്രവൃത്തി വെളിപ്പെട്ടു.

വിശ്വാസത്തിന്റെ ജ്വലിപ്പിക്കല്‍

പ്രത്യേക ജന്മദിനവസ്ത്രം വാങ്ങാനായി ഞാനും കൊച്ചുമകനും കൈകോര്‍ത്തുകൊണ്ട് പാര്‍ക്കിങ് സ്ഥലത്തുകൂടി നടന്നു. ഇപ്പോള്‍ ഒരു പ്രീസ്‌കൂളില്‍ പഠിക്കുന്ന അവന്‍, എല്ലാ കാര്യങ്ങളിലും ആവേശഭരിതനായിരുന്നു. അവന്റെ സന്തോഷത്തെ ആനന്ദമാക്കി മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. 'മുത്തശ്ശിമാര്‍ ധാരാളം ഫ്രോസ്റ്റിങ്ങുള്ള അമ്മമാരാണ്' എന്നെഴുതിയ ഒരു കോഫി മഗ് ഞാന്‍ കണ്ടു. ഫ്രോസ്റ്റിങ് വിനോദത്തിനും തിളക്കത്തിനും സന്തോഷത്തിനും തുല്യമാണ്! അതാണ് അവന്റെ മുത്തശ്ശിയെന്ന നിലയിലുള്ള എന്റെ ജോലി, അല്ലേ? അതും അതിലധികവും.

തന്റെ ആത്മീയപുത്രനായ തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്തില്‍, പൗലൊസ് തിമൊഥെയൊസിന്റെ നിര്‍വ്യാജ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്നു. തുടര്‍ന്ന് അതിന്റെ പാരമ്പര്യത്തിന്റെ ക്രെഡിറ്റ് തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസിനും അമ്മ യൂനിക്കയ്ക്കും (2 തിമൊഥെയൊസ് 1:5) നല്‍കുന്നു. തിമൊഥെയൊസും യേശുവില്‍ വിശ്വസിക്കുന്ന തരത്തില്‍ ഈ സ്ത്രീകള്‍ തങ്ങളുടെ വിശ്വാസം അനുസരിച്ചു ജീവിച്ചു. തീര്‍ച്ചയായും, ലോവീസും യൂനിസും തിമൊഥെയൊസിനെ സ്‌നേഹിക്കുകയും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. എന്നാല്‍ വ്യക്തമായും അവര്‍ കൂടുതല്‍ ചെയ്തു. പില്‍ക്കാലത്ത് തിമൊഥെയൊസില്‍ വസിക്കുന്ന വിശ്വാസത്തിന്റെ ഉറവിടമായി, പൗലൊസ് അവരില്‍ വസിക്കുന്ന വിശ്വാസത്തെ ചൂണ്ടിക്കാണിക്കുന്നു.

ഒരു മുത്തശ്ശി എന്ന നിലയിലുള്ള എന്റെ ജോലിയില്‍, ഒരു ജന്മദിനവസ്ത്രത്തിന്റെ 'ഫ്രോസ്റ്റിങ്'' നിമിഷം ഉള്‍പ്പെടുന്നു. എന്നാല്‍ അതിലുപരിയായി, ഞാന്‍ എന്റെ വിശ്വാസം പങ്കിടുമ്പോഴും ചിക്കന്‍ ബിരിയാണിക്ക് മുമ്പില്‍ തല വണക്കി നന്ദി പറയുമ്പോഴും, ആകാശത്തില്‍ രൂപംകൊള്ളുന്ന മാലാഖരൂപങ്ങളെ ദൈവത്തിന്റെ കലാസൃഷ്ടികളായി ചൂണ്ടിക്കാണിക്കുമ്പോഴും, റ്റെലിവിഷനില്‍ യേശുവിനെക്കുറിച്ചുള്ള ഒരു ഗാനത്തിനൊപ്പം മൂളുമ്പോഴും ഞാന്‍ അവന്റെ വിശ്വാസത്തിന്മേല്‍ കൂടുതല്‍ മധുരവും ഭംഗിയും ചേര്‍ക്കുകയാണു ചെയ്യുന്നത്. നമുക്കുള്ളത് മറ്റുള്ളവരും ആഗ്രഹിക്കത്തനിലയില്‍ നമ്മുടെ വിശ്വാസം നമ്മുടെ ജീവിതത്തിലെ ഫ്രോസ്റ്റിങ് ആയി മാറുവാന്‍ ലോവീസിനെയും യൂനീക്കയെയും പോലുള്ള മുത്തശ്ശിമാരുടെയും അമ്മമാരുടെയും  മാതൃകയില്‍ നിന്ന് നമുക്കു പ്രചോദനം ഉള്‍ക്കൊള്ളാം.

കരുതലിന്റെ കത്തുകള്‍

പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഡോ. ജെറി മോട്ടോ, ഒരു ''കരുതുന്ന കത്തിന്റെ'' ശക്തി കണ്ടെത്തി. ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്കു കരുതല്‍ പ്രകടിപ്പിക്കുന്ന ഒരു കത്ത് അയച്ചാല്‍, വീണ്ടും ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുടെ നിരക്ക് പകുതിയായി കുറയുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ വിഷാദരോഗികള്‍ക്കു തുടര്‍ചികിത്സയായി 'കരുതല്‍ പ്രകടിപ്പിക്കുന്ന'' ടെക്സ്റ്റുകള്‍, പോസ്റ്റ്കാര്‍ഡുകള്‍, സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതിന്റെ ഈ ശക്തി ആരോഗ്യപ്രവര്‍ത്തകര്‍ അടുത്തയിടെ വീണ്ടും കണ്ടെത്തി.

ബൈബിളിലെ ഇരുപത്തിയൊന്നു 'പുസ്തകങ്ങള്‍'' യഥാര്‍ത്ഥത്തില്‍ കത്തുകളാണ് - ലേഖനങ്ങള്‍. പല കാരണങ്ങളാല്‍ പോരാട്ടങ്ങളും വെല്ലുവിളികളും നേരിടുന്ന ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ക്ക് എഴുതിയ കരുതലിന്റെ കത്തുകളാണ് അവ. പൗലൊസും യാക്കോബും യോഹന്നാനും വിശ്വാസത്തിന്റെയും ആരാധനയുടെയും അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്നതിനും, സംഘര്‍ഷം പരിഹരിച്ച് ഐക്യം കെട്ടിപ്പടുക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുന്നതിനും കത്തുകള്‍ എഴുതി.

എന്നിരുന്നാലും, റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ് പീഡനമനുഭവിക്കുന്ന വിശ്വാസികള്‍ക്ക് അപ്പൊസ്തലനായ പത്രൊസ് പ്രത്യേകം കത്തെഴുതി. 1 പത്രൊസ് 2:9 ല്‍, 'നിങ്ങളോ ... തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു'' എന്ന് എഴുതിക്കൊണ്ട് ദൈവസന്നിധിയില്‍ അവര്‍ക്കുള്ള അപാരമായ വിലയെക്കുറിച്ച് പത്രൊസ് ഓര്‍മ്മപ്പെടുത്തി. ഇത് അവരുടെ ലോകത്തില്‍ ദൈവത്തിന്റെ മഹത്തായ ലക്ഷ്യത്തിലേക്ക് അവരുടെ നോട്ടം ഉയര്‍ത്തുവാന്‍ സഹായിച്ചു: 'നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ടവരാണ്.''

നമ്മുടെ മഹാനായ ദൈവം തന്നെ നമുക്കുവേണ്ടി കരുതലിന്റെ കത്തുകള്‍ നിറഞ്ഞ ഒരു പുസ്തകം എഴുതി - പ്രചോദനാത്മകമായ തിരുവെഴുത്ത്. അവിടുന്ന് നമുക്കു നല്‍കിയിരിക്കുന്ന മൂല്യത്തിന്റെ ഒരു രേഖ നമുക്ക് എപ്പോഴും ഉണ്ടായിരിക്കുന്നതിനുവേണ്ടിയാണിത്. അവിടുത്തെ കത്തുകള്‍ ദിവസവും വായിച്ച് അവിടുന്നു നല്‍കുന്ന പ്രത്യാശ ആവശ്യമുള്ളവരുമായി നമുക്കു പങ്കിടാം.

സ്‌നേഹത്തിന്റെ ആഴങ്ങള്‍

ഒരു മൂന്നു വയസ്സുകാരനായ കുട്ടി നീന്തല്‍ പഠിച്ചതേയുണ്ടായിരുന്നുള്ളു, ആ സമയത്താണ് അവന്‍ തന്റെ മുത്തച്ഛന്റെ വീടിനു പുറകിലെ നാല്പതടി ആഴമുള്ള കിണറിനു മുകളിലിട്ടിരുന്ന പഴകി ദ്രവിച്ച പ്ലൈവുഡ് മൂടിയില്‍ ചവിട്ടിയതും മൂടി തകര്‍ന്ന് അവന്‍ കിണറ്റിലേക്കു വീണതും. അവന്റെ പിതാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുന്നതുവരെ പത്ത് അടി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ അവനു കഴിഞ്ഞു. കുട്ടിയെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കയറുകള്‍ കൊണ്ടുവന്നുവെങ്കിലും പിതാവ് മകനെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നതിനാല്‍ അവന്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്താനായി അദ്ദേഹം വഴുക്കലുള്ള പാറകളില്‍ ചവിട്ടി താഴേക്കിറങ്ങിയിരുന്നു.

ഓ, ഒരു പിതാവിന്റെ സ്‌നേഹം! ഓ, നമ്മുടെ കുട്ടികള്‍ക്കായി നാം ഇറങ്ങിച്ചെല്ലുന്ന ദൂരം (ആഴവും)!

ദുരുപദേഷ്ടാക്കള്‍ തങ്ങള്‍ക്കു ചുറ്റും വട്ടമിടുന്നതിനിടയില്‍ വിശ്വാസത്തില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന ആദ്യകാല സഭയിലെ വിശ്വാസികള്‍ക്ക് എഴുതുമ്പോള്‍, അപ്പോസ്തലനായ യോഹന്നാന്‍ ജീവദായകമായ ഈ വാക്കുകള്‍ അവര്‍ക്കു നല്‍കി: ''കാണ്മിന്‍, നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്ക് എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു!' (1 യോഹന്നാന്‍ 3:1). യേശുവിലുള്ള വിശ്വാസികളെ 'ദൈവത്തിന്റെ മക്കള്‍' എന്ന് നാമകരണം ചെയ്യുന്നത് അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധുത നല്‍കുന്ന ഒരു അടുപ്പമുള്ളതും നിയമപരവുമായ മുദ്രയിടലാണ്.

ഓ, ദൈവം തന്റെ മക്കള്‍ക്കായി ഇറങ്ങിച്ചെല്ലുന്ന ദൂരവും ആഴവും!

ഒരു പിതാവ് തന്റെ മക്കള്‍ക്കുവേണ്ടി മാത്രം ചെയ്യുന്ന ചില പ്രവൃത്തികളുണ്ട്- തന്റെ മകനെ രക്ഷിക്കാന്‍ പിതാവ് ഒരു കിണറ്റിലേക്ക് ഇറങ്ങിയതുപോലെ. നമ്മെ അവന്റെ ഹൃദയത്തോട് അടുപ്പിക്കാനും അവനോടൊപ്പമുള്ള ജീവിതത്തിലേക്ക് നമ്മെ യഥാസ്ഥാനപ്പെടുത്തുവാനും തന്റെ ഏകപുത്രനെ അയച്ചുതന്ന നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെ ആത്യന്തിക പ്രവൃത്തി പോലെ (വാ. 5-6).

പച്ചപ്പിനായി തിരയുക

ക്യാപ്റ്റന്റെ ഗൗരവ ശബ്ദം മറ്റൊരു കാലതാമസം പ്രഖ്യാപിച്ചു. ഇതിനകം രണ്ടുമണിക്കൂറോളം അനങ്ങാതെ കിടന്ന ഒരു വിമാനത്തിലെ എന്റെ വിന്‍ഡോ സീറ്റില്‍ ഞെരുങ്ങിയിരുന്ന ഞാന്‍ നിരാശയോടെ കൈതിരുമ്മി. ഒരു നീണ്ട ആഴ്ചയിലെ ജോലിക്കുശേഷം, വീട്ടിലെ ആശ്വാസത്തിനും വിശ്രമത്തിനും ഞാന്‍ കൊതിച്ചു. ഇനി എത്ര സമയം? മഴത്തുള്ളി പൊതിഞ്ഞ ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, റണ്‍വേകള്‍ കൂട്ടിമുട്ടുന്നിടത്തെ സിമന്റിന്റെ വിടവില്‍ പച്ചപ്പുല്ലിന്റെ ഒരു ഏകാന്ത ത്രികോണം വളരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കോണ്‍ക്രീറ്റ് പരപ്പിന്റെ നടുവില്‍ അതൊരു വിചിത്രമായ കാഴ്ചയായിരുന്നു.

പരിചയസമ്പന്നനായ ഒരു ഇടയനെന്ന നിലയില്‍, തന്റെ ആടുകള്‍ക്ക് പച്ച മേച്ചില്‍പ്പുറങ്ങളുടെ സ്വസ്ഥത നല്‍കേണ്ടതിന്റെ ആവശ്യകത ദാവീദിന് നന്നായി അറിയാമായിരുന്നു. 23-ാം സങ്കീര്‍ത്തനത്തില്‍, യിസ്രായേല്‍ രാജാവായി ജനത്തെ നയിക്കുന്ന ക്ഷീണിപ്പിക്കുന്ന നാളുകളില്‍ അവനെ മുന്നോട്ട് കൊണ്ടുപോകാനുതകുന്ന ഒരു പ്രധാന പാഠം അവന്‍ എഴുതി.'യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; ... എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു' (വാ. 1-3).

ഒരു എയര്‍പോര്‍ട്ട് റണ്‍വേയുടെ കോണ്‍ക്രീറ്റ് വനത്തില്‍, എന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുകയും സുഖസൗകര്യങ്ങളുടെയും വിശ്രമത്തിന്റെയും അഭാവം അനുഭവപ്പെടുകയും ചെയ്തപ്പോള്‍, എന്റെ നല്ല ഇടയനായ ദൈവം എന്റെ കണ്ണുകളെ പച്ചപ്പിന്റെ ഒരു തുരുത്തിലേക്ക് നയിച്ചു. അവനുമായുള്ള ബന്ധത്തില്‍, ഞാന്‍ എവിടെയായിരുന്നാലും അവന്‍ നല്‍കുന്ന നിരന്തരമായ വിശ്രമം എനിക്ക് കണ്ടെത്താനാകും - ഞാന്‍ ശ്രദ്ധിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കില്‍.

പാഠം കാലങ്ങളായി തുടരുന്നു: പച്ചപ്പിനായി തിരയുക. അതവിടെയുണ്ട്. നമ്മുടെ ജീവിതത്തില്‍ ദൈവമുള്ളപ്പോള്‍ നമുക്ക് ഒന്നിനും മുട്ടില്ല. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ നമ്മെ കിടത്തുന്നു, നമ്മുടെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു.

നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുക

എന്റെ ഭര്‍ത്താവ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോള്‍ നേരം വെളുത്തിരുന്നില്ല. ലൈറ്റ് തെളിക്കുകയും കെടുത്തുകയും ചെയ്യുന്നതു ഞാന്‍ കണ്ടു, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ഞങ്ങളുടെ അടുക്കള കൗണ്ടറിലെ ഒരു ''നുഴഞ്ഞുകയറ്റക്കാരനെ'' കണ്ടപ്പോള്‍ ഞാന്‍ അലറിയ കാര്യം എനിക്കോര്‍മ്മ വന്നു. വ്യാഖ്യാനം: ആറ് കാലുകളുള്ള അനഭിമതനായ ഒരു ജീവി. എന്റെ ഭയത്തെക്കുറിച്ച് എന്റെ ഭര്‍ത്താവിന് അറിയാമായിരുന്നതിനാല്‍ അതിനെ നീക്കംചെയ്യാനായി ഓടിയെത്തി. എനിക്ക് ആശങ്കയില്ലാതെ പ്രവേശിക്കുന്നതിനായി ഞങ്ങളുടെ അടുക്കള പ്രാണി രഹിതമാണെന്ന് ഉറപ്പുവരുത്താനാണ് അദ്ദേഹം ഇന്നു നേരത്തെ എഴുന്നേറ്റത്. എന്തൊരു മനുഷ്യന്‍!

എന്റെ ഭര്‍ത്താവ് എന്നെ മനസ്സില്‍ വെച്ചുകൊണ്ട്, അഥവാ എന്റെ ആവശ്യത്തിന് തന്റെ ആവശ്യത്തെക്കാള്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ഉണര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പ്രവൃത്തി എഫെസ്യര്‍ 5:25-ല്‍ പൗലൊസ് വിവരിക്കുന്ന സ്‌നേഹത്തെ വ്യക്തമാക്കുന്നു: ''ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവള്‍ക്കുവേണ്ടി തന്നെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുക.'' പൗലൊസ് തുടരുന്നു, ''ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്‌നേഹിച്ചു തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിന്‍'
(വാ. 28). ഒരു ഭര്‍ത്താവിന്റെ സ്‌നേഹത്തെ ക്രിസ്തുവിന്റെ സ്‌നേഹവുമായി പൗലൊസ് താരതമ്യം ചെയ്യുന്നത് എങ്ങനെയാണ്? യേശു നമ്മുടെ ആവശ്യങ്ങളെ തന്റെ ആവശ്യങ്ങള്‍ക്കു മുന്‍പായി വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണത്. ചില നുഴഞ്ഞുകയറ്റക്കാരെ ഞാന്‍ ഭയപ്പെടുന്നുവെന്ന് എന്റെ ഭര്‍ത്താവിന് അറിയാം, അതിനാല്‍ അദ്ദേഹം എന്റെ ആശങ്കയെ തന്റെ മുന്‍ഗണനയാക്കി.

ആ തത്വം ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമല്ല ബാധകമാകുന്നത്. യേശുവിന്റെ മാതൃക പിന്തുടര്‍ന്ന്, ഒരാള്‍ക്ക് ലോകത്തില്‍ കൂടുതല്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയേണ്ടതിന് സമ്മര്‍ദ്ദം, ഭയം, ലജ്ജ അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുന്നതിനു സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സ്‌നേഹപൂര്‍വ്വം ത്യാഗം ചെയ്യാന്‍ കഴിയും.

മന്ത്രിക്കുന്ന ഗാലറി

ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലെ ഉയര്‍ന്ന താഴികക്കുടത്തില്‍ സന്ദര്‍ശകര്‍ക്ക് 259 പടികള്‍ കയറി വിസ്പറിംഗ് ഗാലറിയിലേക്ക് പ്രവേശിക്കാം. അവിടെനിന്നു നിങ്ങള്‍ മന്ത്രിക്കുന്നത് വൃത്താകൃതിയിലുള്ള നടപ്പാതയില്‍ എവിടെയും നില്‍ക്കുന്ന വ്യക്തിക്കു കേള്‍ക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഏതാണ്ട് നൂറ് അടി അകലെയുള്ള അഗാധമായ ഗര്‍ത്തത്തിന് അപ്പുറത്തുള്ളവര്‍ക്കും അതു കേള്‍ക്കാന്‍ കഴിയും. താഴികക്കുടത്തിന്റെ ഗോളാകൃതിയും മന്ത്രണത്തിന്റെ കുറഞ്ഞ തീവ്രതയിലുള്ള ശബ്ദ തരംഗങ്ങളും മൂലമാണ് ഇതു സംഭവിക്കുന്നതെന്നാണ് എഞ്ചിനീയര്‍മാര്‍ വിശദീകരിക്കുന്നത്.

നമ്മുടെ വേദനാജനകമായ മന്ത്രണങ്ങള്‍ ദൈവം കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നാം എത്രത്തോളം ആശിക്കാറുണ്ട്. അവന്‍ നമ്മെ കേള്‍ക്കുന്നു - നമ്മുടെ നിലവിളികളും പ്രാര്‍ത്ഥനകളും മന്ത്രണങ്ങളും - എന്നതിന്റെ സാക്ഷ്യങ്ങളാല്‍ സങ്കീര്‍ത്തനങ്ങള്‍ നിറഞ്ഞിരിക്കുന്നു. ദാവീദ് എഴുതുന്നു, ''എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, സഹായത്തിനായി എന്റെ ദൈവത്തോട് നിലവിളിച്ചു' (സങ്കീര്‍ത്തനം 18:6). അവനും മറ്റ് സങ്കീര്‍ത്തനക്കാരും വീണ്ടും വീണ്ടും നിലവിളിക്കുന്നു, ''എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ'' (4:1), 'എന്റെ ശബ്ദം' (5: 3), 'എന്റെ ഞരക്കം' (102: 20) കേള്‍ക്കണമേ. ചിലപ്പോഴൊക്കെ ഈ പദപ്രയോഗം ''ഞാന്‍ പറയുന്നത് കേള്‍ക്കൂ'' (77: 1) എന്നതിനപ്പുറം 'ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു'' (77: 6) എന്നുള്ളതാണ്.

സങ്കീര്‍ത്തനം 18:6-ലെ ദാവീദിനെപ്പോലെ സങ്കീര്‍ത്തനക്കാര്‍ ഈ അപേക്ഷകള്‍ക്കുള്ള മറുപടിയായി ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു: ''തന്റെ മന്ദിരത്തില്‍നിന്ന് എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.' യഥാര്‍ത്ഥ മന്ദിരം ഇതുവരെയും പണിതിട്ടില്ലാത്തതിനാല്‍, ദൈവം തന്റെ സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ നിന്നു ശ്രദ്ധിക്കുന്നതാണോ ദാവീദ് സൂചിപ്പിച്ചിരിക്കുന്നത്?

ഭൂമിക്കു മുകളിലുള്ള ആകാശത്തിന്റെ താഴികക്കുടത്തിലെ അവന്റെ ''മന്ത്രിക്കുന്ന ഗാലറി'' യില്‍ നിന്ന്, ദൈവം നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലെ മന്ത്രണങ്ങളിലേക്കും നിശബ്ദ നിലവിളികളിലേക്കും ചെവി ചായിക്കുന്നു . . . ശ്രദ്ധിക്കുന്നു.