നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെന്നിഫര്‍ ബെന്‍സണ്‍ ഷുള്‍ട്ട്

വിജയവും ത്യാഗവും

സ്വിറ്റ്സർലൻഡിലെ ഒരു പർവ്വതത്തിൽ കയറുവാൻ ആഗ്രഹിച്ച ഒരു കുട്ടിയെക്കുറിച്ചുള്ള ഒരു പുസ്തകം ഒരുവേനൽക്കാലപഠനപരിപാടിക്കിടെഎന്റെ മകൻ വായിച്ചു. പർവ്വതത്തിൽകയറുവാനായി അവൻ വളരെയേറെപരിശീലനം നടത്തി എങ്കിലും ഒടുവിൽ പർവ്വതാരോഹണത്തിനായി പുറപ്പെട്ടപ്പോൾ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. പകുതി ദൂരം കയറിയപ്പോഴേക്കും അവരുടെ ഒരു സംഘാംഗം രോഗബാധിതനായി. എന്നാൽ, തന്റെ ലക്ഷ്യം നേടുന്നതിനുപകരം കൂട്ടുകാരനെ പരിചരിക്കുവാൻ  കൂടെനിൽക്കുവാൻഅവൻ തീരുമാനിച്ചു.

ക്ലാസ് മുറിയിൽ ഈ കഥ വായിച്ചുകേട്ടതിനുശേഷം, അദ്ധ്യാപകൻ ചോദിച്ചു, "മല കയറാത്തതിനാൽ ആ പ്രധാന കഥാപാത്രം പരാജയപ്പെട്ടോ?" ഒരു വിദ്യാർത്ഥി പറഞ്ഞു, "അതെ, കാരണംപരാജയംഅവന്റെ DNA യിൽഉണ്ടായിരുന്നു." പക്ഷേ മറ്റൊരു കുട്ടി സമ്മതിച്ചില്ല. ആ ചെറുപ്പക്കാരൻ ഒരു പരാജയമല്ലെന്ന് അവൻ ന്യായീകരിച്ചു, കാരണം മറ്റൊരാളെ സഹായിക്കുവാൻവേണ്ടി,താൻ ആഗ്രഹിച്ച കാര്യം ഉപേക്ഷിച്ച ആ വ്യക്തി, യാഥാർത്ഥത്തിൽ ഒരു വിജയിയാണ്.  

നാം നമ്മുടെ പദ്ധതികൾ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കുമ്പോൾ, യാഥാർത്ഥത്തിൽ നമ്മൾ യേശുവിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.യാത്രചെയ്തുകൊണ്ട് ദൈവത്തിന്റെ സത്യം പങ്കുവയ്ക്കുവാൻ യേശു തന്റെ ഭവനവും സമ്പത്തും അംഗീകാരവും ബലിയർപ്പിച്ചു. അവസാനം, നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുവാനും ദൈവസ്നേഹത്തെ പ്രദർശിപ്പിക്കുവാനും, അവൻ “തന്റെ പ്രാണനെ വെച്ചുകൊടുത്തു”(1 യോഹന്നാൻ 3:16). 

ഭൗമികവിജയം ദൈവത്തിന്റെ ദൃഷ്ടിയിലെ വിജയത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. പ്രയാസത്തിൽആയിരിക്കുന്നവരെയും, സങ്കടത്തിൽആയിരിക്കുന്നവരെയുംസഹായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുകമ്പയെ അവൻ വിലമതിക്കുന്നു (വാ .17). ആളുകളെ സംരക്ഷിക്കുവാൻ നാം എടുക്കുന്ന തീരുമാനങ്ങൾ അവൻ അംഗീകരിക്കുന്നു. ദൈവകൃപയാൽ, നമുക്ക് അവനോടുകൂടെ മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിഞ്ഞാൽ, അതാണ് ഏറ്റവും വലിയ നേട്ടം. 

ഞാൻ എന്താണ് പറയേണ്ടത്?

പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ ചെന്ന് ഞാൻ പെട്ടിയിലുള്ള പുസ്തകങ്ങൾ തിരയുന്നതിനിടയിൽ കടയുടമ അടുക്കൽ വന്നു. ലഭ്യമായ പുസ്തകങ്ങളുടെ പേരുകളെ കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം വിശ്വാസത്തിൽ തല്പരനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ദൈവത്തിന്റെ ഇടപെടലിനായി നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു ക്രൈസ്തവ എഴുത്തുകാരന്റെ ആത്മകഥ കണ്ടു , അതിനെക്കുറിച്ച് ആരംഭിച്ച ചർച്ച പതിയെ  ദൈവത്തിലേക്ക് എത്തിച്ചേർന്നു. ദൈവീകമായ കാര്യങ്ങളിലേക്ക് ഞങ്ങളുടെ സംസാരത്തെ തിരിച്ചു വിടുവാൻ എന്റെ പെട്ടെന്നുള്ള പ്രാർത്ഥനക്ക് കഴിഞ്ഞു എന്നത് അവസാനം ഞാൻ നന്ദിയോടെ ഓർത്തു.

പേർഷ്യയിലെ അർത്ഥഹ്ശഷ്ടാരാജാവുമായി സംസാരിക്കുന്നതിനിടയിൽ ഒരു നിർണ്ണായക വിഷയത്തിൽ, നെഹെമ്യാവു പെട്ടെന്ന് സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. യെരുശലേമിന്റെ നാശത്തിൽ ദുഃഖിതനായ നെഹെമ്യാവിനോട് താൻ എങ്ങിനെയാണ് സഹായിക്കേണ്ടത് എന്ന് രാജാവ് ചോദിച്ചു.നെഹെമ്യാവു രാജാവിന്റെ സേവകൻ മാത്രമാകയാൽ, യാതൊരു ആനുകൂല്യവും ചോദിക്കുവാൻ അർഹനല്ലായിരുന്നെങ്കിലും , അവന്  ഒരു വലിയ ആനുകൂല്യം ആവശ്യമായിരുന്നു. അവൻ യെരുശലേമിനെ പുനർനിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നു. പട്ടണം പുനർനിർമ്മിക്കുന്നതിനായി രാജാവിനോട് അവധി ചോദിക്കുന്നതിനു മുമ്പ് "അവൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. " (നെഹമ്യാവു 2:4-5) രാജാവ് നെഹെമ്യാവിന് സമ്മതം കൊടുക്കുക മാത്രമല്ല, യാത്രക്കു വേണ്ട എല്ലാ സൗകര്യങ്ങളും, പണിയുന്നതിനു ആവശ്യമായ മരങ്ങളും ഏർപ്പെടുത്തി കൊടുത്തു.

“ സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും.. ” (എഫെസ്യർ 6:18)- എന്നാണ് പ്രാർത്ഥനയിൽ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.  ധൈര്യവും, ആത്മനിയന്ത്രണവും, അവബോധവും വേണ്ട നിമിഷങ്ങളെല്ലാം നാം പ്രാർത്ഥിക്കേണ്ടതാണ്. നാം ദൈവത്തോട് പ്രാർത്ഥിച്ചതിനു ശേഷം സംസാരിക്കുമ്പോൾ, നമ്മുടെ മനോഭാവവും, വാക്കുകളും നിയന്ത്രിക്കുവാൻ ദൈവം നമ്മെ സഹായിക്കും.

ഇന്ന് നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുവാൻ, ദൈവം ആഗ്രഹിക്കുന്നത് എങ്ങിനെയാണ്? അവനോടു തന്നെ ചോദിച്ച് കണ്ടുപിടിക്കൂ.

മികച്ച അധ്യാപകൻ

എനിക്കിത് മനസ്സിലാകുന്നതേയില്ല, എന്റെ മകൾ അവളുടെ കൈയ്യിലിരുന്ന പെൻസിൽ ഡെസ്കിലടിച്ചു. അവൾ കണക്കിലെ ഒരു അസ്‌സൈന്മെന്റ് ചെയ്യുകയായിരുന്നു. ഞാൻ ഒരു ഹോംസ്‌കൂളിങ് അദ്ധ്യാപിക/ മാതാവ് എന്ന നിലയിൽ ആരംഭിച്ചിതെയുള്ളൂ. ഞങ്ങൾ ധർമ്മസങ്കടത്തിലായി. ദശാംശത്തെ ഭിന്നസംഖ്യയാക്കി മാറ്റുന്നതിനെപ്പറ്റി മുപ്പത്തിയഞ്ചു വര്ഷം മുൻപ് പഠിച്ചത് എനിക്ക് ഓർമ്മിച്ചെടുക്കാനെ കഴിഞ്ഞില്ല. എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ അവൾക്ക് പഠിപ്പിച്ചു കൊടുക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാൽ ഒരു ഓൺലൈൻ ടീച്ചർ കാര്യങ്ങൾ വിശദീകരിക്കുന്നത് ഞങ്ങൾ കണ്ടു. 

മനുഷ്യരെന്ന നിലയിൽ, നാമെല്ലാവരും ചില സമയങ്ങളിൽ നമുക്കറിയാത്തതോ മനസ്സിലാക്കാത്തതു ആയ കാര്യങ്ങളാൽ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ദൈവത്തിന് അങ്ങനെ സംഭവിക്കാറില്ല. അവിടുന്ന് സകലവുമറിയുന്ന ദൈവമാണ് - സർവവിജ്ഞാനിയായ ദൈവം. യെശയ്യാവ്‌ ഇങ്ങനെ എഴുതി,  "യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?

അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?" (യെശ. 40:13-14). ഇതിന്റെ ഉത്തരമെന്താണ്? ആരുമില്ല.

മനുഷ്യർക്ക് ബുദ്ധിയുണ്ട് കാരണം ദൈവം നമ്മെ അവിടുത്തെ രൂപസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടും, നമ്മുടെ ബുദ്ധി അവിടുത്തെ ബുദ്ധിയുടെ ഒരു സൂചന മാത്രമാണ്. നമ്മുടെ ജ്ഞാനം പരിമിതമാണ്, എന്നാൽ ദൈവത്തിന് നിത്യതയുടെ ആദിമുതൽ അവസാനം വരെയുള്ള സകലത്തെയും കുറിച്ച് അറിയാം (സങ്കീ.147:5). നമ്മുടെ അറിവ് വർദ്ധിക്കുന്നത് ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്, എന്നിട്ടും നമുക്ക് തെറ്റുകൾ സംഭവിക്കുന്നു. യേശുവിന് സകല കാര്യവും "തൽക്ഷണം, ഒരേ സമയത്തു, സമഗ്രമായും സത്യമായും, അറിയാം" എന്ന് ഒരു ദൈവപണ്ഡിതൻ രേഖപ്പെടുത്തിയിരിക്കുന്നു. 

മനുഷ്യർ ജ്ഞാനത്തിൽ എത്ര തന്നെ മുന്നേറിയാലും നാം ഒരിക്കലും ക്രിസ്തുവിന്റെ സർവ്വജ്ഞാനത്തിന്റെ

നിലവാരത്തിൽ എത്തുകയില്ല. നമ്മുടെ അറിവിനെ അനുഗ്രഹിക്കുവാനും നല്ലതും സത്യവും പഠിപ്പിക്കുവാനും നമുക്ക് അവിടുത്തെ എപ്പോഴും ആവശ്യമാണ്.

സന്തോഷകരമായ പഠനം

ഇന്ത്യയിലെ മൈസൂർ നഗരത്തിൽ, രണ്ടു ട്രെയിൻ കോച്ചുകൾ പരസ്പരം ബന്ധിപ്പിച്ചു നിർമ്മിച്ച ഒരു സ്കൂൾ ഉണ്ട്. ഉപേക്ഷിച്ച കോച്ചുകൾ വാങ്ങി പുനർനിർമ്മിക്കാൻ പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ സൗത്ത് വെസ്‌റ്റേൺ റെയിൽവേ കമ്പനിയുമായി ചേർന്നു പ്രവർത്തിച്ചു. യൂണിറ്റുകൾ പ്രധാനമായും വലിയ ലോഹപ്പെട്ടികളായിരുന്നു, എങ്കിലും തൊഴിലാളികൾ അവയിൽ കൈവരികളും ഫാനുകളും ലൈറ്റുകളും ഡെസ്‌കുകളും സ്ഥാപിച്ച് ഉപയോഗ യോഗ്യമാക്കി. തൊഴിലാളികൾ ചുവരുകൾ പെയിന്റു ചെയ്യുകയും അകത്തും പുറത്തും വർണ്ണാഭമായ ചുവർച്ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അതിശയകരമായ പരിവർത്തനം സംഭവിച്ചതിനാൽ ഇപ്പോൾ അറുപത് വിദ്യാർത്ഥികൾ അവിടെ ക്ലാസുകളിൽ പങ്കെടുക്കുന്നു.

''നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുക'' എന്ന അപ്പൊസ്തലനായ പൗലൊസിന്റെ കല്പന നാം പാലിക്കുമ്പോൾ അതിലും അതിശയകരമായ ഒന്ന് സംഭവിക്കുന്നു (റോമർ 12:2). ലോകത്തിൽ നിന്നും അതിന്റെ വഴികളിൽ നിന്നും നമ്മെ അഴിച്ചുമാറ്റാൻ പരിശുദ്ധാത്മാവിനെ നാം അനുവദിക്കുമ്പോൾ, നമ്മുടെ ചിന്തകളും മനോഭാവങ്ങളും മാറാൻ തുടങ്ങുന്നു. നാം കൂടുതൽ സ്‌നേഹമുള്ളവരും കൂടുതൽ പ്രത്യാശയുള്ളവരും ആന്തരിക സമാധാനം നിറഞ്ഞവരുമായിത്തീരുന്നു (8:6).

മറ്റൊന്നുകൂടി സംഭവിക്കുന്നു. ഈ പരിവർത്തന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, പലപ്പോഴും ഒരു ട്രെയിൻ യാത്രയേക്കാൾ കൂടുതൽ നിർത്തലുകളും പുറപ്പെടലുകളും ഉണ്ടെങ്കിലും, നമ്മുടെ ജീവിതത്തെക്കുറിച്ച് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ പ്രക്രിയ നമ്മെ സഹായിക്കുന്നു. ''ദൈവഹിതം എന്തെന്നു തിരിച്ചറിയാൻ പഠിക്കുന്ന'' ഒരു സ്ഥലത്തേക്ക് അത് നമ്മെ കൊണ്ടുപോകുന്നു (12:2). അവിടുത്തെ ഹിതം പഠിക്കുന്നതിൽ പ്രത്യേകതകൾ ഉൾപ്പെടാം അല്ലെങ്കിൽ ഉൾപ്പെടാതിരിക്കാം, പക്ഷേ അതിൽ എല്ലായ്‌പ്പോഴും അവന്റെ സ്വഭാവത്തോടും ലോകത്തിലെ അവന്റെ പ്രവർത്തനത്തോടും നമ്മെത്തന്നെ അനുരൂപപ്പെടുത്തുന്നത് ഉൾപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ രൂപാന്തരപ്പെട്ട സ്‌കൂളിന്റെ പേരായ നാലി കാലി എന്നതിന് ''സന്തോഷകരമായ പഠനം'' എന്നാണർത്ഥം. ദൈവത്തിന്റെ രൂപാന്തരശക്തി എങ്ങനെയാണ് അവന്റെ ഹിതത്തിന്റെ സന്തോഷകരമായ പഠനത്തിലേക്ക് നിങ്ങളെ നയിക്കുന്നത്?

ആത്യന്തിക സൗഖ്യദായകൻ

ഒരു കുടുംബാംഗത്തിന്റെ കടുത്ത ഭക്ഷണ അലർജിക്കു ആശ്വാസം നൽകാൻ ചികിത്സ തുടങ്ങിയപ്പോൾ, ഞാൻ വളരെ ആവേശഭരിതയാകുകയും അതിനെക്കുറിച്ച് സദാസമയവും സംസാരിക്കുകയും ചെയ്തു. തീവ്രമായ പ്രക്രിയയെക്കുറിച്ച് ഞാൻ വിവരിക്കുകയും പ്രോഗ്രാം സൃഷ്ടിച്ച ഡോക്ടറെ പ്രശംസിക്കുകയും ചെയ്തു. അവസാനം, ചില സുഹൃത്തുക്കൾ പറഞ്ഞു, ''എല്ലായ്‌പ്പോഴും രോഗസൗഖ്യത്തിനുള്ള ബഹുമതി ദൈവത്തിന് ലഭിക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്.'' അവരുടെ പ്രസ്താവന എന്നെ ഒരു നിമിഷം നിശ്ചലയാക്കി. ആത്യന്തിക സൗഖ്യദായകനിൽ നിന്ന് ഞാൻ കണ്ണുകൾ മാറ്റി രോഗസൗഖ്യത്തെ ഒരു വിഗ്രഹമാക്കി മാറ്റിയോ?

ദൈവം അവരെ സുഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന താമ്രസർപ്പത്തിനു ധൂപം കാട്ടാൻ തുടങ്ങിയപ്പോൾ, യിസ്രായേൽ ജനം സമാനമായ ഒരു കെണിയിൽ വീണു. ഹിസ്‌ക്കീയാവ് അതു വിഗ്രഹാരാധനയാണെന്നു തിരിച്ചറിഞ്ഞ് ''മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതുവരെ'' (2 രാജാക്കന്മാർ 18:4) ഈ ആരാധന അവർ നടത്തിവന്നു.

അനവധി നൂറ്റാണ്ടുകൾക്ക് മുമ്പ്, ഒരു കൂട്ടം വിഷസർപ്പങ്ങൾ യിസ്രായേൽ പാളയത്തെ ആക്രമിച്ചു. സർപ്പങ്ങൾ ആളുകളെ കടിച്ചു, പലരും മരിച്ചു (സംഖ്യാപുസ്തകം 21:6). ആത്മീയ കലാപമാണ് പ്രശ്‌നത്തിനു കാരണമായതെങ്കിലും ആളുകൾ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു. ദൈവം കരുണ കാണിക്കുകയും, ഒരു പിച്ചള സർപ്പത്തെ നിർമ്മിച്ച് ഒരു കൊടിമരത്തിൽ ഉറപ്പിക്കാനും എല്ലാവർക്കും കാണത്തക്കവിധം ഉയർത്തി നാട്ടാനും ദൈവം മോശെയോട് നിർദ്ദേശിച്ചു. കടിയേറ്റ ആളുകൾ അതിനെ നോക്കിയപ്പോൾ അവർ സൗഖ്യം പ്രാപിച്ചു (വാ. 4-9).

നിങ്ങൾക്ക് ദൈവം നൽകിയ ദാനങ്ങളെക്കുറിച്ച് ചിന്തിക്കുക. അവയിൽ ഏതെങ്കിലും, അവന്റെ കാരുണ്യത്തിന്റെയും കൃപയുടെയും തെളിവുകൾ ആകുന്നതിനുപകരം ആരാധനാ വസ്തുക്കളായിത്തീർന്നിട്ടുണ്ടോ? എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമായ (യാക്കോബ് 1:17) നമ്മുടെ പരിശുദ്ധനായ ദൈവം മാത്രമാണ് ആരാധനയ്ക്കു യോഗ്യൻ.

ദൈവത്തെ ബഹുമാനിക്കുന്നതു തിരഞ്ഞെടുക്കുക

ലിയോ ടോള്‍സ്റ്റോയിയുടെ ഫാമിലി ഹാപ്പിനെസ് എന്ന നോവലില്‍, പ്രധാന കഥാപാത്രങ്ങളായ സെര്‍ജിയും മാഷയും, മാഷ ചെറുപ്പവും ആകര്‍ഷകയുമായിരുന്നപ്പോഴാണ് കണ്ടുമുട്ടുന്നത്. മാഷ ഗ്രാമീണ പശ്ചാത്തലത്തിലുള്ള തനി നാടന്‍ പെണ്‍കുട്ടിയാണ്. സെര്‍ജിയാകട്ടെ പ്രായമുള്ളവനും ധാരാളം യാത്ര ചെയ്യുന്നവനും ലോകപരിചയമുള്ളവനുമായ ബിസ്സിനസുകാരനും. കാലക്രമേണ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു.

അവര്‍ നാട്ടിന്‍പുറത്തു സ്ഥിരതാമസമാക്കുന്നു, പക്ഷേ മാഷയ്ക്ക് അവളുടെ ചുറ്റുപാടുകളില്‍ മടുപ്പുളവാകുന്നു. അവളെ ആരാധിക്കുന്ന സെര്‍ജി, സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലേക്ക് ഒരു യാത്ര ക്രമീകരിക്കുന്നു. അവിടെ, മാഷയുടെ സൗന്ദര്യവും മനോഹാരിതയും അവളെ തല്‍ക്ഷണം പ്രശസ്തയാക്കുന്നു. ദമ്പതികള്‍ നാട്ടിലേക്കു മടങ്ങാന്‍ തയ്യാറാകുന്നതിനിടയില്‍, ഒരു രാജകുമാരന്‍ അവളെ കാണാന്‍ ആഗ്രഹിച്ച് പട്ടണത്തിലെത്തുന്നു. മാഷയെ നിര്‍ബന്ധിച്ച് തന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നു സെര്‍ജിക്ക് അറിയാമെങ്കിലും ഒരു തീരുമാനമെടുക്കാന്‍ അയാള്‍ അവളെ അനുവദിക്കുന്നു. അവള്‍ രാജകുമാരനോടൊപ്പം താമസിക്കുന്നതു തിരഞ്ഞെടുക്കുന്നു, അവളുടെ വിശ്വാസവഞ്ചന സെര്‍ജിയുടെ ഹൃദയത്തെ തകര്‍ക്കുന്നു.

സെര്‍ജി ചെയ്തതുപോലെ, തന്നോടു വിശ്വസ്തരായിരിക്കാന്‍ ദൈവം ഒരിക്കലും നമ്മെ നിര്‍ബന്ധിക്കുന്നില്ല. അവിടുന്നു നമ്മെ സ്‌നേഹിക്കുന്നതിനാല്‍ അവിടുത്തെ തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ അവിടുന്നു നമ്മെ അനുവദിക്കുന്നു. നമ്മുടെ ആദ്യ തിരഞ്ഞെടുപ്പ് നമ്മുടെ പാപത്തിനു പരിഹാരമായിത്തീര്‍ന്ന തന്റെ പുത്രനായ യേശുക്രിസ്തുവിനെ ( യോഹന്നാന്‍ 4:9-10) നാം സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നു. അതിനുശേഷവും, നമുക്ക് ആജീവനാന്തം തീരുമാനമെടുക്കാനുണ്ട്.

ദൈവത്തിന്റെ ആത്മാവു നമ്മെ നയിക്കുന്നതുപോലെ നാം ദൈവത്തോടുള്ള വിശ്വസ്തത തിരഞ്ഞെടുക്കുമോ അതോ ലോകം നമ്മെ വശീകരിക്കാന്‍ അനുവദിക്കുമോ? ദാവീദിന്റെ ജീവിതം പൂര്‍ണ്ണതയുള്ളതായിരുന്നില്ല, എന്നാല്‍ 'യഹോവയുടെ വഴികള്‍' പിന്തുടരുന്നതിനെക്കുറിച്ചും അങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നല്ല ഫലങ്ങളെക്കുറിച്ചും അവന്‍ പലപ്പോഴും എഴുതിയിട്ടുണ്ട് (സങ്കീര്‍ത്തനം 18:21-24). നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ദൈവത്തെ ബഹുമാനിക്കുമ്പോള്‍, ദാവീദ് വിവരിച്ച അനുഗ്രഹം നമുക്ക് അനുഭവിക്കാന്‍ കഴിയും - നിഷ്‌കളങ്കനോടു നീ നിഷ്‌കളങ്കനായിരിക്കും.

നമ്മുടെ പ്രശ്‌നങ്ങളേക്കാള്‍ വലിയവന്‍

ദിനോസറുകള്‍ ജീവിച്ചിരുന്നപ്പോള്‍ എങ്ങനെയായിരുന്നുവെന്നാണു നിങ്ങള്‍ സങ്കല്പിക്കുന്നത്? വലിയ പല്ലുകള്‍? ശല്ക്കങ്ങള്‍ നിറഞ്ഞ ത്വക്ക്? നീണ്ട വാല്? വംശനാശം സംഭവിച്ച ഈ ജീവികളെ ഒരു കലാകാരി വലിയ ചുവര്‍ച്ചിത്രങ്ങളില്‍ പുനര്‍നിര്‍മ്മിക്കുന്നു. അവളുടെ വലിയ ചിത്രങ്ങളിലൊന്നിന് ഇരുപതടിയിലധികം ഉയരവും അറുപതടി നീളവുമുണ്ട്. അതിന്റെ വലിപ്പം കാരണം, സാം നോബിള്‍ ഒക്ലഹോമ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ അതു സ്ഥാപിക്കുന്നതിനായി വിദഗ്ധരുടെ ഒരു വലിയ സംഘം വേണ്ടിവന്നു.

ദിനോസറുകളുടെ മുമ്പില്‍ നാം എത്ര ചെറുതാണ് എന്നു ചിന്തിക്കാതെ, ഈ ചുവര്‍ച്ചിത്രത്തിനു മുമ്പില്‍ നില്‍ക്കാന്‍ പ്രയാസമാണ്. ''നദീഹയം'' (ഇയ്യോബ് 40:15) എന്ന ശക്തനായ മൃഗത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വിവരണം വായിക്കുമ്പോള്‍ എനിക്കു സമാനമായ ഒരു തോന്നലാണുണ്ടാകുന്നത്. ഈ ഭീമന്‍ കക്ഷി,  കാളയെപ്പോലെ പുല്ലുതിന്നുന്നതാണ്; അതിന്റെ വാലിന് ഒരു മരത്തിന്റെ വലിപ്പമുണ്ട്. അവന്റെ അസ്ഥികള്‍ ഇരുമ്പ് പൈപ്പുകള്‍ പോലെയായിരുന്നു. അതു കുന്നിന്‍ ചരിവില്‍ മേഞ്ഞുനടക്കുകയും ഇടയ്ക്കിടെ ചതുപ്പിലിറങ്ങി വിശ്രമിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ നദീഹയം ഒരിക്കലും പുരികം ചുളിച്ചില്ല.

ഈ അസാധാരണ സൃഷ്ടിയെ അതിന്റെ സ്രഷ്ടാവിനൊഴികെ ആര്‍ക്കും മെരുക്കുവാന്‍ കഴിയില്ല (വാ. 19). ഇയ്യോബിന്റെ പ്രശ്‌നങ്ങള്‍ അവന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഒരു സമയത്താണ് ദൈവം ഈ സത്യം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചത്. ദുഃഖവും പരിഭ്രാന്തിയും നിരാശയും അവന്റെ കാഴ്ചപ്പാടിനെ തടഞ്ഞപ്പോള്‍ അവന്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം, ഇയ്യോബിനെ കാര്യങ്ങളുടെ യഥാര്‍ത്ഥ വലിപ്പം കാണാന്‍ സഹായിച്ചു. ദൈവം തന്റെ എല്ലാ പ്രശ്‌നങ്ങളെക്കാളും വലിയവനും തനിക്കു സ്വന്തമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശക്തനുമായിരുന്നു. അവസാനം, ''നിനക്കു സകലവും കഴിയുമെന്നും ... ഞാന്‍ അറിയുന്നു''  (42:2) എന്ന് ഇയ്യോബ് സമ്മതിച്ചു.

വീണ്ടും തഴച്ചുവളരുക

ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നതിനാല്‍, കാലിഫോര്‍ണിയയിലെ ആന്റലോപ് താഴ്‌വര, ഫിഗുവെറോവ പര്‍വ്വതം എന്നിവിടങ്ങളില്‍ വര്‍ണ്ണാഭമായ കാട്ടുപൂക്കള്‍ പരവതാനി തീര്‍ക്കുന്നു. എന്നാല്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും? ചില കാട്ടുപൂക്കള്‍, അവയുടെ വിത്തുകള്‍ മണ്ണിനു മുകളില്‍ വന്ന് പൂക്കുന്നതിന് അനുവദിക്കുന്നതിനു പകരം, വലിയ അളവില്‍ വിത്തുകള്‍ മണ്ണിനടിയില്‍  സംഭരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വരള്‍ച്ചയ്ക്കു ശേഷം ഈ സസ്യങ്ങള്‍ തങ്ങള്‍ സംരക്ഷിച്ച വിത്തുകള്‍ ഉപയോഗിച്ചു വീണ്ടും തഴച്ചുവളരാന്‍ തുടങ്ങുന്നു.

പുരാതന യിസ്രായേല്യര്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും മിസ്രയീമില്‍ അഭിവൃദ്ധി പ്രാപിച്ചു. ഊഴിയ വിചാരകന്മാര്‍ വയലുകളില്‍ ജോലി ചെയ്യാനും ഇഷ്ടികകള്‍ ഉണ്ടാക്കാനും അവരെ നിര്‍ബന്ധിച്ചു. ദയയില്ലാത്ത മേല്‍വിചാരകര്‍ ഫറവോനുവേണ്ടി വന്‍ നഗരങ്ങള്‍ പണിയുവാന്‍ അവരോടാവശ്യപ്പെട്ടു. മിസ്രയീമിലെ രാജാവ്, അവരുടെ ജനസംഖ്യ കുറയ്ക്കുന്നതിനായി ശിശുഹത്യയ്ക്കു മുതിര്‍ന്നു. എന്നിരുന്നാലും, ദൈവം അവരെ നിലനിര്‍ത്തിയതിനാല്‍, 'അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു' (പുറപ്പാട് 1:12). മിസ്രയീമിലെ യിസ്രായേല്‍പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജനസംഖ്യ 2 ദശലക്ഷമോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിച്ചുവെന്ന് പല ബൈബിള്‍ പണ്ഡിതന്മാരും കണക്കാക്കുന്നു.

അന്ന് തന്റെ ജനത്തെ സംരക്ഷിച്ച ദൈവം ഇന്നും നമ്മെ താങ്ങുന്നു. ഏതു സാഹചര്യത്തിലും ദൈവത്തിനു നമ്മെ സഹായിക്കാന്‍ കഴിയും. മറ്റൊരു ധാതുവില്‍ എങ്ങനെ നിലനില്‍ക്കുമെന്നതിനെക്കുറിച്ച് നാം വിഷമിച്ചേക്കാം. എന്നാല്‍ 'ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന'' ദൈവത്തിനു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നു ബൈബിള്‍ ഉറപ്പു നല്‍കുന്നു (മത്തായി 6:30). 

തികവില്ലാത്ത പദ്ധതികള്‍

ഒരു പുതിയ കമ്മ്യൂണിറ്റി സെന്ററിന്റെ താഴത്തെ നിലയിലുള്ള ഒരു ലൈബ്രറി ഞാന്‍ പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, മുറിയെ കുലുക്കിക്കൊണ്ട് എന്തോ പൊട്ടിത്തകരുന്ന ശബ്ദം മുകളില്‍നിന്നു കേട്ടു. അല്പസമയത്തിനുശേഷം അതു വീണ്ടും സംഭവിച്ചു, പിന്നീട് വീണ്ടും. അസ്വസ്ഥനായ ലൈബ്രേറിയന്‍ ഒടുവില്‍ വിശദീകരിച്ചു: ഒരു ഭാരോദ്വഹനസ്ഥാപനം ലൈബ്രറിക്കു നേരെ മുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ആരെങ്കിലും ഭാരം താഴേക്കിടുമ്പോഴെല്ലാം ഈ ശബ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്താണ് ഈ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും, ഇത്തരം ശബ്ദകോലാഹലങ്ങള്‍ ഉള്ളിടത്തുനിന്നകലെ വായനശാല ക്രമീകരിക്കുന്ന കാര്യം ആരോ മറന്നുപോയി!

ജീവിതത്തിലും നമ്മുടെ പദ്ധതികള്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രധാനപ്പെട്ട പരിഗണനകള്‍ നമ്മള്‍ അവഗണിക്കുന്നു. നമ്മുടെ പദ്ധതികള്‍ എല്ലായ്‌പ്പോഴും അപകടങ്ങള്‍ക്കോ ആശ്ചര്യങ്ങള്‍ക്കോ കാരണമാകണമെന്നില്ല. സാമ്പത്തികപരാജയങ്ങള്‍, സമയനഷ്ടം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ആസൂത്രണം നമ്മെ സഹായിക്കുന്നുണ്ടെങ്കിലും, ഏറ്റവും ആസൂത്രിതമായ തന്ത്രങ്ങള്‍ക്കുപോലും നമ്മുടെ ജീവിതത്തില്‍നിന്ന് എല്ലാ പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ല. നാം ജീവിക്കുന്നത് ഏദനുശേഷമുള്ള ഒരു ലോകത്താണ്.

ദൈവത്തിന്റെ സഹായത്തോടെ, ഭാവിയെ വിവേകപൂര്‍വ്വം പരിഗണിക്കുന്നതും (സദൃശവാക്യങ്ങള്‍ 6:6-8) പ്രതിസന്ധികളോടു പ്രതികരിക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ നമുക്കു കഴിയും. നമ്മുടെ ജീവിതത്തിലേക്ക് അവിടുന്ന് അനുവദിക്കുന്ന കഷ്ടതയ്ക്ക് പലപ്പോഴും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നമ്മില്‍ ക്ഷമ വളര്‍ത്തുന്നതിനോ നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനോ, അല്ലെങ്കില്‍ നമ്മെ അവിടുത്തോട് അടുപ്പിക്കുന്നതിനോ അവിടുന്ന് അതിനെ ഉപയോഗിച്ചേക്കാം. 'മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും'' (സദൃശവാക്യങ്ങള്‍ 19:21) എന്നു ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും യേശുവിനു സമര്‍പ്പിക്കുമ്പോള്‍, നമ്മിലും നമ്മിലൂടെയും അവിടുന്ന് എന്താണു പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുന്നു കാണിച്ചുതരും.

വളരെ വലിയ ഒന്ന്

ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള ഒക്ടോബര്‍ ബുക്‌സ് എന്ന പുസ്തകശാലയിലെ സാധനങ്ങള്‍, തെരുവിന്റെ അപ്പുറത്തുള്ള മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനായി ഇരുനൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സഹായിച്ചു. സഹായികള്‍ ഫുട്പാത്തില്‍ നിരന്നു നിന്നുകൊണ്ട് ഒരു 'മനുഷ്യ കണ്‍വെയര്‍ ബെല്‍റ്റിലൂടെ'' പുസ്തകങ്ങള്‍ കൈമാറി. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച ഒരു സ്‌റ്റോര്‍ ജീവനക്കാരന്‍ പറഞ്ഞു, 'ആളുകള്‍ [സഹായിക്കുന്നത്] കാണുന്നത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. . . . വലിയ ഒരു കാര്യത്തിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിച്ചു.'' 

നമ്മെക്കാള്‍ വലിയ ഒന്നിന്റെ ഭാഗമാകാന്‍ നമുക്കും കഴിയും. തന്റെ സ്‌നേഹത്തിന്റെ സന്ദേശവുമായി ലോകത്തിലേക്കു പോകാന്‍ ദൈവം നമ്മെ ഉപയോഗിക്കുന്നു. ഒരാള്‍ നമ്മളോട് ആ സന്ദേശം പങ്കിട്ടതിനാല്‍, നമുക്കും മറ്റൊരാളിലേക്ക് അതു കൈമാറാന്‍ കഴിയും. പൗലൊസ് ഇതിനെ ഒരു തോട്ടം വളര്‍ത്തുന്നതിനോട് - ദൈവരാജ്യം പണിയുന്നതിനോട് - താരതമ്യപ്പെടുത്തി. നമ്മില്‍ ചിലര്‍ വിത്തുകള്‍ നടുന്നു, നമ്മില്‍ ചിലര്‍ വിത്തുകള്‍ നനയ്ക്കുന്നു. പൗലൊസ് പറഞ്ഞതുപോലെ നാം 'ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്'' (1 കൊരിന്ത്യര്‍ 3:9).

ഓരോ ജോലിയും പ്രധാനമാണ്, എങ്കിലും എല്ലാം ചെയ്യുന്നത് ദൈവാത്മാവിന്റെ ശക്തിയിലാണ്. ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്നും അവര്‍ തങ്ങളുടെ പാപങ്ങളില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതിനായി അവരുടെ സ്ഥാനത്തു മരിക്കുന്നതിനായി തന്റെ പുത്രനെ അയച്ചതായും  (യോഹന്നാന്‍ 3:16) ആളുകള്‍ കേള്‍ക്കുമ്പോള്‍, അവര്‍ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ ആത്മാവിനാല്‍ അവരെ പ്രാപ്തരാക്കുന്നു.

നിങ്ങളെയും എന്നെയും പോലുള്ള 'സന്നദ്ധപ്രവര്‍ത്തകരിലൂടെ''യാണു ദൈവം ഭൂമിയില്‍ തന്റെ വേലയില്‍ ഭൂരിഭാഗവും ചെയ്യുന്നത്. നാം ചെയ്യുന്ന ഏതൊരു സംഭാവനയെക്കാളും വളരെ വലുതായ ഒരു സമൂഹത്തിന്റെ ഭാഗമാണു നാമെങ്കിലും, ലോകവുമായി അവിടുത്തെ സ്‌നേഹം പങ്കിടുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ അതിനെ വളര്‍ത്താന്‍ നമുക്കു കഴിയും.